24 April Wednesday

അന്ന ലൂയി സ്ട്രോങ് എന്ന അചഞ്ചലയായ കമ്യൂണിസ്റ്റ്

കെ ആര്‍ മായUpdated: Friday Jul 8, 2022

1916നവംബര്‍ 5 ഞായറാഴ്ച തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ ചുവന്ന ലിപികളാല്‍ അടയാളപ്പെടുത്തപ്പെട്ട ദിനമാണ്. വാഷിങ്ടണിലെ എവറെറ്റില്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഓഫ് വേള്‍ഡ് (ഐഡബ്ല്യുഡബ്ല്യു) എന്ന തൊഴിലാളി സംഘടനയും തൊഴിലുടമകളും തമ്മിലുള്ള വ്യവസായത്തര്‍ക്കം പരിഹരിക്കാന്‍ കൂടിയതായിരുന്നു അന്ന്. എന്നാലത് തൊഴിലാളി പ്രക്ഷോഭമായി മാറുകയായിരുന്നു. തുടര്‍ന്ന് അവിടെ നടന്ന വെടിവെപ്പില്‍ പതിനഞ്ചോളം തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ''ന്യൂയോര്‍ക്ക് ഈവനിങ് പോസ്റ്റി''നുവേണ്ടി ആ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അന്ന ലൂയി സ്ട്രോങ് ആയിരുന്നു.

ചരിത്രത്തില്‍ പിന്നീട് രക്തരൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെട്ട ആ കൂട്ടക്കൊല സ്ട്രോങ്ങിനെ വല്ലാതെ ഉലച്ചു. തൊഴിലുടമകളുടെ അക്രമത്തെ എതിര്‍ത്ത സ്ട്രോങ് ഐഡബ്ല്യുഡബ്ല്യുവിനെ പിന്തുണച്ചു. അനിസെ എന്ന തൂലികാനാമത്തില്‍ തൊഴിലാളിപക്ഷത്തിനുവേണ്ടി എഴുതാനാരംഭിച്ചു. ആ എഴുത്ത് ഒരു തുടക്കമായിരുന്നു.

അമേരിക്കയില്‍ ജനിച്ച്, മരണംവരെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രചാരകയായി ജീവിച്ച അന്ന ലൂയി സ്ട്രോങ് 1885ല്‍ അമേരിക്കയിലെ നെബ്രാസ്കയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കള്‍ തീവ്ര മത വിശ്വാസികളായിരുന്നു. മിഷനറി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പിതാവ് സിഡ്നി ഡിക്സ് സ്ട്രോങ് കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചിലെ സോഷ്യല്‍ ഗോസ്പല്‍ മിനിസ്റ്റര്‍ ആയിരുന്നു.

ഒഹിയോ യൂണിവേഴ്സിറ്റിയിലും ചിക്കാഗോ യൂണിവേഴ്സിറ്റിയിലുമായി ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ സ്ട്രോങ് പഠനം പൂര്‍ത്തിയാക്കിയത് തത്ത്വശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിക്കൊണ്ടായിരുന്നു. ''പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം'' എന്നതായിരുന്നു ഗവേഷണ വിഷയം.

1916 നും 21 നുമിടയില്‍ സിയാറ്റില്‍ പൊതുപണിമുടക്കും എവറെറ്റ് കൂട്ടക്കൊലയുള്‍പ്പെടെ അമേരിക്കന്‍ മണ്ണിനെ ഇളക്കിമറിച്ച പല രാഷ്ട്രീയ സംഭവവികാസങ്ങളുമുണ്ടായി. ഈ രാഷ്ട്രീയാന്തരീക്ഷമാണ് സ്ട്രോങ്ങിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയത്. തൊഴിലെടുക്കുന്ന വര്‍ഗത്തിന്റെ ദുരിതങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഉത്തരവാദി മുതലാളിത്തമാണെന്ന് ഈ ഘട്ടത്തില്‍ത്തന്നെ അന്ന തിരിച്ചറിഞ്ഞു. ഒരു മുതലാളിത്ത രാജ്യത്ത് ജനിച്ചുവളര്‍ന്നതിനാല്‍ അന്ന അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. അന്നയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍തന്നെ അമേരിക്ക എന്ന തന്റെ മാതൃരാജ്യത്തോട് വിരക്തി തോന്നി. കടുത്ത നിരാശയിലാണ്ടു.

