20 April Saturday

ദീപ; സുഡാനികളുടെ സ്വന്തം ഡോക്‌ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

 കഠ്വയിലെ പെൺകുട്ടി മരിക്കുന്നതിനും ഇത്തിരി കാലം മുൻപാണ് നിയാ ബുലിന്റെ കഥ നടക്കുന്നത്. തെക്കൻ സുഡാനിലെ നിയാ ബു ള്ളിനും ഒരു മകളുണ്ടായിരുന്നു. കഠ്വ യിലെ നമ്മുടെ കുഞ്ഞിനെ പോലെ ഒരു എട്ടു വയസുകാരി. ഒറ്റയ്ക്കല്ല, സ്വന്തം അമ്മയോടൊപ്പം ആണ് അവൾ കാട്ടിൽ പോയത്. ആഭ്യന്തര കലഹം കൊടുമ്പിരി കൊള്ളുന്ന ആ ആഫ്രിക്കൻ രാജ്യത്തെ പട്ടാളക്കാർ ആ കുഞ്ഞിനെ തട്ടിയെടുത്തു. തന്റെ പൊന്നു മകളെ രക്ഷിക്കുന്നതിനിടയിൽ നിയാബുള്ളിന് കാലിന് വെടിയേറ്റു. പരിക്കേറ്റു ഒന്നു നടക്കാൻ പോലുമാവാതെ കാട്ടിൽ കിടന്ന നിയാ ബുള്ളി നെ ഉപേക്ഷിച്ചു, കുഞ്ഞിനെയുമായി പട്ടാളക്കാർ കടന്നു. പിന്നെ, ആ അമ്മ തന്റെ  മകളെ കണ്ടിട്ടില്ല. വെടിയേറ്റ കാലുമായി, അവരെ പിന്നെയാരോ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഒരു മലയാളി ഡോക്ടർ ഉണ്ടായിരുന്നു,  ദീപ. അവർ അന്ന് ആശുപത്രിയിൽ വന്നിട്ടെയുള്ളൂ.  വെടിയുണ്ട നീക്കാനായി രോഗിക്ക് അനസ്‌തേഷ്യ  കൊടുക്കണം. കേരളത്തിലെ ആശുപത്രികൾ പോലെ ദീപ അനസ്‌തേഷ്യ കൊടുക്കാൻ തുനിഞ്ഞു. പക്ഷെ ബോയിൽ മെഷീൻ ഇല്ല. തീയേറ്ററിൽ എ സി ഇല്ല. വെറുമൊരു ടെന്റിനുള്ളിലെ താൽക്കാലിക ആശുപത്രി. എന്ത് ചെയ്യണമെന്ന് ഒരു നിമിഷം പകച്ചു. ഒടുവിൽ ആ ആശുപത്രിയിലെ അനസ്‌തേഷ്യസ്‌റ്റ്‌  വന്നു.  22 വർഷത്തെ പാരമ്പര്യം ഉള്ളൊരാൾ. ഒരു എട്ടാം ക്ലാസുകാരൻ. ബോയിൽ മെഷീൻ ഇല്ലാതെ അനസ്‌തേഷ്യ നൽകുന്നത് അയാൾ കാണിച്ചു കൊടുത്തു. പിന്നെ ദീപ ആശുപത്രിയിൽ അനസ്‌തേഷ്യ നല്കിയതെല്ലാം ബോയിൽ മെഷീൻ ഇല്ലാതെയാണ്.

