27 April Saturday

അങ്ങിനെ മറക്കാമോ ... ആരതിരാജിനെ ; അച്ഛന്റെ കൊലക്കത്തിക്കിരയായ മകളെ

പി വി ജീജോUpdated: Wednesday Apr 11, 2018


'മുൾച്ചെടികൾ നിറഞ്ഞ വഴിയിലൂടെ
മരണത്തിന്റെ മടിത്തട്ടിൽ
മഞ്ഞുപോലുരുക്കുമ്പോഴും.....
ആതിരാരാജിന്റെ വരികളാണിത്... വിവാഹം സ്വപ്നംകണ്ട് ഇഷ്ടപ്പെട്ടവനൊന്നിച്ച് കഴിയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ അച്ഛനാൽ കൊല്ലപ്പെട്ട ജാതിവെറിയുടെ ഇര. പ്രണയത്തിന്റെ രക്തസാക്ഷി. ജീവിതത്തെപ്പറ്റി, കാലത്തെക്കുറിച്ച് വലിയ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞൊഴുകുന്ന കവിതകളെഴുതിയ പെൺകുട്ടിക്ക് മോഹങ്ങൾ കടലാസിലാവിഷ്കരിക്കാനേ സാധിച്ചുള്ളു. ജീവിതം ജാതിഭ്രാന്തിന് മുന്നിൽ അർപ്പിക്കേണ്ടിവന്ന 22കാരി.


ആതിരാരാജിനെ നാം മറന്നിട്ടില്ലല്ലോ... മലയാളിക്കാ പെൺകുട്ടിയെ അത്രവേഗം മറക്കാനാകുമോ... നമ്മുടെ പൊങ്ങച്ചങ്ങൾക്കും പ്രബുദ്ധതക്കുംമേൽ ചോരവീഴ്ത്തിയാണാ പെൺകിടാവിന്റെ ജീവൻപൊലിഞ്ഞത്. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തലേന്നാൾ... സ്വന്തം അച്ഛന്റെ കൊലക്കത്തിക്കിരയായ മകൾ... ജാതിവെറിയുടെ ഇരയായ പാവം പെൺകുട്ടി... ഖാപ് പഞ്ചായത്തും ദുരഭിമാനക്കൊലയുമെല്ലാം രാജസ്ഥാനിലും ഉത്തരദേശങ്ങളിലും തമിഴകത്തുമാണെന്ന് അപഹസിക്കുന്ന നവോത്ഥാന‐പുരോഗാമിയായ മലയാളിയുടെ  നെഞ്ചകത്താണ് ആ കുത്തേറ്റത്. ഫുട്ബോൾ നേഴ്സറിയെന്നറിയപ്പെടുന്ന മലപ്പുറത്തെ അരീക്കോടെന്ന ഗ്രാമത്തിൽ ഈ മാസം 22 നായിരുന്നു ദാരുണമായ ആ സംഭവം. വിപണിയുടെ കൊഴുപ്പിൽ ഉന്മാദികളായി മലയാളികൾ പ്രണയദിനം കൊണ്ടാടിയതിന് ഒരുമാസംതികയുന്നവേളയിൽ പ്രേമിച്ച യുവാവിനെ വിവാഹംചെയ്യുന്നതിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്ന ഹീനമായ സംഭവം.

നാം വളരുകയല്ലേ എന്ന പരസ്യവാചകം നെറ്റിയിലൊട്ടിച്ച് അഭിമാനിച്ചും അഹങ്കരിച്ചും കഴിയുന്നവർക്ക് ചെറിയ ഞെട്ടൽപോലും ഈ സംഭവമുണ്ടാക്കുകയില്ലേ. കുത്തേറ്റു കൊല്ലപ്പെടാൻ ആതിരചെയ്ത കുറ്റം താണജാതിയെന്ന് ചിലർ കരുതുന്ന സമുദായത്തിൽപ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചു. ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു എന്നത് മാത്രമാണ്. കൊയിലാണ്ടി സ്വദേശി ബ്രിജേഷും ആതിരയും പ്രേമിച്ചു രജിസ്റ്റർ വിവാഹവും നടത്തി.  ആ യുവമിഥുനങ്ങളുടെ ഗാഢസ്നേഹം വീട്ടുകാരും അംഗീകരിച്ചു. മാർച്ച് 23ന് ക്ഷേത്രത്തിൽ വിവാഹം നിശ്ചയിച്ചു. എന്നാൽ പട്ടിക ജാതിക്കാരനായ യുവാവ് മരുമകനാകുന്നതിലുള്ള ദുരഭിമാനം ഒരച്ഛനെ കൊലയാളിയാക്കുന്നതാണ് പിന്നീട് കണ്ടത്. വിവാഹസാരിയടക്കം ചുട്ടെരിച്ച്  മകളെ അച്ഛൻ  കുത്തിവീഴ്ത്തുകയായിരുന്നു. കീഴ്ജാതിക്കാരനാണ് മരുമകനെന്നതിലെ വിഷമമാണ് കൊലക്ക് കാരണമെന്നയാൾ പൊലീസിനോട് തുറന്നുപറഞ്ഞിരിക്കുന്നു. ആതിര പ്രണയിച്ച് വിവാഹംചെയ്യാൻ നിശ്ചയിച്ച ബ്രിജേഷ്       സൈനികനായിരുന്നു.

