18 April Thursday

നമ്മുടെ ബോസ് നമ്മൾതന്നെ

അശ്വതി ജയശ്രീUpdated: Sunday Jan 26, 2020


ഒരു കാര്യം പറയട്ടെ, നെറ്റിയിൽ സിന്ദൂരമിടുന്നതും കാക്ക കൊത്തിപ്പറക്കുന്നതുമെല്ലാം പറഞ്ഞ്‌ വീമ്പിളക്കുന്നതും മറ്റൊരു പെണ്ണിനെ തെറിവിളിക്കുന്നതുമൊന്നും അല്ല നമ്മൾക്ക് ഭൂഷണം. വെറുതെ വീട്ടിലിരുന്ന് സമയം കളയുന്നതുമല്ല. മിടുക്കികളായ നമ്മുടെ പെൺകുട്ടികൾ ഇവിടെ ബ്യൂട്ടി ചാനലുകളുമായി വരുമാനം കൊയ്യുകയാണ്. യൂട്യൂബിലാണ് ഇവരുടെ വിപ്ലവം. മലയാളി പെൺകുട്ടികളുടെ സൗന്ദര്യബോധംതന്നെയാണ് അവർ മാറ്റിമറിക്കുന്നത്.

സൗന്ദര്യത്തിന്റെ ഓൺലൈൻവഴി
ഇങ്ങനെ സ്വന്തമായി ചാനൽ നടത്തുന്നവരിൽ കൂടുതലും വീട്ടമ്മമാർതന്നെ. ഭർത്താവും കുട്ടിയുമായാൽ ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന് കരുതുന്നവർക്ക്‌ ഇവർ പ്രചോദനമാകട്ടെ. ലക്ഷക്കണക്കിനു കാഴ്ചക്കാരുമായി (യൂട്യൂബ്‌ ഭാഷയിൽ സബ്‌സ്‌ക്രൈബേഴ്സ്‌) മാസം നല്ലൊരു തുക വരുമാനവും നേടുന്നുണ്ട്‌ ഇവർ. അത്തരത്തിൽ "ബ്യൂട്ടി വ്ളോഗേഴ്സ്‌' എന്ന പേരിൽ പ്രസിദ്ധരായ ചില മലയാളികളെ പരിചയപ്പെടാം.


"ഇന്റർനാഷണൽ' സുന്ദരി ജോവിറ്റ
ജോവിറ്റ ജോർജ്‌ എന്ന ചാനലിലൂടെ ലോകമെമ്പാടുമുള്ള സ്‌ത്രീകളെ സ്വാധീനിക്കുന്നു ഈ മലയാളി. കുവൈത്തിൽ സ്ഥിരതാമസക്കാരിയായ ജോവിറ്റ 2005ലെ മിസ്‌ കേരളകൂടിയായിരുന്നു. വെളുത്ത നിറം ഇന്ത്യക്കാരെ എങ്ങനെ സ്വാധീനിക്കുന്നുണ്ടെന്ന്‌ നിരവധി വീഡിയോകളിലൂടെ ജോവിറ്റ കാണിച്ചുതന്നിട്ടുണ്ട്‌. തുടർന്ന്‌ ഇരുണ്ട നിറക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജോവിറ്റ നിർമിച്ച വീഡിയോകൾ ഒരുപാടാണ്‌. സൗന്ദര്യമെന്നത്‌ വെളുത്ത  ശരീരമാണെന്ന മിഥ്യാധാരണയെ വീഡിയോകളിലൂടെ തകർത്തു ജോവിറ്റ. എൻജിനിയർ, മാർക്കറ്റിങ്‌ മാനേജർ, ഫാഷൻ സ്റ്റൈലിസ്റ്റ് ആർട്ട് ഡയറക്ടർ, അവതാരക, മോഡൽ എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ചു. ജോവിറ്റയുടെ "ബ്യൂട്ടി ടിപ്‌സ്‌' മലയാളികൾമാത്രമല്ല കാണുന്നത്‌. അന്തർദേശീയതലത്തിൽ നിരവധി ആരാധകരുമായാണ്‌ മിസ്റ്റർ ജോവിറ്റ യൂട്യൂബ്‌ ലോകത്ത്‌ പ്രസിദ്ധയായത്‌. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 5.68 ലക്ഷം കടന്നിരിക്കുന്നു. 


