25 April Thursday

മേഘങ്ങളിലേയ്ക്ക് ലയിച്ച്‌...

കെ ഇന്ദുലേഖUpdated: Tuesday Oct 16, 2018

പോയ് മറയുന്ന പാട്ടുകാലത്തിന്റെ ഓർമ്മയിലാണ് എഴുപതു കഴിഞ്ഞ ഗായിക. ആലപ്പുഴ തുമ്പോളിയിലെ കാഞ്ഞിരംചിറയിൽ ജനിച്ച അനസൂയ ആ മനോഹരകാലത്തെക്കുറിച്ച് പറയുന്നു.

ഉയരും ഞാൻ നാടാകെ,
പടരും ഞാൻ ആ പുത്തൻ,
ഉയിർ നാടിനേകിക്കൊണ്ടുയരും....

സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ, പി ഭാസ്കരന്റെ ഈ വരികൾ  ഗായികയുടെ ചുണ്ടിലേയ്ക്ക് ഒഴുകിയെത്തി. അനസൂയയുടെ പാട്ടുകൾ കേട്ടിട്ടുള്ളവരിൽ അധികംപേരും ഇന്ന് ജീവിച്ചിരിപ്പില്ല. കൂട്ടുകാരിൽ പലരും പോയ്മറഞ്ഞു. കാലം സമ്മാനിച്ച വെള്ളിക്കമ്പികളിൽ തലോടി പൊയ്പ്പോയ പാട്ട്‐സമരകാലത്തെക്കുറിച്ച് പറയുമ്പോൾ പഴയ വിപ്ലവഗായികയുടെ സ്വരം ഇടറുന്നേയില്ല.  ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ചതിന്റേയും ജന്മിത്തത്തിനെതിരെ പോരാടിയതിന്റേയും വീര്യം ഇന്നും ആ മുഖത്തും വാക്കിലുമുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾതന്നെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായതും വിവാഹവും സൗഹൃദവും പുന്നപ്ര വയലാർ സമരവുമെല്ലാം അനസൂയയുടെ ഓർമകളിലേയ്ക്ക് കടന്നുവന്നു.

സ്ത്രീകളെ പൊലിസുകാർ ക്രൂരമായി പീഡിപ്പിച്ചു. അനസൂയയെ അന്വേഷിച്ചും പൊലിസ് വീട്ടിലെത്തി. അങ്ങനെ അനസൂയയും ഒളിവിൽപോയി. സ്ത്രീകളെല്ലാം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.

അഞ്ച് വയസുള്ളപ്പോഴാണ് കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമാകുന്നത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് പാട്ടുമായി പാർടി യോഗങ്ങളിലേയ്ക്ക്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ അഞ്ചാമത് വാർഷികാഘോഷം ആലപ്പുഴയിലെ കൊമ്മാടിയിൽ നടന്നു. വർഷമൊന്നും കൃത്യമായി അനസൂയയ്ക്ക് ഓർക്കാൻ കഴിയുന്നില്ല. അന്നാണ് ആദ്യമായി പാട്ടു പാടുന്നത്. പാർടിയെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. അക്കാമ്മ ചെറിയാൻ, എം എൻ ഗോവിന്ദൻ നായർ, പി ടി പുന്നൂസ്, കെ സി ജോർജ്ജ്, പി കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ആദ്യമായി പാടുന്നത്. കമ്യൂണിസ്റ്റു പാർടിയുടെ അന്നത്തെ ചുമതല പി ടി പുന്നൂസിനായിരുന്നു. ആലപ്പി സദാനന്ദനും(ബേബി) അനസൂയയും ഒരുമിച്ചാണ് അന്ന് പാടിയത്. അന്ന് സമ്മാനവും കിട്ടി. രാഷ്ട്രീയപാട്ട് പാടിയാൽ അന്ന് പ്രശ്നമാണ്. തൊഴിലാളികളെ സംഘടിപ്പിച്ച് റാലിയൊക്കെ നടത്തുന്ന കാലവുമായിരുന്നു.

'കൂലി തരവേണം, തൊഴിൽ ചെയ്താൽ
മുതലാളരേ...
കൂലി തരവേണം...'

ഈ പാട്ട് പാടിയത് അനസൂയ ഓർക്കുന്നു. അനസൂയ പാടി നടക്കുന്ന കാലത്താണ് കെ വി പത്രോസിന്റെ നേതൃത്വത്തിൽ ഒരു കലാകേന്ദ്രം ആലപ്പുഴയിൽ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യകാല പ്രവർത്തകയായിരുന്നു അനസൂയ. കലാകേന്ദ്രത്തിലെ രാമൻകുട്ടിയാശാനാണ് പാട്ട്, ഡാൻസ്, തിരുവാതിരകളി, വട്ടക്കളി, ഓട്ടൻതുള്ളൽ എന്നിവയൊക്കെ പഠിപ്പിച്ചത്. അദ്ദേഹമെഴുതിയ  'ദേശസേവകൻ' എന്ന നാടകം പല സ്ഥലത്തും അവതരിപ്പിച്ചു. കയർ ഫാക്ടറി തൊഴിലാളികളായിരുന്നു അഭിനേതാക്കൾ. അന്ന് കേരളം സ്വതന്ത്രമായിട്ടില്ല. തിരു‐കൊച്ചിയാണ്.

