17 April Wednesday

ഇറാഖിൽനിന്ന്‌ ഇതാ ശുഭപ്രതീക്ഷയുടെ കിരണങ്ങൾ

അനിൽകുമാർ എ വി Updated: Tuesday May 22, 2018

ചോരപ്പുഴകളിൽ  മുങ്ങി  ഒരു സംസ്കാരം നാശോന്മുഖമാവുകയായിരുന്നു. തിരിച്ചുപിടിക്കാനാവാത്തവിധം കൈമോശംവന്നുവെന്ന് തോന്നിപ്പിച്ച ഇറാഖിൽനിന്ന് ഇതാ നേർത്ത ശുഭപ്രതീക്ഷയുടെ കിരണങ്ങൾ.
അമേരിക്ക പിന്മാറിയശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നു. അതുമാത്രമല്ല,  പാർലമെന്റിൽ രണ്ട് വനിതാ സ്ഥാനാർഥികളെ വിജയിപ്പിച്ച് കമ്യൂണിസ്റ്റ് പാർടി ചരിത്രം കുറിച്ചു

ഇതുവരെ ഒരു തെളിവും ലഭിക്കാത്ത നശീകരണായുധങ്ങളുടെ പേരിൽ സാമ്രാജ്യത്വം ഇറാഖിൽ ഇറക്കുമതിചെയ്ത കെടുതികൾ ഭയാനകമായിരുന്നു. ആ രാജ്യത്തിന്റെ സമൃദ്ധിയും സമാധാനവും വിഭവങ്ങളുമെല്ലാം മണ്ണടിഞ്ഞു. ചരിത്രത്തിലേക്ക് വേരുണ്ടായ  ഈടുവെപ്പുകൾ ഏറെക്കുറെ തകർത്തു. തലങ്ങും വിലങ്ങും കോറിയിട്ടപോലെ വികൃതമായ ഇറാഖിന്റെ  സാധാരണ ചലനങ്ങളും നിലച്ചു. അധിനിവേശ ശക്തികളും അവരുടെ തദ്ദേശീയ ദല്ലാൾമാരും ലാഭം കൊയ്ത് രസിച്ചപ്പോൾ സാധാരണ മനുഷ്യരാകെ ജഡസമാനമായിരുന്നു. ചോരപ്പുഴകളിൽ മുങ്ങി ഒരു സംസ്കാരം നാശോന്മുഖമാവുകയായിരുന്നു. തിരിച്ചുപിടിക്കാനാവാത്തവിധം കൈമോശംവന്നുവെന്ന് തോന്നിപ്പിച്ച ഇറാഖിൽനിന്ന് ഇതാ നേർത്ത ശുഭപ്രതീക്ഷയുടെ കിരണങ്ങൾ. അമേരിക്ക പിന്മാറിയശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നു. അതുമാത്രമല്ല,  പാർലമെന്റിൽ രണ്ട് വനിതാ സ്ഥാനാർഥികളെ വിജയിപ്പിച്ച് കമ്യൂണിസ്റ്റ് പാർടി ചരിത്രം കുറിച്ചു. ഷിയാ നേതാവ് മുഖ്തത സദറിന്റേതടക്കമുള്ള പാർടികളുടെ സഖ്യമായ  സിവിൽ ഡമോക്രാറ്റിക് അലൈൻസിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റുകാർ മത്സരിച്ചത്. ചെറുതെങ്കിലും ഇറാഖി റിപ്പബ്ലിക്കൻ പാർടിയും അതിന്റെ ഭാഗമായിനിന്നു.

