04 October Wednesday

ഒരു മന്ദാരപ്പൂവിന്റെ ചന്ദ്രമണിത്തിളക്കം

എൻ എസ്‌ സുമേഷ്‌കൃഷ്‌ണൻ/ sumeshkrishnan209@gmail.comUpdated: Sunday Feb 5, 2023

‘‘എന്റെ സാറേ... ഞാനീ കവിതേം കതേം പൊസ്‌തോങ്ങളുമൊന്നും വായിച്ചിറ്റില്ല... എന്റെ വീട്ടുമുറ്റത്ത്‌ താനേ പൊടിച്ചുവന്ന മന്ദാരച്ചെടി പൂത്ത്‌ നിക്ക്‌ണ കണ്ടപ്പം തോന്നിയ ചെല വരികള്‌ കുറിച്ചിട്ട്‌. അയ്‌നെയാണ്‌ ദാണ്ട എവരെല്ലാങ്കുടി കവിതേന്ന്‌മ്പറഞ്ഞ്‌ പറയണത്‌’’–- ഗ്രാമീണ നിഷ്‌കളങ്കതയുടെയും അനുഭവതീവ്രതയുടെയും നേരടയാളങ്ങൾ കവിതയിൽ കുറിച്ചിട്ട ചന്ദ്രമണിയുടെ തുറന്നുപറച്ചിലാണ്‌.

തനിക്ക്‌ ഒന്നുമറിയില്ല എന്നുപറയുന്ന ഈ കവിയുടെ വർത്തമാനത്തിലൊരിടത്തും ഒരു അപശ്രുതിയില്ല. ജീവിതത്തിന്റെ പ്രാരബ്‌ധവഴികളിലെവിടെയോ മുറിഞ്ഞുപോയ വിദ്യാഭ്യാസത്തെ സാക്ഷരതാ ക്ലാസിലൂടെ പത്താംതരം തുല്യതാ പരീക്ഷയിലൂടെ തിരിച്ചുപിടിച്ച ഒരു നാട്ടുമ്പുറത്തുകാരിയുടെ പേരാണ്‌ ചന്ദ്രമണി.

1955ൽ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ പൊന്നുപ്പണിക്കരുടെയും ഭഗവതിച്ചെല്ലമ്മയുടെയും മകളായാണ്‌ ചന്ദ്രമണി ജനിച്ചത്‌. അച്ഛനമ്മമാരുടെ പതിമൂന്ന്‌ മക്കളിൽ ഒടുവിലത്തെ കുട്ടി. പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്‌ടപ്പെട്ടു. 1975ൽ അരുവിപ്പുറം ശിവക്ഷേത്ര മുറ്റത്തുവച്ച്‌ മാമ്പഴക്കരക്കാരനായ സുദർശനൻ ചന്ദ്രമണിയെ വിവാഹംചെയ്‌തു. മൂന്ന്‌ മക്കൾ. രണ്ടാമനായ ഷൈനിന്റെ കൂടെയാണ്‌ ഇപ്പോ ൾ താമസം.

മാമ്പഴക്കര വാർഡിൽ സാക്ഷരതാ ക്ലാസ്‌ നടക്കുന്ന സമയത്ത്‌ വാർഡ്‌ കൗൺസിലറായിരുന്ന ജയഡാളി (ഇപ്പോൾ സംസ്ഥാന വികാലാംഗക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ) യാണ്‌ ചന്ദ്രമണിയോട്‌ ക്ലാസിൽ വരണമെന്ന്‌ നിർബന്ധിച്ചത്‌. കൂടെയുണ്ടായിരുന്നവരേക്കാൾ മികവും ഉത്തരങ്ങൾ എഴുതുന്നതിൽ കാണിക്കുന്ന വേഗതയും വ്യക്തതയും അധ്യാപകരെ അതിശയിപ്പിച്ചു. തുടർന്ന്‌ നെയ്യാറ്റിൻകര ഗവ. ബോയിസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ സാക്ഷരതാ പ്രേരകായ സലീല ടീച്ചർ മുഖാന്തരം പത്താംതരം തുല്യതാ പരീക്ഷയ്‌ക്കുള്ള ക്ലാസിലേക്ക്‌ അഡ്‌മിഷൻ ലഭിച്ചു.