അതിനിടെയാണ് കമ്യൂണിസ്റ്റ് രാജ്യങ്ങളെപ്പറ്റി അറിയാനിടയായത്. അങ്ങനെ അന്ന കമ്യൂണിസ്റ്റ് ലോകത്തെ നിത്യസഞ്ചാരിയായി മാറി. 1921 ല്‍ മോസ്കോയിലേക്ക് പോയത് ഇന്റര്‍നാഷണല്‍ ന്യൂസ് സര്‍വീസിന്റെ മോസ്കോ കറസ്പോണ്ടന്റ് എന്ന നിലയിലായിരുന്നു. മോസ്കോയിലേക്കുള്ള ആ യാത്ര അന്നയുടെ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീടുള്ള 30 വര്‍ഷങ്ങള്‍ തന്റെ എഴുത്തിനെയും പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയമായി പരിവര്‍ത്തിപ്പിച്ച കാലമായിരുന്നു.

അതിനു മുന്‍പേ തന്നെ അന്ന തന്റെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 1910ല്‍ കുടുംബം സിയാറ്റിലിലേക്ക് താമസം മാറ്റിയിരുന്നു. അക്കാലത്താണ് സിയാറ്റില്‍ സ്കൂള്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. തൊഴിലാളികളുടെ ശക്തമായ പിന്തുണയാണ് അന്ന തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. ഒന്നാം ലോക യുദ്ധത്തിലേക്കുള്ള അമേരിക്കയുടെ രംഗപ്രവേശത്തോടുള്ള എതിര്‍പ്പും റഷ്യന്‍ വിപ്ലവത്തോടുള്ള അഭിനിവേശവും തൊഴിലാളി അനുകൂല നിലപാടുകളുംമൂലം സ്കൂള്‍ ബോര്‍ഡിലെ അംഗങ്ങള്‍ അന്നയ്ക്ക് എതിരായി. ഒടുവില്‍ അന്ന സ്കൂള്‍ ബോര്‍ഡിലെ അംഗത്വം ഉപേക്ഷിച്ച് തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഏകപത്രമായ സിയാറ്റില്‍ യൂണിയന്‍ റെക്കോര്‍ഡില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു.

തുടര്‍ന്ന് സിയാറ്റില്‍ പണിമുടക്കിന്റെ ജ്വലിക്കുന്ന മുഖമായി അന്ന മാറുകയായിരുന്നു. എന്നാല്‍ പണിമുടക്ക് ദുര്‍ബലമായതിനെ തുടര്‍ന്ന് സിയാറ്റില്‍ തൊഴിലാളിപ്രസ്ഥാനവും ദുര്‍ബലമായി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം നടപ്പാക്കുന്നത് എങ്ങനെയെന്ന് നേരിട്ട് പഠിക്കാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമായി റഷ്യയിലേക്കു പോകുന്നത്.

സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യ വിമോചന സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ സോവിയറ്റ് മണ്ണില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനാണ് അന്ന താല്‍പര്യപ്പെട്ടത്. എത്ര പഠിച്ചാലും തീരാത്തത്ര വിശാലമായിരുന്ന സോവിയറ്റ് മാതൃക മുന്നോട്ടുവെച്ച മനുഷ്യ കേന്ദ്രിത വികസന സങ്കല്‍പനങ്ങളില്‍ അന്ന ആഴ്ന്നിറങ്ങി. അങ്ങനെ പിറന്നുവീണ ഒട്ടേറെ രചനകള്‍ പ്രസിദ്ധീകൃതമായി. ലിയോണ്‍ ട്രോട്സ്കിയുടെ ആമുഖത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ദി ഫസ്റ്റ് ടൈം ഇന്‍ ഹിസ്റ്ററി: ടൂ ഇയേഴ്സ് ഓഫ് റഷ്യാസ് ന്യൂ ലൈഫ് എന്ന കൃതി വിപ്ലവാനന്തരം റഷ്യയില്‍ സോഷ്യലിസം നടപ്പാക്കിയതിന്റെ ആദ്യപാഠങ്ങള്‍ പങ്കുവെയ്ക്കുന്നു. ചില്‍ഡ്രന്‍ ഓഫ് റെവല്യൂഷന്‍ : സ്റ്റോറി ഓഫ് ദി ജോണ്‍ റീഡ്, ചില്‍ഡ്രന്‍സ് കോളനി ഓണ്‍ ദി വോള്‍ഗ എന്നീ കൃതികളാകട്ടെ റഷ്യയുടെ മഹത്തായ രൂപഘടനയെ വരച്ചിടുന്നു.

