21 March Tuesday

കടലോളം പെണ്ണുങ്ങൾ.. കുസാറ്റിൽ കപ്പൽ എഞ്ചിനിയർമാരാകാൻ 9 പെൺകുട്ടികൾ

കെ പി വേണുUpdated: Tuesday Oct 30, 2018

പത്തുവർഷം കാത്തിരുന്ന് കുസാറ്റ് കപ്പൽ പഠനകേന്ദ്രത്തിന് കിട്ടിയ കൺമണിയായിരുന്നു നിള ജോൺ. അവളുടെ കൂടെ പ്രവേശനം നേടിയ 79 പേരും ആൺകുട്ടികൾ. മറ്റ് മൂന്ന് സീനിയർ ബാച്ചുകളിലും ആണുങ്ങൾ. അപേക്ഷകയായ അന്നു മുതൽ  ജീവനക്കാരോടും അധ്യാപകരോടും ചോദിച്ചും പറഞ്ഞും സംശയം തീർത്തും വിങ്ങുന്ന മനസ്സോടെയായിരുന്നു അവൾ ഇവിടെ ചേർന്നത്. പ്രോത്സാഹിപ്പിക്കുന്നതിനെക്കാൾ കൂടുതൽ പേർ പിന്തിരിപ്പിക്കാൻ. അടുത്ത വർഷം രണ്ടു പേരെത്തി. ഇവരൊക്കെ വലിയ സമ്മർദ്ദങ്ങൾ നേരിട്ട് രണ്ടും കൽപിച്ചായിരുന്നു ബി ടെക് മറൈൻ എൻജിനിയറിങ്ങിന് ചേർന്നത്.

2018 ഓടെ ട്രെന്റ് പതുക്കെ മാറുകയാണ്. ആണുങ്ങൾക്കാകാമെങ്കിൽ എന്തുകൊണ്ട് പെണ്ണുങ്ങൾക്കും... എന്ന നിലയിലേക്ക് മറൈൻ എൻജിനിയറിങ് പഠനവും വഴിമാറുന്നു. ആഗസ്‌തിൽ പൂർത്തിയായ പ്രവേശന പ്രക്രിയയിൽ ആകെയുള്ള 80 സീറ്റുകളിൽ ഒരുമിച്ച് ഒമ്പത് പെൺകുട്ടികളാണ് കപ്പൽ എൻജിനിയർമാരാകാനെത്തിയത്. നല്ല തൊഴിലവസരങ്ങളും ഉയർന്ന വേതനവും ഉറപ്പു നൽകുന്നു എന്നതാണ് ഈ കോഴ്സിലേക്ക് തങ്ങളെ ആകർഷിച്ചതെന്ന്‌ ന്യൂ ജെൻ കുട്ടികൾ.

ഇന്ത്യയുടെ കപ്പലോട്ട ചരിത്രത്തിൽ പേരെടുത്ത വനിതാ നേതൃത്വം എറെയൊന്നുമില്ല. എന്നാൽ അമൃത മൻകാമയും നിള ജോണും തെളിച്ച വഴികളിലേക്ക് ഇവർ പതിനാലു പേർ വരുംകാല കപ്പിത്താനകളാകാൻ കുസാറ്റിലെ കുഞ്ഞാലി മരയ്ക്കാർ മറൈൻ എൻജിനിയറിങ്ങിൽ പാകപ്പെടുകയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിത കപ്പൽ എൻജിനിയറായ  നിള  ഇപ്പോൾ ലക്ഷദീപിൽ  ജോലി ചെയ്യുന്നു. തങ്ങൾക്ക്‌  എന്നും ഇവൾ ആശയും ആവേശവുമെന്ന്‌ ഭാവിയിലെ വനിത കപ്പൽ എൻജിനിയർമാർ ഒരേ സ്വരത്തിൽ.

കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്
കുസാറ്റിൽ പതിനഞ്ചോളം ബി ടെക് കോഴ്സുകളുണ്ട്. അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ബി ടെക് മറൈൻ എൻജിനിയറിങ്. അഞ്ചരയേക്കർ സ്ഥലത്ത് കെട്ടിപ്പൂട്ടിയ ക്യാമ്പസ്. പ്രവേശന കവാടത്തിൽ കർശന സുരക്ഷക്ക് കാവൽക്കാർ. രണ്ടാം ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ആറു ദിവസം ക്ലാസ്.  നിത്യവും രാവിലെ ഒരു മണിക്കൂർ കഠിനമായ കായികപരിശീലനം. മറ്റെല്ലാ ബി ടെക് കുമാരന്മാരും കുമാരിമാരും കിടന്നുറങ്ങുന്ന പ്രഭാതങ്ങളിൽ ഇവർ ആറരയ്‌ക്ക് കോളേജ് മുറ്റത്ത്  അണിനിരക്കണം. ഒരു മണിക്കൂർ നീളുന്ന അഭ്യാസമുറകളാണ്. ഇതിന്റെ അവസാനം കുസാറ്റ് ക്യാമ്പസിലൂടെ കിലോമീറ്ററുകൾ നീളുന്ന ഓട്ടം. ആദ്യമൊക്കെ പ്രയാസവും സങ്കടവും വരുമായിരുന്നു. ഇപ്പോൾ ഒരു ചര്യയായി മാറി.

