20 April Saturday

'ഞാനും ഒരു സ്ത്രീ അല്ലേ...?'

ജോളി റെജി, ന്യുയോര്‍ക്ക്Updated: Friday Jun 10, 2022

ട്രമ്പ് പടിയിറങ്ങുന്നതിനുമുമ്പ് തന്റെ തീവ്ര യാഥാസ്ഥിതിക നയം സ്ഥായിയാക്കുന്നതിന് പല നടപടികളും സ്വീകരിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് അമേരിക്കന്‍ സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ജഡ്ജിമാരെ നിയമിക്കുകയായിരുന്നു. അങ്ങനെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ യാഥാസ്ഥിതിക കാഴ്ചപ്പാടിനാണു മുന്‍കൈ. ഗര്‍ഭച്ഛിദ്രം തടയുക യാഥാസ്ഥിതികരുടെ ഒരു ദീര്‍ഘകാല ലക്ഷ്യമായിരുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രത്തിനു അനുകൂലമായുള്ള കോടതി വിധി ട്രമ്പ് ഭരണകൂടം നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരിലൂടെ അട്ടിമറിക്കുന്നതിന്റെ വക്കിലാണ് എത്തിനില്‍ക്കുന്നത്.

ഗര്‍ഭച്ഛിദ്ര വിവാദം

വളരെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്കയില്‍ ഇതു വഴിവച്ചിരിക്കുന്നത്. ഗര്‍ഭധാരണം ഉണ്ടായി എന്നതുകൊണ്ട് പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള സ്ത്രീയുടെ അവകാശത്തെ നിഷേധിച്ച് അത്തരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പൊതുസമൂഹത്തിനാണെന്ന് സ്ഥാപിക്കയാണ് മതയാഥാസ്ഥിതികരും അവരാല്‍ നിയമിതരായ ജഡ്ജിമാരും ചെയ്യുന്നത്. സ്ത്രീകളുടെ ശരീരത്തിനുമേലുള്ള അവകാശം പൊതുസമൂഹത്തിനും മാര്‍ക്കറ്റിനും വിട്ടുകൊടുത്ത് അതിനെ കച്ചവടമാക്കിയ ഒരു വലിയ ചരിത്രം കൂടി അമേരിക്കയ്ക്കുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ ന്യൂനപക്ഷങ്ങള്‍ അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനെ വളരെ വൈകാരികമായും തങ്ങളുടെ നേരെയുള്ള അതിക്രമമായുമാണ് കാണുന്നത്.

അടിമകളോടുള്ള ഇരട്ടത്താപ്പ്

അടിമക്കച്ചവടം പലപ്പോഴും കുട്ടികളെ അമ്മമാരില്‍ നിന്നും നിര്‍ബന്ധിതമായി വേര്‍പിരിക്കുന്നതായിരുന്നു. അടിമ വില്‍പ്പന ഉടമകള്‍ കുടുംബ ബന്ധങ്ങള്‍ക്കു വിലകല്‍പ്പിച്ചിരുന്നില്ല. അക്കാലത്ത് ഗര്‍ഭച്ഛിദ്രം നടത്താന്‍ രണ്ട് അളവുകോല്‍ അമേരിക്കയില്‍ ഉണ്ടായിരുന്നു. ഗര്‍ഭച്ഛിദ്രം നിയമപരമായിരിക്കുമ്പോള്‍ തന്നെ അത് അടിമകള്‍ക്ക് നിഷേധിച്ചിരുന്നു. അടിമയുടെ മേല്‍ ഉടമയ്ക്ക് അവകാശമുള്ളതുപോലെ അടിമ സ്ത്രീയുടെ ഗര്‍ഭപാത്രത്തിനുമേലും ഉടമയ്ക്കായിരുന്നു അവകാശം. പ്രത്യുത്പാദനത്തെപ്പറ്റി തീരുമാനം എടുക്കാനുള്ള അവകാശം അടിമ സ്ത്രീക്ക് നിഷേധിക്കപ്പെട്ടതായിരുന്നു.

