19 April Friday

ബലൂണ്‍ വിസ്മയം തീര്‍ത്ത് ഷിജിന: കേരളത്തിലെ ഏക ബലൂണ്‍ ആര്‍ട്ട് ഡിസൈനര്‍

കെ വി ശ്രുതിUpdated: Tuesday Jul 4, 2017

കുരങ്ങന്‍ ബലൂണ്‍, മത്തങ്ങ ബലൂണ്‍, നീളന്‍ ബലൂണ്‍, ഉണ്ട ബലൂണ്‍... ബലൂണുകള്‍ ഊതിവീര്‍പ്പിച്ച് അവയ്ക്കൊപ്പം പറന്ന കുട്ടിക്കാലമുണ്ട് നമുക്കോരോരുത്തര്‍ക്കും. എന്നാല്‍ വളര്‍ന്നിട്ടും ബലൂണുകളെ (തിരിച്ചും) കൈവിടാത്തൊരാളുണ്ട്. ബലൂണുകള്‍ കൈയില്‍ കിട്ടിയാല്‍ പൂക്കള്‍, മൃഗങ്ങള്‍, കലാരൂപങ്ങള്‍ ഇവയൊന്നും പോരാഞ്ഞ് വസ്ത്രങ്ങള്‍ വരെ നിര്‍മിച്ച് ഫാഷന്‍ ഷോ നടത്തിക്കളയും കക്ഷി. ഇത് ഷിജിന. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ബലൂണ്‍ ആര്‍ട്ട് ഷോ കേരളത്തിന് പരിചയപ്പെടുത്തിയ കേരളത്തിലെ ഏക ബലൂണ്‍ ആര്‍ട്ട് ഡിസൈനര്‍. ഇന്ത്യയിലെ ചുരുക്കം ചിലരില്‍ ഒരാളും.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് കൊട്ടാരത്തുംപാറയിലെ 'വിസ്മയം' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സുകളുടെ കൂടി വീടാണ്. ബലൂണ്‍ ഡ്രസ് ഫാഷന്‍ ഷോ നടത്തിയും ഒരു മിനുട്ടിനുള്ളില്‍ 13 പട്ടിക്കുട്ടികളെ നിര്‍മിച്ചും ഇരട്ട റെക്കോഡ് നേടിയ ഷിജിനയും ഒരു മിനുട്ടില്‍ 23 പേരുടെ മനസ്സുവായിച്ച് ഇന്ത്യയിലെ വേഗതകൂടിയ മൈന്‍ഡ് റീഡര്‍ ആയ ഭര്‍ത്താവ് പ്രീത്തും ബലൂണ്‍ ഡ്രസ് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ചന്തവിള സൈനിക് എല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിനി നാലരവയസ്സുകാരിയായ മകള്‍ ജ്വാലയും ഈ വീട്ടിലാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്കുള്ള എന്‍ട്രിയും ഇവര്‍ക്ക് ലഭിച്ചു. തിരുവനന്തപുരം റോട്ടറി ക്ളബിന്റെ ബലൂണ്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ജേതാവുമാണ് ഷിജിന.