ഇന്ത്യൻ ആർമിയുടെ മദിരാശി എൻജിനിയറിങ് ഗ്രൂപ്പിൽ (എംഇജി) ജോലി. സൈനികനെന്ന് കേൾക്കുമ്പോൾ തിളക്കുന്ന ദേശാഭിമാനമാണല്ലോ നമുക്ക് ചുറ്റിലും. എന്നാൽ അതടക്കം എത്രമാത്രം കാപട്യമാണെന്ന് തെളിയിക്കുന്നതാണീ സംഭവം. നീ സൈനികനോ ബ്രിഗേഡിയറോ ഡോക്ടറോ എന്നതല്ല വിഷയം, ഏതാണ് നിന്റെ ജാതി എന്നതാണ് ഉത്തരാധുനികനായ മലയാളിക്ക് പ്രധാനമെന്നതാണ് ഈ സംഭവവും ചൂണ്ടിക്കാട്ടുന്നത്. ദേശാഭിമാനമെന്നതും സൈനികസ്നേഹവുമെല്ലാം മധ്യവർഗജീവിതങ്ങൾക്ക് കേവലം പൊള്ളയാണെന്നും ജാതിസ്നേഹവും സമുദായപ്രേമവുമാണവന്റെ/അവളുടെ അടിസ്ഥാനമെന്നും ഇതാവർത്തിച്ച് കാണിച്ചുതരുന്നു. ഏകദേശം ഒരുനൂറ്റാണ്ട് മുമ്പാണ് ചാത്തൻ പുലയനെക്കൊണ്ട്  സാവിത്രി അന്തർജനത്തെ ആശാൻ വിവാഹം ചെയ്യിച്ചത്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോരുമായവർ നിറഞ്ഞ കെട്ടില്ലാത്തോരും തമ്മിലുണ്ണാത്തോരുമായ ജാതിക്കോമരങ്ങൾ വിളയാടിയ കാലത്താണ് നമ്പൂതിരി യുവതിയുടെയും പുലയ്ച്ചറുക്കന്റെയും ജീവിതപ്രണയം ആശാൻ ആവിഷ്കരിച്ചത്.

