16 October Saturday

'വാഴപ്പൂവിന്റെ മണമുള്ള കഥകള്‍'; ജാപ്പാനീസ് എഴുത്തുകാരി ബനാന യോഷിമോട്ടോയെ പരിചയപ്പെടാം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 21, 2018

'ബനാന  യോഷിമോട്ടോ' എന്ന കൗതുകകരമായ തൂലികാ നാമത്തിൽ  ലോകം മുഴുവൻ അറിയപ്പെടുന്ന  ജാപ്പനീസ് എഴുത്തുകാരിയാണ് മഹാകോ യോഷിമോട്ടോ. നോവലുകളും കഥകളും ലേഖനങ്ങളുമായി  അവർ രചിച്ച അസംഖ്യം രചനകൾ ജപ്പാനിലേയും നിരവധി  വിദേശ രാഷ്ട്രങ്ങളിലേയും ലക്ഷക്കണക്കിന് വായനക്കാർ  ആവേശത്തോടെയാണ് സ്വീകരിക്കുന്നത്... വാഴപ്പൂവിനോടുള്ള  അങ്ങേയറ്റത്തെ ഇഷ്ടവും അതോടൊപ്പം ലിംഗ സൂചകങ്ങളായ  സാധാരണ പേരുകളോടുള്ള  അനിഷ്ടവുമാണ് ഇങ്ങനെയൊരു വിചിത്രമായ തൂലികാനാമം സ്വീകരിക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു.

ടോക്കിയോയിൽ  പുരോഗമന  ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഒരു കുടുംബത്തിൽ 1964 ജൂലായ് 24നാണ്  ബനാന യോഷിമോട്ടോ ജനിച്ചത്. അവരുടെ അച്ഛൻ തക്കാക്കി യോഷിമോട്ടോ പ്രശസ്ത നിരൂപകനും  ചിന്തകനും തികഞ്ഞ ഒരിടതുപക്ഷ  അനുഭാവിയുമായിരുന്നു. കടുത്ത വിലക്കുകളും നിയന്ത്രണങ്ങളും  സൃഷ്ടിച്ച  സ്വാതന്ത്ര്യമില്ലായ്മയാൽ വർണരഹിതമായിരുന്ന ജപ്പാനിലെ പരമ്പരാഗത കുടുംബ ജീവിതങ്ങളുടെ  മടുപ്പും നിർവികാരതയും  അവർക്ക്  ഒരിക്കലും  അനുഭവിക്കേണ്ടി വന്നിരുന്നില്ല. സ്വാതന്ത്ര്യത്തിന്റേയും സമത്വ ബോധത്തിന്റേയും  ശുദ്ധവായു യഥേഷ്ടം നുകർന്നുകൊണ്ടാണ് യോഷിമോട്ടോയുടെ കുട്ടിക്കാലം കടന്നുപോയത്.

1986 ൽ  ബിരുദ പഠന കാലത്ത്  'മൂൺ ലൈറ്റ് ഷാഡോ'  എന്ന  നോവലെറ്റ്  എഴുതിക്കൊണ്ട്  അക്ഷരലോകത്തേക്ക് കടന്നുവന്ന ബനാന  യോഷിമോട്ടോ  അധികം വൈകാതെ ജപ്പാനിലെ  ശ്രദ്ധേയ എഴുത്തുകാരിയായി  ഉയർന്നു. 1988 ൽ അവർ ഒരു ഹോട്ടലിൽ  വെയ്റ്ററായി ജോലി ചെയ്യുമ്പോഴാണ് ആദ്യ നോവൽ 'അടുക്കള' പിറക്കുന്നത്.  ജപ്പാനിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ആ നോവൽ ഒരു വർഷത്തിനകം ചൈനീസ് ഭാഷയിലേക്ക്  മൊഴിമാറ്റം ചെയ്യപ്പെട്ടു. നവാഗത പ്രതിഭകൾക്കുള്ള ആറാമത് കെയിൻ സാഹിത്യ പുരസ്‌കാരം  നേടിയ ഈ നോവൽ  1988 ൽ ജപ്പാനിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളിലൊന്നായ മിഷിമ യൂകിയോ  പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. 1990 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'വിട' എന്ന നോവൽ കൊറിയൻ ഭാഷയിലേക്കാണ് ആദ്യമായി വിവർത്തനം  ചെയ്യപ്പെട്ടത്. 1993 ൽ 'അടുക്കള'യും 'മൂൺലൈറ്റ് ഷാഡോ' യും  'അടുക്കള' എന്ന പേരിൽ ഒരൊറ്റ പുസ്തകമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ  യോഷിമോട്ടോയുടെ പേര് ഇംഗ്ലണ്ടിലേയും യു എസിലെയും അക്ഷര ഭൂമികയിലും സ്ഥാനം പിടിച്ചു. പിന്നീടുവന്ന രചനകളെല്ലാം തന്നെ  ഇംഗ്ലീഷ് ഉൾപ്പെടെ ഒട്ടനവധി  വിദേശ ഭാഷകളിലേക്ക്  ചേക്കേറിയതോടെ ബനാന യോഷിമോട്ടോ എന്ന പേര്  ലോക സാഹിത്യത്തിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. 'എൻ പി' (1990), 'അമൃത' (1994) 'ഹാർഡ് ബോയിൽഡ് ആൻഡ് ഹാർഡ് ലക്ക്'  (1999) എന്നീ  നോവലുകൾക്കു പുറമേ 'അസ്ലീപ്' (1989), 'ഗൗളി' (1993) തുടങ്ങി ഏഴോളം  കഥാസമാഹാരങ്ങളും നിരവധി ലേഖന സമാഹാരങ്ങളും അവരുടെ സർഗ്ഗശേഷിയുടെ തിളക്കമാർന്ന നിദർശനങ്ങളായി  അക്ഷരലോകത്ത് നിലനിൽക്കുന്നുണ്ട്.

