27 May Monday

പെണ്ണിടങ്ങള്‍; ഒരു അള്‍ജീരിയന്‍ കാഴ്ച

കുര്യന്‍ തോമസ് കരിമ്പനത്തറയില്‍Updated: Wednesday Jan 3, 2018

 അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്. സ്ത്രീകള്‍മാത്രം സാങ്കേതിക വിദഗ്ധരായ, സ്ത്രീകള്‍മാത്രം  അഭിനയിച്ച, സ്ത്രീകളെക്കുറിച്ചുള്ള സിനിമ. തിരുവനന്തപുരം  രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയ ഈ ചിത്രമൊരുക്കിയ  പെണ്‍കരുത്തിന്റെ വേറിട്ട കാഴ്‌ചകള്‍


  മുക്ക് അപരിചിതമായ സ്ത്രീകളുടെ ലോകമാണ്,  അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്ന ചലച്ചിത്രം കാഴ്ചയാക്കുന്നത്.
ആകാശം കാണുന്നതു വിലക്കിയപ്പോള്‍ കഴുകിയ തുണികള്‍ ഉണക്കാനായി ടെറസില്‍ പോയി മേഘങ്ങളെ കാണുന്ന പെണ്‍കുട്ടികള്‍...., പുകവലിക്കാന്‍ പാത്തിരിക്കേണ്ടി വരുന്നവര്‍...,  പെണ്ണിന്റെ രഹസ്യാനുഭവങ്ങളും ആനന്ദങ്ങളും കൂട്ടുകാരികളോടു പറഞ്ഞ് ഉല്ലസിക്കുന്നവര്‍.....!
ഇത് ഹമാം എന്ന സ്ത്രീകളുടെമാത്രം ലോകത്തെ കാഴ്ചകളാണ്. അതൊരു ടര്‍ക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രം. പെണ്ണുങ്ങളുടെ കുളിയിടമെന്നും പറയാം. ഇത് കുളിയിടത്തിലേക്ക് തിരിച്ചുപിടിച്ച ക്യാമറയുമായി റെയ്ഹാന ഒബര്‍മെയര്‍ എന്ന ചലച്ചിത്ര സംവിധായക തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ കാട്ടിത്തരുന്ന കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ത്രീകളുടെ ലോകമാണ്.

അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, റെയ്ഹാനയുടെ അതേ പേരിലുള്ള നാടകത്തിന്റെ ചലച്ചത്രാവിഷ്‌കാരമാണ്, പേരുപോലെ തന്നെ നാടകവും സിനിമയും ലൈംഗികവും സാമൂഹികവുമായ  അടിച്ചമര്‍ത്തലുകള്‍ക്കും പീഡനത്തിനും എതിരായ സ്ത്രീകളുടെ കലാപരമായ കലാപവുമാണ്.

ഫ്രാന്‍സില്‍ അഭയം തേടിയ അള്‍ജീരിയക്കാരിയാണ് നടിയും എഴുത്തുകാരിയും സംവിധായികയുമായ റെയ്ഹാന. ആഭ്യന്തരയുദ്ധത്തില്‍ ഏതാണ്ട് രണ്ട് ലക്ഷം മനുഷ്യജീവന്‍ ഹോമിക്കപ്പെട്ട അള്‍ജീരിയയില്‍ ഇസ്ലാമിക ഭരണകൂടം നിലവില്‍വന്ന തൊണ്ണൂറുകളാണു സിനിമയുടെ ചരിത്ര പശ്ചാത്തലം. ഫലഭൂയിഷ്ടത കുറഞ്ഞ മരുഭൂമികളും പീഠഭൂമികളും നിറഞ്ഞ ഭൂകമ്പങ്ങളുടെ നാട്ടിലെ കലാപകാലത്തെ ഒരു പകല്‍ നടക്കുന്ന പെണ്‍ജീവിതമാണ് 90 മിനിട്ടു ദൈര്‍ഘ്യമുള്ള ആദ്യ ചിത്രത്തിന് റെയ്ഹാന വിഷയമാക്കിയത്. 
  
