20 April Saturday

ചില കാര്യങ്ങളിൽ സ്ത്രീ വീക്ഷണം പറഞ്ഞാല്‍ മാത്രം സ്ത്രീവാദിയാകില്ല, മനുഷ്യപക്ഷത്ത്‌ നിൽക്കുന്നുമില്ല...നീലു മാത്തന്‍ എഴുതുന്നു

നീലു മാത്തന്‍Updated: Thursday Sep 5, 2019

നീലു മാത്തന്‍

നീലു മാത്തന്‍

സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്നവർക്ക് എങ്ങനെ മനുഷ്യത്വവിരുദ്ധമായി, മറ്റ് ചില സ്ത്രീകളെ കുറിച്ച് ഹിംസയോടെ സംസാരിക്കാൻ കഴിയും, എങ്ങനെ വംശീയമായ ചിന്തകൾ വെച്ചു പുലർത്താൻ കഴിയും എന്ന് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പലരും അത്ഭുതം പ്രകടിപ്പിച്ചു കണ്ടു. അങ്ങനെയൊരു പൊതു സ്ത്രീത്വം, പെണ്മ ഉള്ളതായി തോന്നിയിട്ടുണ്ടോ? അല്ലെങ്കിലും മേല്ജാതി സ്ത്രീകളുടെ"സ്ത്രീത്വം" ഈ നാട്ടിലെ കീഴ്ജാതി സ്ത്രീകൾക്കും ഉണ്ടെന്ന്, രണ്ടും തുല്യമാണെന്ന് എന്നാണ് അംഗീകരിച്ചു കിട്ടിയത്? അധസ്ഥിത വർഗ്ഗത്തിലെ സ്ത്രീശരീരങ്ങൾക്ക് അഭിമാനം, ബാക്കിയുള്ള സ്ത്രീശരീരങ്ങളുടെ ശാരീരിക സ്വഭാവങ്ങൾ, വേദനകൾ, "നൈർമല്യം", "വിശുദ്ധി" ഒക്കെയുണ്ടെന്നു നമ്മുടെ സമൂഹം എന്നു മുതലാണ് ചിന്തിച്ചു തുടങ്ങിയത് എന്നാലോചിച്ചാൽ ഈ അത്ഭുതം മാറും.

സ്ത്രീത്വം, മാതൃത്വം, പാതിവ്രത്യം, ക്ഷമയോടെ കാത്തിരിക്കുന്ന കാമുകി ഇങ്ങനെയൊക്കെയുള്ള വാഴ്ത്തിപ്പാടലുകൾ ഏത് വിഭാഗത്തിലെ സ്ത്രീകൾക്കായി മാറ്റി വെച്ചിരുന്ന വൈകാരിക ഉൽപ്പന്നങ്ങൾ ആയിരുന്നുവെന്ന് ആലോചിക്കുക. അതേ സമയം വേറൊരു വലിയ കൂട്ടം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനോ ശരീരം മറയ്ക്കാനോ വഴി നടക്കാനോ സ്വാതന്ത്ര്യം ഇല്ലാതെ, പട്ടിണിയോടെ, അസുഖങ്ങൾ ഉള്ളപ്പോഴും പൂർണ്ണഗർഭിണി ആയിരിക്കുമ്പോഴും ആർത്തവമുള്ളപ്പോഴും പുല്ല് ചെത്തി, കറ്റ മെതിച്ചു, കൃഷിപ്പണി എടുത്തു, മീൻ കുട്ട ചുമന്നു, ധനിക ഗൃഹങ്ങളിൽ പണിയെടുത്തു, തങ്ങളുടെ ശരീരങ്ങളിൽ ജന്മിമാരും മുതലാളിമാരും നടത്തുന്ന അധിനിവേശങ്ങൾ സഹിച്ചു, സ്വന്തം പങ്കാളിയെയും കുട്ടികളെയും

വേർപിരിഞ്ഞു അടിമകളായി പോലും കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. അവരുടെ സ്ത്രീത്വം, മാതൃത്വം ഒക്കെ അന്ന് സവർണ്ണ പൊതുസമൂഹം എന്ത് ബഹുമാനം കൊടുത്തു? അന്നും സ്ത്രീകൾ എന്ന ഒരൊറ്റ വർഗ്ഗം ഇല്ലായിരുന്നു.

