20 April Saturday

ആദ്യമായി ഒരു പെണ്‍ ശബ്ദം ... സ്റ്റാര്‍ട്ട് ,ക്യാമറ, ആക്ഷന്‍

ഹസന്‍ സബീര്‍Updated: Wednesday Jul 12, 2017


അഭ്രപാളികളില്‍  കറുപ്പും വെളുപ്പും കഥയെഴുതിയപ്പോഴും പിന്നീട് സപ്തവര്‍ണ്ണങ്ങള്‍ മാരിവില്ല് തീര്‍ത്തപ്പോഴും നിറസാന്നിദ്ധ്യമായി മാറിയ
മലയാണ്‍മയുടെ സ്ത്രീ സൌഭഗം... ഷീല... നടിയെന്ന നിലയില്‍
പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കേ  സംവിധാന പദവിയിലെത്തിയതിനെക്കുറിച്ച്,  കലാ-സാമൂഹിക രംഗങ്ങളിലെ തന്റെ ഇടപെടലുകളെക്കുറിച്ച്,
സ്ത്രീ സുരക്ഷയെക്കുറിച്ച് മനസ്സ് തുറക്കുന്നു...


* ഒരു വനിതാ സംവിധായിക എന്നൊരു ചിന്തയോ ചര്‍ച്ചയോ മുളയ്ക്കാത്ത നേരത്തായിരുന്നല്ലോ ഷീലാമ്മയുടെ അരങ്ങേറ്റം ? കുറച്ചു കഷ്ടപ്പെട്ടു ?
# ഉം.... പിന്നെ, നല്ല താര നിരയായിരുന്നല്ലോ... യക്ഷഗാനത്തില്‍ മധു, ഉമ്മര്‍, അടൂര്‍ ഭാസി അങ്ങനെ ഒരൂപാട് ആര്‍ട്ടിസ്റ്റുണ്ടായിരുന്നല്ലോ... പിന്നെ ടെക്നിക്കല്‍ സൈഡിലും നല്ല ടീമിനെ കിട്ടി... ക്യാമറ മെല്ലി ഇറാനിയായിരുന്നു... അന്നത്തെ പ്രശസ്ത ക്യാമറാമേനല്ലെ... പുള്ളി എന്നോട് പറഞ്ഞു- 'ഷീല ഇത്രേം നന്നായി വര്‍ക്ക് ചെയ്യുമെന്നറിഞ്ഞില്ല' എന്ന്... ഷോട്ട്, ഫ്രെയിം എന്നിവയെക്കുറിച്ചൊക്കെ നല്ല നിശ്ചയമുണ്ടല്ലോ... കാര്യങ്ങളൊക്കെ വളരെ വേഗത്തില്‍ ചെയ്യുന്നുണ്ടല്ലോ എന്നൊക്കെ... പിന്നെ.. ചെലര് വേറെ തരത്തിലും പറഞ്ഞു പരത്തി... ഒരു പെണ്ണ് സംവിധാനം ചെയ്യുവോ?.. അവരെ കൊണ്ടിതൊക്കെ പറ്റുമോ ?.. മധുവാണ് സംവിധാനമൊക്കെ ചെയ്യുന്നത് എന്നൊക്കെ... അതിന് സിനിമ ഇറങ്ങിയപ്പോ മധു തന്നെ മറുപടിയും കൊടുത്തു..."ഞാന്‍ ഒരൂ നിര്‍ദ്ദേശം പോലും പറഞ്ഞിട്ടില്ല... എന്റെ മൂവ്മന്റ് പോലും ഷീലയാണ് പ്ളാന്‍ ചെയ്തത്... എവിടെ നില്‍ക്കണം, എന്തു ചെയ്യണമെന്നൊക്കെ അവരാണ് പറഞ്ഞത് എന്നൊക്കെ..." ഒരുപക്ഷേ മധു അതിനു മുന്‍പേ പടം സംവിധാനം ചെയ്തത് കൊണ്ടു കൂടിയാവണം അങ്ങനെയൊക്കെ പറഞ്ഞു കേട്ടത്...


