13 June Thursday

ചുരമിറങ്ങിയ ഊരിന്റെ പാട്ട്‌

അരുൺ എം സുനിൽUpdated: Monday Feb 10, 2020


അട്ടപ്പാടിയിലെ ഊരിൽനിന്ന്‌ നഞ്ചിയമ്മയുടെ പാട്ട്‌ ചുരമിറങ്ങിക്കഴിഞ്ഞു. ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഉള്ളിൽനിന്നാണ്‌ ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. ആദിവാസി ഭാഷയും വേഷങ്ങളുമായി അട്ടപ്പാടിയുടെ ഹൃദയത്തിൽ നിന്നിറങ്ങിയ ആ  പാട്ടിനൊപ്പം താളമിട്ട്‌ സഞ്ചരിക്കുകയാണ്‌ ഇന്ന്‌ മലയാളി.

റിലീസിനുംമുമ്പേ ‘അയ്യപ്പനും കോശിയും ’ എന്ന ചിത്രത്തിലെ  ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്‌...’’ ഹിറ്റായിക്കഴിഞ്ഞു.   നഞ്ചിയമ്മയുടെ നക്കുപ്പതി  ഊരും വിട്ട്‌ ആ പാട്ട്‌ യാത്ര തുടരുകയാണ്‌.  കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട്‌ കേട്ടാണ്‌ നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക്‌ പിച്ച വച്ചത്‌. അട്ടപ്പാടി വയലേലകളിലെ കമ്പളവും കൊയ്‌ത്തുംമുതൽ വിവാഹവും മരണവുംപോലുള്ള  ചടങ്ങുകളിൽവരെ അവർ പാട്ടു പാടി, നൃത്തം ചെയ്‌തു. കാട്ടിലെ കാറ്റും കാട്ടാറിന്റെ ഈണവും, പെറയും, ദവിലും മുളങ്കുഴലുമടക്കമുള്ള പാട്ടുവാദ്യങ്ങളുമെല്ലാം പാട്ടിന്‌ കൂട്ടായിവന്നു. ആട്‌ മേച്ചും കൃഷി ചെയ്‌തും കൂലിപ്പണിയെടുത്തുമാണ്‌  ഉപജീവനം കണ്ടെത്തുന്നത്‌. എവിടെയും കാശിനുവേണ്ടി പാടിയിട്ടില്ല.   മനസ്സിൽ തോന്നിയതെല്ലാം  പിന്നീട് പാട്ടായി. കാട്ടിലും മേട്ടിലുമെല്ലാം ഒറ്റയ്‌ക്ക് ജോലി ചെയ്യുമ്പോൾ  മനസ്സിൽ  കോറിയിട്ട വരികൾക്ക് ഈണമിട്ട് ഉറക്കെപ്പാടും. പിന്നെയത്‌ ഹൃദിസ്ഥമാക്കും.

നഞ്ചിയമ്മയും കൂട്ടുകാരും  പൃഥ്വിരാജിനോടും ബിജു മേനോനുമൊപ്പം

നഞ്ചിയമ്മയും കൂട്ടുകാരും പൃഥ്വിരാജിനോടും ബിജു മേനോനുമൊപ്പം


 

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനവും നഞ്ചിയമ്മയുടെ മനസ്സിൽ തോന്നിയ പാട്ടാണ്. ഇവയൊന്നും എഴുതി സൂക്ഷിക്കുന്നതിനുള്ള പഠിപ്പും അക്ഷരാഭ്യാസവുമൊന്നും അവർക്കില്ല. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിലുള്ള ഈ ഈണങ്ങൾ മലയാളത്തിലോ തമിഴിലോ മറ്റേതൊരു ഭാഷയിലോ എഴുതിയാൽ വാമൊഴിയായി കിട്ടിയ പാട്ടിന്റെ ചന്തം പോകുമെന്നാന്നാണ് നഞ്ചിയമ്മയുടെ പക്ഷം.  ഏഴുവർഷം മുമ്പ് ഭർത്താവ് നഞ്ചപ്പനെ നഷ്ടമായതാണ് സ്വകാര്യദുഃഖം. രണ്ടു മക്കളുണ്ട്, ശ്യാമും ശാലിനിയും. ചെന്നൈയിലെ ബിഎസ്എൻഎൽ കസ്റ്റമർ കെയറിലാണ് ശ്യാമിനു ജോലി. ശാലിനി  തമിഴ്നാട്ടിലാണ്.

നഞ്ചിയമ്മയും പഴനിസ്വാമിയും

നഞ്ചിയമ്മയും പഴനിസ്വാമിയും

പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ അഹാഡ്സിന്റെ വരവോടെയാണ് നഞ്ചിയമ്മയുടെ കഴിവുകൾ പുറംലോകം അറിഞ്ഞത്. 2005ൽ അഹാഡ്സ് ജീവനക്കാരനായ പഴനിസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ പാടാനിടയായത്. റാസി മുഹമ്മദ് സംവിധാനംചെയ്‌ത,  2017ൽ സംസ്ഥാന അവാർഡ് നേടിയ ‘വെളുത്ത രാത്രികൾ' എന്ന സിനിമയിൽ അഞ്ച് പാട്ടുകൾ ആലപിച്ചിട്ടുണ്ട്‌.  ‘അഗ്ഗെദ് നയാഗ' എന്ന ഹ്രസ്വ ചിത്രത്തിലും പാടി. 2009 ൽ ആദിവാസിപ്പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top