01 June Thursday

ബുക്കർ പ്രൈസിൽ മുത്തമിട്ട് അറബിന്റെ ജോഖ

ഡോ. ശരത് മണ്ണൂർUpdated: Tuesday May 28, 2019

"ഇതാ സമ്പന്നമായ അറബ് സാഹിത്യഭൂമികയിലേക്ക് ഞാനൊരു ജനൽ തുറന്നിട്ടിരിക്കുന്നു. ഇതിലെ  വിസ്മയക്കാഴ്ചകൾ ഇനി ലോകം മുഴുവൻ ആസ്വദിക്കട്ടെ..."  ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ ജോഖ  അൽ ഹാർതിയുടെ വാക്കുകളാണിത്. തെക്കേ അമേരിക്കയിലേയും  വിവിധ യൂറോപ്യൻ രാജ്യങ്ങളിലേയും പ്രശസ്തരായ അഞ്ചുപേരുടെ രചനകളെ ഫൈനൽ റൗണ്ടിൽ പിന്തള്ളിക്കൊണ്ടാണ്  ഒമാനിലെ ഈ എഴുത്തുകാരിയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവൽ   വിഖ്യാതമായ ഈ പുരസ്കാരം കരസ്ഥമാക്കിയത്.

ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികൾക്കു നൽകുന്ന,  രാജ്യാന്തരതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയ പുരസ്കാരമായ  മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്  ആദ്യമായാണ്  അറബ് സാഹിത്യലോകത്തേയ്ക്ക് കടന്നുവരുന്നത്. അതുകൊണ്ടു തന്നെ ജോഖ  അൽ ഹാർതിയുടെ വിജയത്തിന്  തിളക്കമേറെയാണ്.   പുരസ്കാരത്തുകയായി ലഭിക്കുന്ന അമ്പതിനായിരം പൗണ്ട് തന്റെ  നോവൽ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്ക്  അതിമനോഹരമായി പരിഭാഷപ്പെടുത്തിയ അമേരിക്കയിലെ മരിലിൻ ബൂത്തുമായി തുല്യമായി പങ്കിടുമെന്ന്  അവർ അറിയിച്ചിട്ടുണ്ട്.

ഒമാനിലെ ശ്രദ്ധേയ എഴുത്തുകാരിയാണ്  ജോഖ  അൽ ഹാർതി. മൂന്ന് കഥാസമാഹാരങ്ങളും രണ്ടു ബാലസാഹിത്യകൃതികളും നാല് നോവലുകളും അക്കാദമിക മേഖലയിലെ ചില ഗ്രന്ഥങ്ങളുമുൾപ്പെടെ നിരവധി   കൃതികളുടെ രചയിതാവാണ് അവർ. ബിറ്റർ  ഓറഞ്ച്, ലേഡീസ് ഓഫ് ദി മൂൺ, ഡ്രീംസ്  എന്നിവയാണ് ജോഖയുടെ മറ്റു നോവലുകൾ. കൃതികളിൽ പലതും ഇംഗ്ളീഷിന് പുറമെ ജർമൻ , കൊറിയൻ, സെർബിയൻ, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. എഡിൻബർഗ്   സർവകലാശാലയിൽനിന്നും ക്ലാസ്സിക്കൽ  അറബി സാഹിത്യത്തിൽ പി എച്ഛ് ഡി നേടിയ ജോഖ ഇപ്പോൾ മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപികയാണ്.

ബുക്കർ പ്രൈസിന് അർഹമായ സെലസ്റ്റിയൽ ബോഡീസ്  ഒമാനിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവലാണ്.  2010ലെ ഏറ്റവും മികച്ച ഒമാനി നോവലിനുള്ള പുരസ്കാരവും  ഈ കൃതി കരസ്ഥമാക്കിയിരുന്നു.  മൂന്നു സഹോദരിമാരുടെ ജീവിത കഥ പറഞ്ഞുകൊണ്ട്  ഒമാൻ എന്ന രാഷ്ട്രം കടന്നുപോയ ഒരിരുണ്ട  കാലഘട്ടത്തിന്റെ  യഥാതഥമായ ചരിത്രവർത്തമാനങ്ങൾ    അവർ   വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു.  അടിമവ്യാപാരം പോലെയുള്ള  തിന്മകൾ   നിറഞ്ഞ പരമ്പരാഗത സാമൂഹ്യ ജീവിതത്തിൽ നിന്നും    ആധുനികതയുടെയും പുരോഗതിയുടെയും പാതയിലേക്കുള്ള തന്റെ രാജ്യത്തിന്റെ പരിവർത്തനം  അവർ ഈ നോവലിൽ ഹൃദയസ്പർശിയായി ആലേഖനം ചെയ്യുന്നു.