1808ല്‍ അടിമ ഇറക്കുമതിയില്‍ നിന്ന് അമേരിക്ക പിന്മാറുമ്പോൾ അമേരിക്കയ്ക്ക് ആവശ്യമായ അടിമകളെ ആഫ്രിക്കയില്‍ നിന്നും വെസ്റ്റ്ഇന്‍ഡീസില്‍ നിന്നും ഇറക്കുമതിചെയ്യാനുള്ള വാതില്‍ അടഞ്ഞു. അമേരിക്കന്‍ തോട്ടം ഉടമകള്‍ക്ക് തങ്ങളുടെ തോട്ടങ്ങളില്‍ പണിയടുക്കുവാന്‍ ആവശ്യമായ അടിമകളെ ലഭിക്കുവാനുള്ള പുത്തന്‍ മാര്‍ഗ്ഗം അടിമകളുടെ ആഭ്യന്തര പ്രജനനം ആയിരുന്നു. ഇതോടുകൂടി അടിമ സ്ത്രീകളുടെ പ്രത്യുത്പാദാന ശേഷിയും ഗര്‍ഭപാത്രവും രാഷ്ട്രീയവും സാമ്പത്തികവുമായി നിര്‍ണ്ണണായകമായി മാറി.

അടിമ സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ സൗത്തിലെ അടിമത്തം സ്വയം അവസാനിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയമായി ഉടലെടുത്തത്.

അടിമ പുനരുല്‍പ്പാദന കേന്ദ്രങ്ങള്‍

ആഭ്യന്തര അടിമ പുനരുത്പാദന കേന്ദ്രങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നുവരുന്നതിന് ഇത് വഴിവച്ചു. അങ്ങനെ അടിമ സ്ത്രീയുടെ ശരീരത്തിനുമേലുള്ള അവകാശം സമൂഹത്തിന്റേതായി. സ്ത്രീ പ്രസവിക്കണോ വേണ്ടയോ എന്നുതീരുമാനിക്കുന്നത് അവളുടെ അവകാശം അല്ലാതാവുകയും പകരം അടിമക്കച്ചവടക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയുമായി.

അടിമത്തം ശക്തമായി നിലനിന്നിരുന്ന അമേരിക്കന്‍ സൗത്തില്‍ അടിമകള്‍ക്ക് അവരുടെ ശരീരത്തിനുമേലുള്ള അവകാശം നിഷേധിക്കുകയും അബോര്‍ഷന്‍ തടയുകയും ചെയ്ത വെള്ളക്കാര്‍ മൃഗങ്ങളെ ഇണചേര്‍ക്കുന്നതുപോലെ അടിമ പ്രജനനകേന്ദ്രങ്ങള്‍ കച്ചവടത്തിനായി തുറന്നു. അടിമകളെ തമ്മില്‍ നിര്‍ബന്ധിത ഇണചേര്‍ക്കലും, വെള്ളക്കാരായ ഉടമകളും അവരുടെ കാര്യസ്ഥന്മാരും മറ്റുപലരും ബലാത്സംഗം ചെയ്യുകയും മറ്റും ചെയ്താണ് അടിമ പ്രജനന കേന്ദ്രങ്ങളില്‍ അടിമക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