ഇത് വരെയും കൊട്ടിഘോഷിക്കപ്പെട്ട സ്ത്രീത്വം ഫ്യൂഡൽ വ്യവസ്ഥിതിയെ, ജന്മിത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. കീഴ്ജാതിയിൽ പെട്ടവരെ അടിച്ചമർത്തുന്നതിൽ മേൽതട്ടിലെ സ്ത്രീകളുമുണ്ടായിരുന്നു എന്നതോർക്കുക (എന്നാൽ അവർ അവരുടെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളിൽ അടിച്ചമർത്തൽ നേരിട്ടിരുന്നു എന്നത് മറക്കുന്നുമില്ല). ലോകമെങ്ങും സ്ഥിതി ഇത് തന്നെയായിരുന്നു. അത് കൊണ്ട് ജാതി/നിറം/വർഗ്ഗം അടിസ്ഥാനത്തിലുള്ള അടിച്ചമർത്തൽ പറയാതെയുള്ള ഒരു സ്ത്രീപക്ഷ വാദമില്ല, വാദികളില്ല.

ഈ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെയുള്ള സ്ത്രീവാദങ്ങൾ എല്ലാം തന്നെ ഈ അടിച്ചമർത്തലുകളെ വീണ്ടും ഉറപ്പിക്കാനും, Conservatism/യാഥാസ്ഥികതയെ, പുരുഷമേധാവിത്വത്തെ വെള്ള പൂശാനും മാത്രമുള്ള അടവുകളാണ്.

Religious right / മത വലതുപക്ഷം എന്നു പറയുന്നത് പലപ്പോഴും അവരുടെ സ്ത്രീകൾക്ക് പുരുഷ അധികാരത്തെ, അവന്റെ ഹിംസയെ നേരിടുന്നതിനായി ചില മാർഗങ്ങൾ നൽകുന്നുണ്ട്. നീ ഞങ്ങളുടെ നിയമങ്ങൾ അനുസരിച്ചാൽ, അത് പോലെ പ്രവർത്തിച്ചാൽ, ആരാധിച്ചാൽ, വസ്ത്രം ധരിച്ചാൽ, ഞങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്ന പൗരോഹിത്യത്തെ സംരക്ഷിച്ചാൽ നീ സുരക്ഷിത ആയിരിക്കും, ബഹുമാനിക്കപ്പെടും, പദവികൾ ലഭിക്കും. ശബരിമല വിഷയത്തിൽ, ഫ്രാങ്കോയുടെ കേസിൽ, ഒക്കെ നമ്മളിത്‌ കണ്ടതാണ്. അപ്പോഴും നമ്മൾ ready to wait കുലസ്ത്രീകളെയും ഫ്രാങ്കോയുടെ പക്ഷം പിടിക്കുന്ന ക്രിസ്ത്യൻ കുലസ്ത്രീകളെയും കണ്ടു അത്ഭുതപ്പെട്ടു, "ഇതെന്താ ഇവർ ഇങ്ങനെ? ഇവരുടെ കൂടി പോരാട്ടം അല്ലേയിത്?" പക്ഷേ അവർക്കത് വേണ്ട, അവർ ഒരു ട്രേഡ് ഓഫ് നടത്തി കഴിഞ്ഞു എന്നതാണ് സത്യം. Andrea Dworkin പറഞ്ഞത് ഇപ്പോഴും സത്യം തന്നെ "For women, the world is a very dangerous place...the Right acknowledges the reality of danger, the validity of fear. The promise is that if a woman is obedient, harm will not befall her." (Andrea Dworkin, Right - wing Women). സ്ത്രീ പോരാട്ടങ്ങൾ വിജയിക്കണമെങ്കിൽ ഈ വലതുപക്ഷ/പിന്തിരിപ്പൻ അടവുകളെയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അത് കൊണ്ട് എല്ലാവർക്കും ഒരേ യുദ്ധമുഖങ്ങളുള്ള, ഒരേ ലക്ഷ്യങ്ങളുള്ള ഒരു പാൻ ഫെമിനിസമില്ല. സ്ത്രീയുടെ ഭാഗത്ത്‌ നിന്നുള്ള വീക്ഷണം ചില കാര്യങ്ങളിൽ പറഞ്ഞു എന്നത് കൊണ്ട് സ്ത്രീവാദിയാകുന്നില്ല, മനുഷ്യപക്ഷത്ത്‌ നിൽക്കുന്നുമില്ല. മാനായും മാരീചനായും വരുന്ന കാലത്ത് ഇങ്ങനെയും ചില വേഷം കെട്ടലുകൾ കാണും എന്നോർക്കാം. ജാതി/വർഗ്ഗ/നിറ/സാമ്പത്തിക അടിച്ചമർത്തലുകൾ കണക്കിലെടുക്കാത്ത സ്ത്രീപക്ഷവാദികൾ നമ്മളിൽപ്പെട്ടവർ ആണെന്നുള്ള തെറ്റിദ്ധാരണകളുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top