അന്ന് മുതൽ നിയാ ബുള്ളിന് ദീപയെ കാണാതെ വയ്യെന്നായി. അവളോട്‌ ഒത്തിരി സംസാരിക്കും. ദാരിദ്ര്യത്തിന്റെ നോവുകൾ പറയും, അതിനിടയിലും ഒരു പാട് സ്നേഹം വിതറും. അങ്ങനെ ദീപ, നിയാ ബുള്ളി നു മകളായി . ഇടയ്ക്കിടെ അവർ തന്റെ കാണാതായ കുഞ്ഞിനെ കുറിച്ചു പറയും. അവളെ ഓർത്തു വിതുമ്പും. ഒടുവിൽ സുഡാനിൽ നിന്നു  ദീപ ഇന്ത്യയിലെക്കു മടങ്ങി. ആശുപത്രിയിലെ അവസാന നാളിൽ നിയാ ബുൾ ഒത്തിരി കരഞ്ഞു. ദീപ അവർക്ക്‌ കാ തിലെ കുഞ്ഞു കമ്മൽ ഊരി നൽകി. എന്റെ മകളായിരുന്നു നീ എന്ന് പറഞ്ഞു നിയാബുൾ വീണ്ടും കരഞ്ഞു.

  ദാരിദ്ര്യം പുകയുന്ന തെക്കൻ സുഡാനിലേക്ക് ആരോഗ്യ ദൗത്യവുമായി പോയ ആദ്യത്തെ മലയാളി   വനിതാ ഡോക്ടർ ആണ് കെ വി ദീപ. എംഎസ‌്എഫ‌്   എന്ന ഏഷ്യൻ സംഘടയുടെ ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ട്ടാണ് ദീപയും പോയത്. മെഡിസിൻ സാൻസ‌് ഫ്രൻഡ്രീസ‌് എന്നതിന്റെ ചുരുക്കം ആണ് ാളെ. അതിരുകൾ ഇല്ലാത്ത ഡോക്ടർമാർ എന്നർഥം. ഭൂകമ്പങ്ങളും വെള്ളപ്പൊക്കവും സംഘർഷങ്ങളും ഒക്കെയുള്ള രാജ്യങ്ങളിൽ ആരോഗ്യ ദൗത്യവും ഒക്കെയായി പോകുന്ന ഡോക്ടർ സംഘം. ഈ സംഘത്തിൽ പ്രത്യേക അഭിമുഖം വഴിയാണ‌് ദീപ എത്തിയത‌്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക‌് പോകണമെന്ന ആഗ്രഹം. ഈ സംഘടനയിൽ അംഗമായാൽ ഏതു രാജ്യത്തും ആരോഗ്യ ദൗത്യത്തിന‌് പോകാൻ തയ്യാറാവണം. ദീപയ‌്ക്ക‌്  പോകേണ്ടി വന്നത‌് സുഡാനിലേക്കാണ‌്. അതിനു മുമ്പ‌് ഒരു വിദേശരാജ്യത്തേക്ക‌് പോലും യാത്ര പോയിട്ടില്ല ദീപ. കഴിഞ്ഞ വർഷം സുഡാനിലേക്ക‌് ആദ്യമായി ദീപ യാത്രയായി. 40 ദിവസത്തെ ദൗത്യം ആയിരുന്നു. ഒരു പരിചയവുമില്ലാത്തയിടം. ഒറ്റയ‌്ക്ക‌് യാത്ര ചെയ്യണം. എത്യോപ്യയിലേക്കാണ‌് ആദ്യം വിമാനം കയറിയത‌്. അവിടെ നിന്ന‌് തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബയിലേക്ക‌്. കത്തുന്ന ചൂടായിരുന്നു ജൂബയിൽ. അവിടെ ആരോഗ്യ പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിന്നീട‌്, ദീപക്ക‌് ജോലി ചെയ്യേണ്ട ആശുപത്രിയിലേക്ക‌് പോയി. ബെൻഡ്യൂ പിഒസിയിലായിരുന്നു ആശുപത്രി. ജൂബയിൽ നിന്ന‌് ഒരുപാട‌് പേരുണ്ട‌്. പോകുന്ന വഴിയിൽ കണ്ട കാഴ‌്ചകളും അതിദയനീയം. ടാറിട്ട ഒരു റോഡ‌് പോലുമില്ല. ശരിക്കും പറഞ്ഞാൽ ഒരു െതാഴുത്തു പോലുള്ള ആശുപത്രി. ആദ്യം അന്തം വിട്ടു നിന്നു.

