28 March Thursday

ചവറ പാറുക്കുട്ടി.. അരങ്ങിലെ പെൺവിളക്ക്

എം സുരേഷ് ബാബുUpdated: Tuesday Feb 12, 2019

കനകക്കുന്ന് കൊട്ടാരത്തിലെ കഥകളി ഉത്സവത്തിന്റെ ആദ്യദിനം. അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പുരുഷവേഷം കെട്ടുന്നവർ നിലത്തു കിടന്നും ഇരുന്നും കഥാപാത്രമായി മാറുന്നതിനുള്ള വേഷ പകർച്ചയിലാണ്.  പുറത്തെ ചവിട്ടു പടിയിലിരുന്ന്‌ ഒരാൾ കൈയിൽ  പിടിച്ച കണ്ണാടിയിൽ നോക്കി സ്വയം മുഖത്തു ചുട്ടികുത്തുന്നു.  ആരാണെന്നറിയാൻ ആകാംക്ഷയോടെ ചെന്ന് നോക്കിയപ്പോൾ കണ്ടതോ ഒരു ആട്ടക്കാരിയെ.  കഥകളി അരങ്ങത്തു സ്ത്രീ - പുരുഷ വേഷങ്ങളിൽ ആടിത്തിമിർക്കുന്ന ചവറ പാറുക്കുട്ടിയായിരുന്നു അവർ.  പ്രായാധിക്യത്തിന്റെ ലാഞ്ചന അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.  നവരസങ്ങൾ മിന്നിമറയുന്ന മുഖത്തു വിരിഞ്ഞത് നിറഞ്ഞ പുഞ്ചിരി മാത്രം.  കളി തുടങ്ങാൻ അധിക സമയം ഇല്ല, അവർ ആട്ടവിളക്കിനു മുന്നിൽ ശകുന്തളയായി മാറി. കഥകളി,ചവറ പാറുക്കുട്ടി

ചവറ ശങ്കരമംഗലത്തെ നാട്യധർമ്മിയിൽ എത്തുമ്പോൾ കുരുന്നുകൾക്ക് കലയുടെ ബാലപാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു അവർ. കേരളത്തിലെ ഒട്ടുമിക്ക കഥകളി നായകർക്കൊപ്പവും തനിക്കു അരങ്ങത്തു ആടാൻ ഉള്ള അവസരം കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ മുഖത്തു വിരിഞ്ഞ ആഹ്ലാദത്തിന് നൂറു നിറവ്.   ഗുരു ചെങ്ങന്നൂർ രാമൻ പിള്ള,  മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, മടവൂർ വാസുദേവൻ നായർ, ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ അവരിൽ ചിലർ മാത്രം.

 

പൊതുവേ പുരുഷാധിപത്യമുള്ള  കഥകളി രംഗത്ത് സ്ത്രീകൾ കടന്നുവരാൻ അറച്ചുനിന്ന കാലഘട്ടത്തിൽ കടന്നുവന്ന കലാകാരി എന്ന നിലയിൽ താൻ വളരെയേറെ അഭിമാനിക്കുന്നതായി പാറുക്കുട്ടി അമ്മ  പറഞ്ഞു.  തുടക്ക കാലങ്ങളിലും എന്തിനു ഇപ്പോൾ പോലും സ്ത്രീ എന്നതിനാൽ വളരെ വേദനിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  സ്ത്രീ ആയതിനാൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. ആരോടും പരാതിപ്പെടാനോ പരിഭവം പറയാനോ പോയിട്ടില്ല. എന്നാൽ ഇതിൽ നിന്നെല്ലാം പതറാതെ അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറവും തനിക്ക്‌ അരങ്ങത്തു ആടാൻ കഴിയുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹംകൊണ്ടു മാത്രമാണെന്ന് പാറുക്കുട്ടി അമ്മ വ്യക്തമാക്കുന്നു.

കൊല്ലം ചവറയിൽ സ്വർണ്ണപണിക്കാരനായ എൻ ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളാണ് പാറുക്കുട്ടി.   ചെറുപ്പത്തിൽ നൃത്തത്തോട്‌ താല്പര്യം ഉണ്ടായിരുന്നു.  സഹപാഠിയും കളിക്കൂട്ടുകാരിയുമായിരുന്ന ലീലാമണിയുടെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു പാറുക്കുട്ടി.  ലീലാമണിയുടെ അമ്മ നൃത്താധ്യാപികയായിരുന്നു. അങ്ങനെ അവരുടെ കീഴിൽ നൃത്തം പഠിച്ചു തുടങ്ങി. വഴിയിലൂടെ പോലും മുദ്രകളും ചുവടുകളുമൊക്കെയായി ആടി കളിച്ചു പോകുമ്പോൾ അയൽക്കാരെല്ലാം ‘ആട്ടക്കാരി’  എന്നു വിളിക്കാൻ തുടങ്ങി.  പതിനാറാം വയസിൽ പാറുക്കുട്ടി കഥകളി പഠനം ആരംഭിച്ചു.  മുതുപിലാക്കാട് ഗോപാലപണിക്കർ ആശാന്റെ കീഴിലായിരുന്നു കഥകളിയുടെ ചിട്ടകൾ സ്വായത്തമാക്കിയത്. പാറുക്കുട്ടി അരങ്ങേറ്റം കുറിച്ചത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ആട്ടവിളക്കിനു മുന്നിലാണ്.  പൂതനാമോക്ഷം ആട്ടക്കഥയിലെ പൂതന ആയിരുന്നു ആദ്യകാലങ്ങളിലെ ഇഷ്ടവേഷം. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീ വേഷങ്ങളും ചെയ്തു തുടങ്ങി. പിന്നീട് പോരുവഴി ഗോപാലപിള്ളയാശാനിൽ നിന്ന്‌ കൂടുതൽ വേഷങ്ങൾ പരിശീലിച്ചു.

