‘കുറ്റകൃത്യം നടന്ന് കഴിഞ്ഞാൽ കൊടുക്കുന്ന ശിക്ഷ അത്രയ്ക്ക് കഠിനമല്ല, നമ്മുടെ നിയമങ്ങൾ ശക്തമല്ല, നിയമക്കുരുക്കിൽനിന്നും പെട്ടെന്ന് ഊരിപ്പോരാൻ പറ്റുന്നു, ജയിലിൽ സുഖവാസമാണ്...’ ഇക്കാരണങ്ങൾ ഒക്കെക്കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർധിക്കുന്നത് എന്നാണ് സാധാരണയായി പറയുന്ന കാരണങ്ങൾ. എന്നാൽ എല്ലാ കുറ്റകൃത്യങ്ങളുടെ കാര്യവും അങ്ങനെയാണോ? പ്രത്യേകിച്ചും മാനസികവൈകല്യങ്ങളുള്ള, ലഹരിക്ക് അടിമയായ ക്രിമിനലുകളെ സംബന്ധിച്ച്?. അവർ നിയമവും അതിൽ നിന്നും ലഭിക്കാൻ പോകുന്ന ശിക്ഷയും ഒന്നും മനസിലാക്കിയിട്ടില്ല ക്രൈം നടത്തുന്നത്. കുറ്റകൃത്യങ്ങൾ ഒരു ഹരമായി കൊണ്ടു നടക്കുന്നവരുണ്ടാകും. അവരുടെയൊക്കെ ഉദ്ദേശം ക്രൈം ചെയ്യുക എന്നതുമാത്രമാണ്. ‘ഈ കുറ്റകൃത്യം ചെയ്താൽ എനിക്ക് വലിയ ശിക്ഷ കിട്ടാൻ പോകുന്നില്ല കേസിൽ നിന്നും വളരെ എളുപ്പത്തിൽ ഊരി പോരാൻ സാധിക്കും’ എന്നതൊന്നുമല്ല ഇത്തരം ക്രിമിനലുകൾക്ക് കുറ്റം ചെയ്യാനുള്ള പ്രേരണ.
ആലുവയിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റവാളിയും ഒരു സൈക്കോ ക്രിമിനൽ എന്നൊക്കെ വിശേഷിപ്പിക്കാൻ സാധിക്കുന്ന വ്യക്തിയാണ്. ആരും ക്രിമിനലുകൾ ആയിട്ട് ജനിക്കുന്നില്ല എങ്കിൽ പോലും ഇത്തരം വ്യക്തികൾ ഉള്ളിൽ ഒരു ക്രിമിനൽ സ്വഭാവം കൊണ്ട് നടക്കുന്നവരാകാം. അത്തരം വ്യക്തികൾ ഒന്നും നിയമത്തിന്റെയും ശിക്ഷയുടെയും അനന്തരഫലങ്ങൾ പരിശോധിച്ചുകൊണ്ട് കുറ്റം ചെയ്യുന്ന വ്യക്തികൾ ആവില്ല. തലയറുത്തുകളയും എന്ന നിയമം ഉണ്ടെങ്കിൽ പോലും ഇത്തരം വ്യക്തികളുടെ കുറ്റകൃത്യം ചെയ്യാനുള്ള വാസനകൾക്ക് മാറ്റമൊന്നും ഉണ്ടാകില്ല. അത്തരം നിയമങ്ങൾ ഉണ്ടായിട്ടുപോലും ഗൾഫ് നാടുകളിൽ ഇപ്പോഴും തല വെട്ടേണ്ടി വരുന്ന കുറ്റവാളികൾ ഉണ്ടാകുന്നുമുണ്ട്. വർഷങ്ങളായി കടുത്ത നിയമങ്ങൾ ഉണ്ടായിട്ടുപോലും ഇന്നും കുറ്റകൃത്യം ചെയ്താൽ തല വെട്ടേണ്ടി വരുന്നവർ ഉണ്ട് എന്നത് നിയമത്തിന്റെ കാഠിന്യം കൊണ്ടുമാത്രം തുടച്ചു മാറ്റാവുന്ന ഒന്നല്ല കുറ്റവാസനകൾ എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാക്കേണ്ടത്.
സൈക്കോ ക്രിമിനലുകളെ ശിക്ഷയുടെ കാഠിന്യം കാണിച്ചുകൊണ്ട് പേടിപ്പിക്കാനും സാധ്യമല്ല. അത്തരം മാനസിക വൈകല്യങ്ങൾക്കും കുറ്റവാസനകൾക്കും പരിഹാരം കണ്ടെത്താൻ സൈക്കോളജിക്കൽ പഠനങ്ങൾക്കും കൗൺസിലിംഗ് സംവിധാനങ്ങൾക്കും ഒക്കെയാണ് സാധിക്കുക. ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ചെയ്യാൻ സാധിക്കുന്നത് അതികഠിനമായ നിയമങ്ങളെക്കാൾ ശക്തമായ നിരീക്ഷണ സംവിധാനങ്ങളും ജാഗ്രതയും വർദ്ധിപ്പിക്കുക എന്നതാണ്.
ആലുവയിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സമയത്തുതന്നെ രക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന ചിന്ത ഈ അവസരത്തിൽ അപ്രസക്തമല്ല. ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ആ ചിന്ത ഉണ്ടാകേണ്ടതുണ്ട്. കുറ്റവാസനയുള്ളവർ കുറ്റം ചെയ്യാൻ ശ്രമിക്കും. പക്ഷേ അയാളെ കുറ്റം ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ പിടികൂടുക അതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്ക് തന്നെയാവണം ഭരണകൂടത്തിന്റെ ചിന്ത പോകേണ്ടത്. കുഞ്ഞു കൊല്ലപ്പെടുന്നതിനു മുമ്പ് തന്നെ പിടികൂടുക എന്നത് നിയമപാലകരുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തീർച്ചയായും അത് സാധിക്കും. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വർഷങ്ങൾക്കു മുമ്പൊക്കെ ഒരാളെ തട്ടിക്കൊണ്ടുപോയാൽ അത് കണ്ടുപിടിക്കാൻ എടുക്കുന്ന സമയത്തിന്റെ പത്തിൽ ഒന്ന് സമയം പോലും ഇന്ന് ആവശ്യമില്ല. അത്രയും വളർന്നിട്ടുണ്ട് നമ്മുടെ സംവിധാനങ്ങൾ. സിസിടിവിയും മൊബൈൽ ഫോണുകളും ഒക്കെ ഉള്ളതുകൊണ്ട് പല കേസുകളും പെട്ടെന്ന് തന്നെ കണ്ടെത്താൻ നമുക്ക് സാധിക്കുന്നുണ്ട്. ആസൂത്രിതമായ ചില കേസുകൾക്ക് മാത്രമാണ് കുറച്ച് അധികം സമയം എടുക്കുന്നത്. ആലുവയിലെ കുഞ്ഞിന്റെ കാര്യത്തിൽ ആണെങ്കിലും പ്രതിയെ 12 മണിക്കൂറിനുള്ളിൽ പിടികൂടാൻ നമ്മുടെ നിയമപാലകർക്ക് സാധിച്ചിട്ടുണ്ട്. ആ സമയദൈർഘ്യം ഇനിയും കുറഞ്ഞു വരണം.
നിറവും ജാതിയും വർഗ്ഗവും നോക്കാതെ മനുഷ്യന്റെ പരാതികൾ അന്വേഷിക്കാനുള്ള ആത്മസമർപ്പണവും കാര്യക്ഷമതയും നിയമപാലകർക്കും ഉണ്ടാകേണ്ടതുണ്ട്. ഈ സമൂഹത്തിന്റെ പരിച്ഛേദമാണ് നിയമപാലകരും, നിലവിലെ സമൂഹത്തിനുള്ള എല്ലാ അപക്വതകളും അവരിലും പ്രതിഫലിക്കും.
പല കുറ്റകൃത്യങ്ങളും പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ എല്ലാം തന്നെ വളരെ സാധാരണമായി കാണാൻ കഴിയുന്ന ഒരു മനോനിലയിലേക്ക് നമ്മൾ എത്തിച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആവണം ഒരു സ്ത്രീ കുറ്റകൃത്യം ചെയ്യുമ്പോൾ നമ്മൾ അതിശയിക്കുന്നത്.
പെൺകുഞ്ഞുങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ, അത് നാട് ഒട്ടാകെ ഭീതിയും ഞെട്ടലും ഉണ്ടാക്കുമ്പോൾ അതിൽനിന്നും കുറ്റം ചെയ്യുന്നവരെക്കാളും കുറ്റവാസന ഉള്ളവരെക്കാളും തിരിച്ചടികൾ പെൺ കുഞ്ഞുങ്ങൾക്ക് തന്നെ ഉണ്ടാകുന്നുണ്ട്. ഒന്നു പുറത്തേക്കിറങ്ങുന്നതിനും പുറം നാടുകളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്നതിലും ഒക്കെ സുരക്ഷാഭീതികൾ കൊണ്ട് അവർക്കാണ് പിന്നെയും പിന്നെയും വിലക്കുകളും അസ്വാതന്ത്ര്യവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണത്. അവരെ കൂട്ടിലടയ്ക്കുകയല്ല വേണ്ടത്. മനുഷ്യർക്കെല്ലാം അവകാശങ്ങൾ ഒരുപോലെ ആസ്വദിക്കാൻ സാധിക്കണം. അതിന് കുറ്റകൃത്യങ്ങൾ ഒരു തടസ്സമാകാൻ പാടില്ല.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരണം എന്നു പറയുന്നത് പ്രായോഗികമായും നിയമപരമായും സാധിക്കുന്ന കാര്യമല്ല. ഇന്ത്യയിൽ ഏതാനും ചില നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും ജമ്മു കാശ്മീരും ഒഴികെയുള്ള സംസഥാനങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും ഭൂമി സ്വന്തമാക്കാനും ബിസിനസുകൾ ചെയ്യാനും ഒക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നത് ഒരുപക്ഷേ ഭരണഘടന വിരുദ്ധമായിരിക്കും. മലയാളികൾ എല്ലായിടത്തും പോയി ജോലി ചെയ്യുന്നതും പഠിക്കുന്നതും ഒക്കെ പോലെ തന്നെയാണ് ഇതും. കേരളത്തിൽ മലയാളിക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഉണ്ടോ, നിയമപരിരക്ഷകൾ ലഭിക്കുന്നുണ്ടോ അതു മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾക്കും നൽകാൻ കഴിയുകയുള്ളൂ. അത്തരം നിയന്ത്രണങ്ങൾ കൊണ്ടൊന്നും ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും സാധ്യമല്ല. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കണമെങ്കിൽ ബംഗാളി‐ മലയാളി എന്നുള്ള വ്യത്യാസങ്ങൾ ഒന്നുമില്ലാതെ പൊതു സുരക്ഷ വർദ്ധിപ്പിക്കുകയും ആളുകളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയുമാണ് വേണ്ടത്.
