20 June Thursday

കരളിലെ മോഹം, ഇനി ആർട്ട‌് ഫിലിം

ആർ ഹേമലതUpdated: Friday Jun 21, 2019


തുടക്കം തന്നെ മഹാനടനായ എംജി ആറിനൊപ്പം. എന്തുതോന്നുന്നു അന്നത്തെ അനുഭവങ്ങൾ?

‘പാശം’ എന്ന സിനിമയിൽ എംജി ആറിനൊപ്പം പതിമൂന്നാം വയസിലാണ‌് സിനിമയിലേക്ക‌് എത്തുന്നത‌്. ആദ്യ സിനിമയിൽ തന്നെ നായിക. എന്നാൽ വലിയ നടനാണ‌് തന്നോടൊപ്പം അഭിനയിക്കുന്നതെന്ന‌് മനസിലാക്കാനുള്ള വിവരമൊന്നും  ഇല്ലായിരുന്നു. എംജിആർ വലിയ ആളാണെന്ന അറിഞ്ഞാൽ മാത്രമല്ലെ ഉള്ളിൽ ഒരു ഭയം തോന്നൂ. അത‌് അറിയില്ലായിരുന്നതിനാൽ അത്തരം വികാരങ്ങൾ ഒന്നും മനസിൽ തോന്നിയില്ല. അവർ പറയുന്നതുപോലെ അഭിനയിച്ചു. അഭിനയത്തോട‌് അത്ര ഇഷ‌്ടമുള്ള ആളൊന്നും ആയിരുന്നില്ല. വീട്ടുകാർ പറഞ്ഞു അഭിനയിക്കാൻ. ഞാൻ അഭിനയിച്ചു. ആദ്യ പടത്തിന്റെ നിർമ്മാതാവ‌് ടി ആർ രാമണ്ണ സിനിമാലോകത്തിലെ അതി പ്രശസ‌്തനായ  ആളായിരുന്നു. അവരൊക്കെ വലിയ ആളുകളായിരുന്നു എന്ന‌് അറിയാതെ പോയതിൽ ഇന്ന‌് നിരാശ തോന്നുന്നു.

മലയാളത്തിലേക്കുള്ള വരവ‌് എങ്ങനെ ആയിരുന്നു?

ആദ്യ സിനിമയുടെ ആദ്യ ദിവസം തന്നെ ഷൂട്ടിങ്ങ‌് ആരംഭിച്ചപ്പോൾ മനസിലായി തമിഴ‌് നന്നായി  വഴങ്ങുന്നില്ലെന്ന‌്. അത‌് ശ്രദ്ധിച്ച ആരോ ഒരാളാണ‌് തൊട്ടടുത്ത സെറ്റിലുണ്ടായിരുന്ന ഭാസ‌്കരൻ മാഷിനെ പരിചയപ്പെടുത്തുന്നത‌്. അന്നുതന്നെ ‘ഭാഗ്യജാതകം’ എന്ന സിനിമയിലേക്ക‌് എന്നെ തീരുമാനിക്കുന്നു. അമ്മയാണ‌് അഡ്വാൻസ‌് വാങ്ങിയത‌്. പിറ്റെ ദിവസം മുതൽ അതിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു. നസീർ ആയിരുന്നു നായകൻ.

ഒരു നായകനൊപ്പം ജോഡിയായി അഭിനയിച്ചതിന‌് ഗിന്നസ‌് റെക്കോഡ‌ിന‌് ഉടമയായി?

പ്രേംനസീറിനൊപ്പം 107 ചിത്രങ്ങളിൽ നായികയായതിനാണ‌് ഗിന്നസ‌് റെക്കോഡ്‌ നേടിയത‌്‌. മറ്റൊരു നായികയ‌്ക്കും അവകാശപ്പെടാനാകാത്ത റെക്കൊഡാണെങ്കിലിും അതിൽ വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. കാരണം ഏഴുപതോളം ചിത്രങ്ങളിൽ വീതം മധുവിന്റെയും സത്യന്റെയും നായികയും ആയിരുന്നു ഞാൻ. ഗിന്നസിലെത്തിയെന്ന‌് മറ്റുള്ളവർ പറയുമ്പോൾ മാത്രമാണ‌് ഞാൻ അറിയുന്നത‌്. ഇവർ മൂന്നുപേരെയും ദിവസവും കാണുമ്പോൾ ഒരു സ‌്നേഹവും സൗഹൃദവും തോന്നിയതിനാൽ അതിലെ പ്രത്യേകതകൾ നോക്കിവെയ‌്ക്കാൻ മനസ‌് അനുവദിച്ചില്ല.