 

ഒരിക്കൽ കൊല്ലം ഉണ്ണിച്ചക്കം വീട് വക അമ്പലത്തിൽ കഥകളി നടക്കുമ്പോൾ അക്കാലത്തെ പ്രശസ്ത സ്ത്രീവേഷകലാകാരനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണുവാനിടയായി. അദ്ദേഹം നടത്തിവന്നിരുന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിലേക്ക് തുടർപഠനത്തിനായി ക്ഷണിച്ചു. പാറുക്കുട്ടിയമ്മയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു.  മാങ്കുളത്തോടൊപ്പം പാറുക്കുട്ടി വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി. ഡൽഹി, മദ്രാസ് തുടങ്ങിയ വിവിധ വേദികളിലെ അരങ്ങത്തെ  അനുഭവങ്ങൾ അവരുടെ അഭിനയത്തിന് പ്രത്യേക മിഴിവേകി. 

ആദ്യകാലങ്ങളിൽ കഥകളിയിലെ സ്ത്രീസാന്നിധ്യമായാണ് പാറുക്കുട്ടി അരങ്ങുകളിൽ നിറഞ്ഞുനിന്നത്. എന്നാൽ പിന്നീട് അവർ പുരുഷ വേഷങ്ങൾ കെട്ടി ആടുന്നതിനും സമർത്ഥയായി. പുരുഷ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ നിപുണത അവർക്കു ഒട്ടേറെ ആരാധക രെ നേ ടിക്കൊടുത്തു.  കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും പാറുക്കുട്ടിയുടെ കൈയിൽ ഭദ്രമാണെന്ന് കാണികളും വിലയിരുത്താറുണ്ട്.  എങ്കിലും പ്രശസ്തമായിട്ടുള്ളത് സ്ത്രീവേഷങ്ങൾ തന്നെ. ദേവയാനി, ദമയന്തി, ശകുന്തള , പൂതന,  ലളിത, ഉർവ്വശി, കിർമ്മീരവധം ലളിത, മലയത്തി, സതി, കുന്തി, ദുര്യോധനവധത്തിലെ പാഞ്ചാലി, പ്രഹ്ലാദൻ, രുക്മിണി സ്വയംവരത്തിലെ ശ്രീകൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയവയെല്ലാം പാറുക്കുട്ടിയുടെ അഭിനയത്തിലൂടെ ആസ്വാദക മനം കവർന്ന കഥാപാത്രങ്ങളാണ്.

പാറുക്കുട്ടി അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം കച-ദേവയാനിയിലെ ദേവയാനിയാണ്.   ഏറ്റവും കൂടുതൽ വേദികളിൽ ദേവയാനിയായി തകർത്തതിനാലാണോ എന്ന് ചോദിച്ചപ്പോൾ അതുവരെ തിളങ്ങി നിന്നിരുന്ന അവരുടെ കണ്ണുകളിൽ  നനവ്  പടർന്നു.  അത് അറിയാതിരിക്കാനായി മുണ്ടിന്റെ തലപ്പുകൊണ്ട് അവർ കണ്ണ് തുടച്ചു.  കുറച്ചുനേരം നിശബ്ദയായി.  എന്റെ സ്വകാര്യ ജീവിതത്തിലെ സ്വഭാവങ്ങളും വികാസങ്ങളും ദേവയാനി എന്ന കഥാപാത്രത്തിന് ഏറെ സാമ്യമുള്ളതിനാലാണ് കൂടുതൽ ഇഷ്ടമെന്ന്‌ അവർ വ്യക്തമാക്കി.

ആദ്യകാലങ്ങളിൽ സിനിമയിലേക്ക്‌ അവസരം ലഭിച്ചിരുന്നു എന്നും അവയെല്ലാം വേണ്ടെന്നു വെച്ചതായും  അമ്മ പറഞ്ഞു. എന്നാൽ നവരസങ്ങളാൽ അത്ഭുതം വിരിയിക്കുന്ന പാറുക്കുട്ടിയമ്മ ഏതാനും ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.  ആട്ടവിളക്കിനു മുന്നിൽ നിന്നും കഥാപാത്രമായി മാറി സ്വയം മറന്നു അഭിനയിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ഇല്ല എന്ന്‌  അവർ സാക്ഷ്യപ്പെടുത്തി. 

ആട്ടത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം’ എന്നൊരു ഡോക്യൂമെന്ററി നിർമ്മിച്ചിട്ടുണ്ട്.  അരങ്ങിലെ ആട്ടക്കാരിയായി ജീവിതം സമർപ്പിച്ച പാറുക്കുട്ടി അമ്മക്കു നിരവധി ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്, എംകെകെ നായർ സ്മാരക അവാർഡ് (1999), ഹൈദരലി സ്മാരക കഥകളി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്,  കേരള സംഗീതനാടക അക്കാദമി “ഗുരുപൂജ” പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്, കുറിച്ചി കുഞ്ഞൻ പണിക്കർ അവാർഡ്, ഗുരു ചെങ്ങന്നൂർ രാമൻ പിള്ള അവാർഡ്, ഗൃഹലക്ഷ്മി അവാർഡ് എന്നിവ ചിലതുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top