29 September Friday

ലില്ലി തോമസ്‌: വിവേചനങ്ങൾക്കും നെറികേടുകൾക്കുമെതിരെ ഒറ്റയാള്‍ പോരാട്ടം ... അഡ്വ.രശ്‌മിത രാമചന്ദ്രൻ എഴുതുന്നു

രശ്‌മിത രാമചന്ദ്രൻUpdated: Tuesday Dec 10, 2019
ചൊവ്വാഴ്ച അന്തരിച്ച അഡ്വ. ലില്ലി തോമസിനെ സുപ്രീം കോടതി അഭിഭാഷക രശ്‌മിത രാമചന്ദ്രൻ  അനുസ്മരിയ്ക്കുന്നു .
 
അഭിഭാഷക പെണ്ണുങ്ങളെ, ആണുങ്ങളെയും ശബ്ദങ്ങൾ കൊണ്ടാണ് അടയാളപ്പെടുത്തേണ്ടത് - നെറികേടുകൾക്കെതിരെ എത്ര പൊക്കത്തിലും നീളത്തിലുമാണ് അവരുടെ ശബ്ദം ഉയരുന്നത് എന്ന് നോക്കി. സുപ്രീം കോടതിയിൽ അങ്ങനെ ഉച്ചത്തിൽ ഉയർന്നു നിന്ന ഒരു ശബ്ദം ഇന്നു നിലച്ചു - അഭിഭാഷകയായ ലില്ലി തോമസിന്റെ ശബ്ദം. 92 വയസ്സായിരുന്നെങ്കിലും അവരുടെ പോരാട്ടങ്ങൾക്ക് ഒരു കാലത്തും ചെറുപ്പം വിട്ടിരുന്നില്ല.
 
ജനപ്രാതിനിധ്യ നിയമത്തിലും വിവാഹ നിയമത്തിലും കൃത്യമായ ഇടപെടലുകൾ നടത്തിയ പേരാണ് ലില്ലി തോമസിന്റേത്.
 
ക്രിമിനൽ കുറ്റങ്ങൾ അഹങ്കാര അലങ്കാരങ്ങളായി തിരഞ്ഞെടുപ്പിൽ വിളമ്പുന്ന പപ്പുയാദവുമാരുടെ യുഗത്തിന് അന്ത്യം കുറിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 8 (4) ന് തെളിമ നൽകിയത് ലില്ലി തോമസിന്റെ പൊതു താത്പര്യ ഹർജിയായിരുന്നു. ലില്ലി തോമസ്‌ Vs യൂണിയൻ ഓഫ് ഇന്ത്യ എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ കേസിന്റെ വിധിയ്ക്കു ശേഷം ക്രിമിനൽ കേസുകളിൽ  രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവർക്ക്  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത വന്നു.
 
ലില്ലി തോമസിന്റെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടം സുപ്രീം കോടതിയിൽ ഫയലിംഗിനടക്കം അഭിഭാഷകരെ യോഗ്യമാക്കുന്ന അഡ്വക്കേറ്റ് ഓൺ റിക്കോഡ് പരീക്ഷയ്ക്ക് എതിരെ ആയിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ വനിത അഡ്വക്കേറ്റ് ഓൺ റിക്കോഡായ ലില്ലി തോമസിന്റെ അഭിപ്രായം അഭിഭാഷക നിയമത്തിന്റെ മുപ്പതാം സെക്ഷൻ അനുസരിച്ച് സുപ്രീം കോടതിയ്ക്ക് അഭിഭാഷകരെ അഡ്വക്കേറ്റ് ഓൺ റിക്കോഡ് എന്നും അല്ലാത്തവരെന്നും തരം തിരിക്കാൻ യോഗ്യതയില്ല എന്നായിരുന്നു .
 
രണ്ടാം വിവാഹം കഴിക്കുവാനായി മാത്രം ഇതര മതസ്ഥർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തുന്ന പ്രക്രിയയെ എതിർത്തു ലില്ലി തോമസ് കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് പീനൽ കോഡിൽ സെക്ഷൻ 494 ഭേദഗതി ചെയ്തത്.

വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും അഴിമതിക്കും നെറികേടുകൾക്കുമെതിരെയുള്ള ഒറ്റയാൾ പോരാട്ടമായൊഴുകിയ അഭിഭാഷകജീവിതമായിരുന്നു ലില്ലി തോമസിന്റെത്.  സ്ത്രീകളുടെ ജീവിത ലക്ഷ്യം വിവാഹമെന്ന ചില്ല് മേൽക്കൂരയിൽ തട്ടി അവസാനിച്ചിരുന്ന ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ നിയമ രംഗത്ത് എത്തിയ അവർ നിയമത്തിൽ  ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ വനിത കൂടിയാണ്.  മദ്രാസിലെ നിയമ പഠനത്തിനും, മദ്രാസ് ഹൈക്കോടതിയിലെ ഹൃസ്വമായ അഭിഭാഷക വൃത്തിയ്ക്കും ശേഷം 1960-ൽ സുപ്രീം കോടതിയിലെത്തിയ ലില്ലി തോമസ് വിട വാങ്ങുന്നത് വിവേചനങ്ങൾക്കെതിരെ ഭരണ ഘടനയ്ക്കൊപ്പം നിന്ന് ജനം തെരുവിലിറങ്ങുന്ന ചരിത്ര സന്ധിയിൽ വച്ചാണ്.

സുപ്രീം കോടതിയുടെ ഇടനാഴികളിൽ 92 വയസ്സുള്ള വൃദ്ധയായല്ല, തളരാത്ത പോരാളിയായാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും അവർ നടന്നത്! പുരുഷ അഭിഭാഷകർക്കു മെമെന്റോകൾ നൽകിയതിനു ശേഷം മാത്രം സ്ത്രീ അഭിഭാഷകർക്കു മെമെന്റോ നൽകുന്ന ആണ്‍കോയ്മ  രീതിയ്ക്കെതിരെ അവർ ഉച്ചത്തിൽ പ്രതിഷേധിച്ച നിയമ ദിനത്തിൽ ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ നിശ്ശബ്ദമായി നിന്നു ! ( (അല്ലെങ്കിലും പാട്രിയാർക്കൽ ഹുങ്കുകൾക്ക് എന്നെങ്കിലും വ്യക്തമായ മറുപടികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?) കോടതിയുടെ അകത്തളങ്ങളിൽ നല്ല നേരം നോക്കി നല്ല വാക്കുകൾ ഈണത്തിൽ പാടാന്‍ അവർ ഒരിക്കലും ഉണ്ടായിരുന്നില്ല....

വാക്കുകളിൽ മധുരം ചേർക്കാത്തവള്‍, വാർദ്ധക്യം ദൃഢത ചോർത്താത്തവൾ, ചുറ്റുപാടുകൾ അമ്മ പരിവേഷത്തിലേക്ക് ഒതുക്കാത്തവൾ...
പോയി.... ഇന്നു പുലർച്ചെ !
മരിക്കാത്ത പോരാട്ടങ്ങൾക്ക് വിപ്ളവാഭിവാദ്യങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top