18 April Thursday

ലോകവിസ്‌മയങ്ങൾ ഈ അമ്മമാർ

എ പി സജിഷUpdated: Tuesday Nov 27, 2018

ഗജ കൊടുങ്കാറ്റിൽ പെട്ട് വിജയലക്ഷ്മി എന്ന തമിഴ്‌പെൺകുട്ടി മരിച്ചതൊന്നും മൂന്ന് വയസുകാരൻ പ്രിൻസിന് അറിയില്ല. ആർത്തവത്തിന്റെ പേരിൽ ഒറ്റയ്ക്കൊരു ഷെഡിൽ ഇട്ട അവളെ കാറ്റ് കവർന്നതും ജീവൻ പൊലിഞ്ഞതുമൊന്നും അവന്റെ ചേട്ടന്മാർക്കും അറിയില്ല. പെണ്ണിനെ മാറ്റി നിർത്തുന്ന ആചാരങ്ങളെ തകർത്താണ് ആർത്തവ നാളിലും അവരുടെ അമ്മ ബോക്സിങ് റിങ്ങിൽ പരിശീലനം നടത്തുന്നതെന്നും അവർക്കറിയില്ല. കാരണം അത്ഭുതങ്ങൾക്കപ്പുറം ആണ് അവരുടെ അമ്മ മേരി കോം. അവരെ മൂന്നിനെയും പെറ്റിട്ടും ഇടിക്കൂട്ടിൽ വീണ്ടും ലോകം കീഴടക്കിയവൾ. അമ്മയായ ശേഷവും തുടരുന്ന ആ അസാധാരണമായ ജീവിതകഥ ഒരു പാട് കേട്ടു കഴിഞ്ഞു.

ഇരട്ട കുട്ടികളെയും തോളിലേറ്റി ബോക്സിങ് പരിശീലനത്തിനെത്തിയ മേരിയുടെ ജീവിതകഥ വെള്ളിത്തിരയിലും നമ്മൾ കണ്ടു. ആറു തവണ ലോക നെറുകയിലേക്കു കുതിച്ചവൾ. ഇന്ത്യയിൽ ഇതിനു സമാനമായ ജീവിതകഥ വേറെയില്ല.

മാതൃത്വത്തിന്റെ സൗഭാഗ്യം നുകരുമ്പോഴും കായിക രംഗത്തു മിന്നൽ പിണറുകളാകുന്ന ചില താരങ്ങളുണ്ട്. ടെന്നീസിൽ, അത്ലറ്റിക്സിൽ, ഫുട്ബോളിൽ..... ഇത്തരം ചില മിന്നും നക്ഷത്രങ്ങൾ ലോകത്തിന്റെ ചില കോണുകളിൽ ഉണ്ട്. അവർക്ക് മക്കളാണ് ജീവൻ. പക്ഷെ, തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കുടുംബത്തിന്റെ പ്രാരാബ്ധങ്ങളൊന്നും ഇവർക്ക്‌ തടസമായില്ല. പ്രസവത്തിനു ശേഷവും അവർ പരിശീലിച്ചു. ക്ഷീണം മറികടന്നു കുതിച്ചു പാഞ്ഞു. വിവാഹത്തോടെയും പ്രസവത്തോടെയും ഒത്തിരി സ്ത്രീകൾ ഒതുങ്ങി പോകുമ്പോഴാണ് ഇവർ ലോക വിസ്മയങ്ങളാവുന്നത്.