സെറ്റുകളിൽ നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നോ?

അന്നൊന്നും സെൽഫോൺ ഇല്ലാത്തതിനാൽ സെറ്റിലെല്ലാം നല്ല സൗഹൃദമായിരുന്നു. വീട്ടുകാര്യങ്ങ‌ളും ലോക കാര്യങ്ങളും പങ്കുവെച്ച‌് കുടുംബത്തിലെ പോലെ ഒരേ മനസായി ജോലിയും ജീവിതവും ആസ്വദിച്ചായിരുന്നു പോയിരുന്നത‌്‌. തമിഴ‌്, തെലുങ്ക‌്, മലയാളം സിനിമകൾ അഭിനയിക്കുന്നവരെല്ലാം വാഹിനി സ‌്റ്റുഡിയോയിൽ മരത്തണലിൽ ഒത്തുകൂടും. ഭക്ഷണം കഴിക്കുന്നത‌് ഏല്ലാവരും ഒന്നിച്ചായിരുന്നു. എൻടിആർ ഉൾപ്പടെയുള്ളവർ ഈ കൂട്ടായ‌്മയിൽ ഉണ്ടാകും. തെലുങ്കിന്റെ എരിവുള്ള ഗാഗ്രാ ചട്ടിണിയും അവിയലും കൈമാറിയുള്ള ആ സൗഹാർദ്ദ വേളകൾ കൊണ്ടുവന്ന അടുപ്പം ഇന്നില്ല. ഷൂട്ടിങ്ങിന‌് പോകാൻ തന്നേ സന്തോഷമായിരുന്നു. പിക‌്നിക്കിന‌് പോകുന്ന പോലെയായിരുന്നു ഓരോ ലൊക്കേഷനുകളും. ഇന്ന‌് വീടുക‌ളിൽ അടുത്തിരിക്കുന്നവർ പോലും  സംസാരിക്കുന്നത‌് മുഖത്തോട‌് മുഖം നോക്കിയല്ല. സെൽഫോണിൽ കൂടിയാണ‌് സംസാരം നടക്കുന്നത‌്.

അധികം സ‌്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിലാണല്ലോ ഷീലയുടെ വരവ‌്. ഒരു സ‌്ത്രി എന്ന നിലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവോ?

ഒരുസിനിമാ പാട്ട‌് കേട്ടാൽ അത‌് പാപമാണെന്ന‌് കരുതിയിരുന്ന ഒരു അച്ഛന്റെ മകളായിരുന്നു ഞാൻ. സിനിമ കാണുകയോ പാട്ട‌് കേൾക്കുകയോ ചെയ‌്താൽ ഉടൻ കുമ്പസാരിക്കാൻ അദ്ദേഹം നിർബന്ധിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം സിനമയാണ‌് തനിക്ക‌് എല്ലാം തന്നത‌്. നരകത്തിൽപോകും എന്ന‌് പേടിച്ച പഴയ ദിനങ്ങൾ ഓർക്കുമ്പോൾ എന്തു മണ്ടത്തരമായിരുന്നു എന്ന‌് ഇന്ന‌് തോന്നും.

 

 

കുടുംബം പിൻതുണ നൽകിയോ?

അച്ഛന്റെ പെട്ടെന്നുള്ള മരണം, വലിയ കുടുംബം ഇതൊക്കെയാണ‌് എന്നെ നടിയാകാനും പണം ഉണ്ടാക്കാനും പ്രേരിപ്പിച്ച ഘടകം. റെയിൽവെയിൽ ഓഫീസറായിരുന്ന അച്ഛൻ മരിച്ച ശേഷം കിട്ടിയ പണം മുഴുവൻ ബന്ധു പറ്റിച്ചു. സാമ്പത്തിക പരാധീനതകളിൽ നിന്ന‌് കരകയറാൻ അഭിനയം തൊഴിലായി സ്വകീരിക്കാൻ നിർബന്ധിതയാകുകയായിരുന്നു. പഠനം, വരയ‌്ക്കാനുള്ള താൽപ്പര്യം എന്നിവ അതോടെ മാറ്റിവെയ‌്ക്കപ്പെട്ടു. സഹോദരങ്ങളെ ട്യൂഷൻ എടുക്കാൻ വന്ന അധ്യാപകരുടെ അടുത്തു നിന്നാണ‌് പിന്നീട‌് ഇംഗ്ലീഷും തമിഴും എഴുതാനും വായിക്കാനും പഠിച്ചത‌്.