* യക്ഷഗാനം കഴിഞ്ഞ് "ശിഖരങ്ങള്‍''... രണ്ടെണ്ണത്തില്‍ നിന്ന് സിനിമാ സംവിധാനം... പിന്നെ തമിഴിലൊരു ടെലിഫിലിം... "നിനൈവുകളേ നീങ്കിവിട്''... തീര്‍ന്നു... പിന്നെന്തു പറ്റി ?
# ശിഖരങ്ങളും നല്ല സ്റ്റാര്‍ കാസ്റ്റ് ആയിരുന്നല്ലോ.... ജയനായിരുന്നു ഹീറോ... പിന്നെ തമിഴില്‍ ചെയ്തതാണ് ടെലിഫിലിം... അതില്‍ ജയഭാരതിയായിരുന്നു മെയിന്‍ റോളില്‍...  ഈ... സംവിധാനമെന്നൊക്കെ പറഞ്ഞാല്‍ ഒത്തിരി ടെന്‍ഷനാ... ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ നോക്കണം... സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നമ്മുടെ ശ്രദ്ധ വേണം... പിന്നെ പടം വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റേതായ ഭാരങ്ങള്‍... പിന്നെ അഭിനയവുമുണ്ടല്ലോ... രണ്ടും കൂടി ബുദ്ധിമുട്ടായി... ആലോചിച്ചപ്പോ... എന്റെ തൊഴില്‍ അഭിനയമാണെന്ന് തോന്നി...


* ഇന്ന് സ്ത്രീ സുരക്ഷ ഒരുപാട് ചര്‍ച്ച ചെയ്യുന്ന കാലമാണല്ലോ...?
# അതെന്താന്ന് വെച്ചാല്‍... പണ്ടത്തെക്കാലത്ത് നല്ല വായുവും നല്ല അന്തരീക്ഷവും ഒക്കെയായിരുന്നില്ലേ..? അതുപോലെയായിരുന്നു ആളുകളും... ഇന്ന് വായുവും അന്തരീക്ഷവും മാറി... ആ മാറ്റം മനുഷ്യരിലൂമൂണ്ടായി... അന്ന് നല്ല ഭക്ഷണം ലഭിച്ചെങ്കില്‍, ഇന്ന് മായം ചേര്‍ത്ത് ലഭിക്കുന്നു... മനുഷ്യന്റെ മനസ്സിലും മായം... മനസ്സാക്ഷിയില്ലാത്ത മനുഷ്യര്‍... കൊച്ചു കുട്ടികളെപ്പോലും പീഡിപ്പിക്കുന്നു... ആ കാലത്ത് ഒരു പെണ്ണ് ചതിച്ചുവെന്ന് പറഞ്ഞ് രമണനൊരാള്‍ തൂങ്ങി മരിച്ചു... കേട്ടിട്ടില്ലേ ?.. അപ്പോള്‍ അത് വല്യ ഒരു പ്രശ്നമായിരുന്നു...
പിന്നെ, ഈ പതിനാറ് വയസ്സൊരു വല്ലാത്ത പ്രായമല്ലേ? മുല്ലവല്ലി പോലെ എങ്ങോട്ടും പടര്‍ന്നു കയറും... അവിടെ അച്ഛനമ്മമാരാ ടീച്ചേഴ്സാവേണ്ടത്... അവര്‍ കുട്ടികളുടെ നല്ല ഫ്രണ്ട്സാവണം...


* സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്യ്രം ?
# സമത്വമൊക്കെ നല്ലതാണ്... എന്റെ അഭിപ്രായത്തില്‍ 'എന്ന് രാത്രി പന്ത്രണ്ട് മണിക്ക് അവള്‍ക്ക് തനിയേ, ഒരു ഭയവും കൂടാതെ പുറത്തുകൂടി ഇറങ്ങി നടക്കാനാവുമോ അന്ന് വരും സ്ത്രീ സമത്വം...'
പിന്നെ സിനിമയില്‍ പെണ്‍കുട്ടികളൊക്കെ ഷൂട്ടിങ് കഴിഞ്ഞ് ഒറ്റക്ക് രാത്രി യാത്ര ചെയ്യുന്നതിനോടെനിക്ക് യോജിപ്പില്ല... ഒരൂ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് വേറൊരിടത്തേക്

