25 April Thursday

മിയാമല്‍ഹാറില്‍ ജയശ്രി പെയ്യുന്നു

ബി ആർ ശ്രീകുമാർUpdated: Sunday Jul 24, 2022

ഫോട്ടോ: ജയപ്രകാശ് സദാനന്തപുരം

ഇറ്റുവീഴുന്ന മഴത്തുള്ളികളുടെ താളത്തിനൊപ്പം മിയാമൽഹാർ രാഗത്തിൽ ബോംബെ ജയശ്രീ പാടുകയാണ്‌. പ്രകൃതിയെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുന്ന മഞ്ഞുതുള്ളിപോലെ. ജയശ്രീക്ക്‌ എല്ലാം സംഗീതമാണ്‌. ‘‘പ്രകൃതിയും സംഗീതവും ഇഴചേർന്ന നാടാണ്‌ കേരളം. ഈ നാടും ഇവിടത്തെ മഴയും ഏറെ ഇഷ്ടമാണ്‌. കേരളത്തിലെ മഴയ്‌ക്ക്‌ വല്ലാത്ത സൗന്ദര്യവും താളവുമുണ്ട്‌. കേരളത്തിൽ താമസിക്കാൻ ആഗ്രഹമുണ്ട്‌’’–- ജയശ്രീ പറഞ്ഞു. വയലിനിസ്റ്റ് ഡോ. സന്തോഷ് ഉണ്ണിത്താന്റെ കൊട്ടാരക്കരയിലെ വസതിയിൽ സ്വകാര്യ സന്ദർശനത്തിന്‌ എത്തിയതായിരുന്നു ബോംബെ ജയശ്രീ.

എന്തുകൊണ്ട്‌ കേരളം

കേരളത്തിൽ പുതുതലമുറയിൽപ്പെട്ടവർ നല്ല സംഗീതാഭിരുചി ഉള്ളവരാണ്‌. ഇവിടെ സംഗീതം പഠിക്കാൻ നിരവധി സ്ഥാപനമുള്ളതിനാൽ അഭിരുചിയുള്ളവർക്ക്‌ അവസരവുമുണ്ട്‌. സംഗീതം ജനകീയമാക്കുന്നതിലുപരി മറ്റ്‌ വേലിക്കെട്ടുകളിൽനിന്നും മോചിപ്പിക്കുകയാണ്‌ പ്രധാനം. അതിന്‌ കേരളത്തിനാകും. ഇവിടത്തെ സാമൂഹ്യ ചുറ്റുപാടുകൾ അങ്ങനെയാണ്‌.

മലയാളത്തിലെ പാട്ടുകൾ

മലയാളത്തിൽ ആദ്യമായി പാടുന്നത്‌ 1991ൽ  പൈതൃകം സിനിമയിൽ ജോൺസൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ‘നീലാഞ്ജന പൂവിൻ...’ എന്ന ഗാനമാണ്‌. തുടർന്ന്‌ 15 പാട്ടുപാടി. മലയാളത്തിലെ പല പ്രശസ്‌തരുടെ കൂട്ടുകെട്ടിൽ രൂപപ്പെടുത്തിയ പാട്ടുകൾക്ക്‌ ശബ്ദം നൽകാൻ കഴിഞ്ഞതിൽ അതീവ സന്തോഷം.  ഒരേ കടൽ സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘പ്രണയസന്ധ്യയൊരു...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലെ സൂപ്പർ ഹിറ്റുകൾ

തമിഴ് ചലച്ചിത്രരംഗത്തെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം പാടി. മിന്നലെ എന്ന സിനിമയിലെ ‘വസീഗര...', ഗജിനിയിലെ  ‘സുട്ടും വിഴിച്ചുടെരെ...', വേട്ടയാട്‌ വിളയാടിലെ ‘പാർഥമുതൽ നാളീ...' തുടങ്ങിയവ സൂപ്പർഹിറ്റായി. രഹ്‌നാഹെ തെരെ ദിൽ മേം എന്ന ഹിന്ദി ചിത്രത്തിലെ ‘സരാ സരാ...' എന്ന പാട്ട്‌ ബോളിവുഡിലും ശ്രദ്ധേയമായി.

ഹിന്ദുസ്ഥാനിയെ ഒപ്പുംകൂട്ടുന്നു

കർണാടക സംഗീതത്തിലും ചലച്ചിത്രഗാനരംഗത്തും സജീവമാകുമ്പോഴും ഹിന്ദുസ്ഥാനി സംഗീതത്തെ ഒപ്പംകൂട്ടി. സിനിമയും കർണാടക സംഗീതവും വ്യത്യസ്‌ത മേഖലയാണ്‌. രണ്ടിനും അതിന്റേതായ അതിരുകളും പരിമിതികളുമുണ്ട്‌. കുട്ടിക്കാലംമുതൽ  ഒരു വ്യത്യാസവുമില്ലാതെ എല്ലാം കേട്ടിരുന്നു. എല്ലാം സംഗീതമാണ്‌. സംഗീതത്തിന്‌ നിറമോ ജാതിയോ മതമോ ഇല്ല. തലമുറകളിൽനിന്ന്‌ തലമുറകളിലേക്ക്‌ പകരുന്നതാണ്‌ സംഗീതം.

പുതിയ പ്രോജക്ടുകൾ


കോവിഡ്‌ കാലത്ത്‌ യു ട്യൂബിൽ ചില സംഗീതപരിപാടികൾ മാത്രമാണ്‌ ചെയ്യാൻ കഴിഞ്ഞത്‌. ദിവസവും മൂന്നു മണിക്കൂറിലധികം പഠിക്കുകയും പാടുകയും ചെയ്യുന്നു. സംഗീതജ്ഞൻ ടി എൻ കൃഷ്‌ണയോടൊപ്പം ചില സംഗീതപരിപാടികളും സാമൂഹ്യപ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇനിയും അത്‌ തുടരും.

ജയശ്രീ രാമനാഥൻ


പതിനൊന്ന്‌ ഭാഷയിലായി നൂറിലധികം ചലച്ചിത്രഗാനം ആലപിച്ചു. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, മലയാളം, തെലുങ്ക്‌, സംസ്‌കൃതം, ഉറുദു, മറാത്തി, ബംഗാളി, ഗുജറാത്തി, ഭോജ്‌പുരി തുടങ്ങി 11 ഭാഷയിൽ പാടിയ അപൂർവ ബഹുമതിയും ബോംബെ ജയശ്രീയെന്ന ജയശ്രീ രാമനാഥന്‌ സ്വന്തം. 2021ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംഗീതാധ്യാപകരായ എൻ എൻ സുബ്രഹ്മണ്യത്തിന്റെയും സീത സുബ്രഹ്മണ്യത്തിന്റെയും മകൾ. ചെറുപ്പത്തിലേ കർണാടകസംഗീതം പഠിച്ചു. ബോംബെയിലെ ടി ആർ ബാലമണിയമ്മാളിന്റെ കീഴിലാണ്‌ ശാസ്‌ത്രീയമായി അഭ്യസിച്ചത്‌. 1989ൽ സംഗീതപ്രതിഭ ലാൽഗുഡി ജി ജയരാമന്റെ ശിഷ്യയായി. ബോംബെ സർ‌വകലാശാലയിൽനിന്ന്‌ വാണിജ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്തുതന്നെ കലാകാരിയെന്നനിലയിൽ ധാരാളം പുരസ്കാരം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top