തൊണ്ണൂറ്റിയൊമ്പത്‌ കുട്ടികളുള്ള ക്ലാസിലെ അവസാന അഡ്‌മിഷൻ. ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല ആദ്യമൊക്കെയെന്ന്‌ ചന്ദ്രമണിതന്നെ പറഞ്ഞിട്ടുണ്ട്‌. ‘‘സാറേ... ഞാമ്പറഞ്ഞ്‌ ഈ വയസ്സാങ്കാലത്ത്‌ ഇനീപ്പം പടിച്ചാലൊന്നും ശരിയാവൂല്ലാന്ന്‌. അപ്പോണ്ട്‌ ഇങ്ങേര്‌ (ഭർത്താവ്‌ സുദർശനനെ ചൂണ്ടിക്കൊണ്ട്‌) ഒരേ വാശി. എടീ... പോടിയങ്ങോട്ട്‌... പടിക്കാമ്പോടീ... ജയഡാളീം ടീച്ചറുങ്കൂടി വിളിക്കയല്ലേ... പെയ്‌ പടിയെടീന്ന്‌ ഒരേ നിർബന്തം... അങ്ങനേണ്‌ സാറേ... ഞാമ്പയ്യത്‌... പെയ്യപ്പഴാ അതൊര്‌ സൊർഗ്ഗന്തന്ന... അറിവിന്റെ സൊർഗ്ഗം... ഉന്നത നിലയിൽ ഫസ്റ്റ്‌ ക്ലാസ്‌ മാർക്കോടെ പത്തം ക്ലാസ്‌ പാസായി.|

വീട്ടുമുറ്റത്ത്‌ പൂത്തുനിന്ന മന്ദാരച്ചെടിയാണ്‌ തന്നെ കവിയാക്കിയതെന്നാണ്‌ ചന്ദ്രമണിയുടെ വിശ്വാസം. ‘എന്റെ സ്വർണമന്ദാരപ്പൂവ്‌’ എന്ന ആദ്യ കവിതയിൽത്തന്നെ തന്റെ മാനിഫെസ്റ്റോ വെളിവാക്കിയിട്ടുണ്ട്‌.
‘‘ഒരു കൊച്ചു പുലരിയിൽ വെറുതേ നിന്നപ്പോൾ
കണ്ടു ഞാനൊരു മന്ദാരത്തെ
കുഞ്ഞില വന്നതു കണ്ടനേരം
സന്തോഷം കൊണ്ടെന്റെ കൺനിറഞ്ഞു.’’

നോക്കുക. എവിടെയൊരു പുതുനാമ്പ്‌ മുളച്ചാലും അതുകണ്ട്‌ ആനന്ദിക്കുന്ന ചരാചരപ്രേമബദ്ധമായ ഹൃദയമാണ്‌ കവിക്കുള്ളത്‌. തന്റെ പുസ്‌തകത്തിന്‌ ചന്ദ്രമണി നൽകിയിരിക്കുന്ന പേര്‌ ‘എന്റെ സ്വർണമന്ദാരപ്പൂവ്‌’ എന്നുതന്നെയാണ്‌. പുസ്‌തകം പ്രസിദ്ധീകരിച്ച്‌ പുറത്തിറക്കിയത്‌ നെയ്യാറ്റിൻകര നഗരസഭയുടെ ചെയർമാനായ പി കെ രാജ്‌മോഹന്റെ നേതൃത്വത്തിലാണ്‌. മുൻ ചെയർപേഴ്‌സൺ ഡബ്ല്യു ആർ ഹീബയുടെ പരിശ്രമവും ഇതിന്‌ പിന്നിലുണ്ടായിരുന്നുവെന്ന്‌ ചന്ദ്രമണി പറയുന്നു.

തന്റെ കവിതകളെ ചെറിയ ചില തിരുത്തലുകളിലൂടെ മിനുക്കിയ കവി കുളത്തൂർ സുനിലിനെയും അവർ നന്ദിയോടെ ഓർക്കുന്നുണ്ട്‌. കവിതാസമാഹാരം പ്രകാശിപ്പിച്ചത്‌ എംഎൽഎ കെ ആൻസലനും പ്രശസ്‌തനായ ടി കെ എ നായരും ചേർന്നാണ്‌. അതോടെ ചന്ദ്രമണി ഒരു താരമായി. അപ്പോഴും ഒരു കൈലിമുണ്ടും ബ്ലൗസും വെള്ള തോർത്തുമിട്ട്‌ വീട്ടുപണികളിൽ മുഴുകാനായിരുന്നു ഇഷ്‌ടം. ഒരിക്കലും താനൊരു ‘സെലിബ്രിറ്റിയായി’ എന്ന തോന്നൽ അവർക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top