26 April Friday

അരുണജ റോക‌്സ‌് ത്രൂ ‘ബ്രോക്കൺ’

ആർ ഹേമലതUpdated: Friday Jun 7, 2019

കൊച്ചി > ‘എന്റെ കഥ എവിടെ തുടങ്ങണമെന്ന‌് എനിക്കറിയില്ല...’ വ്രണിതഹൃദയയായ ഒരു പെൺകുട്ടി പാടുകയാണ‌്. പക്ഷേ  ‘ബ്രോക്കൺ’ എന്ന ആൽബത്തിലൂടെ പ്രശസ‌്തയായ ആലുവ സ്വദേശി അരുണജയ‌്ക്ക‌് അവളുടെ ജീവിതം സംഗീതമാണെന്ന‌് കൃത്യമായ തിരിച്ചറിവുണ്ട‌്.

നേരംപോക്കിന‌് വയലിൻ വായിച്ചിരുന്ന നളിനാക്ഷൻ എന്ന അച്ഛന്റെ മകൾ സംഗീതത്തിൽ പിച്ചവച്ചത‌് സ്വാഭാവികം. അഞ്ചുവയസ്സുമുതൽ പഠിച്ച കർണാടകസംഗീതം പോപ്പ‌് സംഗീതത്തിന‌് വഴിമാറിയത‌് സെന്റ‌് ആൽബർട‌്സ‌് കോളേജിലെ ബിരുദ പഠനകാലത്ത‌ാണ‌്. ബികോം പഠനത്തിനായി 2011ലാണ‌് കോളേജിൽ എത്തിയത‌്. സർവകലാശാല യുവജനോത്സവങ്ങളിൽ അക്കാലത്ത‌് പാശ‌്ചാത്യസംഗീത മത്സരത്തിൽ ആൽബർട‌്സായിരുന്നു മുന്നിൽ. കർണാടകസംഗീതം വഴങ്ങുന്ന തൊണ്ടയിൽ പാശ‌്ചാത്യത്തിന‌് സാധ്യതയുണ്ടോ എന്ന‌ു തിരിച്ചറിയാത്ത കാലം. എങ്കിലും ധൈര്യപൂർവം ചുവടുവച്ചപ്പോൾ ചില അംഗീകാരങ്ങൾ തേടിയെത്തി.

സർവകലാശാല യൂത്ത‌് ഫെസ‌്റ്റിവലിൽ സോളോയ‌്ക്കും ഗ്രൂപ്പിനും ഒന്നാമതെത്തിയതോടെ വിശാലമായ സംഗീതലോകത്തേക്ക‌് മനസ്സ‌് തുറന്നുവച്ചു. എംകോം പഠനവും ആൽബർട‌്സിൽത്തന്നെ പൂർത്തിയാക്കി. ഇതിനിടയിൽ ‘റോക‌്സ‌് ഓഫ‌് ഏജസ‌്’ എന്ന ബാൻഡിൽ പാടാൻ അവസരം ലഭിച്ചു. പരിശീലകനായി എത്തിയ ബ്രാങ്കോ സ‌്റ്റാർക‌് എന്ന സംഗീതജ്ഞനാണ‌് കൂടുതൽ ധൈര്യം തന്നത‌്.

2016ൽ കളേഴ‌്സ‌് ഇൻഫിനിറ്റി നടത്തിയ ‘ദ സ‌്റ്റേജ‌്’ എന്ന ഷോയുടെ രണ്ടാംസീസണിൽ ഫൈനലിൽ എത്തിയ മൂന്നാമത്തെ ആളായി അരുണജ. പാശ‌്ചാത്യസംഗീതത്തി‌ന‌് മാർക്കിടുന്ന ഇന്ത്യയിലെ ഏക സംഗീതമത്സരത്തിൽ സമ്മാനിതയായില്ലെങ്കിലും അരുണജയുടെ ശബ‌്ദം വിധികർത്താക്കളെ വല്ലാതെ ആകർഷിച്ചു. മനസ്സിന്റെ ആഴങ്ങളെ സ‌്പർശിക്കുന്നതാണ‌് അവളുടെ ശബ‌്ദമെന്ന‌് അവർ വിധിയെഴുതി. വേദിയിലെ പ്രകടനവും മികവുറ്റതാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ.