'ഒരേ മണ്ഡലത്തിൽ അൽ അമീൻ
കുടുംബത്തിൽ രണ്ടു സ്ഥാനാർഥികൾ'

ഷിയാമുസ്ലീങ്ങളുടെ പുണ്യനഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന  നജാഫിൽ  സുഹദ് അൽ ഖതീബും  നസീറിയയിലെ ദിഖറിൽ  ഹൈഫ അൽ അമീനുമാണ് വെന്നിക്കൊടി പാറിച്ച കമ്യൂണിസ്റ്റ് വനിതകൾ.  അധ്യാപികയും മനുഷ്യാവകാശ‐ സ്ത്രീ പ്രക്ഷോഭകയുമാണ് സുഹദ്. "ആളുകൾ സ്കൂളിൽ എന്നെ കാണാനെത്തി. അത് നന്നായി നടത്തുന്നതിനാൽ രാജ്യത്തെയും നയിക്കാനാവുമെന്ന് അവർക്ക് തോന്നി. ആ വികാരത്തെ ഞാൻ മുഖവിലക്കെടുത്തു. അതുമാത്രമല്ല, രാഷ്ട്രീയത്തിലെ റോൾ  മോഡലായി എന്നെ കണക്കാക്കിയത് പ്രചോദനവുമായി. കെടുതികൾ വിഴുങ്ങിയ കൂരകൾ 2014ലെ തെരഞ്ഞെടുപ്പിൽ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞത് മികച്ച അനുഭവവുമായി.''എന്നാണ് അവർ പറഞ്ഞത്. സ്വന്തം സഹോദരൻ ഹൈദർ അൽ അമീനായിരുന്നു ഹൈഫയുടെ പ്രധാന എതിരാളി. പ്രാദേശിക ഇസ്ലാമിക് പാർടിയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. 'ഒരേ മണ്ഡലത്തിൽ അൽ അമീൻ കുടുംബത്തിൽ രണ്ടു സ്ഥാനാർഥികൾ'എന്നായിരുന്നു വാർത്താ ശീർഷകങ്ങൾ. ഹൈദറിന്റെ നിലപാടുകൾ സംബന്ധിച്ച് വീട്ടിനകത്ത് ചർച്ചയാക്കാനും ശിരോവസ്ത്രം ധരിക്കാതെ പൊതുവേദികളിൽ എത്താറുള്ള ഹൈഫയ്ക്ക് കഴിഞ്ഞു. തന്റെ ഇടതുപക്ഷ കാഴ്ചപ്പാടുകളാണ് രാഷ്ട്രീയത്തിലെത്തിച്ചതെന്നാണ് അവർ റേഡിയോ ഫ്രീ യൂറോപ്പിനോട് തുറന്നടിച്ചത്.


329 അംഗങ്ങളെ തെരഞ്ഞെടുക്കാൻ 7000 സ്ഥാനാർഥികളായിരുന്നു ഇക്കുറി. അതിൽ 2600 സ്ത്രീകളാണെന്നതും ശ്രദ്ധേയം. മതവീക്ഷണമുൾക്കൊള്ളുന്ന സദറിന്റെ പ്രസ്ഥാനവും സെക്കുലർ ഉള്ളടക്കമുള്ള കമ്യൂണിസ്റ്റുകാരും കൈകോർക്കുകയെന്നത് സമീപകാലംവരെ ആരുടെയും വിചാരത്തിലുദിക്കാത്ത കാര്യമായിരുന്നു. എന്നാൽ അത് യാഥാർഥ്യമായപ്പോൾ വോട്ടർമാർക്ക് സ്വീകാര്യമായി. ഇങ്ങനെയൊരു സഖ്യശ്രമത്തിനെതിരെ ചിലർ നെറ്റിചുളിച്ചപ്പോൾ, സുഹദ് പ്രതികരിച്ചത് ആശയവ്യത്യാസങ്ങളെല്ലാം മറന്നുകൊണ്ടുള്ള ഐക്യമല്ലിത്. മറിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള നീക്കുപോക്ക് മാത്രമെന്നാണ്. 1950കളിൽ ഷിയാ‐ കമ്യൂണിസ്റ്റ് സഹകരണമുണ്ടായിരുന്നു. കർബല, നജഫ്, കദിമിയ തുടങ്ങിയ പരമ്പരാഗത മേഖലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അത്. അതുപോലെ  1979 ലെ വിപ്ലവകാലത്തും സമാന ഐക്യമുണ്ടായതായി ഇറാഖി ചിന്തകൻ ഡോ. ഫാരിസ് കമാൽ നദ്മി വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധമായ പ്രവർത്തനത്തിന്റെ ദീർഘ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പാർടി എല്ലാവിധ അധിനിവേശങ്ങൾക്കും എതിരാണെന്നും അദ്ദേഹം എഴുതി.പ്രത്യയശാസ്ത്രപരമായി വിയോജിപ്പുള്ളവരും ആദർശങ്ങൾക്കായി ഒന്നിക്കേണ്ട കാലമാണിതെന്ന് ഓർമിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ്‐സദറിസ്റ്റ് സഖ്യം അധികാരത്തിൽ വരുമെന്ന്  ഉറപ്പായതോടെ  അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകളിലൂടെ ഇറാഖ് കലുഷിതമാവാനുള്ള സാധ്യത പ്രവചിക്കുന്നവരുണ്ട്. എന്നാൽ കമ്യൂണിസ്റ്റ് പാർടിയുടെ വിജയം പശ്ചിമേഷ്യയിലാകെ  ഇടതുപക്ഷ മുന്നേറ്റത്തിന്  നൽകുന്ന ആവേശം ചെറുതായിരിക്കില്ല.