വിവിധ സാഹചര്യങ്ങളില്‍ നിന്നുവന്ന, വിവിധ പ്രായക്കാരായ, ഒന്‍പതു പെണ്‍ജീവിതങ്ങളാണ് ഈ സിനിമയില്‍ റെയ്ഹാന കാട്ടിത്തരുന്നത്. സ്വന്തം വീട്ടില്‍ ഭര്‍ത്താവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഫാത്തിമ, താന്‍ ചുമതലക്കാരിയായ ഹമാമിലെത്തി സിഗരറ്റു വലിക്കുന്നു. അവിടെ ചിത്രം ആരംഭിക്കുന്നു. വിവാഹസ്വപ്നങ്ങളുമായി കഴിയുന്ന 29 കാരി, സഹായിയായ മകള്‍ സോമിയ. കൊല്ലാന്‍ നടക്കുന്ന സഹോദരനില്‍നിന്നു രക്ഷപെടാന്‍ ഹമാമില്‍ അഭയം തേടിയെത്തുന്ന പതിനാറുകാരി ഗര്‍ഭിണി മെറിയം. അടുത്തുവരുന്ന കല്യാണത്തിന് ഒരുങ്ങുന്നതിലും തനിക്ക് വലുതാണ് സഹോദരിയായ മെറിയാമിന്റെ സംരക്ഷണം എന്നു  പ്രഖ്യാപ്പിക്കുന്ന ധൈര്യവതിയായ പെണ്‍കുട്ടി... ഇങ്ങനെ കഥാപാത്രങ്ങള്‍.

റെയ്ഹാന ഒബര്‍മെയര്‍

റെയ്ഹാന ഒബര്‍മെയര്‍


അമ്മമാര്‍, പെണ്‍മക്കള്‍, പ്രണയിനികള്‍, കന്യകമാര്‍, നിഷേധികള്‍, മതഭ്രാന്തര്‍ ... ഇങ്ങനെ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ അവിടേക്കു  കടന്നുവരുന്നു. ചിലര്‍ തങ്ങള്‍ ജീവിക്കുന്ന പുരുഷാധിപത്യ, യാഥാസ്ഥിതിക സമൂഹം മനസ്സിലും ശരീരത്തിലും ഏല്‍പ്പിച്ച മുറിവുകള്‍ തുടച്ചു മാറ്റാനെത്തുന്നവര്‍.... അവര്‍ ചിരിക്കുന്നു. ആത്മഗതങ്ങള്‍ ഉറക്കെ പങ്കുവയ്ക്കുന്നു, പരദൂഷണം പറയുന്നു, പരിഹസിക്കുന്നു, തര്‍ക്കിക്കുന്നു, കുറ്റപ്പെടുത്തുന്നു. അന്യോന്യം സാന്ത്വനപ്പെടുത്തുന്നു. കുടുംബ പീഡനങ്ങളില്‍നിന്ന് രക്ഷനേടുന്നു. വിവാഹമോചനം ആഘോഷിക്കുകയും പുനര്‍വിവാഹത്തെക്കുറിച്ചു ചിന്തകള്‍ പങ്കുവെക്കുകയും ചെയ്യുന്നു. അങ്ങനെ ചിത്രത്തിലുടനീളം ഹമാം സ്ത്രീകളുടെ സുരക്ഷിത ഇടമായി മാറുന്നു.

