25 April Thursday

വീട്ടമ്മയിൽനിന്ന്‌ കലാകാരിയായി പ്രൊമോഷൻ

ഹേമലത hemalathajeevan@gmail.comUpdated: Sunday Jul 31, 2022

വീട്ടമ്മ എന്നതിനപ്പുറം കലാകാരിയായി അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്‌ ബിന്ദു ഉണ്ണി. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്‌ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതമാണ്‌ വരയിലൂടെ ബിന്ദു തിരിച്ചുപിടിച്ചത്‌. ക്യാൻവാസിലും വസ്‌ത്രങ്ങളിലും പെയിന്റ്‌ ചെയ്‌ത്‌ നൽകിയും നെറ്റിപ്പട്ടവും കഥകളി രൂപവും ഉണ്ടാക്കി സമൂഹമാധ്യമത്തിന്റെ സഹായത്തോടെ വിറ്റും ചെറുതല്ലാത്ത വരുമാനം ബിന്ദു കണ്ടെത്തുന്നു.

എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ്‌ 47 വയസ്സുള്ള ബിന്ദു. വരയ്‌ക്കാനുള്ള കഴിവ്‌ ജന്മനായുണ്ടെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ അനുയോജ്യമായിരുന്നില്ല. അച്ഛൻ ഉണ്ണിക്കൃഷ്‌ണും വരയ്‌ക്കുമായിരുന്നു. ജീവിത കഷ്ടപ്പാടുകൾ ചിത്രംവര മുഖ്യ വരുമാനമാർഗം ആക്കാൻ അദ്ദേഹത്തെയും സഹായിച്ചില്ല. അവധിക്കാലത്ത്‌ അമ്മവീട്ടിലെ സന്ദർശനമാണ്‌ ബിന്ദുവിലെ കലാകാരിയെ തേച്ചുമിനുക്കിയിരുന്നത്‌. അമ്മാവൻ ബാബു വരയ്‌ക്കുന്നത്‌ നോക്കിനിൽക്കുമായിരുന്നു. വീട്ടിൽ എത്തിയാൽ അത്‌ പരീക്ഷിച്ചുനോക്കും. മക്കളുടെ സൗഹൃദങ്ങളിലാണ്‌ ആദ്യം വരകൾ സമ്മാനമായി നൽകിയത്‌.

എല്ലാവരും നല്ലതു പറഞ്ഞപ്പോൾ പണം കൊണ്ട്‌ ലഭിക്കുന്നതിലധികം സന്തോഷം തോന്നി. ക്രമേണ പണം നൽകി ആളുകൾ വാങ്ങാൻ തുടങ്ങി. മക്കളുടെ ഫെയ്‌സ്‌ ബുക്ക്‌ പേജുകൾ വഴിയും സ്‌ത്രീകൂട്ടായ്‌മയുടെ പേജു വഴിയും ബിന്ദുവിന്റെ വരകൾ എത്താൻ തുടങ്ങി. അക്രിലിക്കിലും ഫാബ്രിക്‌ പെയിന്റിലും ഇപ്പോൾ ചിത്രം വരച്ചുനൽകും. നെറ്റിപ്പട്ടം ഉണ്ടാക്കി വിൽപ്പന ആരംഭിച്ചിട്ട്‌ രണ്ടുവർഷമായി.
യുട്യൂബിലൂടെയാണ്‌ ക്രാഫ്‌റ്റിന്റെ പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കുന്നത്‌. ഭർത്താവ്‌ ഉണ്ണി എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്‌. വർക്‌ഷോപ്‌ ഉടമയായ ഭർത്താവും വിദ്യാർഥികളായ രണ്ടു മക്കളും അടങ്ങുന്നതാണ്‌ കുടുംബം. മകനും പെൻസിൽ ഡ്രോയിങ്ങിൽ താൽപ്പര്യം കാണിച്ചു തുടങ്ങിയതിൽ ബിന്ദുവിലെ കലാകാരി അതീവ സന്തുഷ്ടയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top