09 December Saturday

കരിയർ ബ്രേക്കെടുത്ത വനിതകൾക്കൊരു പുതിയ കരിയർ; സൗജന്യ ഇ.എ പരിശീലനവുമായി അസാപ് കേരളയും വനിതാ ശിശു വികസന വകുപ്പും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

തിരുവനന്തപുരം> കരിയർ ബ്രേക്ക് എടുത്ത് ജോലിയിൽ നിന്ന് വിട്ടു നിന്ന് വീണ്ടും പുതിയ ജോലിക്കായി ശ്രമം നടത്തുന്ന വനിതകൾക്ക് പുതിയ കരിയർ കണ്ടെത്താൻ സുവർണാവസരവുമായി സംസ്ഥാന സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള. സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനമാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി അസാപ് കേരള നൽകുന്നത്. 24നും 33നുമിടയിൽ പ്രായമുള്ള വനിതകൾക്കാണീ സൗജന്യ പരിശീലനം.

ഓൺലൈൻ വഴി നടത്തുന്ന ടെസ്റ്റിൽ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന  90 പേർക്ക് ഓൺലൈനായി രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടർന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോൾഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക. അർഹതയുള്ള വനിതകൾക്ക് asapkerala.gov.in -ൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.  

സ്ത്രീകൾക്ക് സൗകര്യപൂർവം ജോലി ചെയ്യാൻ അവസരമുള്ള പുതിയ ജോലിയാണ് ഇ.എ. നാട്ടിലിരുന്ന് യുഎസ് നികുതിദായകരുടെ നികുതി സംബന്ധമായ ജോലികളാണ് ഇ.എ ചെയ്യുന്നത്. യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റെവന്യൂ സർവീസ് (ഐആർഎസ്) മുൻപാകെ നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയാണ് ഇ.എ. ഐആർഎസിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവർക്ക് ഇന്ത്യയിൽ ഇപ്പോൾ നിരവധി അവസരങ്ങളാണുള്ളത്.

കേരളത്തിൽ അത്ര പരിചിതമില്ലാത്തതും എന്നാൽ ഏറെ ജോലി സാധ്യതയുള്ളതുമായ ഈ കോഴ്സ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് അസാപ് കേരളയാണ്. ഇന്ത്യയിൽ ഇ.എ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം മുതൽ  വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top