ക്... അവിടുന്ന് മറ്റൊരിടത്തേക്ക്... എന്തിനാണിത്ര പരക്കം പാച്ചില്‍... പത്തും മുപ്പതും പടമൊക്കെ ഒരുമിച്ചെടുത്തു വക്കുമ്പോഴല്ലെ ഈ പ്രശ്നം... ഇത്തിരി കുറച്ചു സമ്പാദിച്ചാല്‍ മതീന്ന് വെക്കണം... രാത്രിയില്‍ യാത്ര നടത്തിയതിന്റെ കാരണമല്ലേ മോണിഷക്ക് അപകടം പറ്റീത്... ജഗതിക്ക് കണ്ടില്ലേ സംഭവിച്ചത്... പിന്നെ ദൂരയാത്ര ചെയ്യുമ്പോള്‍ നമ്മള്‍ എന്തായാലും സ്ത്രീകളല്ലെ... ഞങ്ങളൊക്കെ പണ്ട് പോവുമ്പോള്‍ രണ്ട് മൂന്ന് പെണ്ണുങ്ങള്‍ കാണൂം... മേക്കപ് മേന്‍ കാണും... ഇന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നാല്‍തന്നെ ഒരു കരുതല്‍ വേണം... ഒരൂ കത്തി എങ്കിലൂം കയ്യില് വേണം... ഒരു ഒരു ഗണ്‍ എങ്കിലൂം ലൈസന്‍സ് വാങ്ങി കയ്യില് വെക്കണം...

* സിനിമയുടെ പഴയതും പുതിയതുമായ കാലത്തുണ്ടല്ലോ ഷീലാമ്മ... ഇന്ന് സിനിമയില്‍ സംഘടനകള്‍... സംഘടനക്കൂള്ളില്‍ സംഘടനകള്‍...
# അമ്മ സംഘടന ഇപ്പോഴുണ്ടല്ലോ... നല്ലതല്ലേ... അവരെന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു... ഇന്നസെന്റ് സുഖമില്ലാത്തപ്പോഴും നല്ല മനസ്സോടെ ഓടിനടന്ന് എത്ര നല്ല കാര്യങ്ങള്‍ ചെയ്യുന്നു... ഇപ്പോ എന്തൊക്കെയൊ പ്രശ്നങ്ങള് കേള്‍ക്കുന്നുണ്ട്... പക്ഷേ, എന്റെ അഭിപ്രായത്തില്‍ വളരെ നല്ല ആള്‍ക്കാരാ തലപ്പത്ത്... ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്... അമ്മയെപ്പോലെ ഒരു സംഘടന ഇനി ഉണ്ടാവില്ല...
പണ്ട്, ഞങ്ങളൊക്കെ, നസീറും സത്യനും എല്ലാം കൂടി ഒരു സംഘടന ഉണ്ടാക്കി... അന്ന് ഞങ്ങളെല്ലാം മലയാള ചലച്ചിത്ര പരിഷത്ത്... ഞങ്ങളെല്ലാം ഓരോയിടത്തുപോയി നാടകമൊക്കെ കളിച്ചിട്ട് അതിന് കിട്ടുന്ന പൈസയൊക്കെ സംഘടിപ്പിച്ച് എറണാകുളത്ത് ഒത്ത നടുക്കൊരിടത്ത് ആറ് ഗ്രൌണ്ട് സ്ഥലം വാങ്ങി. ഒരു ഗ്രൌണ്ടെന്നുപറഞ്ഞാല്‍ അഞ്ചു സെന്റാണ്. അപ്പോ മുപ്പതുസെന്റ്... അവിടെ ഒരോലക്കുടിലൊക്കെ കെട്ടി ഞങ്ങളെല്ലാവരും അവിടെക്കൂടിയിരുന്നാലോചിച്ചു... ഓരോ കാര്യങ്ങള്... സിനിമേല് പൈസ കിട്ടാത്തതായി ആരുണ്ട്... സഹായം വേണ്ടവര് എന്നിങ്ങനെ... ഇപ്പോ ആ സ്ഥലത്ത് ഒരൊറ്റ മുറി മാത്രമേയുള്ളൂ... പരിഷത്തിന്റെ ബോര്‍ഡൊക്കെയുണ്ട്... ആരാരോ ഇടക്ക് വന്ന്... അതൊക്കെ എന്തൊക്കെയോ ആയി... ആരോ അതൊക്കെ ഫ്ളാറ്റുകാര്‍ക്ക് വിറ്റു...