ഫാത്തിമയുടെ അനുഭവസാക്ഷ്യം തങ്ങള്‍ നേരിടേണ്ടിവന്ന ബലാല്‍സംഗങ്ങളുടെയും ഗാര്‍ഹിക പീഡനങ്ങളുടെയും അനുഭവങ്ങള്‍ തുറന്നു പറയാന്‍ അവരില്‍ പലര്‍ക്കും ആത്മവിശ്വാസമേകുന്നു. പ്രായമായ സ്ത്രീ തന്റെ പതിനൊന്നാം വയസ്സില്‍ കല്യാണ രാത്രിയില്‍ ഭര്‍ത്താവ് ചാടിവീണ് ക്രൂരമായി പീഡിപ്പിച്ച കഥ പറയുന്നു. പൊതു ഇടങ്ങളില്‍ പറയാന്‍ പാടില്ലെന്ന് പുരുഷാധിപത്യ സമൂഹം വിലക്കിയിട്ടുള്ളതെല്ലാം റെയ്ഹാനയുടെ സ്ത്രീകള്‍ അവിടെ ഉള്ളുതുറന്ന് ഉറക്കെ പറയുന്നു. സമൂഹത്തിലെ വിവാഹം, വിവാഹമോചനം, ഗര്‍ഭനിയന്ത്രണം പോലുള്ള വിഷയങ്ങളിലെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടുന്നു. പ്രസവിക്കാത്തവള്‍ ഭ്രഷ്ടയാകുന്നതും സ്ത്രീകള്‍ ഗര്‍ഭപാത്രങ്ങള്‍ മാത്രമായ സമൂഹത്തില്‍ ഗര്‍ഭനിരോധനം കുറ്റമോ പാപമോ ആകുന്നതും സംഭാഷണങ്ങളിലൂടെ തുറന്നു കാട്ടപ്പെടുന്നു.

അഭയം തേടിയ പതിനാറുകാരിയായ ഗര്‍ഭിണിയെ തിരഞ്ഞു  സഹോദരന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരുപറ്റം മതതീവ്രവാദികളും ഹമാമില്‍ എത്തുന്നു. ഫാത്തിമ അവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നു. പുരുഷസംഘം വാതില്‍ തകര്‍ത്ത് അകത്തു കടക്കുന്നു. ഹമാമിലെ പെണ്‍കരുത്ത് ഗര്‍ഭിണിയായ യുവതിയെ സംരക്ഷിക്കുന്നു. പുരുഷസംഘം കണക്കു പറയുമ്പോള്‍ സോമിയയുടെ വിവാഹസ്വപ്നങ്ങള്‍ കത്തിമുനയില്‍  ഒടുങ്ങുന്നു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്നു ഫാത്തിമയുടെ നേതൃത്വത്തിലുള്ള സംഘം കാണിച്ചു കൊടുക്കുമ്പോള്‍ ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്,  സ്ത്രീയുടെ മുന്നറിയിപ്പായും പ്രതികാരമായും മാറുന്നു.

ഹമാം എന്ന നിയന്ത്രിത ഇടം, സമൂഹം സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നുള്ള  സുരക്ഷിത സ്വര്‍ഗമായി, അഭയസ്ഥാനമായി റെയ്ഹാന അനുഭവിപ്പിക്കുന്നു. സ്ത്രീകൂട്ടായ്മയുടെ, സംഘംചേരലിന്റെ കരുത്തുകാട്ടുന്ന ചിത്രീകരണമാണ് ഈ സിനിമയുടെ സവിശേഷത. പൊതുഇടങ്ങളില്‍ പുരുഷന്മാര്‍ക്കുപോലും ചര്‍ച്ചക്ക് നിഷിദ്ധമായ മതം. ലൈംഗികബന്ധം, രാഷ്ട്രീയം, വിവാഹമോചനം പോലുള്ള വിഷയങ്ങള്‍ പരസ്യമായി  സ്ത്രീകള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നു എന്നതാണ് ഈ സിനിമ ഉയര്‍ത്തുന്ന സൂക്ഷ്മരാഷ്ടീയം.