ടെന്നീസിന്റെ പ്രണയിനി
ഒരു കുഞ്ഞു രാജകുമാരിയെ പ്രസവിച്ച്‌ എട്ടാം മാസം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയവളാണ് സെറീന വില്യംസ്. ആ തിരിച്ചുവരവിൽ ഫ്രഞ്ച് ഓപ്പൺ കിരീടം തന്നെ സ്വന്തമാക്കി. സിസേറിയനിലൂടെയാണ്  അവൾക്ക്‌ അലക്സിസ് ഒളിമ്പിയ എന്ന മകൾ പിറന്നത്. ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ച് ആശങ്കകൾ പേറി ആയിരുന്നു പ്രസവം. 39 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കി ഈ കായികപ്രതിഭ. ആർത്തവത്തിന്റെ അശുദ്ധിയും അസ്വസ്ഥത കളുമൊന്നും പേറിയായിരുന്നില്ല സെറീന ടെന്നീസ് കോർട്ടിൽ ഇറങ്ങിയത്.

മരണത്തെ വെല്ലുവിളിച്ച അന്ന ക്വിറോട്ട്
മരണത്തിൽ നിന്നും രക്ഷപെട്ടുവന്നവളാണ് ക്യൂബൻ അത്‌ലറ്റ് അന്ന ഫിഡലിന  ക്വിറോട്ട്. ഒരു കാലത്ത്  ലോകകായിക വേദികൾ കീഴടക്കിയ ക്യൂബൻ നക്ഷത്രം. ഗർഭിണിയായിരിക്കെ തീപൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ടിരുന്നു അന്ന. ആ ദുരന്തത്തിൽ മാസം തികയാത്ത കുഞ്ഞിനെയും പ്രസവിച്ചു. പൊള്ളലേറ്റ് കിടക്കുന്ന അന്നയുടെ ഉദരത്തിൽ നിന്നു പുറത്തു വന്ന കുഞ്ഞ്‌ പത്തു ദിവസം മാത്രമേ ജീവിച്ചുള്ളൂ. കുഞ്ഞു മരിച്ചതറിഞ്ഞ്‌ അന്ന തകർന്നു. പക്ഷെ, ആ തകർച്ചയിൽ ജീവിതം പാഴാക്കിയവൾ ആയിരുന്നില്ല, ഈ കായിക ഇതിഹാസം. വൈകാതെ അവൾ തിരിച്ചെത്തി. അത്ലറ്റിക്സിൽ ലോകം കീഴടക്കി. 800 മീറ്ററിൽ ലോകം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരുടെ പട്ടികയിൽ ഇന്നും അന്ന ഉണ്ട്.
   
ഇരട്ട സ്വർണം നേടിയ അമ്മ
അമ്മയായ ശേഷം ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയ റഷ്യൻ അത്ലറ്റ് ആണ് സ്വെറ്റലാന. ഗർഭിണി ആയ ശേഷം മൂന്നു വർഷം ട്രാക്കിൽ നിന്നു വിട്ടു നിന്നു. പിന്നീട് തിരിച്ചെത്തി. 1996 ബാഴ്‌സലോണ ഒളിമ്പിക്സിൽ 800 മീറ്ററിലും 1500 മീറ്ററിലും സ്വർണം നേടി.

മകൻ പിറന്ന ശേഷം 10, 000 മീറ്റർ മാരത്തോണിൽ ലോക റെക്കോർഡിട്ട കാര ഗൗചർ, നീന്തലിൽ കുതിച്ച ഡാന വോൾമാർ, ഫുട്‌ബോൾ താരം ക്രിസ്റ്റി റാംപനെ തുടങ്ങി കായിക വിഹായസിലെ അപൂർവതാരങ്ങൾ ഇനിയുമുണ്ട്. മക്കളെ അവർ സ്നേഹത്തിൽ പൊതിയുന്നു, താലോലിക്കുന്നൂ, ആർത്തവ നാളിലും മിന്നിത്തിളങ്ങുന്നു. പൊരിവെയിലത്ത് അധ്വാനിച്ചു തന്നെ വിജയം കൊയ്യുന്നു. അതു കൊണ്ടു തന്നെയാണ് സെറീന വില്യംസും മേരി കോമും അന്ന ക്വിറോട്ടുമെല്ലാം വിസ്മയങ്ങളാവുന്നത്.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top