04 July Friday

മറഞ്ഞിരിക്കുന്ന എട്ടാം ഭൂഖണ്ഡം

ഡോ. കുശല രാജേന്ദ്രൻUpdated: Sunday Oct 15, 2023


ഏഴല്ല, കടലിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന എട്ടാമത്തെ ഒരുഭൂഖണ്ഡം കൂടിയുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടാൻ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. പസഫിക്‌ സമുദ്രത്തിൽ മറഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെപ്പറ്റി ആദ്യ സൂചന ലഭിച്ചത് 1672-ലാണ്. ഡച്ച് നാവികനായ ആബേൽ ടാസ്മാനാണ് (Abel Tasman) ഇത്‌ സംബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ  നടത്തിയത്‌. ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും ഇടയിലുള്ള  ദക്ഷിണ പസഫിക്ക്‌ സമുദ്രത്തിലെ ടാസ്മാൻ കടലിന്റെ പേര്‌ ഈ നാവികന്റെ പേരിലുള്ളതാണ്‌. രണ്ടുനൂറ്റാണ്ടിനുശേഷം 1895-ൽ സ്കോട്ട്‌ലൻഡ്‌ പ്രകൃതിശാസ്ത്രജ്ഞൻ സർ ജെയിംസ്ഹെക്ടറാ (James Hector)ണ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രത്തെപ്പറ്റി കൂടുതലായി വിശദീകരിച്ചത്‌. ഇന്നു നാം കാണുന്ന ന്യൂസിലൻഡ് എന്ന ഭൂപ്രദേശം കടലിൽ ആണ്ടുപോയ ഒരു പർവതശൃംഖലയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.  ഇത്‌ ശാസ്ത്രീയമായി  വലിയ വിലയിരുത്തലായിരുന്നെങ്കിലും 1960 -വരെ ഈ വിഷയത്തിൽ കാര്യമായ ഗവേഷണ പുരോഗതി ഉണ്ടായില്ല. സമീപകാല ഗവേഷണങ്ങൾ സീലാന്റിയ എന്ന ‘പുതിയ ഭൂഖണ്ഡ’ത്തെപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്‌.
ഭൂഖണ്ഡമെന്നാൽ

ഭൂഖണ്ഡം എന്നതിന്‌ ഭൗമശാസ്‌ത്രജ്ഞർക്കിടയിൽ വ്യക്തതയുണ്ടായത് 1960-കളിലാണ്. വിസ്താരവും ഉയരക്കൂടുതലുമുള്ള, വിവിധങ്ങളായ പാറകൾ ഉൾപ്പെടുന്നതും കട്ടിയുള്ള ഭൂവൽക്കപാളിയുള്ളതുമായ ഭൂപ്രദേശങ്ങളെയാണ്‌ ഭൂഖണ്ഡങ്ങളെന്ന്‌ നിർവചിക്കുന്നത്. സമുദ്രതലത്തിൽനിന്നുയർന്ന പ്രദേശങ്ങളും തീരപ്രദേശത്തോടുചേർന്ന് കടലിന്റെ അടിയിൽ കാണപ്പെടുന്ന വൻകരത്തട്ടും (Continental shelf) ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. ഭൂഖണ്ഡത്തിന്റെ ഭൂവൽക്കപാളികൾ അഥവാ കോണ്ടിനെന്റൽ ക്രസ്റ്റിന്‌ നാലു ബില്യൻ (നാനൂറുകോടി) വർഷങ്ങൾവരെ പ്രായമുണ്ടാകുമ്പോൾ (ഭൂമിയുടെ പ്രായം 4.5 ബില്യൺ ആണെന്നോർക്കുക) സമുദ്രതലങ്ങളുടെ ഏറ്റവും കൂടിയ പ്രായം 270 ദശലക്ഷം വർഷങ്ങളാണ്‌. വൻകരത്തട്ടുകളുടെ അതിരുകൾ അവസാനിക്കുന്നത്‌ സമുദ്രതടങ്ങളിലാണ്. ഭൂഖണ്ഡങ്ങളിലെയും സമുദ്രതടങ്ങളിലെയും പാറകളുടെ ഘടന വ്യത്യസ്തമാണ്. ഭൂഖണ്ഡങ്ങളിലെ ഭൂവൽക്കപാളികളിൽ വ്യത്യസ്‌തങ്ങളായ പാറകൾ കാണപ്പെടുമ്പോൾ സമുദ്രത്തടങ്ങൾ താരതമ്യേന നേർത്തതും പ്രായം കുറഞ്ഞതുമായ അഗ്നിപർവത പാറകൾമാത്രം ഉൾക്കൊള്ളുന്നതുമാണ്. ഭൂഖണ്ഡങ്ങൾക്ക് സമുദ്ര അടിത്തട്ടുകളേക്കാൾ കൂടുതൽ ഉയരവും ഉണ്ടാകും. ഈ നിബന്ധനകളുണ്ടെങ്കിലും ഭൂപ്രദേശത്തിന്റെ വലുപ്പം ഒരുമാനദണ്ഡമല്ല. അതായത്, മറ്റുഘടകങ്ങൾ പാലിക്കപ്പെട്ടാൽ എത്ര ചെറിയ ഭൂപ്രദേശവും ഭൂഖണ്ഡം എന്ന നിർവചനത്തിന്‌ അർഹമാകും.