'സോവിയറ്റ് റിപ്പബ്ലിക്കില്‍ സാധാരണക്കാര്‍ക്ക് പുതുജീവന്‍ നല്‍കിയതിനെപ്പറ്റി വിശകലനം ചെയ്യുന്ന കൃതിയാണ് ന്യൂ ലൈവ്സ് ഫോര്‍ ഓള്‍ ഇന്‍ ടുഡെയ്സ് റഷ്യ. സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ ഭരിക്കും' എന്നു തുടങ്ങി സോവിയറ്റ് യൂണിയനിലെ വിവാഹവും സദാചാരവും, സോവിയറ്റ് യൂണിയനിലെ തൊഴിലാളികളുടെ ജീവിതം, ആധുനിക കൃഷി രീതിയെപ്പറ്റി വരെയുള്ള സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് നിര്‍മ്മിതിയെ അടയാളപ്പെടുത്തുന്ന സര്‍വ മേഖലകളെക്കുറിച്ചും അന്ന എഴുതി പ്രസിദ്ധീകരിച്ചു. തുടക്കത്തില്‍ ഇന്റര്‍നാഷണല്‍ ന്യൂസ് സര്‍വീസിലും പിന്നീട് ഗവണ്‍മെന്റുമായി ചേര്‍ന്നു സ്ഥാപിച്ച മോസ്കോ ഡെയ്ലി ന്യൂസിലും എഡിറ്ററായി പ്രവര്‍ത്തിച്ചു.

റഷ്യക്കാരനായ ജോയല്‍ ഷൂറിനുമായി ദാമ്പത്യജീവിതം ആരംഭിച്ച അന്ന കൂടുതല്‍ കര്‍മനിരതയായി. സ്റ്റാലിന്റെ ഭരണകാലത്ത് കമ്യൂണിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിര്‍ദ്ദേശമനുസരിച്ച് ചാരവൃത്തി ആരോപിക്കപ്പെട്ട് അന്ന ജയിലിലടയ്ക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം ജയില്‍മോചിതയായി. അന്ന ചാരവൃത്തി നടത്തിയതായി ഒരു തെളിവും കിട്ടിയിരുന്നില്ല. അവസാനം വരെ അന്ന സ്റ്റാലിന്റെ അനുയായി ആയി തുടരുകയും ചെയ്തു. സ്റ്റാലിന്റെ ഭരണകാലം സോവിയറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായതും ചലനാത്മകവുമായ കാലമായിരുന്നു എന്ന് ''സ്റ്റാലിന്‍ യുഗം'' എന്ന പുസ്തകത്തില്‍ അന്ന തുറന്നെഴുതി.

ജയില്‍മോചിതയായശേഷം സോഷ്യലിസത്തിന്റെ പുതിയ രൂപങ്ങളെപ്പറ്റി പഠിക്കാന്‍ അന്ന ചൈനയിലേക്ക് പോയി. ചൈനീസ് നേതൃത്വവുമായി ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് തീവ്ര മാവോപക്ഷപാതിയായി മാറുകയും ചെയ്തു. ചൈന ടിബറ്റിലെ അടിയാളരുടെ സഹായത്തിനെത്തിയപ്പോള്‍ ചുവപ്പന്‍ സേനയെ ലാസയിലേക്ക് അനുഗമിച്ച ചുരുക്കം ചില വിദേശികളില്‍ ഒരാളായിത്തീര്‍ന്നു അന്ന. ഇതിനിടയില്‍ ചൈനീസ് വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകം വെറും 13 ദിവസം കൊണ്ട് അവര്‍ എഴുതിത്തീര്‍ത്തു.

ഒരിക്കല്‍ അന്ന ലൂയി സ്ട്രോങ് മൗസേ ദൂങ്ങുമായി അഭിമുഖം നടത്തവേ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു: ''കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനുവേണ്ടിയാണ് പോരാടുന്നത് എന്ന് അമേരിക്കന്‍ ജനത ചോദിച്ചാല്‍ ഞാന്‍ എന്തു മറുപടി പറയണം? '' ഇതായിരുന്നു ചോദ്യം.  മൗ അതിനു പറഞ്ഞ ഉത്തരം എക്കാലവും പ്രസക്തമാണ്. ''ചിയാങ് കൈഷെക്ക്  ചൈനീസ് ജനതയെ കശാപ്പു ചെയ്യുകയാണ്. അതിനെ അതിജീവിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. അത് അമേരിക്കന്‍ ജനതയ്ക്ക് മനസ്സിലാകും.''

ഹിറ്റ്ലറുടെ കാലത്ത്, അദ്ദേഹവും പങ്കാളികളായ ജാപ്പനീസ് യുദ്ധ പ്രഭുക്കളും സോവിയറ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വളരെക്കാലം ഉപയോഗിച്ചു. അമേരിക്കന്‍ പിന്തിരിപ്പന്മാരും അതേ രീതി പിന്തുടര്‍ന്നു. സോവിയറ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുടെ മറവില്‍ അവര്‍ അമേരിക്കയിലെ തൊഴിലാളികളെയും ജനാധിപത്യ കേന്ദ്രങ്ങളെയും ഭ്രാന്തമായി ആക്രമിച്ചു. ഈ ആക്രമണങ്ങളെ ചെറുക്കണമെങ്കില്‍ സോവിയറ്റ് വിപ്ലവപാത പിന്തുടരേണ്ടതുണ്ട്.