മറ്റൊരിടത്തും വഴിയില്ലാതാകുമ്പോള്‍ സ്ത്രീ മറ്റുള്ള സ്ത്രീകള്‍ക്കൊപ്പം  സൈ്വരവും സ്വസ്ഥതയും തേടുന്നു, സ്ത്രീശരീരത്തെ ജോലിയുടെയും ജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ തികഞ്ഞ സ്വാഭാവികതയോടെ തുറന്നുകാട്ടി റെയ്ഹാന അത് ജോലിയുടെ മാത്രമല്ല പോരാട്ടത്തിന്റെകൂടി രാഷ്ട്രീയ ആയുധമാക്കുന്നു.സ്ത്രീകള്‍ പീഡനങ്ങള്‍ക്കു വിധേയമാകുന്ന തീവ്ര മുസ്ലിം യാഥാസ്ഥിതികത്വത്തില്‍ ഹമാം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പറുദീസയായാണ് റെയ്ഹാന ചിത്രീകരിച്ചിരിക്കുന്നത്. പൊതുഇടങ്ങള്‍ അന്യമായ അവര്‍ക്ക് ഹാമാമും ഫാത്തിമയും സാന്ത്വനമാകുന്നു.

സ്ത്രീകളാല്‍ സാക്ഷാത്കരിക്കപ്പെട്ട സ്ത്രീജീവിതത്തിന്റെ സുതാര്യതയാണ് ഈ സിനിമയുടെ മൗലികത. ലെമണ്‍ ട്രീ, ദി വിസിറ്റര്‍ എന്നീ പ്രശസ്ത ചിത്രങ്ങളിലെ പാലസ്റ്റിന്‍ നടി ഹിയാം അബ്ബാസ് ആണ് ഫാത്തിമയായി അഭിനയിക്കുന്നത്. സോമിയയായി ഫാദില ബെല്‍കേബിലാ. പാരമ്പര്യവാദിയായ മുസ്ലീം സ്ത്രീയായി നസീമാ ബെന്‍ചികോ, അക്രമത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയായി സാറ ലൈസെക്, പതിനാറുകാരി ഗര്‍ഭിണി മെറിയമായി ലിനാ സ്വലം. അവസാനരംഗത്തില്‍ പതിനാറുകാരിയെ പിന്‍തുടര്‍ന്നെത്തുന്ന സഹോദരന്‍ മുഹമ്മദും സംഘവും മാത്രമാണ് സിനിമയിലെ പുരുഷസാന്നിദ്ധ്യം.

ചിത്രത്തിന്റെ മുന്നണിയില്‍ മാത്രമല്ല ചലച്ചിത്രസാക്ഷാത്കാരത്തിന്റെ പിന്നിലുള്ള മറ്റു സാങ്കേതികവിദഗ്ധരും സ്ത്രീകളാണ്. തിരക്കഥയും എഡിറ്റിംഗും സംവിധായിക റെയ്ഹാന തന്നെ. സംഗീതം ആന്‍ സൂചി വെസ്നെയ്ന്‍. ഒളിമ്പിയ മിറ്റിലിനാവോയും മുഹമ്മദ് തയബ് ലഗ്ഗോനുമാണ് ക്യാമറ. ഗ്രീസിലാണ് ഹമാം ഏതാണ്ട് പൂര്‍ണമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഏതാനും വാതില്‍പ്പുറ കാഴ്ചകള്‍  അള്‍ജിയേഴ്സിലും.
ഒരു പെണ്ണിടവും അവിടെ മുഴങ്ങിക്കേട്ട ആത്മരോഷങ്ങളുടെയും ദീനരോദനങ്ങളുടെയും പോരാട്ടത്തിന്റെയും തീവ്രാനുഭവമാണ് ഈ ചലച്ചിത്രം. അഭയവും സാന്ത്വനവും അരുളേണ്ട പുരുഷനും വീടും കിടപ്പറയും മാത്രമല്ല മതവും തീര്‍ക്കുന്ന  കടന്നാക്രമണങ്ങളെ അവള്‍ സ്വയം നേരിടുന്നു. സ്ത്രീക്കു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സ്ത്രീയുടെ ആന്തരിക ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവമാണ് ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top