02 April Sunday

സാമൂഹ്യ ചരിത്രത്തിലെ ധീരവനിത

അഡ്വ. കെ ഇന്ദിര രാജൻUpdated: Tuesday Feb 5, 2019


മുളവുകാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ഉയർന്ന വിദ്യാഭ്യാസം നേടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിലെത്തിയ കർമ്മശ്രേഷ്ഠ. കേരളത്തിൽ നവോത്ഥാനപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിൽ ആദിപഥിക. ഏഴ് പതിറ്റാണ്ട് മുമ്പ് സ്വതന്ത്ര ഇന്ത്യക്ക് പുതിയ ഭരണഘടന ഉണ്ടാക്കാൻ തെരഞ്ഞെടുത്ത സമിതിയിലെ ദലിത്വിഭാഗത്തിൽനിന്നുള്ള ഏക സ്ത്രീയാണ് മലയാളിയായ ദാക്ഷായണി വേലായുധൻ.

മുളവുകാട് കല്ലച്ചംമുറി കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും അഞ്ച് മക്കളിൽ നാലാമത്തെയായി 1913 ജൂലൈ 8ന് ജനനം. മുളവുകാട് സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ചാത്യാത്ത് എൽഎംസി ഗേൾസ് സ്ക്കൂൾ എന്നിവിടങ്ങളിൽ  വിദ്യാഭ്യാസം. കൊച്ചി രാജ്യത്ത് ആദ്യമായി എസ്എസ്എൽസി വിജയിച്ച പുലയ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി, മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ജയിച്ചതോടെ പട്ടികജാതിക്കാരിൽ ഇന്ത്യയിൽ തന്നെ ബിരുദധാരിണിയായ ആദ്യ സ്ത്രീ തുടങ്ങി ... നേട്ടങ്ങളുടെ പട്ടികയിലേക്ക് ഓടിക്കയറുകയായിരുന്നു ദാക്ഷായണി. മഹാരാജാസ് കോളേജിൽ കെ കൊച്ചുകുട്ടൻ സഹപാഠിയായിരുന്നു. കേരളത്തിൽ ആദ്യമായി പട്ടികജാതിക്കാരിൽ നിന്ന് മന്ത്രിപദത്തിലേക്കുയർന്ന നേതാവാണ് അദ്ദേഹം. എറണാകുളത്തെ പൊതുനിരത്തിൽ കടക്കാൻ അനുവാദമില്ലാത്തതിനാൽ പുലയർ കായലിൽ കൂട്ടിക്കെട്ടിയ വള്ളങ്ങളിൽ ഇരുന്ന് സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ കൃഷ്ണാതി ആശാൻ ദാക്ഷായണിയുടെ ഇളയച്ഛനാണ്.

ദാക്ഷായണിക്ക് അധ്യാപിക ആവണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തിക പരാധീനതകളുണ്ടായിട്ടും മദ്രാസ് സെന്റ് ക്രിസ്റ്റഫർ ട്രെയിനിങ് കോളേജിൽ നിന്ന് എൽ ടി വിജയിച്ചു. എറണാകുളം പുന്നുരുത്തി, മരട്, തൃശ്ശൂരിലെ പെരിങ്ങോട്ടുകര സ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി. 1937 ലെ കൊച്ചി രാജ്യത്തെ  ഭരണ  റിപ്പോർട്ടിൽ ‘ആദ്യ പുലയ ബിരുദധാരിണിയായ കെ കെ ദാക്ഷായണിയെ വിദ്യാഭ്യാസവകുപ്പിൽ സവിശേഷ പരിഗണനയോടെ അധ്യാപികയായി നിയമിച്ചു’എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അവർണ്ണർക്ക് ക്ഷേത്രപ്രവേശനവും പൊതുനിരത്തിലൂടെ യാത്ര ചെയ്യാനുള്ള അവകാശവും ഇല്ലാതിരുന്ന അക്കാലത്ത് ദാക്ഷായണി ടീച്ചറെ അംഗീകരിക്കാൻ സവർണ്ണവിദ്യാർത്ഥികൾ തയ്യാറായില്ല. ‘പുലയത്തി ടീച്ചർ’  എന്ന അവഹേളനം സഹിച്ചു കൊണ്ടാണ് അവർ പഠിപ്പിക്കാൻ സ്ക്കൂളിൽ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തയായ അധ്യാപിക എന്ന നിലയിൽ അവർ പേരെടുത്തു. പക്ഷെ അവരുടെ ചരിത്രനിയോഗം മറ്റൊന്നായിരുന്നു.