കവിതയും പന്തിഭോജനവും ക്ഷേത്രപ്രവേശനവും പാഠശാലയും പഠിപ്പും വിവരവും വിദ്യാഭ്യാസവും ആരാധനാസ്വാതന്ത്ര്യവുമെല്ലാം നേടി തൊട്ടും മുട്ടിയുരുമ്മിയും കൈകോർത്തും സമരംചെയ്തും സംഘടിച്ചും ഏറെ വഴികൾ നാംതാണ്ടി. മതനിരപേക്ഷനെന്നും  മാതൃകാസ്ഥാനമെന്നും അഹങ്കരിച്ചു. എന്നാൽ ജാതിക്കുശുമ്പും കുന്നായ്മയും എവിടെയും പോയിട്ടില്ല. പഴയകാലത്ത് ബിരുദങ്ങൾ പേരിനൊപ്പം എഴുതിപ്രദർശിപ്പിച്ചവർ ഇന്ന് ജാതിവാലുകൾ പേരിനൊപ്പം എഴുതിച്ചേർക്കുമ്പോഴും ഒരുപേരല്ലെ അതിലെന്തിരിക്കുന്നു എന്നായിരുന്നു ചിലരൊക്കെ നിനച്ചതും ആശ്വസിച്ചതും പ്രചരിപ്പിച്ചതും. എന്നാൽ പേരിൽ കാണുന്ന വാലിനപ്പുറം കാണാമറയത്തും മനസ്സിലാകെയും ജാത്യാഭിമാനത്തിന്റെ മതിൽകെട്ടി അപ്പൻതമ്പുരാന്മാരായി  വലിയവിഭാഗം മാറുന്നത് തിരിച്ചറിയാനായില്ല. ജാതിക്കോമരങ്ങളും സമുദായപ്രഭുക്കളും സകലവഷളത്തരങ്ങളുമായി നിറഞ്ഞാടുന്ന കാലത്ത് ആശാൻ മനോഹരമായ ജീവിതകാവ്യവും മാനവികസന്ദേശവും ദുരവസ്ഥയിലൂടെ വിളംബരംചെയ്തു. എന്നാൽ ആശാൻ കവിതയിലെന്നതിനെക്കാൾ കഠിനമായ ദുരവസ്ഥയിലാണ് നൂറ്റാണ്ട് കടന്നിട്ടും മലയാളി എന്നതാണ് സത്യം. "എന്തിനു ഭാരതധരേ കരയുന്നു പാരതന്ത്ര്യം നിനക്ക് വിധികൽപിതമാണ് തായേ, ചിന്തക്കജാതി മതിരാന്ധരടിച്ച്തമ്മിലന്ധപ്പെടും തനയർ, എന്തിനയേ സ്വരാജ്യം'' എന്ന ആശാന്റെ ചോദ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തൊന്നാണ്ടുകൾക്ക് ശേഷവും ഉറക്കെപ്പാടേണ്ട സാഹചര്യം.

 
തെരുവിൽ നൃത്തമാടിയതിന്റെ ഭീഷണിയും വിലക്കുകളും നേരിടേണ്ടിവന്ന സംഭവം ഈനാട്ടിലുണ്ടാകുന്നു. അധ്യാപഹയന്മാരുടെ വത്തക്കാമാഹാത്മ്യപ്രഭാഷണവും നാംകേൾക്കുന്നു. കീഴ്ജാതിക്കാരനായതിനാൽ മരിച്ചിട്ടും പുറത്താക്കപ്പെടുന്ന ശവത്തിനുപോലും ജാതിമേൽവിലാസമെഴുതുന്ന അശാന്തന്റെ ദാരുണമായ അനുഭവം....വിശന്നപ്പോൾ  ഭക്ഷണംകഴിച്ചതിന് ആൾക്കൂട്ട ക്രിമിനലിസം ജീവനെടുത്ത അട്ടപ്പാടിയിലെ ആദിവാസിയുവാവായ മധു, ഹോ ഈ മലയാളിയെ എനിക്ക് പേടിയാണ് എന്ന് പറയാ ൻ തോന്നുന്ന ദുരന്താനുഭവങ്ങളാണ് ചുറ്റിലും.ഗ്രീഷ്മത്തിന്റെ സൗന്ദര്യവും വർഷത്തിന്റെ സംഗീതവും അവൾ ആസ്വദിച്ചില്ലകാരണം ഒരുതാലിച്ചരട് അവളെ ബന്ധിച്ചിരുന്നു......ആതിരാരാജ് എഴുതിയ 'അവൾ 'എന്ന കവിതയിലെ ചിലവരികളാണിത്... മരണത്തിന്റെ അടയാളങ്ങളും ജീവിതാമോദത്തിന്റെ സൂചനകളുമായി കുറച്ച് കവിതകൾ ആതിര എഴുതി. സ്കൂൾ മാസികയിലടക്കം പ്രസിദ്ധികൃതവുമായി.


  "മിഴിനീർ എപ്പോഴും അവളുടെ കണ്ണിൽ നിറയും
അതെവിടെയും വീഴില്ല
അവളുടെ മനസിലല്ലാതെ
കാലത്തിന്റെ ഇരമ്പൽ അവളറിഞ്ഞില്ല''.....മിഴിനീർ വീഴ്ത്താതെ ഒരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. ജാതി സമുദായ ശക്തികൾ എത്രമാത്രം അപകടകരമായി ആഴത്തിലിവിടെ നഖമുനകളാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്. കവിതയും സ്വപ്നങ്ങളും പ്രണയവുമൊന്നും ജാതിക്കുമേലെ ഇവിടെ പറക്കില്ലെ എന്ന ആശങ്ക ഉയർത്തിക്കൊണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top