ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡലുകൾ സമ്മാനിക്കുന്നതിൽ പുരുഷ കായികതാരങ്ങളോടൊപ്പം വനിതാ കായികതാരങ്ങളും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യാഡിന്റെ വേദികളിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിക്കുന്നതിന്, ദേശീയഗാനം മുഴങ്ങിക്കേൾക്കുന്നതിന് ഇന്ത്യയുടെ വനിതാ കായികതാരങ്ങൾ നിരവധി തവണ കാരണമായിട്ടുണ്ട്.
1951 ഡൽഹി ഏഷ്യാഡിൽ സ്ത്രീകളുടെ 100 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയ റോഷൻ മിസ്ത്രിയാണ് ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത. 100 മീറ്റർ ഓട്ടത്തിനു പുറമെ സ്ത്രീകളുടെ 4 x 100 മീറ്റർ റിലേയിൽ ഡൽഹി ഏഷ്യൻ ഗെയിംസിൽ റോഷൻ മിസ്ത്രി ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളിമെഡൽ നേടിയിരുന്നു. റോഷൻ മിസ്ത്രിക്ക് പുറമെ പാറ്റ് മെൻഡോസ, മേരി ഡിസൂസ, ബാനൂ ഗസ്ദർ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങൾ.ഇതിൽ മേരി ഡിസൂസ ആദ്യ ഏഷ്യൻ ഗെയിംസിൽ സ്ത്രീകളുടെ 200 മീറ്റർ ഓട്ടത്തിനും വെങ്കല മെഡൽ നേടി. (1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ മേരി ഡിസൂസ ഇന്ത്യക്ക് വേണ്ടി സ്ത്രീകളുടെ 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തു)
ഇതിനു പുറമെ പ്രഥമ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകൾ നാലു വെങ്കല മെഡൽ സമ്മാനിച്ചു. ബാർബറ വെബ്സ്റ്റർ ഷോട്ട്പുട്ടിലും ജാവലിൻ ത്രോയിലും, മേരി സെമോസ് ഹൈജമ്പിലും സിൽവിയ ഗൗണ്ട്ലെറ്റ് ലോങ്‌ജമ്പിലുമാണ് മെഡലുകൾ സമ്മാനിച്ചത്. വനിതാ കായികതാരങ്ങൾ ആദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണമെഡൽ സമ്മാനിച്ചത് 1954 മനില ഗെയിംസിൽ ആയിരുന്നു. ക്രിസ്റ്റീന ബ്രൗൺ, വയലറ്റ് പീറ്റേഴ്സ്, സ്റ്റെഫി ഡിസൂസ, മേരി ഡിസൂസ എന്നിവരുൾപ്പെട്ട ഇന്ത്യൻ വനിതാ ടീം 4 x 100 മീറ്റർ റിലേയിലാണ് സ്വർണത്തിൽ മുത്തമിട്ടത്.
ഏഷ്യാഡിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ വ്യക്തിഗത സ്വർണമെഡൽ ജേതാവ് കമൽജീത് സന്ധുവായിരുന്നു. 1970 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ 57.3 സെക്കന്റിൽ ഫിനിഷ് ചെയ്താണ് സന്ധു സ്വർണമെഡൽ നേടിയത്. പഞ്ചാബിൽനിന്നുള്ള സന്ധു 1971 ലെ ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ ഫൈനലിലെത്തി. കൂടാതെ 1972 മ്യൂണിച്ച് ഒളിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്കു വേണ്ടി പങ്കെടുത്തു. അത്‌ലറ്റിക്സിൽനിന്ന് വിരമിച്ചശേഷം ഇന്ത്യൻ വനിതാ സ്പിന്റർ ടീമിന്റെ കോച്ചായും പ്രവർത്തിച്ചു. 1971-ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
1986 സിയോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ അഞ്ചു സ്വർണമെഡലുകളിൽ നാലെണ്ണം ഇന്ത്യക്ക് സമ്മാനിച്ചത് പി ടി ഉഷയായിരുന്നു. 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സ്വർണമെഡലുകൾ നേടിയ ഉഷ 4x400 മീറ്റർ റിലേയിൽ എം ഡി വത്സമ്മ, ഷൈനി വിൽസൺ, വന്ദന റാവു എന്നിവരുടെകൂടെ ചേർന്ന് ഇന്ത്യക്ക് സ്വർണമെഡൽ സമ്മാനിച്ചു.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ കായികതാരങ്ങളോടൊപ്പം തന്നെ ധാരാളം വനിതാ കായികതാരങ്ങളും പങ്കെടുക്കുന്നുണ്ട്. അവരിലൂടെ കൂടുതൽ മെഡലുകൾ ഇന്ത്യയിലെത്തുമെന്നും ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..