തളിപ്പറമ്പ് എയ്റോസിസ് കോളേജ് ഓഫ് ഏവിയേഷനിലാണ് 117 പേരെ പങ്കെടുപ്പിച്ച ഷിജിനയുടെ ബലൂണ്‍ ഡ്രസ് ഫാഷന്‍ ഷോ അരങ്ങേറിയത്. മൂന്നരമുതല്‍ 22 വയസ്സുവരെയുള്ളവര്‍ അണിനിരന്ന റാമ്പില്‍ വയനാട്ടില്‍നിന്നും വന്ന മുപ്പതോളം ആദിവാസി കുട്ടികളുമുണ്ടായിരുന്നു. ഒരു വര്‍ഷംകൊണ്ട് നിര്‍മിച്ച ബലൂണ്‍ വസ്ത്രങ്ങളണിഞ്ഞ് നടത്തിയ നാലുമണിക്കൂറോളം നീണ്ട ഫാഷന്‍ ഷോ ഇന്ത്യയില്‍ ആദ്യം. കൊച്ചിയില്‍ നടന്ന 1 മിനുട്ട് 1 റെക്കോര്‍ഡ് പരിപാടിയില്‍ ഒരു മിനുട്ടിനുള്ളില്‍ 13 പട്ടിക്കുട്ടികളെ നിര്‍മിച്ചതാണ് ഷിജിനയുടെ രണ്ടാമത്തെ റെക്കോര്‍ഡ്. നിലവിലെ ഗിന്നസ് റെക്കോര്‍ഡ് ഇതിനൊപ്പമാണെന്നതാണ് മറ്റൊരു വിസ്മയം.

ഷിജിന ഭര്‍ത്താവ് പ്രീത്തിനും മകള്‍ ജ്വാലയ്ക്കുമൊപ്പം

ഷിജിന ഭര്‍ത്താവ് പ്രീത്തിനും മകള്‍ ജ്വാലയ്ക്കുമൊപ്പം

മൂന്നരവര്‍ഷം മുമ്പാണ് ബലൂണ്‍ ലോകത്തേക്കുള്ള ഷിജിനയുടെ എന്‍ട്രി. പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ ഭര്‍ത്താവ് പ്രീത്ത് അഴീക്കോടിന്റെ മെന്റലിസം ഷോകള്‍ കളര്‍ഫുള്‍ ആക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബ്  വീഡിയോകളില്‍നിന്നും ആറുമാസംനീണ്ട പഠനവും പരിശീലനവും. പരിപാടിക്കുവേണ്ട നീളമുള്ള ഇറ്റാലിയന്‍ ബലൂണുകള്‍ കോയമ്പത്തൂരില്‍നിന്നും പ്രത്യേകമായി വരുത്തും. 160,260, 360 സൈസുകളില്‍ ലഭിക്കുന്ന ബലൂണുകള്‍ക്ക് അഞ്ചുരൂപ മുതല്‍ 20 രൂപ വരെയാണ് വില. ഷോയ്ക്കിടയില്‍ പത്തുമിനിറ്റായിരുന്നു ആദ്യപരിപാടി. പിന്നീടത് 20 മിനിറ്റായി. കൂടുതല്‍ പഠിച്ചുതുടങ്ങിയതോടെ ഇപ്പോള്‍ ബലൂണ്‍ ആര്‍ട്ട്ഷോ മാത്രമായും നടത്തുന്നു. സ്കൂളുകളിലും ക്ളബുകളിലും ജന്മദിന പാര്‍ടികളിലുമടക്കം നൂറോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു. 

ലോക പരിസ്ഥിതിദിനത്തില്‍ വനസംരക്ഷണത്തിന്റെ സന്ദേശവുമായി 'സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത്', വായനാദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ 'പുസ്തകം' എന്നിവയുമായി ഷിജിന സാമൂഹ്യ പ്രതിബദ്ധതയുടെ കൂടി ഭാഗമായി. പ്രശസ്ത ഇറാനിയന്‍ ചിത്രകാരന്‍ ഇമാദ് സലേഹിയുടെ പെയിന്റിങ് ബലൂണ്‍ ആര്‍ട്ട് ചെയ്ത് അയച്ചുകൊടുത്തപ്പോള്‍ വലിയ അംഗീകാരം ലഭിച്ചതായും ഷിജിന പറയുന്നു.  പ്രീത്തുമൊപ്പം ചേര്‍ന്ന് കളേഴ്സ് ഓഫ് മിറാക്കിള്‍ എന്ന പേരിലാണ് ഇപ്പോള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഷോ വിപുലീകരിക്കാനാണ് ശ്രമം. ഫോണ്‍: 9895794432.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top