28 May Tuesday

ഓട്ടിസം എങ്ങനെ തിരിച്ചറിയാം

ഡോ. പ്രിയ ദേവദത്ത്Updated: Sunday May 1, 2022

മസ്‌തിഷ്‌ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ഓട്ടിസം. സമാനതകളില്ലാത്ത  സ്വഭാവ സവിശേഷതകളാണ് ഓട്ടിസം ബാധിച്ച കുട്ടികളിൽ കാണപ്പെടുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ആശയവിനിമയശേഷി, സങ്കൽപ്പശക്തി, സാമൂഹ്യശേഷി, പെരുമാറ്റം തുടങ്ങിയ തലങ്ങളെയാണ് ഓട്ടിസം പ്രധാനമായും ബാധിക്കുക.

ശൈശവത്തിൽത്തന്നെ ഈ വൈകല്യം തിരിച്ചറിയപ്പെടുന്നത് ചികിത്സാവിജയത്തിനു സഹായകമാകാറുണ്ട്. നിർഭാഗ്യവശാൽ ഓട്ടിസം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ്. തലച്ചോറിലെ രാസവസ്‌തുക്കളിലുണ്ടാകുന്ന വ്യതിയാനങ്ങൾ, തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വളർച്ചാവൈകല്യങ്ങൾ എന്നിവയൊക്കെ ഓട്ടിസത്തിനിടയാക്കാറുണ്ട്. ഗൗരവമായ മറ്റ് രോഗങ്ങളുടെ അനുബന്ധമായും ഓട്ടിസം വരാം.

സൂചനകൾ തിരിച്ചറിയാം

കുഞ്ഞിന് ആറു മാസം മാത്രം പ്രായമുള്ളപ്പോൾപ്പോലും സൂക്ഷ്‌മ നിരീക്ഷണങ്ങളിലൂടെ രക്ഷിതാക്കൾക്ക് ഓട്ടിസം തിരിച്ചറിയാനാകും. സാധാരണ​ഗതിയിൽ 18 മാസം മുതൽ മൂന്ന് വയസ്സുവരെയുള്ള ഘട്ടത്തിലാണ് രക്ഷിതാക്കൾക്ക് ഓട്ടിസത്തിന്റെ സൂചനകൾ ലഭിക്കുന്നത്.
ഒന്നര വയസ്സായിട്ടും ചെറിയ വാക്കുകൾപോലും പറയാത്ത കുട്ടികളെ ശ്രദ്ധയോടെ കാണണം. അമ്മ എടുത്താലും ഇല്ലെങ്കിലും ഈ കുട്ടികൾക്ക് പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നും ഉണ്ടാകാറില്ല.

കണ്ണിലേക്ക് നോക്കുമ്പോൾ കുട്ടി മുഖം തിരിക്കുക, വിരൽ ചൂണ്ടാൻ കഴിയാതിരിക്കുക, കുട്ടി ആരുടെയും മുഖത്ത് നോക്കാതിരിക്കുക ഇവയെല്ലാം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്താം. ഓട്ടിസമുള്ളവർക്ക് കാഴ്‌ച, ശബ്‌ദം, സ്‌പർശം, ഗന്ധം, രുചി എന്നിവയോട് അമിതപ്രതികരണമോ പ്രതികരണക്കുറവോ ഉണ്ടാകാം. പേര് വിളിച്ചാലും കുട്ടി പ്രതികരിക്കാതെയിരിക്കാം.

സ്വഭാവ സവിശേഷതകൾ ഏറെ

കാണുന്നതും കേൾക്കുന്നതും അതേരീതിയിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഓട്ടിസം ബാധിച്ച കുട്ടികൾക്ക് കഴിയാറില്ല. തന്റേതായ ലോകത്ത് വിഹരിക്കാനാണ് ഈ കുട്ടികൾ ഇഷ്‌ടപ്പെടുക. പ്രായത്തിനനുസൃതമായ കളികളിലേർപ്പെടുക, ഒരാൾ  നോക്കിച്ചിരിച്ചാൽ തിരിച്ചുചിരിക്കുക തുടങ്ങിയ ശേഷികൾ ഇത്തരക്കാരിൽ കുറവായിരിക്കും.

ഒന്നരവയസ്സിൽ ചെറിയ വാക്കുകൾ പറയുന്നുണ്ടോ? മൂന്ന് വയസ്സായിട്ടും ചെറിയ വാചകങ്ങൾ പറയുന്നില്ലേ?കൂട്ടുകാർക്കൊപ്പം ചേർന്ന് അവരെപ്പോലെ കളിക്കുന്നില്ലേ? ഇവയൊക്കെ ശ്രദ്ധിക്കണം. ഓട്ടിസമുള്ള കുട്ടികൾ വളരെ താമസിച്ചാണ് സംസാരിച്ച് തുടങ്ങുക. സംസാരത്തിന് വിചിത്രമായൊരു ഈണമുണ്ടാകും. ഒറ്റ വാക്ക് ആവർത്തിച്ചു പറയുക, മറ്റുള്ളവർ പറയുന്നത് ഏറ്റുപറയുക തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്.

ചലനത്തകരാറുകളാണ് ചിലരിൽ പ്രശ്നമാകുക. അവർ ഓടാനും ചാടാനും പടികൾ കയറാനുമൊക്കെ മടികാണിക്കും. വലിയ ശബ്‌ദം എത്ര കേട്ടാലും അസ്വസ്ഥമാകാത്തവരുണ്ട്. എന്നാൽ ചിലർക്ക് ചെറിയ ശബ്‌ദം പോലും സഹിക്കാനാകില്ല. അതുപോലെ പ്രകാശം ഇഷ്ടപ്പെടുന്നവരും  ഇഷ്ടപ്പെടാത്തവരുമുണ്ട്.

ജനിതകപരമായ കാരണങ്ങളും ഓട്ടിസത്തിനിടയാക്കാറുണ്ട്. ഗർഭകാലത്തുള്ള അസുഖങ്ങൾ, വൈകിയുള്ള വിവാഹവും പ്രസവവും, പ്രസവസമയത്തെ സങ്കീർണതകൾ ഇവയെല്ലാം ഓട്ടിസത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതോടൊപ്പം ഗർഭിണിയുടെ ശരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം.

പരിചരണവും ചികിത്സയും

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക ചികിത്സയും തുടർപരിചരണവും ആവശ്യമാണ്. മാതാപിതാക്കൾ ഈ യാഥാർഥ്യത്തോട് പൊരുത്തപ്പെടുകയാണ് ആദ്യം വേണ്ടത്. കുഞ്ഞിന്റെ മനസ്സ് കാണുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട പരിചരണം നൽകാനാകും.ചികിത്സയ്‌ക്കൊപ്പം രക്ഷിതാക്കൾ കുഞ്ഞിനോടൊപ്പം താമസിക്കുകയും വേണ്ടത്ര ശ്രദ്ധയും സ്‌നേഹവും നൽകുകയും വേണം. ശരിയായ സമയത്ത് ഓട്ടിസം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിലൂടെ കുട്ടിയുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെടുത്താനാകും. ഒപ്പം കുട്ടിയെ സ്വയംപര്യാപ്‌തമാക്കാനും ഇതിലൂടെ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top