25 April Thursday

കേൾക്കാമോ ആ കൂവലിന്റെ ഒലി

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Mar 22, 2020


ഏഴുവർഷംമുമ്പ്‌ ആൾക്കൂട്ടത്തിനിടയിൽനിന്ന്‌ ഡോ. രജിത്‌ കുമാറിനുനേരെ ഉറക്കെക്കൂവി പ്രതിഷേധിച്ച പെൺകുട്ടി –- ആര്യ സുരേഷ്‌. ശാസ്‌ത്രവിരുദ്ധതയും സ്‌ത്രീ വിരുദ്ധതയും കുത്തിനിറച്ച രജിത്‌ കുമാറിന്റെ പ്രസംഗം കേട്ട്‌ കൂവി പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയത്‌ ആര്യമാത്രം.  ഇന്ന്‌ പുതിയൊരാൾക്കൂട്ടം രജിത്‌ കുമാറിന്റെ കാപട്യത്തിന്‌ കൈയടിക്കുമ്പോൾ കാലത്തിനുമുമ്പേ സഞ്ചരിച്ച ആര്യയൂടെ കൂവൽ വീണ്ടും ചർച്ചയാകുകയാണ്‌. കുറേപ്പേരെങ്കിലും ആര്യയുടെ കൂവൽ ഏഴാണ്ടുകൾക്കുശേഷം ഏറ്റുകൂവുന്നുമുണ്ട്‌.

അയാൾക്കുനേരെ കൂവിയത്‌ ഒരിക്കലും തെറ്റായി തോന്നിയിട്ടില്ല. അന്നയാൾക്കൊപ്പം കുറേ രക്ഷിതാക്കളും അധ്യാപകരുമുണ്ടായിരുന്നു. വിദ്യാർഥികളും പ്രതിഷേധിച്ചില്ല. ഇന്നയാൾക്കൊപ്പമുള്ളത്‌ എന്തിനും കൈയടിക്കുന്ന ഒരാൾക്കൂട്ടവും. ആ മനുഷ്യന്റെ ചരിത്രം പരിശോധിക്കാതെ അനാവശ്യമായി ആൾക്കൂട്ടം അയാളെ ആഘോഷിക്കുകയാണ്‌. രജിത്‌ കുമാറിനെ പിന്താങ്ങുന്നവർക്കാർക്കും അയാൾ പറഞ്ഞുവച്ച കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയില്ല. ഇനിയിപ്പോൾ അറിയിക്കാൻ വേണ്ടിയാണെങ്കിലും അയാൾ അന്ന്‌ പറഞ്ഞ വാക്കുകൾ വീണ്ടും പ്രചരിപ്പിക്കുന്നത്‌ ആത്മഹത്യാപരമാണ്‌. സ്‌ത്രീകളെയും ട്രാൻസ്‌ജെൻഡേഴ്‌സിനെയും അടച്ചാക്ഷേപിക്കുന്ന പിന്തിരിപ്പൻ നിലപാടുകളുള്ളതാണ്‌ രജിത്‌ കുമാറിന്റെ  പ്രസംഗങ്ങളെല്ലാം. അതൊന്നും വീണ്ടും പ്രചരിപ്പിക്കാൻ കഴിയുന്നതല്ല –- ആര്യ പറയുന്നു.

2013ൽ തിരുവനന്തപുരം ഗവൺമെന്റ്‌ വിമെൻസ്‌ കോളേജിൽ പഠിക്കുമ്പോഴാണ്‌ രജിത്‌ കുമാറിനെതിരെ ആര്യ കൂവി പ്രതിഷേധിച്ചത്‌. "പുരുഷ വർഗത്തിന് വെറും 10 മിനിറ്റ് മതി ബീജം ഒരു പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ തുള്ളിയാൽ യൂട്രസ്‌ ഇളകും. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാൻ കഴിയുന്നവരാണ് പെൺകുട്ടികൾ.' -ഇങ്ങനെയൊക്കെയായിരുന്നു അയാളുടെ ജൽപ്പനങ്ങൾ.  സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അവരെ പ്രാപ്‌തരാക്കാൻ വിദ്യാഭ്യാസവകുപ്പ്‌  കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ നടത്തിയ മൂല്യബോധന യാത്രയിലായിരുന്നു പ്രസംഗം.

റിയാലിറ്റി ഷോയിൽനിന്ന്‌ പുറത്തായ രജിത്‌ കുമാറിനെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടമാണ്‌ വിമാനത്താവളത്തിലെത്തിയത്‌. കുഞ്ഞുങ്ങളെയുമെടുത്ത്‌ വന്നവരുണ്ട്‌.  മലയാളികൾക്കാകെ അപമാനമാണവർ. രജിത്‌ കുമാറിന്‌ ലഭിച്ച സ്വീകരണത്തിനുശേഷം ചില ഓൺലൈൻ മാധ്യമങ്ങളോട്‌ ആര്യ പ്രതികരിച്ചിരുന്നു. വാർത്താലിങ്കുകൾക്കടിയിൽ വരുന്ന കമന്റുകളും പ്രതികരണങ്ങളും വായിക്കാൻ കഴിയുന്നതല്ല. സ്‌ത്രീകളുടെ പ്രതികരണമാണ്‌ അതിരൂക്ഷം. രജിത്‌ കുമാറിനെ പിന്താങ്ങുന്ന സ്‌ത്രീകൾക്ക്‌ അറിയാവുന്നത്‌ ചാനൽ റിയാലിറ്റിഷോയിൽ അയാളുണ്ടാക്കിയെടുത്ത ഇമേജ്‌ മാത്രമാണ്‌. മറ്റൊന്നും അവർക്കറിയില്ല. അറിയാൻ ശ്രമിക്കുന്നുമില്ല. പുതിയ തലമുറയിലെ പെൺകുട്ടികളാണ്‌ കൂടുതലും അയാളെ പിന്താങ്ങുന്നത്‌ എന്നത്‌ അതിശയമാണെന്നും ആര്യ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top