"ചിലമ്പൊലിയിൽ' നൃത്തത്തിന് ഇടവേളകളില്ല, 84–-ാം വയസ്സിലും അതിശയിപ്പിക്കുന്ന ചുവടുകളുമായി കലാക്ഷേത്ര വിലാസിനി ഇവിടെയുണ്ട്. തലമുറകളുടെ ഭരതനാട്യം ഗുരുവാണ് കലാക്ഷേത്ര വിലാസിനി. നൃത്തസപര്യയുടെ അറുപതാണ്ടുകൾക്കിപ്പുറവും കടവന്ത്രയിലെ ചിലമ്പൊലിയെന്ന വീടിനോടു ചേർന്നുള്ള "നിത്യശ്രീ' നൃത്തവിദ്യാലയത്തിൽ ഇപ്പോഴും രാത്രി എട്ടുവരെ ക്ലാസുകളുണ്ട്. നൃത്തത്തെക്കുറിച്ച് പറയുമ്പോൾ ടീച്ചറുടെ മുഖത്ത് മധുരയിൽ അരങ്ങേറ്റത്തിന് ഒരുങ്ങിനിന്ന കുട്ടിയുടെ അതേ പ്രസരിപ്പ്. ശതാഭിഷേകത്തിന്റെ നിറവിൽ നൃത്തജീവിതത്തെക്കുറിച്ച് കലാക്ഷേത്ര വിലാസിനി പറഞ്ഞുതുടങ്ങി:
മധുരയിലേക്ക് പഴനി സ്വാമിയുടെ കത്ത്
ഒമ്പതാം വയസ്സിലാണ് നൃത്തപഠനം തുടങ്ങിയത്, കോയമ്പത്തൂരിലെ ടാഗോർ അക്കാദമിയിൽ. പ്രൊഫ. പഴനി സ്വാമിയായിരുന്നു ഗുരു. അരങ്ങേറ്റത്തിന്റെ സമയമായപ്പോൾ കൃഷിവകുപ്പിൽ ജോലി ചെയ്തിരുന്ന എന്റെ അച്ഛൻ എൻ കൃഷ്ണപിള്ളയ്ക്ക് മധുരയിലേക്ക് സ്ഥലംമാറ്റമായി. അതോടെ കോയമ്പത്തൂർ വിട്ടു. പെട്ടെന്നായതിനാൽ പഴനി സ്വാമിയോട് യാത്ര പറയാനായിരുന്നില്ല. നൃത്തപഠനം തുടരാനാകുമോയെന്നതും പ്രതിസന്ധിയിലായി. മധുരയിൽ എത്തിയതും അച്ഛൻ പലയിടത്തും നൃത്താധ്യാപികയെ അന്വേഷിച്ചു. വീട്ടിൽനിന്ന് പോയിവരാനുള്ള ദൂരത്തിൽ ആരെയും കണ്ടെത്താനായില്ല. അങ്ങനെ നൃത്തപഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആ സമയത്താണ് വിലാസം തേടിപ്പിടിച്ചയച്ച പഴനി സ്വാമിയുടെ കത്ത് വരുന്നത് - കുട്ടികൾ നൃത്തത്തിൽ വാസനയുള്ളവരാണ്, നൃത്തപഠനം തുടരണമെന്ന്. ഒടുവിൽ ജഗദാംബാൾ എന്ന അധ്യാപിക വീട്ടിൽ വന്ന് പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ മധുരയിൽ 1952ൽ ആയിരുന്നു ഭരതനാട്യം അരങ്ങറ്റം. ശേഷം ഊട്ടി, സേലം, നാഗർകോവിൽ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികൾക്കായി പോയിരുന്നു.