പാട്ടുപാടിയാണ് അന്ന് നാടകത്തിന് ആളെ കൂട്ടുന്നത്. മൈക്കൊന്നുമില്ല. അനസൂയയുടെ പാട്ടുകൾ നാടകത്തിനുമുമ്പേ അങ്ങനെ നാട്ടുകാർ കേട്ടുതുടങ്ങി. തന്റെ പാട്ടുകാലമായ 1944‐45 കാലഘട്ടത്തെക്കുറിച്ച് പറയുമ്പോൾ ദുരിതമാണ് അനസൂയയുടെ ഓർമ്മയിേലക്കെത്തുന്നത്. അന്ന് പട്ടിണിയും യുദ്ധവും രാജഭരണവും. സി പി യുടെ തേർവാഴ്ചയുമുള്ള കാലമാണ്. രാജവാഴ്ചക്കെതിരായ പാട്ടുകളാണ് അക്കാലത്ത് പാടിയിരുന്നത്. എല്ലാ വീടുകളിലും പട്ടിണിയാണ്.

'ആസന്നമായ് സജീവസമരം
ഭാരതഭൂമിയിലും.

ഇത്തരത്തിലുള്ള പാട്ടുകളാണ് അന്ന് പാടുന്നത്. ആ സമയത്ത് ടി വി തോമസിന്റെ നേതൃത്വത്തിൽ നടന്ന  ഒരു യോഗത്തിൽ സ്വാഗത ഗാനം പാടിയത് അനസൂയയാണ്. 

'നാട്ടാരെല്ലാം കൂട്ടമായിട്ട്
അണിനിരക്കാതെ
പടു പട്ടിണി ഈ നാട്ടിൽനിന്ന്
പോവതെങ്ങനെ

ഇതായിരുന്നു ആ പാട്ട്. പുന്നപ്ര‐വയലാർ സമരത്തിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ് അനസൂയ പറയുന്നത്. ഇക്കാലത്ത് കലാമണ്ഡലം ഗംഗാധരനാണ് ഡാൻസ് പഠിപ്പിച്ചിരുന്നത്. സുബ്രഹ്മണ്യൻ തിരുമുമ്പ് ഒരു പാട്ട് എഴുതിയിരുന്നു. മദ്രാസിലെ മലയാളികൾക്കു വേണ്ടി അനസൂയയായിരുന്നു ആ പാട്ടുകൾ പാടിയത്.

'മണ്ണറിഞ്ഞാലും പൊന്ന് കായ്ക്കുന്ന
മണ്ണാണെൻ നാട്ടിലെന്നൊക്കെ
കേട്ടുകേട്ടു തഴമ്പിച്ചതാണെൻ
കുട്ടിക്കാലം...

ഈ പാട്ടാണ് പാടിയത്. കൂത്താട്ടുകുളത്ത്, കോട്ടയത്ത് തിരുനക്കര മൈതാനത്ത് തുടങ്ങിയ പല സ്ഥലങ്ങളിലും അനസൂയ പാട്ടുകൾ പാടിയിട്ടുണ്ട്.
ആ കാലത്താണ് പുന്നപ്ര‐വയലാർ സമരം നടക്കുന്നത്. അനസൂയ പങ്കെടുത്ത അവസാനത്തെ യോഗം കൂട്ടൂർ ജോസഫിന്റെ വീട്ടിൽ വെച്ചായിരുന്നു. പിന്നെ കാണുന്നത് തുമ്പോളിയിലും പട്ടാളം നിലയുറപ്പിച്ചതാണ്. പുന്നപ്ര‐വയലാർ സമരത്തിൽ പങ്കെടുക്കാൻ ഒരു യൂണിറ്റ് തുമ്പോളിയിൽനിന്നുമാണ് പോയത.്

വി എൻ തോമസാണ് നയിച്ചത്. സമരത്തിന് അനുകൂലമായി പാടിയതോടെ കുറച്ചുനാൾ ഒളിവിൽ താമസിച്ചു. അന്നത്തെ ഭീകരമായ അതിക്രമങ്ങൾ ഓർക്കാൻ കഴിയില്ലെന്നു അനസൂയ പറയുന്നു. സ്ത്രീകളെ പൊലിസുകാർ ക്രൂരമായി പീഡിപ്പിച്ചു. അനസൂയയെ അന്വേഷിച്ചും പൊലിസ് വീട്ടിലെത്തി. അങ്ങനെ അനസൂയയും ഒളിവിൽപോയി. സ്ത്രീകളെല്ലാം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.

പഴയ പാട്ടുകാലത്തെക്കുറിച്ചും ഭർത്താവ്  മരിച്ചതോടെ കുട്ടികളെ പോറ്റിയതിനെക്കുറിച്ചും ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച പാട്ടോർമ്മകളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും രാഷ്ട്രീയ കാലത്തെക്കുറിച്ചുമെല്ലാം. ആ ഓർമ്മകളെ കൂടെ കൂട്ടുകയാണ് അനസൂയയിപ്പോൾ. സമരസേനാനികൾക്ക് ലഭിക്കുന്ന പെൻഷൻകൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. എന്നാൽ ആ പോരാട്ട വീര്യം ഇന്നും മനസ്സിൽ കെട്ടടങ്ങിയിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top