ഗോവയിൽനിന്ന് മലയാളം ചാനൽ
അശ്വതി വിവേകെന്ന വീട്ടമ്മ യൂട്യൂബിൽ തരംഗമായത്‌ തുന്നൽ, ഡിസൈൻ വീഡിയോകളിലൂടെയായിരുന്നു. ഓൺലൈൻ ബിസിനസിൽ തുടങ്ങി യൂട്യൂബിലേക്കെത്തുകയായിരുന്നു അശ്വതി.  പിന്നീട്‌ അവർ ബ്യൂട്ടി വ്ളോഗിങ് എന്ന ലോകത്തേക്ക്‌ "അശ്‌വി മലയാളം' എന്ന തന്റെ ചാനലിനെ എത്തിച്ചു. ഇന്ന്‌ 4.47 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ്‌ അശ്വതിയുടെ ഈ ചാനലിനുള്ളത്‌. ഒരു ചാനലിൽ ഒതുങ്ങുന്നില്ല അശ്വതിയുടെ കഴിവുകൾ. ‘അശ‌്‌‌വി ബി ക്രിയേറ്റീവ്' എന്ന ഇംഗ്ലീഷ് ചാനലും അശ്വതി നിയന്ത്രിക്കുന്നു. സാധാരണക്കാർക്കുവരെ പ്രാപ്യമായ സൗന്ദര്യ ഉൽപ്പന്നങ്ങളാണ്‌ അശ്വതി പലപ്പോഴും പ്രേക്ഷകർക്കായി അവതരിപ്പിക്കാറ്‌. തൃശൂർഭാഷയിലുള്ള രസകരമായ അവതരണമാണ് അശ്വതിയെ വ്യത്യസ്തയാക്കുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം ഗോവയിൽ സ്ഥിരതാമസമാണെങ്കിലും കേരളമാണ് മനസ്സുനിറയെ.


ആഷിന്റെ ബ്യൂട്ടി ടിപ്‌സ്‌
ബംഗളൂരു മലയാളിയായ ഐശ്വര്യയെന്ന വീട്ടമ്മ 2017ൽ ആരംഭിച്ചതാണ്‌ "ബ്ലഷ്‌ വിത്ത്‌ ആഷ്‌' എന്ന ബ്യൂട്ടി ചാനൽ. ഇന്ന്‌ 2.94 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്‌ ഐശ്വര്യയുടെ ചാനലിന്‌. വിവാഹശേഷം യൂട്യൂബ്‌ എങ്ങനെ നല്ലൊരു ബിസിനസായി കൊണ്ടുപോകാമെന്ന്‌ തെളിയിച്ചയാളാണ്‌ "ആഷ്‌.’  
 


ഉണ്ണിമായയുടെ സിംപിൾ സ്റ്റൈൽ
തന്റെ ബോസ് താൻതന്നെയാണെന്ന് കരുതുന്നു ഉണ്ണിമായ. "സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി'എന്ന ബ്യൂട്ടി ചാനലിന്റെ ഉടമ. ഉണ്ണിയെന്ന ഉണ്ണിമായ അനിൽ ചെറുപ്രായത്തിൽത്തന്നെ യൂട്യൂബിൽനിന്ന്‌ വരുമാനം നേടിത്തുടങ്ങിയവളാണ്. നിലവിൽ 9.49 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്‌ ചാനലിന്‌. ഉണ്ണിയുടെ സിംപിൾ ടെക്‌നിക്കുകൾക്ക് പെൺകുട്ടികൾമാത്രമാണ് ആരാധകരെന്ന് കരുതിയെങ്കിൽ തെറ്റി. നിരവധി ആരാധകരുമുണ്ട്. തുടക്കത്തിൽ കൂട്ടുകാരുടെ യൂട്യൂബ് ഉണ്ണിയെന്ന വിളി കേൾക്കണ്ടിവന്നെങ്കിലും ഇന്ന് അതിൽ അഭിമാനംമാത്രമേയുള്ളൂ ഈ മിടുക്കിക്ക്. സൗന്ദര്യസംരക്ഷണമേഖലയിൽത്തന്നെ ഭാവി കണ്ടെത്തുകയാണ് ഈ ഇരുപത്തിമൂന്നുകാരിയുടെ ലക്ഷ്യം. ഷൂട്ടിങ്‌, എഡിറ്റിങ്‌, അപ് ലോഡിങ്‌ തുടങ്ങി എല്ലാം സ്വയമാണ് ചെയ്യുന്നത്.
 


കരിമഷി പ്രേമിയായ മഞ്ജു 
മഞ്ജു ഗോപാൽ എന്ന വീട്ടമ്മ 2016ൽ ആരംഭിച്ചതാണ്‌ "കരിമഷി ലൗവർ' ചാനൽ. 2.83 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി ഓരോ മലയാളി സ്‌ത്രീയുടെയും യൂട്യൂബ്‌ ലിസ്റ്റിൽ ആദ്യ പത്തിൽ ഉണ്ടാകും മഞ്ജുവിന്റെ ഈ ചാനൽ. ബ്യൂട്ടി, ഹോൾ, ഫുഡ്‌, ലൈഫ്‌ സ്‌റ്റൈൽ വീഡിയോകളാണ്‌ മഞ്ജുവിന്റെ ലിസ്റ്റിൽ പ്രധാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top