സീലാന്റിയയും ബ്രൂസും

സീലാന്റിയയുടെ ഘടന മുകളിൽ പറഞ്ഞ നിർവചനങ്ങളെല്ലാം പാലിക്കുന്നു. അത് ചുറ്റുമുള്ള സമുദ്രത്തടങ്ങളിൽനിന്ന് ഉയരത്തിലാണുള്ളത്. സീലാന്റിയ തൊട്ടടുത്ത ഭൂഖണ്ഡമായ ഓസ്ട്രേലിയയിൽനിന്ന് പ്രത്യക്ഷത്തിൽ വേറിട്ട് നിൽക്കുന്നു. 95-ൽ അമേരിക്കൻ ജിയോഫിസിസിസ്റ്റും സമുദ്രശാസ്ത്രജ്ഞനുമായ ബ്രൂസ്‌ ലുയെൻഡിക്കാണ് (Bruce Luyendyk) സമുദ്രത്തിലാണ്ടുപോയ ഈ ഭൂപ്രദേശത്തെ ഒരു വ്യത്യസ്ത ഭൂഖണ്ഡമായി കണക്കാക്കാമെന്ന് നിർദേശിച്ച് അതിന് സീലാന്റിയ(Zealandia) എന്ന പേരുനൽകിയത്. ഏതാണ്ട് 4.9 ദശലക്ഷം ചതുരശ്ര കിലോമീറ്റർ, അതായത് ഓസ്ട്രേലിയയുടെ പകുതി വിസ്തൃതിയുള്ള, സീലാന്റിയ കഴിഞ്ഞ 23 ദശലക്ഷം വർഷങ്ങളായി പൂർണമായും സമുദ്രത്തിലാണ്ടു കിടക്കുകയായിരുന്നു. കാലക്രമേണ അത് ഉയർന്നു വരാൻ തുടങ്ങി. സീലാന്റിയയിലെ ഉയരം കൂടിയ കൊടുമുടികളാണ്‌ ന്യൂസിലൻഡ് എന്നറിയപ്പെടുന്ന രാജ്യത്തു കാണുന്നതെന്നും ബ്രൂസ്‌ സമർഥിച്ചു. സമുദ്രനിരപ്പിൽനിന്ന് ഉയരത്തിലുള്ള ന്യൂസിലൻഡ്, പസഫിക് സമുദ്രത്തിലെ ചില ചെറുദ്വീപുകൾ എന്നിവയൊഴിച്ച് സീലാന്റിയയുടെ ഏതാണ്ട് 94 ശതമാനവും സമുദ്രത്തിനടിയിലാണ്. 2014-ൽ ഹാമിഷ്‌ കാംപ്‌ബെൽ (Hamish Campbell), നിക്ക്മോർട്ടൈമർ (Nick Mortimer) എന്നിവർ ചേർന്നെഴുതിയ ഗ്രന്ഥത്തിലൂടെയാണ് (Zealandia: Our Continent Revealed) സീലാന്റിയയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായത്. പുസ്തകത്തിന്റെ പുറംചട്ടയിൽ അവരെഴുതി: ‘എല്ലാ ദിശയിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഭൂഖണ്ഡത്തെക്കുറിച്ച്‌ സങ്കൽപ്പിച്ചു നോക്കുക. അവിടെ ഉയരമുള്ള മലകളും വിശാലമായ താഴ്വരകളും ഉണ്ടാകും. പലവിധമായ കുന്നുകളും, കൊടുമുടികളും അഗ്നിപർവതങ്ങളുമുണ്ടാകും. ഈ സാങ്കൽപ്പിക ഭൂഖണ്ഡം കടലിനടിയിലാണെന്ന്‌ കരുതുക. സീലാന്റിയയിലേക്ക്‌ സ്വാഗതം...!’  