ജീവിതം ഇത്രയുമൊക്കെയായപ്പോൾ അരുണജ തീരുമാനിച്ചു, തന്റെ വഴി സംഗീതം തന്നെയെന്ന‌്. എംകോം പഠിച്ച‌് ഏതെങ്കിലും ബാങ്കിൽ കണക്കപ്പിള്ളയാകുന്നതിലും അപ്പുറം തനിക്കൊരു പാട്ടിന്റെ വഴിയുണ്ടെന്ന തിരിച്ചറിവിൽ അരുണജ സ്വന്തമായി ഒരു ബാൻഡ‌് തുടങ്ങി. ‘അരുണജ’ എന്ന‌ുതന്നെയാണ‌് പേര‌് നൽകിയത‌്. മുംബൈയിലാണ‌് ആസ്ഥാനം.

സ്വന്തമായി വരികളെഴുതി സംഗീതം നൽകി പാടിയ ‘ബ്രോക്കൺ’ എന്ന ആൽബം 2019 മാർച്ച‌് എട്ടിന‌് പുറത്തിറങ്ങി. മികച്ച സ്വീകരണമാണ‌് ലഭിച്ചത‌്. യുട്യൂബിൽ ഒന്നരലക്ഷത്തിലധികംപേർ ആൽബം കണ്ടു. നിരവധി കമന്റുകളും ഷെയറുകളുമായി ഒരു മലയാളിപ്പെൺകുട്ടി പാശ‌്ചാത്യസംഗീത രംഗത്ത‌് തരംഗമാകുകയായിരുന്നു. ഇതിനിടയിൽ മണികർണിക എന്ന സിനിമയിലും പാടി. സ‌്റ്റേജ‌് പെർഫോമെൻസും സിനിമയും രണ്ടാണെങ്കിലും രണ്ടും ഇഷ‌്ടമാണ‌്.

കഴിഞ്ഞ മാർച്ചിൽ ഇസ‌്താംബൂളിൽ നടന്ന ആദ്യപരിപാടിയോടെ ഈ പെൺകുട്ടിയുടെ ശബ‌്ദം രാജ്യാന്തര ശ്രദ്ധയും നേടിത്തുടങ്ങി. കേരളത്തിൽ തിരുവനന്തപുരത്ത‌ുമാത്രമാണ‌് ‘അരുണജ’ സ‌്റ്റേജ‌് ഷോ അവതരിപ്പിച്ചത‌്. അമ്മ സരയു ആദ്യമായി അരുണജയുടെ വേദിയിലെ പ്രകടനം കാണുന്നതും അവിടെവച്ചാണ‌്.

കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരിയാണ‌് അമ്മ സരയു. സംഗീതവഴിയിൽ ആദ്യക്ഷരങ്ങൾ പകർന്ന അച്ഛൻ നളിനാക്ഷൻ കുറച്ചുനാൾമുമ്പ‌് മരിച്ചു. അമ്മയും അനുജത്തി അരവിന്ദയുമാണ‌് എല്ലാത്തിനും പിന്തുണ.  2016ൽ സപര്യ, എഐയുവിന്റെ ബെസ‌്റ്റ‌് വോക്കലിസ‌്റ്റ‌് പുരസ‌്കാരം എന്നിവയാണ‌് ഏറ്റവും ഒടുവിൽ ലഭിച്ച അംഗീകാരങ്ങൾ. ‘സ്വന്തം നാടായ കൊച്ചിയിൽ ഒന്നുപാടണം. അതാണ‌് ഇനിയുള്ള ആഗ്രഹം. പാശ‌്ചാത്യസംഗീതം ഇഷ‌്ടപ്പെടുന്ന കൊച്ചിക്കാർ അതിനുള്ള അവസരം താമസിയാതെ ഒരുക്കുമെന്ന പ്രതീക്ഷയിലാണ‌് ഞാൻ’–- അരുണജ പറഞ്ഞുനിർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top