അമേരിക്കൻ അധിനിവേശത്തിനെതിരെ

1934 ൽ ഔദ്യോഗികമായി സ്ഥാപിതമായ ഇറാഖ് കമ്യൂണിസ്റ്റ് പാർടിക്ക് ആവേശകരമായ ചരിത്രമാണ്.  യഥാർഥ വേരുകൾ പിന്നെയും ഒരു പതിറ്റാണ്ട് പിറകിലേക്ക് നീളും. ബാഗ്ദാദ് സ്കൂൾ ഓഫ് ലോ വിദ്യാർഥിയായിരുന്ന ഹുസൈൻ അൽ റഹാൽ ആദ്യ മാർക്സിസ്റ്റ് സ്റ്റഡി സർക്കിൾ ആരംഭിച്ചതോടെയാണ് അത്. ബാഗ്ദാദിലെ ഹൈദർഖാനാ പള്ളിയിൽ ഒത്തുചേർന്ന് അവർ നവീനാശയങ്ങൾ ചർച്ചചെയ്തുവന്നു. 'അൽ സഹീഫ' പത്രവും പുറത്തിറക്കി. 1929ലെ സാമ്പത്തിക തകർച്ചയെ തുടർന്ന് സ്റ്റഡി സർക്കിൾ ആശയപ്രചാരണം ഏറ്റെടുത്തു. ദി സോളിഡാരിറ്റി ക്ലബ്ബ് എന്ന യുവജന സംഘടനയും നല്ല സ്വാധീനമുണ്ടാക്കി. കോമ്രേഡ് ഫഹദ് എന്ന് ആദരിക്കപ്പെട്ട യൂസുഫ് സൽമാൻ യൂസുഫിന്റെ നേതൃകാലത്ത് പാർടിഅംഗത്വത്തിൽ വലിയ കുതിപ്പുണ്ടായി. ആ കാലയളവിൽ ചില കാർഷിക പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. മുന്നേറ്റം 1950കൾ വരെ തുടരാനായി. 1968ൽ ബാത്ത് പാർടി ഭരണം പിടിച്ചപ്പോൾ ഒട്ടേറെ നേതാക്കളെയും പ്രവർത്തകരെയും നഷ്ടമായി. 2003ൽ തുടക്കമിട്ട അമേരിക്കൻ അധിനിവേശത്തിനെതിരെ പാർടി ശക്തമായി രംഗത്തുവന്നു. നിരവധി പ്രധാന പ്രവർത്തകർ സമീപ കാലത്ത്  കൊലചെയ്യപ്പെട്ടു. ഒട്ടേറെ പാർടി ആസ്ഥാനങ്ങൾ തകർത്തു. എന്നിട്ടും  പോരാട്ടം തുടർന്നാണ് കമ്യൂണിസ്റ്റുകാർ ഇപ്പോഴത്തെ നേട്ടം എത്തിപ്പിടിച്ചിരിക്കുന്നത്.


