26 April Friday

ഇനിയില്ല, മടക്കം

അശ്വതി ജയശ്രീUpdated: Sunday Feb 23, 2020


പ്രണയത്തെ കുറിച്ചായിരുന്നു കഴിഞ്ഞ ഫെബ്രുവരി 14 ന് മിക്ക ചർച്ചകളും. എന്നാൽ കെട്ടിച്ചമച്ച തീവ്രവാദ കേസിൽ  അസ്‌ലിയെ കുറ്റവിമുക്തയാക്കിയത് അന്നായിരുന്നു. അസ്‌ലി എർ ദോഗൻ, ഭരണകൂട  ഭീകരതയ്‌ക്കെതിരെ ശബ്ദവും തൂലികയും ഉയർത്തിയ എഴുത്തുകാരി. അതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്നവർ.. തുർക്കിഷ്‌ എഴുത്തുകാരിയും മനുഷ്യവകാശ പ്രവർത്തകയുമാണ്‌ എർദോഗൻ. കുർദിഷ്‌ ജനതയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട ഇടതുപക്ഷ പാർടിയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ടി അംഗം.

ഇന്ന് സ്വന്തം നാട്ടിലേക്ക് വരാൻ തന്നെ മടിക്കുന്ന അവസ്‌ഥയിലാണ്‌ അസ്‌ലി. കുർദിഷ്‌ അനുകൂല പത്രമായ ഒസ്ഗുര്‍ ഗുൻഡെയുടെ സാഹിത്യ ഉപദേശകസമിതിയിലെ അംഗമായി പ്രവർത്തിച്ചുവെന്നതായിരുന്നു എർദോഗന്റെ "വലിയ തെറ്റ്‌'. പത്രത്തിൽ മതനിരേപക്ഷത ഉയർത്തിപ്പിടിച്ച്‌ അവർ കോളം എഴുതി. തീവ്ര വലതുപക്ഷ ഇസ്ലാമിക കാഴ്ചപ്പാടുള്ള തുർക്കി സർക്കാരിന്‌ ഇതൊരു അപകടം പിടിച്ച നീക്കമായി തോന്നിയത്‌ സ്വാഭാവികം. 2016ൽ നാലുമാസത്തെ ജയിൽവാസം അനുഭവിച്ച്‌ പുറത്തിറങ്ങിയതുമുതൽ അസ്‌ലി ജർമനിയിൽ തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രവാസജീവിതത്തിലായിരുന്നു. എന്നാൽ കുറ്റവിമുക്തയാക്കപ്പെട്ടിട്ടും തുർക്കിയിലേക്ക്‌ തിരിച്ചുപോകാൻ ഭയപ്പെടുന്നു ഈ എഴുത്തുകാരി.


 

ഒരുപക്ഷേ അവിടെ തന്നെ കാത്തിരിക്കുന്നത് മരണമാകാമെന്ന്‌ അവർ ഭയപ്പെടുന്നു. നാട്ടിലേക്ക് മടങ്ങിയാൽ കൂടുതൽ കുറ്റകൃത്യങ്ങൾ തന്നിൽ ചുമത്താൻ അധികൃതർ ശ്രമിക്കുമെന്നതിൽ സംശയമൊന്നുമില്ല. എന്നാണോ ഭയമില്ലാതെ അവർക്ക്‌ സ്വന്തം രാജ്യത്തേക്ക്‌ മടങ്ങാൻ കഴിയുക അന്ന്‌ മാത്രമെ ഇതിന്‌ പരിഹാരം കണ്ടുവെന്ന്‌ പറയാനാകൂ. ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം മതനിരപേക്ഷതയും ഉയർത്തിയുള്ള അസ്‌ലിയുടെ പ്രവർത്തനങ്ങൾ തീവ്ര മുസ്ലിംഅനുകൂല സർക്കാരിനെ ചൊടിപ്പിച്ചത്‌ സ്വാഭാവികം മാത്രം. പത്രവുമായി ബന്ധപ്പെട്ട്‌ കെട്ടിച്ചമച്ച തീവ്രവാദകേസിൽ അങ്ങനെ അവർ കുറ്റാരോപിതയായി. പലയിടങ്ങളിൽ നിന്നുള്ള ഭീഷണി നേരിട്ടിട്ടും എഴുത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ അവർ തയ്യാറായില്ല.  തുർക്കിയിലെ  രാഷ്ട്രീയ വ്യവസ്ഥ സ്വേച്ഛാധിപത്യ, നവ സ്വേച്ഛാധിപത്യ തലത്തിലേക്ക്‌ എത്തിക്കഴിഞ്ഞുവെന്ന്‌ എർദോഗൻ ഉറക്കെപ്പറഞ്ഞു. ജയിൽ വാസം അനുഭവിക്കുന്ന എഴുത്തുകാരൻ അഹ്‌മത്ത് അൾട്ടാനും വ്യാപാരിയും മനുഷ്യസ്‌നേഹിയുമായ ഉസ്മാൻ കവാലയും ഉൾപ്പെട്ട കേസുകൾ രാജ്യത്തെ സ്ഥിതിഗതികൾ സ്വേച്ഛാധിപത്യത്തിനും അതീതമാണെന്ന് തെളിയിക്കുന്നതാണ്‌.


 

ചെക് റിപ്പബ്ലിക്കിലെ വാക്ലാവ് ഹാവൽ ഫൗണ്ടേഷന്റെ, മനുഷ്യാവകാശങ്ങൾക്കായി നിലനിൽക്കുകയും ഭീഷണികൾ നേരിടുകയും ചെയ്ത എഴുത്തുകാർക്കുള്ള 2019ലെ പുരസ്കാരം അസ്‌ലി നേടിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അത്രയ്ക്കുണ്ട്‌ ഈ "പെൺപോരാളി'യുടെ അനുഭവങ്ങൾ. അവരുടെ പോരാട്ടങ്ങൾക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ഇത്തരം പ്രചോദനങ്ങൾ കിട്ടിക്കൊണ്ടേയിരുന്നു.  സിമൻ ദെ ബുവെ പ്രൈസ്‌ ഫോർ ഹ്യൂമൻ റൈറ്റ്‌സ്‌, യൂറോപ്യൻ സാംസ്കാരിക സംഘടനയുടെ പ്രിൻസസ്‌ മാർഗ്രീറ്റ്‌ പുരസ്കാരം, സമാധാനത്തിനുള്ള എറിക്‌ മറിയ റെമാർക് പുരസ്കാരം എന്നിവ അവയിൽ ചിലതാണ്‌. ദ ഫൈനൽ ഫെയർവെൽ നോട്ട്‌, ക്രസ്റ്റ്‌ മാൻ, മിറാക്കുലസ്‌ മൻഡാറിൻ, വുഡൻ ബേർഡ്‌സ്‌, ദ സിറ്റി ഇൻ ക്രിംസൻ ക്ലോക്ക്‌ എന്നിവ അസ്‌ലിയുടെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളാണ്‌. 22ഓളം ഭാഷകളിലേക്കാണ്‌ ഇവ പരിഭാഷ ചെയ്യപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top