മനുഷ്യന്റേയും സമൂഹത്തിന്റേയും  പാരസ്പര്യത്തിന്  പുതിയ ഭാഷ്യം രചിക്കുന്ന ഈ നോവൽ  അധിനിവേശ കാലത്തിനു ശേഷമുള്ള ഒമാന്റെ സാമൂഹികാന്തരീക്ഷം സൂക്ഷ്മമായി  പരിശോധിക്കുന്നു. അതിസൂക്ഷ്മമായ കലാചാതുരിയാൽ ഉന്നതമായ ഒരു വായനാബോധം സൃഷ്ടിക്കുന്ന നോവലെന്നാണ് പുരസ്‌കാരനിർണയ സമിതി  ജോഖയുടെ ഈ നോവലിനെക്കുറിച്ച്   ഏകകണ്ഠമായി  അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിന്റെ ഉദാത്തത ഒട്ടും നഷ്ടപ്പെടുത്താതെ കാവ്യാത്മകമായി ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത ഓക്സ്ഫോർഡ് സർവകലാശാലയിലെ അറബി വിഭാഗം അധ്യാപിക മരിലിൻ ബൂത്തിനെയും സമിതി മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. തത്വശാസ്ത്രത്തിന്റേയും  മനഃശാസ്ത്രത്തിന്റേയും  കവിതയുടെയും അടരുകൾക്കിടയിലൂടെ നോവലിലേക്കു വികസിക്കുന്ന   രചനാതന്ത്രം അനന്യമാണെന്ന്  അവർ  വിലയിരുത്തുന്നു. ജോഖയുടെ ഈ നോവൽ നമ്മുടെ ബുദ്ധിയെയും ഹൃദയത്തെയും ഒരുപോലെ കീഴടക്കുന്നു എന്നാണ്  സമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുന്ന ബെറ്റനീ  ഹഗ്‌സ്  അഭിപ്രായപ്പെടുന്നത് .

നിരവധി പ്രതിഭകളുടെ  രചനകൾ കൊണ്ട്  സമ്പന്നമായ സമകാലിക അറബി സാഹിത്യം  ഉന്നതവും ഉദാത്തവുമായ ഒരു പാരമ്പര്യം  പിൻപറ്റിക്കൊണ്ടാണ്   ഉയർന്നുവന്നത്. എങ്കിലും പരിഭാഷയുടെ ദൗർലഭ്യംമൂലം വിവിധ അറബ് രാഷ്ട്രങ്ങളിലെ കലയും സാഹിത്യവും ഇപ്പോഴും ലോകത്തിനു മുന്നിൽ പൂർണമായും വെളിപ്പെട്ടിട്ടില്ല എന്നതൊരു വസ്തുതയാണ്.   ആദ്യമായി ഇംഗ്ളീഷിലേക്ക് മൊഴിമാറ്റപ്പെട്ട ഒമാനി  നോവലാണ് ജോഖ  അൽ ഹാർതിയുടെ സെലസ്റ്റിയൽ ബോഡീസ്.  അന്തർദേശീയ തലത്തിൽ പ്രശസ്തമായ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്  ഈ രചനയ്ക്ക്  ലഭിച്ചതിലൂടെ  നിരവധി അറബിക് നോവലുകൾക്കാണ്  ഇംഗ്ളീഷ് പ്രവേശനത്തിലൂടെ ലോകമെങ്ങും അറിയപ്പെടുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നത്.  തീർച്ചയായും   ജോഖ അൽ ഹാർതിയ്ക്ക് കിട്ടിയ ഈ പുരസ്കാരം, അവർതന്നെ വിശേഷിപ്പിച്ചതുപോലെ, ലോകമെമ്പാടുമുള്ള വായനക്കാർക്ക് അറബ് സാഹിത്യത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക്  തുറന്നുതന്ന  ഒരു ജാലകം തന്നെയാണെന്നതിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top