തീർന്നില്ല ക്യാമ്പസ് വിശേഷം; പട്ടാള ചിട്ടയിലുള്ള കർശന അച്ചടക്കം.  തൊപ്പി ഉൾപ്പെടെയുള്ള കൃത്യമായ ചുളിവ് വീഴാത്ത യൂണിഫോം. ഹർത്താൽ, ബന്ദ്, സമരം ഒന്നും കടന്നുവരാത്ത ക്യാമ്പസ്. കനപ്പെട്ട സിലബസ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഫയർ ആന്റ്‌  സേഫ്ടി, കെമിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഐടി, നേവൽ ആർക്കിടെക്ച്ചർ, ഷിപ്പ് ടെക്നോളജി തുടങ്ങി എല്ലാ എൻജിനിയറിങ് വിഭാഗങ്ങളിലുമുള്ള പഠനം. ഒരു വിട്ടുവീഴ്ചയുമില്ലാത്ത പരീക്ഷകളും അസൈൻമെന്റുകളും. സേനാ വിഭാഗത്തിലെന്നപോലെ കേഡറ്റുകൾ എന്നാണ് വിദ്യാർഥികൾ അറിയപ്പെടുന്നത്.

വിശേഷ ദിവസങ്ങളിൽ  ബാന്റ് മേളമുൾപ്പെടെയുള്ള പരേഡ്. സർവോപരി ക്യാമ്പസിൽ താമസിച്ച് തന്നെ പഠിക്കണമെന്ന നിർബന്ധവും. മറ്റു എൻജിനിയറിങ് കോഴ്സുകളുമായി നോക്കിയാൽ ഉയർന്ന ഫീസ്. ഇത്തരം സാഹചര്യങ്ങളിലും ഒരാളുപോലും കോഴ്സ്  നിർത്തി പോയിട്ടില്ലെന്ന് കോഴ്സ് ഇൻ ചാർജ് പ്രൊഫ. എൻ ജി നായരുടെ സാക്ഷ്യം. എഐസിടി, ഡി ജി ഷിപ്പിങ് തുടങ്ങിയവയുടെ അംഗീകാരമുള്ളതാണ് ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഈ മറൈൻ എൻജിനിയറിങ് സ്ഥാപനം. ഇന്റേൺഷിപ്പ് ഉൾപ്പെടെ നാലു വർഷമാണ് കോഴ്സ് കാലാവധി.

ക്യാമ്പസിനകത്ത് ആൺകുട്ടികൾക്ക് ഹോസ്റ്റലുണ്ട്. പെൺകുട്ടികളുടെ വാസം കുസാറ്റ് ലേഡീസ് ഹോസ്റ്റലിലാണ്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് നിർദ്ദേശാനുസരണമുള്ള മികച്ച ഭക്ഷണക്രമം ഇവർക്ക് പ്രത്യേകമായുണ്ട്. പെൺകുട്ടികളുടെ രാത്രി ഭക്ഷണം അവരുടെ ഹോസ്റ്റലിലെത്തിച്ച് കൊടുക്കുകയാണ്.  പകൽ മറൈൻ ക്യാമ്പസിലെ മെസ്സിൽ കഴിക്കും.

2007 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആണ് പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തത്.  എല്ലാ യന്ത്ര ഭാഗങ്ങളും കൃത്യമായി പ്രവർത്തിക്കുന്ന ആറരക്കോടി രൂപ ചെലവിൽ നിർമ്മിച്ച വലിയൊരു കപ്പൽ കാമ്പസിലുണ്ട്. മറ്റ് മറൈൻ എഞ്ചിനിയറിങ്ങ് സ്ഥാപനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകതയാണിത്. കൂടാതെ എൻജിൻ റൂം സിമുലേറ്റർ സംവിധാനമൊരുക്കി നാവികർക്കായി ഹ്രസ്വകാല കോഴ്സുകളും നടത്തുന്നുണ്ട്.

