29 March Friday

മഴപ്പെയ്ത്തിലൊരു ചൈനീസ് റംസാന്‍

ഫര്‍സാനfarzachina@hotmail.comUpdated: Sunday Apr 9, 2023

സാധാരണയായി ആ പള്ളിയിൽ സ്ത്രീകൾ ഉണ്ടാകാറില്ല.
ഷിൻജിയാങ് പ്രവിശ്യയിൽ നിന്ന് ജോലിയാവശ്യങ്ങൾക്കായി എത്തിയ ഉഗ്വിയർ മുസ്ലിമുകളാണ് ഫോഷാനിലെ പ്രധാന വിഭാഗം. മിക്കവരും ഭക്ഷണശാലകൾ നടത്തിയാണ് ജീവിതം നയിക്കുന്നത്. ‘അസ്സലാമു അലൈകും' എന്ന് അഭിവാദനം ചെയ്‌തുകൊണ്ട് അവർ ഭക്ഷണശാലയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യും.

ചെറിയ ഒന്നോ രണ്ടോ മുറികൾ ചേർന്നതാണ് ല്ചോങിലെ പള്ളി. മിമ്പറും വൃത്തിയിൽ വിരിച്ചിട്ട മുസല്ലകളും ഖുർആനുകളും കാണും. നാൽപ്പതാളുകൾ കൂടിയാൽ ജുമാ നിസ്കാരം നടത്താൻ സൗകര്യമുള്ളവ. വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരം നടക്കുമ്പോൾ തോക്കേന്തിയ ചൈനീസ്‌ പട്ടാളം ഒന്നിലും ഇടപെടാതെ തെരുവിൽ കാവലുണ്ടാകും. ദുആകളും ഖുത്‌ബയും ചൈനീസിലും അറബിയിലുമാണ്. മംഗോളിയൻ സ്ലാങ്ങോട് കൂടിയ മാൻഡറിനായതിനാൽ മനസ്സിലാക്കൽ പ്രയാസം. മിക്കപ്പോഴും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇമാം മാത്രമേ പ്രാർഥനയ്‌ക്കായി കാണൂ.

പെണ്ണുങ്ങൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം നിഷിദ്ധമല്ല. ല്ചോങിലെ പള്ളിയിൽ പക്ഷേ, അത്രയ്‌ക്ക് സൗകര്യമില്ല. മത പഠനത്തിനായി മദ്രസ പോലുള്ള സൗകര്യങ്ങൾ ഫോഷാനിൽ ഇല്ലാത്തതിനാൽ ഇമാമിന്റെ ഭാര്യ ഫാത്തിമ പള്ളിക്കകത്തുവച്ച് കുട്ടികളെ ഓത്തു പഠിപ്പിക്കാറുണ്ട്.  ചൈനക്കാരുടെ അറബി ഉച്ചാരണം നമ്മുടേതിൽനിന്ന്‌ ഒരുപാട് വ്യത്യസ്തമാണ്​. തുർക്കികളും ലെബനീസും സഊദികളും നടത്തുന്ന തൊട്ടടുത്തുള്ള റസ്‌റ്റോറന്റുകളിൽ നിന്നും നൽകുന്ന നോമ്പുതുറ വിഭവങ്ങൾ പള്ളിയ്ക്കകത്ത് നിരത്തി വച്ചിട്ടുണ്ടാകും. കാരയ്‌ക്ക, തണ്ണിമത്തൻ, സമൂസ, കബാബ്, ജ്യൂസ് എന്നിവ. മഗ്‌രിബ് നിസ്‌കാരശേഷം ഈ കടയുടമകൾത്തന്നെ നൽകുന്ന ഹലീമോ, കബ്സയോ, മന്തിയോ വലിയ പീസ് മട്ടന്റെ കൂടെ പൊതിഞ്ഞ് പള്ളിയിലുള്ളത്രയും ആൾക്കാർക്ക് നൽകും. വിശപ്പ് ശമിക്കാത്തവർക്ക് അവരുടെ റസ്‌റ്റോറന്റുകളിൽ പോയാൽ ആവശ്യാനുസരണം ഭക്ഷണം സൗജന്യമായി കഴിക്കാനുമാകും. ആർക്കും തികയാതെ വരില്ല.