പോകുന്ന വഴിയിൽ ദരിദ്രരായ ഒരു പാട് കുട്ടികളെ കണ്ടു. ശോഷിച്ചു, എല്ലുന്തിയ ഒരു പാട് കുട്ടികൾ,  കത്തിയമാർന്ന വീടുകൾ, കുടിവെള്ളം പോലും ആവശ്യത്തിനു കിട്ടാത്ത ഒരു ജനത... അഞ്ച് ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ പുകയുന്ന തെക്കൻ സുഡാൻ നേരിട്ടു കണ്ടപ്പോൾ ആദ്യം അന്തിച്ചു പോയി. പിന്നെ ആശുപത്രിയിൽ എത്തി. താമസിക്കാൻ സൗകര്യങ്ങളും കുറവ്. പിറ്റേ ദിവസം ആദ്യം അനസ്‌തേഷ്യ ചെയ്യേണ്ടി വന്നത് മിയാ ബുളിനെ ആയിരുന്നു. പിന്നെയും വന്നു ഒരു പാട് രോഗികൾ. വെടിയുണ്ടയേറ്റും പൊള്ളലേറ്റും ഒരു പാട് കുട്ടികൾ വന്നു. പലതും കാണുമ്പോൾ ഉള്ളു നൊന്തു. ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളിലും ആയി അഞ്ച് ഡോക്ടർമാർ മാത്രം. ഗൈനക്കോളജിസ്റ് ഇല്ല. ജനറൽ സർജൻ ആണ് പ്രസവ കേസ്സുകൾ ഏറ്റെടുത്തത്. ഒരു കൂടാരം മാത്രമായിരുന്നു ആശുപത്രി വാർഡുകൾ. അത്രയും ദുരവസ്ഥ ഉള്ള ഇടത്ത് , ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നു തിരിച്ചറിയുകയായിരുന്നു. യു എന്നിൽ നിന്ന് വല്ലപ്പോഴും  ഹെലികോപ്റ്റർ വഴി എത്തുന്ന ആഹാരം ആയിരുന്നു ആ ജനതക്ക് കിട്ടുന്ന ഭക്ഷണം. ആശുപത്രി ജീവനക്കാർക്കു ജൂബയിൽ നിന്നു ഒരുമിച്ച്പച്ചക്കറികളും മറ്റും എത്തും. സുഡാനിലെ ജീവിതം മറ്റൊന്ന് കൂടി ദീപയെ പഠിപ്പിച്ചു. ചെലവ് ചുരുക്കിയുള്ള ജീവിതം. സുഡാനിൽ നിന്നു മടങ്ങുമ്പോൾ, സ്നേഹം വിതറിയ ഒരു പാട് രോഗികൾ സങ്കടം തൂകി. ആ ദിവസങ്ങൾക്കുള്ളിൽ  നൂറോളം രോഗികൾക്കു ദീപ അനസ്‌തേഷ്യ നൽകിയിരുന്നു. ഇനി ഏതു സാഹചര്യത്തിലും അനസ്‌തേഷ്യ നൽകും എന്ന ആത്മവിശ്വാസം തെക്കൻ സുഡാൻ പകർന്നെന്നു ദീപ പറയുന്നു. തിരിച്ചു യാത്ര ചെയ്തതും ഒറ്റയ്ക്കാണ്. ഭർത്താവ് രവിയുടെ പിന്തുണയും ദീപക്ക് ഉണ്ട്. പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് രവി. ദീപ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്‌തേഷ്യസ്‌റ്റ്‌ ആണ്. കിരൺ, രശ്മി എന്നിവരാണ് മക്കൾ. പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ സ്വദേശി ആയ ദീപ അടുത്ത ആരോഗ്യ ദൗത്യവുമായി സിറിയയിലേക്ക്‌  പോകാൻ ഒരുങ്ങുകയാണ്. ഇനിയും ഒരു പാട് ഇടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തണം എന്നാണ് ദീപയുടെ ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top