പൊതുസുരക്ഷാ വർദ്ധിപ്പിക്കാൻ പൊതു ഇടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള സംവിധാനങ്ങൾ വരുമ്പോൾ മനുഷ്യരുടെ സ്വകാര്യതയിലേക്ക് ക്യാമറ കണ്ണുകൾ തുറന്നു വെച്ചിരിക്കുന്നു എന്ന വിമർശനങ്ങൾക്കും സാധ്യതയുണ്ട്. പൊതു ഇടത്തിലെ സ്വകാര്യത എന്താണ് എന്നത് നമ്മുടെ ഭരണഘടനയിൽ തന്നെ നിർവചിച്ചു വച്ചിരിക്കുന്നുണ്ട്. അതിനൊരിക്കലും ഇത്തരം ക്യാമറകൾ ഒരു തടസ്സവും ആവില്ല. പൊതുഇടത്തിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് കണ്ടുപിടിക്കുകയാണ് നിരീക്ഷണ സംവിധാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമറകൾ വരുന്നത് സ്വകാര്യതയ്ക്ക് ഭംഗം വരുത്തും എന്ന രീതിയിലുള്ള ചർച്ചകളുടെ ആവശ്യമില്ല. നമ്മുടെ നാട്ടിലുള്ള പല സർവൈലൻസ് ക്യാമറകളും സ്വകാര്യ വ്യക്തികൾ സ്ഥാപിക്കുന്നതാണ്. സ്കൂളുകൾ, ആശുപത്രികൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ഒക്കെ ഭാഗമായിട്ട് ഇത്തരം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെഅതിലെ വിവരശേഖരണം നടത്തുന്നതിന് അവരുടെ അനുവാദവും ആവശ്യമായി വരും. അതിലുള്ള വിവരങ്ങൾ ഓരോന്നോരോന്നായി ശേഖരിച്ച് വേണം നിയമപാലകർക്ക് ആവശ്യമുള്ള കാര്യങ്ങൾ കണ്ടുപിടിക്കുവാൻ. അതൊക്കെ കുറച്ച് അധികം സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. അതിന് പകരമായി നമ്മുടെ പൊതു ഇടങ്ങളെല്ലാം സർക്കാർ സംവിധാനത്തിലുള്ള ഒരു പൊതു ക്യാമറ നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാൻ സാധിച്ചാൽ അത് കൂടുതൽ കാര്യക്ഷമം ആയിരിക്കും. ഇത് എല്ലായിടത്തും ഒറ്റയടിക്ക് വളരെ പെട്ടന്ന് നടപ്പാക്കുകയും സാധ്യമല്ല. പക്ഷേ പരമാവധി വേഗത്തിൽ തന്നെ നടപ്പാക്കാൻ സാധിക്കേണ്ടതുണ്ട്.
കേരളത്തിൽ ഇതുപോലുള്ള മാറ്റങ്ങൾ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളിൽ നമ്മെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളും സർക്കാർ സംവിധാനത്തിലുള്ള മറ്റു പല ക്യാമറകളും നിലവിൽ വന്നിട്ടുണ്ട്. ഇത്തരം പൊതു സുരക്ഷ ഉറപ്പാക്കുന്ന നിരീക്ഷണ സംവിധാനങ്ങൾക്കും അതിനനുസരിച്ചുള്ള ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ഇടപെടലുകളിൽ കൂടിയാണ് കുറ്റകൃത്യങ്ങൾ ചെറുക്കപ്പെടേണ്ടത്. ആൾക്കൂട്ട ആക്രമണങ്ങളും കൈവെട്ട് കാൽവെട്ട് പോലെയുള്ള അതികഠിനമായ ശിക്ഷാരീതികളും ഒന്നും കുറ്റകൃത്യങ്ങൾക്ക് ശാശ്വതമായ പരിഹാരമേ അല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..