ലാളിത്യവും  ഹൃദ്യതയും  സംഗീതാത്മകതയും  പരസ്പരം  ചേർന്നലിഞ്ഞ  അങ്ങേയറ്റം നൈസർഗികമായ ഭാഷയാണ്  ബനാന  യോഷിമോട്ടോയുടെ രചനകളുടെ ജീവൻ.  ജപ്പാനിലെ ഏറ്റവും ജനപ്രീതിയാർജിച്ച എഴുത്തുകാരിയെന്ന  വിശേഷണത്തിന് അവരെ അർഹയാക്കിയതിൽ  ഈ ഭാഷ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ വശ്യതയും  മാസ്മരികതയും അതേ രീതിയിൽ മറ്റൊരു ഭാഷയിൽ  സംക്രമിപ്പിക്കുകയെന്നത് അങ്ങേയറ്റം ദുഷ്‌കരവും വെല്ലുവിളിയുയർത്തുന്നതുമായ പ്രവൃത്തിയാണെന്നാണ്  യോഷിമോട്ടോയുടെ രചനകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത  മിക്കായേൽ എമെറിക്ക്  അഭിപ്രായപ്പെടുന്നത്. യോഷിമോട്ടോയുടെ ഭാഷയുടെ ലാളിത്യം പക്ഷെ അവരുടെ പ്രതിപാദ്യ വിഷയങ്ങളുടെ ഗൗരവത്തെ ലഘൂകരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യ ജീവിതത്തിന്റെ സങ്കീർണ പ്രശ്‌നങ്ങളാണ് ആ രചനകളിലെല്ലാം ചർച്ച ചെയ്യപ്പെടുന്നത്.

തന്റെ എഴുത്തു ജീവിതത്തിൽ സ്വപ്നങ്ങൾക്ക് വലിയ പങ്കുണ്ടെന്ന്  ഒരഭിമുഖത്തിൽ ബനാന യോഷിമോട്ടോ  വെളിപ്പെടുത്തുകയുണ്ടായി. ഒരു തരത്തിൽ പറഞ്ഞാൽ താൻ ഉറങ്ങുന്നതു തന്നെ സ്വപ്‌നം കാണാനാണെന്നാണ് അവർ പറയുന്നത്.  തന്റെ മിക്ക രചനകളുടേയും  ബീജങ്ങളായാണ്   സ്വപ്‌നങ്ങളെ  അവർ വിശേഷിപ്പിക്കുന്നത്.  എന്തെഴുതണമെന്നറിയാതെ ആശങ്കപ്പെടുന്ന  അവസരങ്ങളിൽ അവ  പലപ്പോഴും തുണയായിട്ടുണ്ടത്രേ.

എഴുത്തിലെപ്പോലെ ജീവിതത്തിലും ലാളിത്യം കാത്തു സൂക്ഷിക്കുന്ന എഴുത്തുകാരിയാണ്  ബനാന യോഷിമോട്ടോ.  വ്യക്തിജീവിതത്തെ സംബന്ധിച്ച വിശദാംശങ്ങൾ  വെളിപ്പെടുത്തുന്നതിൽ വിമുഖയായ അവർ ചർച്ചകളിലും സംഭാഷണങ്ങളിലും സാഹിത്യത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും  ജപ്പാനിലെ സവിശേഷമായ ആഹാരരീതികളെക്കുറിച്ചുമൊക്കെ  സംസാരിക്കാനാണ്  ഇഷ്ടപ്പെടുന്നത്. എത്ര പുസ്തകമെഴുതി എന്നതിനുപരി എന്താണെഴുതിയത് എന്ന് ആലോചനയാണ് പ്രധാനമെന്ന് അവർ പറയുന്നു. എഴുത്തിൽ സ്വന്തം തനിമയും വ്യക്തിത്വവും നിലനിറുത്തേണ്ടത്  അത്യാവശ്യവും അനിവാര്യവുമാണെന്ന്  വാദിക്കുന്ന അവർ  പുതിയ എഴുത്തുകാർക്ക്  നൽകുന്ന ഉപദേശം ഇതാണ്. 'എഴുതിക്കൊണ്ടേയിരിക്കുക . യുക്തിയെക്കുറിച്ചോ സങ്കല്പത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാതിരിക്കുക. നിങ്ങൾ നിങ്ങളെ നിങ്ങളുടെ വാക്കുകളിൽ, നിങ്ങളുടെ മാത്രം വാക്കുകളിൽ  പ്രകാശിപ്പിക്കുക'.

യോഷിമോട്ടോയുടെ രചനകളെക്കുറിച്ച് എൻസൈക്‌ളോപീഡിയ  ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു..  'യോഷിമോട്ടോയുടെ കഥകൾ ക്ഷണഭംഗുരങ്ങളല്ല. അവ സാവധാനം വിടർന്ന്  പുഷ്പിച്ച് നിറഞ്ഞ സൗന്ദര്യത്തിന്റെയും നഷ്ടബോധത്തിന്റെയും സൗരഭ്യം അവശേഷിപ്പിച്ചുകൊണ്ട് മെല്ലെ മെല്ലെ മറഞ്ഞു പോവുകയാണ് ചെയ്യുന്നത്.'
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top