18 April Thursday

ഐടിയിൽനിന്ന്‌ ചീസിലേക്ക്‌; ചീസ് വിഭവങ്ങളുടെ കേരളത്തിലെ ആദ്യ നിർമാതാവിന്റെ കഥ

അക്ഷിത രാജ്‌ akshitharaj2014@gmail.comUpdated: Sunday Apr 10, 2022

മുമ്പ്‌ മലയാളിക്ക് അത്ര പരിചിതമല്ലാത്ത പാൽക്കട്ടിയെ അവരുടെ രുചിമുകുളങ്ങളിലേക്ക് ചേർത്തുവച്ചത് തൃശൂർക്കാരി അനു ജോസഫാണ്. "കസാരോ ക്രമറി' എന്ന കമ്പനി ചീസിന്റെ രുചിതേടിയലഞ്ഞവർക്ക് ഒരു ഉത്തരമായി.  മുറ്റത്തെ മണമുള്ള മുല്ലയായി ഈ ഇറ്റാലിയൻ നാമമുള്ള കമ്പനി തൃശൂരിലെ കാട്ടൂരിൽ വളർന്നു. ഒപ്പം തീൻമേശയിലെ ചീസ് വിഭവങ്ങളുടെ കേരളത്തിലെ ആദ്യ നിർമാതാവായി അനുജോസഫും.

ഐടിയിൽനിന്ന്‌ ചീസിലേക്ക്‌

വിവാഹശേഷം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു. പഠിച്ചത്‌ ബയോമെഡിക്കൽ എൻജിനിയറിങ്‌. രണ്ട്‌ വർഷത്തോളം യുഎസിൽ സോഫ്‌റ്റ്‌വെയർ എൻജിനിയർ ആയി ജോലിചെയ്‌തു. 2016ൽ നാട്ടിലെത്തിയ ശേഷമാണ്‌ പുതിയ സാധ്യത തേടിയത്‌.  ചീസ്‌ ഒരുപാട്‌ ഇഷ്‌ടമാണ്‌. പലതരം വിഭവങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കും. വിദേശരുചി കലർന്ന ചീസ്‌ വിഭവങ്ങൾ വീട്ടുകാർക്കും പ്രിയമായതോടെ ചെറിയ കുടുംബ സൽക്കാരങ്ങളിലും പാകം ചെയ്‌ത്‌ നൽകി.  സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പ്രോത്സാഹനത്തോടെയാണ്‌ വലിയ ഒരുദ്യമത്തിലേക്ക്‌ കാലെടുത്തുവച്ചത്‌.

കസാരോ ക്രമറി

തുടക്കത്തിൽ വീട്ടിലെ അടുക്കളയിൽ തന്നെ നിർമിച്ച്‌ വീട്ടുകാരും സുഹൃത്തുക്കളും ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ഏഴ്‌ തരം ചീസ്‌ വിഭവങ്ങൾ പാകം ചെയ്‌തു നൽകി. നല്ല അഭിപ്രായം ലഭിച്ചതോടെ വിപണനത്തിലേക്ക്‌ കടന്നു. വീടിനുപിന്നിൽ  ചെറിയ ഷെഡ്‌ കെട്ടിയാണ്‌ തുടക്കം. ഒരു വർഷത്തെ പരീക്ഷണങ്ങൾ ഇതിന്‌ പിന്നിലുണ്ട്‌. കേരളത്തിൽ ചീസ്‌ നിർമാതാക്കൾ ഇല്ലെന്നറിഞ്ഞതോടെ കൂടുതൽ ആത്മവിശ്വാസം കിട്ടി. എന്നാൽ നിർമാണത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കാനോ പഠിപ്പിക്കാനോ കേരളത്തിൽ പരിചയമുള്ളവരില്ല. പോണ്ടിച്ചേരിയിലും ഊട്ടിയിലെ  കൂനൂരിലുമുള്ള ചീസ്‌ ഉൽപ്പാദകരെ നേരിട്ടുകണ്ടു. അങ്ങനെ ചീസ്‌ നിർമാണത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. പോണ്ടിച്ചേരിയിലെ രണ്ട്‌ ഇറ്റാലിയൻ ചീസ്‌ നിർമാതാക്കൾ ഏറെ സഹായിച്ചു. കാട്ടൂര്‌ പോലുള്ള ചെറിയ ഗ്രാമത്തിൽനിന്ന്‌ ചീസ്‌ നിർമാണം ഏറെ വെല്ലുവിളി നിറഞ്ഞത്‌ തന്നെയായിരുന്നു. ഒരു ഇറ്റാലിയൻ പേര്‌ കമ്പനിക്ക്‌ വേണമെന്ന ആലോചനയിലാണ്‌ "കസാരോ ക്രമറി'യിലെത്തിയത്‌.

കേരളവും കടന്ന്‌

ആറ്‌ ലക്ഷം മുതൽമുടക്കിൽ വീടിന്‌ പുറകിലെ ചെറിയ ഷെഡിൽ തുടങ്ങിയതാണ്‌. ഇപ്പോൾ വീടിനോട്‌ ചേർന്ന്‌ തന്നെ 3000 സ്‌ക്വയർഫീറ്റിലാണ്‌ ചീസ്‌ നിർമാണ യൂണിറ്റ്‌. നിലവിൽ  85 ലക്ഷത്തോളം വാർഷിക വരുമാനം ലഭിക്കുന്നു. 11 ജീവനക്കാർ യൂണിറ്റിലും 7 പേർ വിപണനത്തിനായി മറ്റു ജില്ലകളിലും ജോലി ചെയ്യുന്നു. വെറും അഞ്ച്‌ ലിറ്റർ പാലിൽ നിർമാണം ആരംഭിച്ചതായിരുന്നു‌‌. ഇന്ന്‌ ദിവസവും 250 ലിറ്റർ പാലാണ്‌ ഉപയോഗിക്കുന്നത്‌. ഇരുപതോളം ചീസ്‌ ഉൽപ്പന്നങ്ങൾ കേരളത്തിൽ എല്ലാ ജില്ലകളിലും ബംഗളൂരു, കൊൽക്കത്ത, കോയമ്പത്തൂർ എന്നിവിടങ്ങളിലും വിൽപ്പന നടത്തുന്നു.

"കസാരോ ക്രമറി', പേര്‌ പോലെ തന്നെ ഇറ്റാലിയൻ രുചി അതുപോലെ പാകം ചെയ്‌തു വച്ചിട്ടുണ്ട്‌ ഓരോ ചീസ്‌ ഉൽപ്പന്നത്തിലും. ഒപ്പം കേരളത്തിന്റെ തനത്‌ ചേരുവകളും. ചീസ്‌ എന്നു കേട്ടാൽ നാവിൽ വെള്ളമൂറുന്ന മലയാളികൾക്ക്‌ മുന്നിൽ കേരളത്തിലെ ആദ്യത്തെ ചീസ്‌ നിർമാണ കമ്പനിയായ കസാരോ ക്രമറി ഇടം പിടിച്ചു. നാല്‌ വർഷം പിന്നിടുന്ന ചീസ്‌ നിർമാണം അനുജോസഫിന്റെ ജീവിതത്തിലെ നാഴികക്കല്ല‌്‌‌ കൂടിയാണ്‌. ജോസഫ്‌ ഇ പാലത്തിങ്കലാണ്‌ അനുവിന്റെ ഭർത്താവ്‌. ‌മക്കൾ ക്ലെയറയും മെറിനും. ഇരട്ടകളാണ്‌. അച്ഛൻ സിബിജോസഫ്‌, അമ്മ മറീന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top