1945 ൽ കൊച്ചി നിയമസഭയിലേക്ക് മൂന്ന് ഹരിജൻ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കെ കൊച്ചുകുട്ടൻ, കെ കെ കണ്ണൻ, കെ കെ ദാക്ഷായണി എന്നിവരെയാണ് ദിവാൻ ബോർഗ് നോമിനേറ്റ് ചെയ്തത്.  പട്ടികജാതിയിൽ നിന്ന് എംഎൽസി യായി തെരഞ്ഞെടുക്കപ്പെട്ട  ഇന്ത്യയിലെ ആദ്യ വനിതയായിരുന്നു ദാക്ഷായണി. കൊച്ചി നിയമസഭയിൽ ഇംഗ്ലീഷിൽ ദാക്ഷായണി നടത്തിയ പ്രസംഗം നിയമസഭയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കൊച്ചി രാജ്യത്ത് പുലയസമുദായം അനുഭവിക്കുന്ന യാതനാപൂർണ്ണമായ ജീവിതവും ജാതീയമായ അധിക്ഷേപവും അവർ സ്വാനുഭവങ്ങളെ സാക്ഷിയാക്കി അവതരിപ്പിച്ചത് നിയമസഭാംഗങ്ങളുടെ മനഃസാക്ഷിയെ പിടിച്ചുലച്ചു.

ഉഴവൂർ സ്വദേശിയായ ആർ വേലായുധനാണ് ദാക്ഷായണിയെ വിവാഹം കഴിച്ചത്. ഇന്ത്യൻ രാഷ്ട്രപതിയായ കെ ആർ നാരായണന്റെ ഇളയച്ഛനാണ് വേലായുധൻ.  അദ്ദേഹം തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിന് പുറമെ ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ സർവ്വീസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടിയിരുന്നു. ഇവർ തമ്മിലുള്ള പ്രേമവിവാഹം വാർധയിൽ ഗാന്ധിജിയുടെ കാർമ്മികത്വത്തിലാണ് നടന്നത്. കസ്തൂർബാഗാന്ധി സ്വന്തം ചർക്കയിൽ നെയ്തുണ്ടാക്കിയ വസ്ത്രം ധരിച്ചാണ് ദാക്ഷായണി വിവാഹത്തിനൊരുങ്ങിയത്.

ഇന്ത്യയിൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് അധികാരത്തിൽ വന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാനിർമ്മാണത്തിനായി കോൺസ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിക്കാൻ തീരുമാനിച്ചു. ബാബു രാജേന്ദ്രപ്രസാദ് ചെയർമാനായ കമ്മിറ്റിയിൽ ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാനായിരുന്നു ഡോ.അംബേദ്കർ. ഇന്ത്യയിൽ നാനാമേഖലകളിൽ നിന്ന് പരിണതപ്രജ്ഞരായ 389 പേരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തതിൽ പട്ടികജാതിക്കാരിയായ ഏക വനിതയായിരുന്നു ദാക്ഷായണി. ഇന്ത്യയിലെ പട്ടികജാതിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചാവേളയിൽ നെഹ്റുവിനോട് എതിരിടാനും ദാക്ഷായണിക്ക് മടി ഉണ്ടായില്ല. ചില പ്രശ്നങ്ങളിൽ അംബേദ്കറുമായും അവർക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. 1950 ജനുവരി 26ന് ഭരണഘടന അംഗീകരിച്ച് ഇന്ത്യ റിപ്പബ്ലിക്ക് ആവുന്നതിന് രണ്ടുദിവസം മുമ്പ് ജനുവരി 24നാണ് കോൺസ്റ്റിറ്റുവന്റ് അസംബ്ലി അവസാനമായി ഭരണഘടന അംഗീകരിച്ച് അംഗങ്ങൾ ഒപ്പിട്ടത്. കേരളത്തിൽ നിന്നുള്ള ഏകവനിതയും ഇന്ത്യയിലെ തന്നെ ഏക പട്ടികജാതി വനിതയുമായ ദാക്ഷായണി വേലായുധനും അതിൽ ഒപ്പു വെച്ചതോടെ ആ ഉജ്ജ്വല മുഹൂർത്തം ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തി.

വേലായുധൻ 1952ൽ പാർലമെന്റ് അംഗമായതോടെ ദാക്ഷായണിയുടെ പ്രവർത്തനമേഖല ഡൽഹിയായി. ദാക്ഷായണി എൽഐസി യിൽ ഉയർന്ന ഉദ്യോഗസ്ഥയായി ചുമതലയേറ്റു. അവർ ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെങ്കിലും 1969ൽ കോൺഗ്രസ്സ് പാർട്ടി പിളർന്നപ്പോൾ ഇന്ദിരക്കെതിരായി അവർ സംഘടനാ കോൺഗ്രസ്സിൽ നിലയുറപ്പിച്ചു. 1971ൽ അടൂർ ലോകസഭാമണ്ഡലത്തിൽ നിന്ന് സംഘടനാ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അവർ ഡൽഹിയിൽ സ്ഥിരതാമസമാക്കി.

നല്ലൊരു മാതൃകാ അധ്യാപികയും സാമൂഹ്യപ്രവർത്തകയും പാർലമെന്റേറിയനും ഭരണഘടനയിൽ ഒപ്പുവെച്ച ഭരണഘടനാ നിർമ്മാണാംഗവുമായി. അടിമവർഗ്ഗങ്ങളുടെയും അഭിമാനമായിരുന്നു അവർ. 1976 ജൂലായ് 20ന് ദാക്ഷായണി വേലായുധൻ അന്തരിച്ചു. പക്ഷേ, നമ്മുടെ സാമൂഹ്യ ചരിത്രങ്ങളിൽ ആ ധീരവനിതക്ക് സവർണ ചരിത്രകാരന്മാർ ഇടം നൽകിയില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top