അമേരിക്കയിലെ അബോര്‍ഷന്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് അടിമ സ്ത്രീകളുടെ ശരീരത്തെയും ഗര്‍ഭപാത്രത്തെയും അധീശവര്‍ഗം പൊതുസ്വത്താക്കി കച്ചവടം ചെയ്തതിന്റെ ഇരുണ്ട ചരിത്രമുണ്ട്. അബോര്‍ഷന്‍ നിരോധനത്തിനുള്ള ശ്രമങ്ങള്‍ ശക്തമാകുമ്പോള്‍ ആഫ്രിക്കന്‍  അമേരിക്കന്‍ വംശജര്‍ ഇതിനെതിരായുള്ള പ്രതിഷേധങ്ങളുടെ മുന്നണിയിലേക്ക് എത്തുന്നതിനു സ്ത്രീ ശരീരത്തോടും ഗര്‍ഭപാത്രത്തോടും നടത്തിയ അനീതിയുടെയും കച്ചവടവത്കരണത്തിന്റെയും പൊതുസ്വത്താക്കലിന്റെയും ഭൂതകാല പശ്ചാത്തലമുണ്ട്.

ജെയ്ന്‍ റോ കേസ്

അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിമാത്രം പ്രത്യേക സാഹചര്യങ്ങളിലൊഴികെ ടെക്സാസില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നു. അവിടുത്തെ ജെയ്ന്‍ റോ എന്ന് കോടതി രേഖകളില്‍ അറിയപ്പെടുന്ന നോര്‍മ്മാ മക്കൊര്‍വി 1969ല്‍ തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചിരിക്കുമ്പോള്‍ അബോര്‍ഷന്‍ വേണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ കേസ് കൊടുത്തു. അമേരിക്കയില്‍ ഇന്ന് ഏറെ വലിയ വാര്‍ത്താപ്രാധാന്യമുള്ള Roe v. Wade, 410 U.S. 113 (1973) എന്ന കേസ് അങ്ങനെയാണ്  ആരംഭിക്കുന്നത്. ഈ കേസിലുള്ള സുപ്രീംകോടതി വിധി അമേരിക്കന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

സ്വകാര്യതയ്ക്ക് (right to privacy) ഉള്ള അവകാശത്തില്‍ ഗര്‍ഭച്ഛിദ്രവും ഉള്‍പ്പെടും. ഭരണഘടന ഭരണകൂടത്തിന്റെ അമിതമായ നിയന്ത്രണങ്ങള്‍ക്ക് കീഴ്പ്പെടാതെ  ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്തുവാനുള്ള അവകാശത്തിനു വിധി സംരക്ഷണം നല്‍കി. അന്നുമുതല്‍ ഭരണഘടനാവകാശമായി മാറിയ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം അട്ടിമറിക്കുവാന്‍ മതയാഥാസ്ഥിതികര്‍ തുടര്‍ച്ചയായി ശ്രമിച്ചുവന്നു. അമേരിക്കന്‍ മതമൗലികവാദത്തെ ത്രസിപ്പിച്ച രാഷ്ട്രീയ പ്രശ്നമായി ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം മാറി. അമേരിക്കന്‍ സുപ്രിംകോടതിയില്‍ വീണ്ടും കേസ് വന്നു.

സുപ്രീംകോടതിയുടെ പുതിയ നിലപാട്

വിധി പ്രസ്താവിക്കുംമുമ്പുതന്നെ സുപ്രീംകോടതിയുടെ ഭൂരിപക്ഷ കരടു വിധിപ്പകര്‍പ്പ് ചോര്‍ന്നു. അതോടെ ഇപ്പോള്‍ അമേരിക്കയില്‍ രൂക്ഷമായ വിവാദം ഉയര്‍ന്നിരിക്കുകയാണ്. കോടതിയുടെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. സുപ്രിംകോടതി ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്.