1917ലെ റഷ്യന്‍ വിപ്ലവത്തിനുമുമ്പ് റഷ്യ അടക്കി വാണിരുന്നത് സാര്‍ ചക്രവര്‍ത്തിമാരായിരുന്നു. ആ വിപ്ലവക്കൊടുങ്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പോലെ സാറിന്റെ സ്വേച്ഛാധിപത്യം തകര്‍ന്നുതരിപ്പണമായി. റഷ്യയുടെ ശക്തി തൊഴിലാളികളുടെയും കര്‍ഷകരുടെയും സോവിയറ്റുകളുടെയും ഒരു ഏകീകൃത പക്ഷമായിരുന്നു. ഇതാണ് ചരിത്രം. ഇതായിരുന്നു മൗ പറഞ്ഞതിന്റെ പൊരുളും.

ജനങ്ങള്‍ക്കെതിരെ ആഭ്യന്തരയുദ്ധം ആരംഭിക്കാന്‍ ചിയാങ്  കൈഷക്കിനെ സഹായിക്കുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം വന്‍തുകയാണ് നല്‍കിയത്.

ഈ അഭിമുഖത്തിനിടെയാണ്, മുതലാളിത്തം അനിവാര്യമായും ശിഥിലമാകുമെന്ന, മാര്‍ക്സിസത്തിന്റെ പ്രാഥമികതത്ത്വം സ്ഥാപിക്കുന്നതിനായി മൗ ''പേപ്പര്‍ ടൈഗര്‍'' (കടലാസു കടുവ) എന്ന രൂപകം മുന്നോട്ടുവെച്ചത്. ജനകീയ ചൈനയുടെ പ്രത്യയശാസ്ത്രപ്രയോഗ തലങ്ങളില്‍ അന്നയ്ക്കുണ്ടായിരുന്ന വീക്ഷണവും അറിവും അഗാധമായിരുന്നു. മാവോയുടെ ചിന്തകള്‍ സമാഹരിച്ച 'ചുവന്ന' പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായി അന്ന നടത്തിയ ആ അഭിമുഖം മാറി.

അന്ന എഴുതിയ ''ചൈനയില്‍നിന്നുള്ള കത്ത്'' ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ചൈനാ നിരീക്ഷകരെ ആകര്‍ഷിച്ചു. ലെറ്റര്‍ ഫ്രം ചൈനയുടെ അവസാന ലക്കത്തില്‍, ചൈനയില്‍ താമസിച്ചതാണ് തന്റെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമായതെന്ന് അവര്‍ എഴുതി. 94 മത്തെ വയസ്സില്‍ അന്ന എഴുതിയ അവസാനത്തെ പുസ്തകത്തില്‍  ആത്മകഥാപരമെന്നു പറയാവുന്ന പുസ്തകം  ''ഐ ചെയ്ഞ്ച് വേള്‍ഡ്സ്: ദി റിമേക്കിങ് ഓഫ് അമേരിക്കന്‍''  തന്നെ മാറ്റിമറിച്ച ലോകങ്ങളെ അന്ന അടയാളപ്പെടുത്തുന്നു.

അഞ്ചുപതിറ്റാണ്ടുകാലമാണ് വിശാലമായ കമ്യൂണിസ്റ്റ് ലോകത്ത്  മഞ്ചൂറിയയില്‍നിന്ന് തിബറ്റിലേക്ക്, വടക്കന്‍ കൊറിയയില്‍ നിന്ന് പ്രാഗിലേക്ക്  മോസ്കോയില്‍ നിന്ന് പീക്കിങ്ങിലേക്ക്  നിരന്തരം അന്ന അലഞ്ഞത്. ലോകം മുഴുവന്‍ കമ്യൂണിസം പുലരുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതിനുള്ള ഉത്തരം അന്ന, തന്റെ അവസാനകാലം ചെലവഴിക്കാന്‍ തെരഞ്ഞെടുത്ത ചൈന നല്‍കി.

സോഷ്യലിസത്തിന്റെ പാതയിലേക്കുള്ള ചൈനയുടെ വളര്‍ച്ച അന്നേ അവര്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ്, അന്ന ലൂയി സ്ട്രോങ് എന്ന അചഞ്ചലയായ കമ്യൂണിസ്റ്റിനെ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രചാരകയെ എന്നും ചൈനയോടടുപ്പിച്ചതും.

(ചിന്ത വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top