അതും കഴിഞ്ഞ് അൽപ്പനേരം വിശ്രമിച്ചാണ് തറാവീഹ് നമസ്കാരത്തിന് ഒരുങ്ങുക. നമ്മുടെ നാട്ടിലെപ്പോലെയല്ല, അതീവ ചെറിയ സൂറത്തുകളാണ് ഇമാം ഓതാറുള്ളത്. വളരെ വേഗം നമ​സ്കാരം കഴിയും. ഇത്ര സമയം കൊണ്ട് നമസ്കാരം തീർക്കണമെന്നോ പള്ളിയടക്കണമെന്നോ പ്രത്യേക നിയമമൊന്നുമില്ല ഇവിടെ.
വെള്ളിയാഴ്ച രാവുകളിൽ പ്രാർഥനകൾക്കായി ഞങ്ങൾ ഗോങ്ചൗ പട്ടണത്തിലേക്ക് പോകും. നാൽപ്പത് കിലോമീറ്ററിൽ ഏറെ ദൂരമുണ്ട് ഫോഷാനിൽ നിന്ന്. പതിനാല് നൂറ്റാണ്ടോളം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നായ ഹുയിഷെങ് മോസ്‌ക് അവിടെയാണ്. സഅദ് ഇബ്‌നു അബീ വഖാസ് ആണ്  ഈ പള്ളിയുടെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. നിറയെ  മരങ്ങളുള്ള അതിവിശാലമായ കോമ്പൗണ്ടിലാണ് പള്ളി. പച്ചപ്പിനിടയിൽ വിസ്‌തൃതമായ ഖബർസ്ഥാനുണ്ട്. ഷാബി വെൽ(ഷാബി കിണർ) ആണ് ഈ പള്ളിയിലെ മറ്റൊരു അത്ഭുതം. സഅദ് ഇബ്‌നു അബീ വഖാസിന്റെ ഓർമയ്‌ക്കായി കുഴിച്ചെടുത്ത ഈ കിണറിന് 1300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. വർഷം മുഴുവൻ വെള്ളമുണ്ടാകും.  

അറബി പരിജ്ഞാനമുള്ള ആളായിരിക്കും ഇമാം, പ്രാർഥനകളെല്ലാം അറബിയിൽ. ഉയരമുള്ള കാപ്പിരിപ്പെണ്ണുങ്ങളുടെയും മൊഞ്ചുള്ള യമനികളുടെയും ഇംഗ്ലീഷുകാരികളുടെയും തോളോട് തോൾ ചേർന്നുനിന്ന് എത്രയെത്ര രാത്രി നമസ്കാരങ്ങൾ! കണ്ണീരോടെയും അങ്ങേയറ്റത്തെ ഭക്തിയോടെയും ചൈനയുടെ മണ്ണിൽ സുജൂദിലേർപ്പെടുന്ന വിശ്വാസികൾ!

ഇതെഴുതുന്ന നേരത്തും മഴ ഇവിടെ തിമിർത്ത് പെയ്യുകയാണ്. മഴയുടെ താളത്തിനൊത്ത് തന്നെയാകും ഈ പ്രാവശ്യത്തെ ഈദും. ഷിൻജിയാങ്ങിൽ നിന്നുള്ള, മൈലാഞ്ചി മൊഞ്ചുള്ള വിരലുകളും കുട്ടി മഫ്തകളുമിട്ട സുന്ദരികളായ കുരുന്ന് പെൺകുട്ടികളോടൊത്ത് അൽപ്പ സമയം ചെലവഴിക്കണം. അവരോടൊത്ത് ഭക്ഷണം പങ്കുവയ്‌ക്കണം. എല്ലാം കഴിഞ്ഞ്, പേൾ നദിക്കരയിലൂടെ ഈദിന്റെ രാവിൽ വെറുതേ ഒന്നുലാത്തണം.
(ചെറുകഥാകൃത്തും നോവലിസ്റ്റുമായ ലേഖിക ചൈനയിലെ ഫോഷാനിലാണ് താമസം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top