ആദ്യമെത്തിയ കാസർകോടുകാരി
മടിച്ചു മടിച്ച് ആദ്യമെത്തിയത് കാസർകോടുകാരിയായ നിള ജോൺ. മടി നിളയ്‌ക്കായിരുന്നില്ല. എല്ലാവരും പിന്തിരിപ്പിക്കുകയായിരുന്നു. മാസങ്ങളോളം കരയിൽ നിന്ന് വിട്ടുനിൽക്കേണ്ട ജോലി. എന്നാൽ ഡയറക്ടർ പ്രൊഫ. സൈമണും പ്രൊഫ.എൻ ജി നായരും മറ്റ് അധ്യാപകരുമൊക്കെ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകി തങ്ങളുടെ ആദ്യത്തെ പെൺമണിയെ ആത്മവിശ്വാസം ചോരാതെ ചേർത്ത് നിർത്തി. അങ്ങനെ നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികൾ സ്വീകരിക്കാൻ അധ്യാപക ദമ്പതികളുടെ മകളായ നിള തീരുമാനിക്കുകയായിരുന്നു. തുടർന്ന്‌ ആദിത്യ, ക്ഷേമ എന്നിവർ നിളയുടെ ജൂനിയറായി എത്തി. 2018ൽ അവർ പാസ്സ് ഔട്ടായി. ഇപ്പോൾ വിവിധ ബാച്ചുകളിലായി 14 പേരാണ് ഇവിടെ പഠിക്കുന്നത്.

എല്ലാവരും അടിച്ചുപൊളിച്ച്‌ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ കോഴ്സ് പഠിക്കാൻ  കുസാറ്റിലെത്തിയത് 17 പേരാണ്. അടുത്ത വർഷം പടിയിറങ്ങുന്ന എമ്മ ട്രീസ ജോസ് എത്തിയത് അപ്പൂപ്പന്റെ പാരമ്പര്യവുമായാണ്. അദ്ദേഹം സെയ്ലറായിരുന്നു. പെൺകുട്ടികളിൽ ഏറ്റവും സീനിയറും എമ്മയാണ്. എറണാകുളം കലൂരിൽ വീട് .അച്ഛൻ ബിസിനസുകാരനും അമ്മ അധ്യാപികയുമാണ്.

തൃശൂരുകാരിയായ ഉണ്ണിമായ ഉണ്ണികൃഷ്ണൻ 2016 ബാച്ചാണ്. അച്ഛൻ വിദേശത്താണ്. അധ്യാപികയാണ് അമ്മ. 2017 ലെ ബാച്ചിൽ മൂന്ന് പെൺകുട്ടികളെത്തി. ആദിത്യ അമ്പിളി, അപർണ രാജു, ജെമിനി അന്നമാത്യു  എന്നിവർ.

2018: ൽ ദിയ ദിലീപ്, ആൻസിയോൺ എം എസ്, ഗോപിക, അക്ഷിത, ശിവപ്രിയ, സാന്ദ്ര, ശ്രീസ്വര, ജോഷിന, ഐശ്വര്യ എന്നിവർ.ഇവരിലാർക്കും മറൈൻ എൻജിനിയർ തൊഴിലിനെ കുറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ അപരിചിതത്വമൊക്കെ മാറ്റിവെച്ച് കോഴ്സിനോട് ഇഴുകി ചേർന്ന്  പഠിച്ചും രസിച്ചും  അടിച്ചു പൊളിച്ചു മുന്നേറുകയാണ് ഇവർ.

ഒരു ബാച്ചിൽ 80 പേർ. മിടുക്കർക്ക് റിസൽട്ടിന് മുമ്പെ ജോലി ലഭിക്കും. പെൺകുട്ടികൾക്ക് മികച്ച അവസരങ്ങൾ ഈ മേഖലയിലുണ്ട്. കപ്പലിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ എട്ടു വർഷം കൊണ്ട് കപ്പലിന്റെ ചീഫ് എൻജിനിയർ ആകാനാകും.നിലവിൽ 10 ലക്ഷത്തിലേറെയാണ് പ്രതിമാസ ശമ്പളം.കൃത്യമായ ഇടവേളകളിൽ ക്ലാസ് ഫോർ, ക്ലാസ് ടൂ, ക്ലാസ് വൺ പരീക്ഷകൾ പാസാകണമെന്ന് മാത്രം.

അധ്യാപികമാരായും ഓഫീസ് ജീവനക്കാരായുമൊക്കെ സ്ത്രീകൾ ആധിപത്യമുറപ്പിച്ചതുപോലെ  സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന കപ്പലുകളും നമുക്ക് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് അകറ്റി നിർത്തപ്പെട്ട ഇടങ്ങളൊക്കെ സ്ത്രീകൾ തിരിച്ചുപിടിക്കുന്ന ഇക്കാലത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top