കേവലം ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി റദ്ദായിപ്പോകുന്നു എന്നതല്ല കോടതിവിധിയിലൂടെ സംഭവിക്കാവുന്നത്. നാളെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവാഹാവകാശങ്ങള്‍ക്ക് എതിരെ സമാനമായ രീതിയില്‍ കോടതിയെ മതയാഥാസ്ഥിതികര്‍ക്ക് സമീപിക്കുകയും മതവിശ്വാസങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യാം. Embryonic stem cell research-ന് എതിരാണ് അമേരിക്കന്‍ മതയാഥാസ്ഥിതികര്‍, സ്വവര്‍ഗാനുരാഗികള്‍ക്ക് സൈന്യത്തിലും മറ്റും പ്രവേശനം നല്‍കുന്നതിനെ അവര്‍ എതിര്‍ക്കുന്നു. അങ്ങനെ നിരവധി സങ്കീര്‍ണമായ വിഷയങ്ങളില്‍ മതയാഥാസ്ഥിതികര്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനുള്ള സാധ്യതയിലേക്കാണ് സുപ്രീംകോടതിയുടെ സമീപനം വഴിതെളിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയമടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ പക്ഷപാതം കോടതി സ്വീകരിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

വലിയ അപകടം

അമേരിക്കന്‍ ജനാധിപത്യം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായി ജുഡീഷ്യല്‍ ആക്ടിവിസം മാറുകയാണ്. ലിബറല്‍ ജനാധിപത്യം വലിയ തകര്‍ച്ചയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മതയാഥാസ്ഥിതികര്‍ ലിബറല്‍ ജനാധിപത്യത്തെ തങ്ങള്‍ക്ക് അധികാരം പിടിച്ചെടുക്കുവാനുള്ള മാര്‍ഗമായി ചുരുക്കിയിരിക്കുകയാണ്. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍ പിന്നെ സ്ഥിരമായി അധികാരത്തില്‍ തുടരുവാനുള്ള മാര്‍ഗങ്ങളാണ് അവര്‍ പല രൂപത്തിലും പല ഭാവത്തിലും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക ലോകം മുഴുവന്‍ ജനാധിപത്യം മൊത്തമായും ചില്ലറയായും വില്‍പ്പനയ്ക്ക് കൊണ്ടുനടക്കുമ്പോഴാണ് സ്വന്തം മണ്ണില്‍ ജനാധിപത്യത്തകര്‍ച്ച നേരിടുന്നത്.

അടിക്കുറിപ്പ്:

Sojourner Truthഎന്ന പ്രശസ്തയായ അടിമസ്ത്രീയുടെ വാക്കുകളാണ് ''ഞാനും ഒരു സ്ത്രീ അല്ലേ'' എന്നത്. ഇസബെല്ലാ ബാവുംഫ്രി എന്ന സൊജോണ്‍ ട്രൂത്ത് പ്രശസ്തമായ ഒരു പ്രസംഗത്തില്‍ പറഞ്ഞത് 'പതിമൂന്ന് കുട്ടികള്‍ക്ക് ഞാന്‍ ജ•ം നല്‍കി. എന്നാല്‍ എല്ലാത്തിനെയും എന്റെ കണ്മുന്നില്‍ അടിമയായി വിറ്റുകളഞ്ഞു. ഞാന്‍ എന്റെ നി ഹായതയുടെ ആഴത്തില്‍ കണ്ണുനീരൊഴുക്കിയപ്പോള്‍ എന്റെ ദൈവം അല്ലാതെ ആരും എന്നെ കേട്ടില്ല! ഞാനും ഒരു സ്ത്രീ അല്ലേ?' അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് തന്റെ പിഞ്ചുകുഞ്ഞുമായി ഒളിച്ചോടിയ Sojourner Truthപിന്നീട് അടിമത്ത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, സ്ത്രീവിമോചന പ്രവര്‍ത്തകയായിരുന്നു, അനേകം അടിമകളെ അടിമത്തം ഇല്ലാത്ത പ്രദേശങ്ങളിലേക്ക് ധീരമായി ഒളിച്ചുകടത്തുന്നതിനു നേതൃത്വം നല്‍കിയ സൊജോണ്‍ ട്രൂത്ത് അടിമത്തവിരുദ്ധതയുടെ ആഗോളമുഖമാണ്.

(ചിന്ത വാരികയിൽ നിന്ന്)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top