'നിങ്ങളെല്ലാം തസ്ക്കരന്മാരാണ് '

2018 ലെ  മെയ്ദിനത്തിന് ബാഗ്ദാദിൽ പടുകൂറ്റൻ റാലിയായിരുന്നു. സ്ത്രീകളുടെ പങ്കാളിത്തവും ആവേശകരം. ചെങ്കൊടികളും മാർക്സിന്റെ ചിത്രങ്ങളുമേന്തി ആയിരങ്ങൾ. കൂടാതെ സഖ്യകക്ഷിയുടെ നീല പതാകകളും ഉയർന്നു. മെയ് പന്ത്രണ്ടിന്റെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണ് ആ ഉജ്വല സംഘാടനം വിശേഷിപ്പിക്കപ്പെട്ടത്. "ജനാഭിലാഷം കേൾക്കൂ, പരിഷ്കരണം അനിവാര്യം, അഴിമതി അവസാനിപ്പിക്കുക, തൊഴിലാളികളാണ് രാജ്യത്തിന്റെ സ്വത്ത്'' തുടങ്ങിയ മുദ്രാവാക്യങ്ങൾ എങ്ങും മുഖരിതമായി. ആറ് സെക്കുലർ പാർടികൾ ഉൾക്കൊള്ളുന്ന 'മാർ ച്ചിങ് ടുവേർഡ്സ് റിഫോം' കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ജനസമാഹരണമെന്നാണ് കമ്യൂണിസ്റ്റ് പാർടി നേതാവ് റെയ്ദ് ഫഹ്മി പ്രസ്താവിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അഴിമതി, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ കെടുതികൾ ഭയാനകമാണ്. ദാരിദ്ര്യം 25 ശതമാനത്തിലെത്തി. രണ്ട് അമേരിക്കൻ ഡോളറിന് തുല്യമായ ദിനാർ കൊണ്ട് മാസം തള്ളിനീക്കേണ്ടിവരുന്നവർ ഇരുപത് ശതമാനം. 

ശുദ്ധജലത്തിന്റെയും ശുചീകരണത്തിന്റെയും അഭാവം പൊതുജനാരോഗ്യം താറുമാറാക്കി. വീടുകളുടെ സ്ഥിതിയും ദയനീയം. നാലു കുട്ടികളിൽ ഒരാൾ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. അധിനിവേശത്തിന്റെ തിരതള്ളലിൽ പത്തു ലക്ഷം കുരുന്നുകൾ വീട് വിട്ടോടി. കായികശേഷിയില്ലാഞ്ഞിട്ടും അമിതഭാരം പേറുന്ന വൃദ്ധ തൊഴിലാളികളാണ് മറ്റൊരു പ്രവണത.  പെൻഷനോ മറ്റ് വാർധക്യകാല സഹായമോ ഇല്ല. സ്ത്രീകളും അതീവ ദുരിതാവസ്ഥയിൽ. മെയ് ആറിന് നജബിലെ പുതിയ അന്താരാഷ്ട്ര സ്റ്റേഡിയം ഉദ്ഘാടനത്തിന് സർക്കാർ പ്രതിനിധി എത്തിയപ്പോൾ ആൾക്കൂട്ടം വിളിച്ചുകൂവിയത് 'നിങ്ങളെല്ലാം തസ്ക്കരന്മാരാണ്'' എന്നായിരുന്നു. സാമൂഹ്യനീതിയും മാന്യമായ പൗരത്വവും  വേണമെന്നും ഊന്നി. സദ്ദാം ഭരണത്തിൽ നടമാടിയിരുന്ന ദൈന്യതകളെക്കാൾ പതിന്മടങ്ങായിരുന്നു അമേരിക്കൻ കാർമികത്വത്തിൽ. അഴിമതിക്കാരും വിഭാഗീയത വെച്ചുപുലർത്തുന്നവരുമായ  ഭരണക്കാരെ അടിച്ചേൽപ്പിച്ചു. അത് ഏറ്റവും കൂടുതൽ കെടുതിയിലാക്കിയത് ദരിദ്രരുടെ ജീവിതമാണ്. അധിനിവേശത്തെ പിന്തുണച്ച ധനികർ കൊള്ളമുതലിലും പങ്കുപറ്റി. പരാജയപ്പെട്ട ഭരണകൂടവും വികൃതമായ ജനാധിപത്യവുമെന്നതാണ് ബാക്കിപത്രം. അതിനാൽ ജനങ്ങളുടെ ഐക്യത്തിലാണ് കമ്യൂണിസ്റ്റ് പാർടി പ്രധാനമായും ഊന്നുന്നത്.