ഒരു സെറ്റിൽ നിന്ന‌് മറ്റൊരു സെറ്റിലേക്ക‌് പറന്നു നടന്ന അഭിനയം മടുപ്പിച്ചുവോ?

ഒരു വർഷം 26 പടങ്ങൾ. ഇപ്പോൾ ആലോചിക്കുമ്പോൾ അതിശയം തോന്നുന്നു. കണക്ക‌് വെയ‌്ക്കാതിരുന്നതിനാൽ അന്ന‌് അത‌് വലിയ കാര്യമായി തോന്നിയില്ല. ഹിന്ദി സിനിമകളുടെ സെറ്റുകൾ വൈകിട്ട‌് ആറുവരെയേ പ്രവർത്തിക്കൂ. ആ സ‌്റ്റുഡിയോ ആറിന‌് ശേഷം കുറഞ്ഞ വാടകയ‌്ക്ക‌് മലയാള സിനിമയ‌്ക്ക‌് ലഭിക്കും. അതിനാൽ രാവ‌് വെളുക്കുവോളമായിരിക്കും മലയാള സിനിമകളുടെ ഷൂട്ടിങ്ങ‌്. രാവിലെ ഒരു റോൾ, ഉച്ചയ‌്ക്ക‌് ഒരു റോൾ രാത്രി മറ്റൊരു റോൾ ഇങ്ങനെയായിരുന്നു അക്കാലത്തെ ജീവിതം. അഭിനയം ബുദ്ധിമുട്ടുള്ള ഒന്നായി ഒരിക്കലും തോന്നിയിട്ടില്ല.

നസീറിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിട്ടും സ‌്റ്റാർഡം തോന്നിയിട്ടുണ്ടോ?

ഒരുപാട‌് സിനിമകൾ തേടിവന്നപ്പോൾ തിരക്ക‌് ഒഴിവാക്കാനാണ‌് നസീറിന‌് നൽകുന്നതിൽ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടത‌്. എന്നാൽ അതും തരാൻ ആളുണ്ടായി എന്നതാണ‌് പരമാർത്ഥം. എന്നാൽ ഒരിക്കലും അത‌് അഹങ്കാരമായി തോന്നിയില്ല.

നാഷണൽ അവാർഡ‌് കിട്ടാൻ താമസിച്ചതിൽ സങ്കടം തോന്നിയോ?

ഒരിക്കലും തോന്നിയിട്ടില്ല.

വടക്കൻപാട്ട‌് കഥാപാത്രങ്ങളോടാണൊ ജീവിതത്തിൽ നിന്ന‌് പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളോടാണൊ ഇഷ‌്ടം?

ഒരുപാട‌് ഒരുങ്ങാനും അഭിനയിക്കാനും സാധ്യതയുള്ളതാണ‌് വടക്കൻ പാട്ട‌് കഥാപാത്രങ്ങൾ. ജീവിതത്തിൽ നിന്ന‌് തന്നെ മാഞ്ഞുപോയവയാണ‌് നാടൻ കഥാപാത്രങ്ങൾ. കേരളത്തിൽ പോലും മുണ്ടും ബ്ലൗസും ധരിച്ച സ‌്ത്രീകളെ ഇന്ന‌് കാണാനില്ല. നൈറ്റിയാണ‌് ഇന്ന‌് കേരളത്തിന്റെ നാഷണൽ ഡ്രസ‌്.

ഉദയയുമായുള്ള ബന്ധം, ചെമ്മീനിലെയും കള്ളിചെല്ലമ്മയിലേയും കഥാപാത്രങ്ങൾ ഇവയെ കുറിച്ച‌് എന്തു പറയുന്നു?

