26 April Friday

ഗ്രേറ്റ്‌ ഇന്ത്യൻ സൈബർ വേട്ടകൾ

അനുപമ മോഹൻUpdated: Sunday Jul 25, 2021

പൊതു ഇടങ്ങളിൽനിന്ന് സ്‌ത്രീകളെ കായികമായിപ്പോലും കൈകാര്യം ചെയ്‌ത്‌ നിഷ്‌കാസനം ചെയ്യുന്ന ചരിത്രമുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും ഏറിയും കുറഞ്ഞും ഉള്ള അളവിൽ തുടരുകയാണ്. ഭീഷണി, അശ്ലീല സംഭാഷണം, സ്വകാര്യ വിവരങ്ങൾ അടക്കം ദുഷ്ടലാക്കോടെ പ്രചരിപ്പിക്കൽ, അപവാദ പ്രചാരണം തുടങ്ങിയ നേരിട്ടുള്ള വയലൻസ് മാത്രമല്ല സ്‌ത്രീകൾ അനുഭവിക്കുന്നത്. സ്വകാര്യതയെ ബഹുമാനിക്കാതിരിക്കൽ, ഗൗരവമുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ അതിനെ ചെറുതാക്കി കാണിക്കൽ, രാഷ്‌ട്രീയം പറയുന്ന സ്‌ത്രീകളെ "കുട്ടൂസ്’ ആക്കൽ തുടങ്ങിയ പാസീവ് അതിക്രമങ്ങളും സ്‌ത്രീകൾ നേരിടുന്നുണ്ട്.

അശ്ലീലച്ചുവയുള്ള കമന്റുകൾ

സോഷ്യൽ മീഡിയയിൽ സജീവമായ ആൺ കൂട്ടായ്‌മകൾ,  പുരുഷ അവകാശ പ്രവർത്തകർ എന്ന് സ്വയം പറയുന്ന സ്‌ത്രീവിരോധികൾ ഒക്കെ സ്‌ത്രീകളെ അടച്ചാക്ഷേപിക്കാനും നിശബ്‌ദരാക്കാനും പല നിലവാരത്തിലുള്ള പ്രയോഗങ്ങൾ നടത്തുന്നുണ്ട്.

ക്ലബ് ഹൗസിലും ഫെയ്‌സ്ബുക്കിലുമൊക്കെ സ്‌ത്രീകൾ നടത്തുന്ന ചർച്ചകളുടെ ഭാഗങ്ങൾ   റെക്കോഡ് ചെയ്ത്‌ അശ്ലീലച്ചുവയുള്ള തലക്കെട്ടുകളോടെ യുട്യൂബിൽ ഇടുന്ന ഞരമ്പുരോഗികളും ധാരാളം. സ്‌ത്രീകളെ സംബന്ധിച്ചുള്ള ഏത് വാർത്താലിങ്കിലും അശ്ലീല കമന്റുകൾ ഇടുന്ന  പ്രവണതയും ഉണ്ട്‌.
ഒരേ രാഷ്ട്രീയം പറയുന്നവർ എന്ന് വിശ്വസിച്ചിരുന്ന പല പുരുഷന്മാരും സ്വകാര്യ ഗ്രൂപ്പുകളിൽ തങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ വെളിപ്പെട്ടപ്പോൾ സ്‌തബ്‌ധരായിപ്പോയ സ്‌ത്രീകളുണ്ട്. ഇന്റർനെറ്റിൽ ആൺകൂട്ടത്തിന്റെ അക്രമം നേരിട്ട് ആ രംഗംതന്നെ വിട്ടുപോയവരുണ്ട്.

തളരാതെ, തിരിച്ചുവരവ്

നേരിടുന്ന അനീതി പൊലീസിനോട് പരാതിപ്പെടുമ്പോൾ അവിടെനിന്ന് ലഭിക്കുന്ന അനുകൂലമല്ലാത്തതും പ്രതികൂലമായതും നിഷ്‌ക്രിയമായതും ഒക്കെയായ പ്രതികരണങ്ങൾ കൊണ്ട് തളർന്നുപോയ സ്‌ത്രീകളുണ്ട്. നിയമങ്ങളുടെ അപര്യാപ്‌തതമൂലം ഒരിക്കലും നീതി ലഭിക്കാത്തവരുമേറെ.
എങ്കിലും, ഒരിക്കലുമില്ലാത്തവിധം ആക്രമണങ്ങൾ നേരിടുമ്പോൾ പോലും, ഇപ്പോൾ സ്‌ത്രീകൾ കൂടുതൽ ശക്തരായി തന്നെ സാമൂഹ്യമാധ്യമങ്ങളിൽ മുന്നോട്ടുവരുന്നുണ്ട്.

തലമുറമാറ്റത്തിന്റെ ഭാഗമായി കാണുന്ന ഒരു അധിക ധൈര്യവും അവർക്കുണ്ട്‌. എല്ലാ ലിംഗപദവി വിഭാഗത്തിനും എല്ലാ മനുഷ്യാവകാശങ്ങളും ലഭിക്കുന്ന ഒരു നാളെയും അഭിമാനത്തോടെ ഇടപെടാൻ സാധിക്കുന്ന സാമൂഹ്യമാധ്യമ രംഗവുമൊക്കെ പ്രതീക്ഷ നൽകുന്ന ഭാവനകളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top