250 പേരിൽ ഒന്നാമത്
തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിലായിരുന്നു പഠനം. അവിടെ എല്ലാ പരിപാടികളിലും എന്റെ നൃത്തം ഉൾപ്പെടുത്തും.1957ൽ ആദ്യ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടി. പഠനം കഴിഞ്ഞ സമയത്താണ് കേരള സർക്കാർ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ പുതുതായി ആരംഭിക്കുന്ന ഭരതനാട്യം ഡിപ്ലോമ കോഴ്സിന്റെ അധ്യാപകരെ തേടി പത്രത്തിൽ പരസ്യം വരുന്നത്. അവസാന ദിവസമാണ് അപേക്ഷിക്കുന്നത്. അപേക്ഷ ഉദ്യോഗസ്ഥന്റെ വീട്ടിൽ കൊണ്ടുപോയി നൽകുകയായിരുന്നു. അഭിമുഖത്തിനുള്ള ലിസ്റ്റിലും അവസാന പേരായിരുന്നു. ഭരതനാട്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച തമിഴ്നാട്ടിൽ നിന്നെത്തിയ എൻ കൃഷ്ണയ്യരുടെ നേതൃത്വത്തിലായിരുന്നു അഭിമുഖം. 250 പേരിൽനിന്ന് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത് വലിയ സന്തോഷമായിരുന്നു
കലാക്ഷേത്രയിലേക്ക്
1958ൽ ആണ് ആൽഎൽവി കോളേജിൽ ഭരതനാട്യം ഡിപ്ലോമ കോഴ്സിന്റെ അധ്യാപികയായി നിയമനം ലഭിച്ചത്. ഉടൻ കൂടുതൽ പഠനത്തിനായി സ്കോളർഷിപ്പോടെ ചെന്നൈ കലാക്ഷേത്രയിലേക്ക് അയച്ചു. അവിടെ രുഗ്മിണി ദേവി, തങ്കമണി, അഡയാർ ലക്ഷ്മൺ, പുഷ്പ ശങ്കർ തുടങ്ങിയവരായിരുന്നു ഗുരുക്കൻമാർ. പ്രഗത്ഭരുടെ കീഴിൽ കർണാടക സംഗീതവും പഠിച്ചു. നൃത്തത്തിനൊപ്പം സംഗീതം പഠിച്ചിരിക്കണമെന്ന് അവിടെ നിർബന്ധമായിരുന്നു. തിരികെയെത്തി 1962 മുതൽ 1995 വരെ ആർഎൽവിയിൽ ഭരതനാട്യം അധ്യാപികയായി. ഡിപ്ലോമ കോഴ്സിന്റെ മേധാവിയുമായിരുന്നു. അധ്യാപനത്തിലേക്ക് കടന്നതും പരിപാടികൾക്കു പോകുന്നത് നിർത്തി.
60 വർഷം
2022ൽ ആണ് വിദ്യാർഥികളുടെ പ്രിയപ്പെട്ട ‘വിലാസിനി ടീച്ചർ' നൃത്താധ്യാപനത്തിന്റെ 60 വർഷം പൂർത്തിയാക്കിയത്. നിരവധി നൃത്താവതരണങ്ങൾ ഇതിനകം ചിട്ടപ്പെടുത്തി. കലാക്ഷേത്ര രീതിയിലുള്ള നൃത്തപഠനത്തിന് കേരളത്തിൽ പുതിയ ദിശാബോധം പകരാൻ വിലാസിനിക്കായി. ഭരതനാട്യ കച്ചേരികൾ കൂടുതലായി ചിട്ടപ്പെടുത്തി. 2015ൽ 75–--ാം ജന്മദിനത്തോട് അനുബന്ധിച്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ 757 പേർ ചേർന്ന് ഗൗരീശങ്കരം എന്നപേരിൽ അവതരിപ്പിച്ച നൃത്തശിൽപ്പം ഏറെ ശ്രദ്ധ നേടി. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചു. കുടുംബത്തിന്റെ പിന്തുണ തന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചതെന്ന് കലാക്ഷേത്ര വിലാസിനി പറയുന്നു. പെൺകുട്ടികളെ പുറത്തുവിടാത്തൊരു കാലത്ത് അച്ഛനും അമ്മ ഭവാനിയും പൂർണ പിന്തുണ നൽകി. വിവാഹശേഷം ഭർത്താവ് മുരളീധരൻ നായരും എല്ലാത്തിനും ഒപ്പമുണ്ടായി. മക്കൾ ഷൈലജയും സുനിതയും നൃത്തരംഗത്തുണ്ട്.
കലാമത്സരത്തിനുവേണ്ടി മാത്രമാകരുത്. ജീവിതത്തിലുടനീളം കൊണ്ടുപോകാൻ ശ്രമിക്കണം. നൃത്തം അഭ്യസിക്കുന്നയാൾക്ക് മറ്റൊരു ഉപാസനകളും ആവശ്യമില്ല. അതുപോലെ കലയിൽ വേർതിരിവുകളുമില്ല. പഠിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് അതിനുള്ള അവസരം നൽകാനാകണം–- - കലാക്ഷേത്ര വിലാസിനി പറഞ്ഞു. വീട്ടിലെ ക്ലാസുകൾ മാത്രമല്ല, തിരുവനന്തപുരത്തും ആഴ്ചയിൽ ക്ലാസെടുക്കാനെത്തുന്നുണ്ട്. ശിഷ്യരുടെ നൃത്തവിദ്യാലയങ്ങളിലെ കുട്ടികളുടെ അരങ്ങേറ്റത്തിന് ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാറുമുണ്ട് വിലാസിനി. ഇന്നും തേടിയെത്തുന്ന ശിഷ്യരിലൂടെ 60 വർഷം പിന്നിട്ട കലാസപര്യ അനുസ്യൂതം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..