മറക്കില്ല ആ ഷൂ ഏറ്‌

2008 ഡിസംബർ പതിനാലിന് ബാഗ്ദാദിലെ പത്രസമ്മേളനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ ഷൂ എറിഞ്ഞ ചാനൽ പത്രപ്രവർത്തകൻ മുംതദർ അൽ സെയ്ദിയും ഇപ്രാവശ്യം പാർലമെന്റിലേക്ക് ജയിച്ചു. ലോകമാകെ ശ്രദ്ധിച്ച  സംഭവത്തിന് പത്തു വയസ്സെത്തിയപ്പോഴാണ് ആ മുപ്പത്തൊമ്പതുകാരൻ കമ്യൂണിസ്റ്റ് സഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിലിറങ്ങിയത്. "ഇത് താങ്കൾക്കുള്ള ഇറാഖിന്റെ അന്ത്യ ചുംബനമാണ,് പട്ടീ''  എന്ന് അട്ടഹസിച്ചായിരുന്നു ബുഷിനെതിരായ  പ്രതിഷേധം. സംഭവത്തെതുടർന്ന് മുംതദറിന് മൂന്നുവർഷം ജയിൽ ശിക്ഷ വിധിച്ചു. ഒമ്പതു മാസത്തിനു ശേഷം വിട്ടയച്ചപ്പോൾ ലെബനണിലെ ബെയ്റൂട്ടിൽ അഭയംതേടി.  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തിടെയാണ്  ഇറാഖിലെത്തിയത്. രാജ്യത്തിന്റെ പ്രധാന പദവികളിൽ എത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ആ മോഹം സഫലമായാൽ ആദ്യം ചെയ്യുക അമേരിക്കയെകൊണ്ട് ഇറാഖി ജനതയോട്  ഔദ്യോഗികയായി മാപ്പുപറയിക്കുകയാണ്.

ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും നിർബന്ധിക്കും. തീർന്നില്ല, ബുഷിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരും."എനിക്ക് അമേരിക്കക്കാരോട് ഒരു വിരോധവുമില്ല; മറിച്ച് മാതൃരാജ്യത്തെ 2003ൽ ചൊൽപ്പടിയിലാക്കാൻ ശ്രമിച്ച ബുഷിനോട് പൊറുക്കാനാവില്ല. നിരപരാധികളുടെ കൂട്ടക്കുരുതിക്കും ഇറാഖിന്റെ പരിതാപകരമായ ഇന്നത്തെ അവസ്ഥക്കും കാരണം അയാളുടെ നയങ്ങളാണ്'' എന്നായിരുന്നു പ്രഖ്യാപനം. താൻ അധിനിവേശത്തിനും അഴിമതിക്കും എതിരാണെന്നും മുംതദർ കൂട്ടിച്ചേർത്തു. സദ്ദാംഹുസൈൻ പിറന്ന തിർകിത്തിൽ ജനങ്ങൾ പ്രതീകാത്മകമായി  കൂറ്റൻ വെങ്കല ഷൂ സ്മാരകം സ്ഥാപിക്കുകയുണ്ടായി. "സത്യം പാടുംവരെ എന്റെ വായ നിശബ്ദമായിരിക്കും'' എന്ന  സിറിയൻ കവി റാഷിദ് സലിം അൽ ഖുറിയുടെ വരിയും എഴുതിച്ചേർത്തു. 2009 ജനുവരി 27ന്  ഉയർത്തി, എന്നാൽ അത് മുൻസിപ്പൽ അധികാരികൾ നീക്കംചെയ്തത് മറ്റൊരുകാര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top