* മലയാളത്തിലെ ആദ്യ ഫാന്‍സ് അസോസിയേഷന്‍ ഷീലാമ്മയുടെ പേരിലാണല്ലോ... തിരുവനന്തപുരത്ത് ഇപ്പോഴും ഒരൂപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലേ അവര്‍..?
# അതേയതേ... അതല്ലേ വേണ്ടത്..? അല്ലാതെ കൂക്കിവിളിക്കാനും കയ്യടിക്കാനുമെന്തിനാ ഫാന്‍സ്..? ഞാന്‍ വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരുമ്പോള്‍ പോകാറുണ്ട്... അവരത് നന്നായി നടത്തുന്നുണ്ട്... പാവങ്ങള്‍ക്കൊക്കെ ഒരുപാട് സഹായമൊക്കെ ചെയ്യുന്നു... ബ്ളഡ് ഡൊണേഷനൂം മറ്റുമൊക്കെ...


* കഥാലോകത്ത് ഇടക്ക്..? പിന്നെ ചിത്രകലയിലും..?
# ങാ... ഒരു നോവലെഴുതിയിരുന്നു... "കുയിലിന്റെ കൂട്''... കാക്കയാണല്ലോ കൂടൂണ്ടാക്കുന്നത്... കുയില് കാക്കയുടെ കൂട്ടിലല്ലേ മുട്ടയിടുന്നതും മറ്റും... പിന്നെ കഥകള് പത്തിരുപതെണ്ണം...
ചിത്രകല പണ്ടുതൊട്ടേയുള്ള എന്റെയൊരൂ ഹോബിയാണ്. ഇപ്പോഴും ഇവിടെ വീട്ടിലതിനായൊരു മുറിയൂണ്ട്... ഇതൊക്കെയൊരൂ മൂഡല്ലേ... എഴുത്ത്... വര... ഇപ്പോഴും ദേ... ഒരൂ ക്യാന്‍വാസ് ഞാന്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് സ്റ്റാന്‍ഡില്‍... എപ്പോ തോന്നുന്നോ... അപ്പോ വരയ്ക്കാന്‍...


* കലാകാരികള്‍ക്ക് സാമൂഹിക പ്രതിബദ്ധത ?
#കലാകാരികള്‍ക്കെന്നല്ല... എല്ലാ മനൂഷ്യര്‍ക്കൂം വേണം സാമൂഹിക പ്രതിബദ്ധത... ഒരു ചെറിയ കടലാസ് പോലും താഴെയിടരുത്... അത് അതിനായി വെച്ചിരിക്കുന്നിടത്തിടണം... എല്ലാം സര്‍ക്കാര് ചെയ്തോളും എന്നും പറഞ്ഞ് കൈയും കെട്ടി ഇരിക്കരുത്... നാം വീട്ടില്‍ നിന്ന് തുടങ്ങണം... കുട്ടികളെ നന്നായി വളര്‍ത്തണം... അയല്‍വക്കക്കാരോട് സ്നേഹപൂര്‍വം പെരുമാറണം...

അഞ്ചു പതിറ്റാണ്ടിനുമപ്പുറം ഇന്നത്തെ തലമുറകള്‍ക്കായും നിറയെ ചിത്രങ്ങള്‍... 'മനസ്സിനക്കരെ' മുതല്‍ റിലീസിങ്ങിനൊരുങ്ങുന്ന 'ബഷീറിന്റെ പ്രേമലേഖനം' വരെ...
ഷീല തുടരുകയാണ്... ഇടവേളകളില്‍ ചെന്നൈയിലെ വീട്ടിലിരുന്ന് മകന്‍ ജോര്‍ജിന്റെ മക്കള്‍ അഡ്രീനക്കൂം അഥീനക്കുമൊപ്പം അമ്മൂമ്മക്കാലം ആഘോഷിച്ച്... പിന്നെ അഭ്രപാളികളിലെ മിന്നും വെളിച്ചത്തിലേക്ക് വീണ്ടും വിരുന്നെത്തുവാന്‍ മനസ്സൊരുക്കി മലയാണ്‍മയുടെ നിത്യ വസന്തമായ അഭിനേത്രി...

                                                                                                                                                                                                            hassansabeer@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top