11 December Monday

കല്യാണിയും ദാക്ഷായണിയും ചിലങ്കയണിയുമ്പോള്‍

ജസ്‌ന ജയരാജ്‌ jas33jay@gmail.comUpdated: Sunday Sep 17, 2023

പി സുകന്യയും മകൾ ദേവിക എസ്‌ നായരും

-മലയാളത്തിലെ സ്‌ത്രീപക്ഷ എഴുത്തിന്‌ പുതുതലം സമ്മാനിച്ച നോവലാണ്‌ ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട്‌ സ്‌ത്രീകളുടെ കഥ’. എഴുത്തുകാരിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പുകൾ നോവലായി മാറിയപ്പോൾ ആണധികാരത്തിനെതിരെയുള്ള സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ്‌  സമൂഹം ചർച്ച ചെയ്‌തത്‌. തുറന്നുപറച്ചിലിന്റെ പെണ്ണെഴുത്തിന്‌ പുതിയൊരു ആസ്വാദനമുഖംകൂടി ഒരുങ്ങുകയാണ്‌. കോഴിക്കോട്‌ സ്വദേശിനിയും സ്‌കൂൾ അധ്യാപികയുമായ പി സുകന്യയാണ്‌ നോവലിന്റെ നൃത്തഭാഷ്യം ഒരുക്കുന്നത്‌.  

ഒന്നരമണിക്കൂർ നീളുന്ന മോഹിനിയാട്ടമായാണ്‌ ‘കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ’ അരങ്ങിലെത്തുന്നത്‌. പി സുകന്യയാണ്‌ നൃത്തം ചിട്ടപ്പെടുത്തിയത്‌. സുകന്യയും മകൾ ദേവിക എസ്‌ നായരുമാണ്‌ രണ്ടു കഥാപാത്രങ്ങളായി വേദിയിൽ എത്തുന്നത്‌. സുരേഷ്‌ നടുവത്താണ്‌ ഗാനം രചിച്ചത്‌. കോഴിക്കോട്ട്‌ നടന്ന കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം അധ്യാപികമാരുടെ കൂട്ടായ്‌മയായ ‘ശ്രാവണിക’ നോവൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി അവതരിപ്പിച്ച തെരുവുനാടകമാണ്‌ നോവൽ മോഹിനിയാട്ടമാക്കണമെന്ന ആശയത്തിൽ എത്തിച്ചതെന്ന്‌  സുകന്യ പറഞ്ഞു. ‘‘പുരാണകഥകൾ പോലെയല്ല, സാധാരണ ജീവിതകഥ ശാസ്‌ത്രീയ നൃത്തത്തിലേക്ക്‌ കൊണ്ടുവരികയെന്നത്‌ അൽപ്പം പ്രയാസകരമാണ്‌.  നോവലിന്‌ ആ സൗന്ദര്യം നൽകുന്ന  പ്രാദേശികഭാഷയും നൃത്തത്തിലേക്ക്‌ വരുമ്പോൾ അൽപ്പം സങ്കീർണത സൃഷ്ടിച്ചു.  

പക്ഷേ, നോവൽ മുന്നോട്ടുവയ്‌ക്കുന്ന ആശയമാണ്‌ ഈ വെല്ലുവിളികളെയെല്ലാം മറികടന്ന്‌ മോഹിനിയാട്ടമെന്ന സ്വപ്‌നത്തിലേക്ക്‌ നടക്കാൻ തുണയായത്‌. രണ്ട്‌ സ്‌ത്രീകൾ തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധവും  ജീവൽപ്രതിസന്ധികളെ നേരിടാൻ അവർ കാണിക്കുന്ന അസാമാന്യമായ കരുത്തും ഒരു കലാകാരിയെന്ന നിലയിൽ എന്നെ ആകർഷിച്ചു ’’–-സുകന്യ പറഞ്ഞു. മോഹിനിയാട്ടം ഒക്ടോബർ അവസാനം  അരങ്ങിലെത്തും.

മീൻചന്ത രാമകൃഷ്‌ണ മിഷൻ എച്ച്‌എസ്‌എസിലെ  ഗണിതാധ്യാപികയാണ്‌ സുകന്യ. ചെറുപ്പംമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്‌. ഡിഗ്രി പഠനത്തിനുശേഷം ഭാരതി ശിവജിയുടെ കീഴിലാണ്‌ മോഹിനിയാട്ടം അഭ്യസിച്ചത്‌. കെ ബാലകൃഷ്‌ണൻ രചിച്ച ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിലെ ദ്രൗപദിയെയും മോഹിനിയാട്ടമായി നിരവധി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ജിനേഷ്‌ കുമാർ എരമമാണ്‌ വരികൾ എഴുതിയത്‌. ബിരുദ വിദ്യാർഥിനിയായ മകൾ ദേവികയ്‌ക്കും  നൃത്തമാണ്‌ ജീവിതം. ഉള്ള്യേരിയിലാണ്‌ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top