31 May Wednesday

മുത്തശ്ശി സ്റ്റാർ

ജിഷ അഭിനയUpdated: Sunday Jan 23, 2022


‘സൂപ്പർ ശരണ്യ’യിലെ മുത്തശ്ശിക്ക്‌ ഇപ്പോൾ വിശ്രമമില്ല. സിനിമാ ഷൂട്ടിങ്ങും ചർച്ചകളും തകൃതി. അതിനെല്ലാമിടയ്‌ക്ക്‌ നാടകവും കളിക്കണം. ചേർത്തല തങ്കം. വയസ്സ്‌ 74.

സിനിമ, നാടകം, ചവിട്ടുനാടകം, നൃത്തം, പാട്ട്‌, ഹാർമോണിയം വായന...  കൈവയ്‌ക്കാത്ത മേഖലയില്ല. അഞ്ചാം വയസ്സിൽ ആരംഭിച്ച കലായാത്രയിൽ എത്ര വേദികൾ പിന്നിട്ടുവെന്നതിനും കണക്കില്ല. ‘വയലാർ രാമവർമയുടെ വീട്ടിൽ മൂന്നു പൂക്കൾ സിനിമയുടെ ഷൂട്ടിങ്‌ നടക്കുന്ന വിവരമറിഞ്ഞ്‌ പോയതാണ്‌.  ‘ ഒന്നാനാം പൂമരത്തിൽ’ എന്ന ഗാനത്തിന്റെ ചിത്രീകരണമാണ്‌. അവിടെ ചെന്നപ്പോൾ പാട്ട്‌ രംഗത്തിൽ അഭിനയിക്കാൻ അവസരം. അഭിനയം കഴിഞ്ഞപ്പോൾ അവർ ചോദിച്ചു പ്രതിഫലമായി എന്തുവേണമെന്ന്‌. ഞാൻ പറഞ്ഞു, അഭിനയിക്കുമ്പോൾ ഇടാൻ തന്ന  ഉടുപ്പ്‌ സ്വന്തമായി തരുമോ എന്ന്‌. അതാണ്‌  ആദ്യപ്രതിഫലം.’

ഏഴ്‌ വയസ്സുമുതൽ കളരിപ്പയറ്റ്‌ പഠിച്ചു. ഭരതനാട്യം, കഥകളി എന്നിവയും ഒപ്പം അഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ ആദ്യ നാടകം, ‘ഭൂമിയിലെ മാലാഖ’. കൊല്ലം കാളിദാസ കലാകേന്ദ്രം ഉൾപ്പെടെ നിരവധി സമിതികളിൽ അഭിനയിച്ചു.  പെണ്ണുങ്ങൾ നാടകത്തിന്‌ പോകുന്നതിന്‌ വലിയ എതിർപ്പായിരുന്നു. നാടകക്കാരികളെ ആരും കല്യാണം കഴിക്കില്ലെന്നാണ്‌ പറയുക. അതൊന്നും ഞാൻ വകവച്ചില്ല. കുടുംബവും പിന്തുണച്ചു. നിരവധി  ബാലെയിലും അഭിനയിച്ചു. മരടിൽ പോയി ചവിട്ട്‌ നാടകം പഠിച്ചു. കല പഠിക്കുക എന്ന ചിന്ത മാത്രം. 

ഇതിനിടെ ചേർത്തലയിൽനിന്ന്‌ തൃശൂർ സംഗീത നാടകഅക്കാദമിയിൽ കഥകളി അവതരിപ്പിക്കാൻ പോയി. അവിടെ പാലക്കാട്‌ നിന്നെത്തിയ ഒരു കൂട്ടർ നാടകം കളിക്കാൻ ക്ഷണിച്ചു. അങ്ങനെ അച്ഛന്റെയും ചേട്ടന്റെയും  കൂടെ പാലക്കാട്ടേക്ക്‌. ‘ചെകുത്താൻ കയറിയ വീട്‌’ എന്ന നാടകം. അവതരണം കൊപ്പം ബ്രദേഴ്‌സ്‌ ആർട്‌സ്‌ ക്ലബ്‌. സംവിധാനം എം ദാമോദരൻ. ‘സോഫി’ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. തൃശൂർ എൽസി, മീന ഗണേശ്‌ എന്നിവരെല്ലാം ഒപ്പമുണ്ട്‌.

ഷോളയൂർ പവർ ഹൗസിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ്‌  നാടകം. പിന്നീടത്‌  കേരളം മുഴുവൻ കളിച്ചു. ആ നാടകം പിന്നെ പാലക്കാടുമായുള്ള ബന്ധം ഉറപ്പിച്ചു. എം ദാമോദരനുമായി പതിനെട്ടാം വയസ്സിൽ വിവാഹം. തുടർന്ന്‌ നാടകവും പാട്ടും നിറഞ്ഞ ദിനങ്ങൾ. 

സ്‌കൂളുകളിലും കോളേജുകളിലുമായി നാൽപ്പത്തിരണ്ടിടത്ത്‌ ഡാൻസ്‌ പഠിപ്പിച്ചു. നിരവധി സമിതികൾക്ക്‌ വേണ്ടി പാട്ട്‌ പാടാനും പോയി. കൊപ്പം ബ്രദേഴ്‌സ്‌ ആർട്‌സ്‌ ക്ലബ്ബിന്റെ നിരവധി നാടകങ്ങൾക്ക്‌ എം ദാമോദരൻ നാടകം എഴുതി. ആ നാടകങ്ങളിലെല്ലാം തങ്കം അഭിനയിച്ചു. ഗാനമേളയിലും ഞങ്ങൾ ഇരുവരും പാടും. രണ്ട്‌ വർഷം മുമ്പ്‌ അദ്ദേഹം മരിച്ചു. ആ ശൂന്യതയിലും ഞാൻ അരങ്ങിനെ കൈവിട്ടില്ല. നാടകവും പാട്ടും എല്ലാമായി ആ വേദന മറികടക്കാൻ ശ്രമിക്കുന്നു. കൊപ്പത്തെ നടരാജ നൃത്തവിദ്യാലയത്തിൽ ഇപ്പോഴും പഠിപ്പിക്കുന്നു.  അംബിക, ആനന്ദക്കുട്ടൻ, പ്രസാദ്‌, ചിത്ര, പരേതനായ ഉദയഭാനു എന്നിവരാണ്‌ മക്കൾ.

‘കനകതുളസി’ എന്ന പേരിൽ അച്ഛന്‌ കയർ ഫാക്ടറി ഉണ്ടായിരുന്നു. യഥാർഥത്തിൽ അതാണ്‌ എന്റെ പേര്‌.  ഏതോ നാടകത്തിൽ ‘തങ്കം’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഞാൻ തങ്കമായി.  സർട്ടിഫിക്കറ്റുകളിലൊക്കെ ചേർത്തല തങ്കമായി. ഇപ്പോൾ പാലക്കാട്‌ കൊപ്പത്താണ്‌ താമസം. സൈജു കുറുപ്പ്‌  നായകനായ ‘പല്ലൊട്ടി’യാണ്‌ അടുത്ത സിനിമ. സംവിധാനം ജിതിൻ രാജ്‌. വേറെയും സിനിമകളിലേക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. കഴിയുന്നത്ര അഭിനയിക്കുക. അധ്വാനിച്ച്‌ ജീവിക്കുക, അതാണ്‌ എന്റെ പോളിസി. അത്‌ ഞാൻ തുടരുന്നു. സിനിമയായാലും നാടകമായാലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top