ഭൂഖണ്ഡങ്ങൾ രൂപപ്പെടുന്നത്‌


550 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌ രൂപപ്പെട്ട ഗോണ്ട്വാന (Gondwana) വൻകര ഏതാണ്ട് 140 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌ വിഘടിച്ചാണ് അന്റാർട്ടിക്ക, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ ഭൂപ്രദേശങ്ങളുണ്ടായതെന്ന് പ്ലേറ്റ്‌ടെക്‌ടോണിക്‌സ്‌ (Plate Tectonics) സിദ്ധാന്തം വ്യക്തമാക്കുന്നു. ഈ ഭൂപ്രദേശങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടു. ഏതാണ്ട് 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌ ടാസ്മാൻകടൽ സൃഷ്ടിച്ച ഓസ്ട്രേലിയയിൽനിന്ന്‌ വേർപെട്ടു പോയ ഭാഗമാണ് സീലാന്റിയ. അക്കാലത്ത്‌ സീലാന്റിയ സമുദ്രത്തിനടിയിലായിരുന്നില്ല. പിൽക്കാലത്ത് ഭൂവൽക്കപാളികളുടെ ചലനം എതിർദിശയിലാകുകയും അവ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്തപ്പോൾ ന്യൂസീലൻഡ് സമുദ്രനിരപ്പിൽനിന്ന്‌ ഉയരുകയും, സീലാന്റിയ പൂർണമായും സമുദ്രത്തിലാണ്ടുപോകുകയും ചെയ്തു.  ഇത്തരം പ്രക്രിയകളിലൂടെകടന്നു പോകുമ്പോഴും വൻകരയിലുണ്ടായിരുന്ന പാറകളും ജീവന്റെ അവശേഷിപ്പുകളും സീലാന്റിയയിൽ ഉണ്ടാകുമെന്നായിരുന്നു ശാസ്‌ത്രജ്ഞരുടെ നിഗമനം.   2017-ൽ നടത്തിയ പഠനങ്ങൾ അവരുടെ നിഗമനം ശരിവച്ചു. ആഴക്കടൽ പര്യവേക്ഷണങ്ങളുടെ ഭാഗമായി സമുദ്രത്തിന്റെ അടിത്തട്ടിൽ ആറിടത്ത് 1250 മീറ്റർ ആഴത്തിൽ കുഴിച്ച് അവർ പാറകൾ ശേഖരിച്ചു. ആ പാറകളിൽ സസ്യങ്ങളുടെയും ആഴംകുറഞ്ഞ സമുദ്രത്തിൽ ജീവിക്കുന്ന കക്ക, ചിപ്പികൾ തുടങ്ങിയവയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി! സീലാന്റിയയുടെ മിക്കഭാഗങ്ങളും സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന്‌ സാമാന്യം ഉയരത്തിലാണെന്നും അവർ കണ്ടെത്തി. അവിടെനിന്ന്‌ ലഭിച്ച പാറകളുടെ ഘടന, അവയുടെ സാന്ദ്രത തുടങ്ങിയവയും പ്രായമേറിയ വൻകരകളോട് സാദൃശ്യം പുലർത്തുന്നവയും ആയിരുന്നു. സീലാന്റിയയുടെ ഏറ്റവും പുതിയ ഭൂപടം ഉപഗ്രഹങ്ങളടക്കമുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കി കഴിഞ്ഞു.

(പ്രശസ്‌ത ഭൗമശാസ്‌ത്ര ഗവേഷകയും
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌
മുൻ പ്രൊഫസറുമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top