ഉദയയുമായി ദീർഘകാലമായി വ‌‌ളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ചെമ്മീൻ ഹിറ്റായതോടെയാണ‌്ചാക്കോച്ചനുമായി കൂടുതൽ അടുത്തത‌്. ഒരു മാസത്തിൽ 10 ദിവസം ഉദയായ‌്ക്കായി മാറ്റിവെച്ചിരുന്നു. കഥ കേൾക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാൽ നസീറോ മധുവോ സത്യനോ ആയിരിക്കും നായകൻ എന്നും ഞാൻ നായികയുമായിരിക്കും എന്നും ഉറപ്പുണ്ടായിരുന്നു. ചെമ്മീനിലെ കഥാപാത്രം അഭിനയപ്രാധാന്യമുള്ളതൊന്നും ആയിരുന്നില്ല. എന്നാൽ കള്ളിച്ചെല്ലമ്മയിലെ കഥാപാത്രം അങ്ങനെ ആയിരുന്നില്ല. അഭിനയിക്കാൻ അറിയുന്നവർക്ക‌് മാത്രം ചെയ്യാനാവുന്ന ഒരു കഥാപാത്രമായിരുന്നു അത‌്.

സിനിമയിൽ നിന്ന‌് എന്തിനാണ‌് ബ്രേക്ക‌് എടുത്തത‌്?

മകന്റെ വളർച്ചയ‌്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയായിരുന്നു അത‌്. പണം ഉണ്ടാക്കിയാൽ മാത്രം പോരല്ലോ? മാറിനിന്ന കാലത്തും ഭരതൻ ഉൾപ്പടെ ഒരുപാട‌് പേർ തേടി വന്നു. മകന്റെ പഠനം കഴിഞ്ഞു മാത്രമെ അഭിനയിക്കൂ എന്ന‌് തീരുമാനിച്ചതിനാൽ അവയെല്ലാം വേണ്ടെന്ന‌് വെച്ചു.

തിരിച്ചു വരവ‌ിൽ സത്യൻ അന്തിക്കാട‌് അന്വേഷിച്ചുവരികയായിരുന്നോ?

മകന്റെ പഠനം കഴിഞ്ഞ‌് ഒരു സിനമാ മാസികയ‌്ക്ക‌് അഭിമുഖം നൽകിയപ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ അഭിനയിക്കും എന്ന‌് പറഞ്ഞിരുന്നു. അത‌് കണ്ടാണ‌് സത്യൻ വിളിച്ചത‌്. ഷീല അഭിനയിക്കുമെങ്കിൽ മനസിനക്കരെ എടുക്കും എന്ന‌് സത്യൻ പറഞ്ഞു. ആ കാലഘട്ടത്തിൽ തന്നെയാണ‌് ശ്യാമപ്രസാദിന്റെ അകലെയിലും അഭിനയിക്കുന്നത‌്.

സിനിമയിലെ സൗഹൃദങ്ങൾ എങ്ങനെ?

ആരെയും എന്നും കാണുന്നില്ലെങ്കിലും എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട‌്.  

സിനിമയിലെ കൂട്ടായ‌്മകൾ?

‌ആണും പെണ്ണും ഇല്ലാതെ ഒരു ജീവിതം ഇല്ല. ആരാണ‌് വലുത‌് എന്നോ ചെറുതെന്നൊ ഉള്ള വാശി വേണ്ട‌. ആണിനും പെണ്ണിനും ഒരുമിച്ച‌് പോകാൻ കഴിയണം. എല്ലാവരും എന്നോട‌് നല്ല രീതിയിലാണ‌് പെരുമാറുന്നത‌്. സ‌്ത്രീകൾ കൂടുതൽ കടന്നു വരുന്നുണ്ട‌്. അത‌് വളരെ നല്ല കാര്യമാണ‌്.

മഹാനടിയായ ഷീലയുടെ ഇനിയുള്ള മോഹം?

ഇത്രയും കാലം കച്ചവട സിനിമയുടെ ഭാഗമായിരുന്ന എനിക്ക‌് ഒരു ആർട‌് ഫിലിമിൽ അഭിനയിക്കാൻ മോഹമുണ്ട‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top