06 July Wednesday

പെൺമുദ്ര ചാർത്തി അവർ 15 പേർ

എ വി അനിൽകുമാർUpdated: Saturday Jan 26, 2019


ഭരണഘടനാ നിർമാണ സഭയിലെ 299 അംഗങ്ങളിൽ 15 സ്ത്രീകൾ ഉണ്ടായിട്ടും ആ പങ്കാളിത്തം വേണ്ടവിധം വിലയിരുത്തപ്പെട്ടില്ല. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ദുർഗാഭായ് ദേശ്മുഖ്, ആനീമസ്ക്രീൻ(മദിരാശി), ഹസ്നാ ജീവ്രാജ് മേത്ത(ബോംബെ),  മാലതി ചൗധരി (ഒറീസ),  സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, പൂർണിമ ബാനർജി, കമലാ ചൗധരി, ബീഗം ഐസാസ് റസൽ(ഉത്തർപ്രദേശ്), സരോജിനി നായിഡു(ബിഹാർ), രാജ്കുമാരി അമ്രീത് കൗർ(പഞ്ചാബ്), രേണുക റോയ്, ലീലാ നാഗ് (ബംഗാൾ)എന്നിവരായിരുന്നു ആ വനിതകൾ‌. ദാക്ഷായണിയും അമ്മു സ്വാമിനാഥനും ആനി മസ്ക്രീനും മലയാളികൾ. സാമൂഹിക വിലക്കുകളും സാമുദായിക തടസ്സങ്ങളും അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടും പുരുഷാധിപത്യത്തിന്റെ കണ്ണുരുട്ടലുകളും വകവയ‌്ക്കാതെയും ധിക്കാരങ്ങൾ തട്ടിമാറ്റിയും മൂവരും എത്തിപ്പിടിച്ച നേട്ടങ്ങൾ രോമാഞ്ചജനകം.

നെഹ്റുവിനോട‌് തർക്കിച്ച ദാക്ഷായണി

മേൽവസ്ത്രം ധരിച്ച ആദ്യ ദളിത് പെൺകുട്ടി, രാജ്യത്തെ ബിരുദധാരിയായ ആദ്യ ദളിത‌് സ‌്ത്രീ, ഭരണഘടനാ നിർമാണസഭയിലെ ധീരശബ്ദം.. വിസ്മയഭരിത ജീവിതമായിരുന്നു ദാക്ഷായണിയുടേത്. എറണാകുളം ജില്ലയിലെ മുളവുകാട്ട് കല്ലംമുറിയിൽ കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും മകളായി 1912 ജൂലൈ നാലിനായിരുന്നു ജനനം. അധ്യാപകനായ കുഞ്ഞൻ പ്രയത്നശാലിയായ കർഷകൻ കൂടിയായിരുന്നു. കുഞ്ഞൻ മകളെ ദുർഗയെന്നും ദക്ഷയുടെ പുത്രിയെന്നും അർഥമുള്ള ദാക്ഷായണി എന്ന് വിളിച്ചു. എറണാകുളം മഹാരാജാസിൽനിന്നും 1935ൽ ഒന്നാം ക്ലാസ്സിൽ ബിഎസ‌്സി കെമിസ്ട്രി പാസായി. 1938ൽ മദ്രാസ് സെന്റ് ക്രിസ്റ്റഫർ കോളേജിൽനിന്ന് എൽടിയും. മഹാരാജാസിൽ അധ്യാപകരുടെ അവഗണന. സ്കോളർഷിപ്പ് നേടിയിട്ടും ശാസ്ത്രപരീക്ഷണങ്ങൾ കാണിച്ചുകൊടുത്തില്ല. വിദ്യാഭ്യാസയോഗ്യത സവിശേഷമായി പരിഗണിച്ച് ദാക്ഷായണിയെ തൃശൂരിനടുത്ത പെരിങ്ങോട്ടുകര ഹൈസ്കൂളിൽ അധ്യാപികയായി നിയമിച്ചു. 1945 ജുലൈ 31ന്, കൊച്ചി നിയമസഭയിലേക്ക് നാമനിർദേശംചെയ്തു. ഭരണഘടനാ നിർമാണ സഭയിലേക്ക് പരിഗണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത. അന്ന് വയസ്സ് 34.

1948 നവംബർ 29ന് അവർ നടത്തിയ പ്രസംഗം നീണ്ടപ്പോൾ അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. ആണുങ്ങളുടെ ഔദാര്യത്തിലാണ് സംസാരമെന്ന് ധ്വനിപ്പിക്കുകയുംചെയ്തു. ദാക്ഷായണിക്ക് സഹിച്ചില്ല. ആൺകോയ്മ സമൂഹത്തിന്റെ ഭാഗമാണെന്ന‌് പറഞ്ഞ അവർ, പുരുഷ അംഗങ്ങൾ സമയം ഏറെ ഉപയോഗിക്കുന്നത് എടുത്തിട്ടു. ‘എല്ലാ ദിവസവും മഹാന്മാരുടെ പ്രഭാഷണങ്ങളും ആശയങ്ങളും ആദർശങ്ങളും കേൾക്കുന്നു. എന്നാൽ ഭരണഘടന അവയുടെയെല്ലാം തരിശായി മാറുകയാണ‌്’ എന്ന വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായി. അയിത്താചാരത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭരണനിർമാണ സഭയിൽ നെഹ്റുവിനോട് വാഗ്വാദത്തിലേർപ്പെട്ട ദാക്ഷായണി അംബേദ്കറോടും തർക്കിച്ചു.

വിവാഹത്തിന് ഉപാധിവച്ച അമ്മു

പാലക്കാട്ട‌് ഗോവിന്ദ മേനോന്റെയും ആനക്കര വടക്കത്ത് അമ്മുഅമ്മയുടെയും മകളായി 1894 ഏപ്രിൽ 22നാണ് അമ്മുവിന്റെ ജനനം. 20 വയസ്സ് മൂത്ത ഡോ. സുബ്ബരാമ സ്വാമിനാഥനെ 13ാം വയസ്സിൽ വിവാഹംചെയ്തു. അപ്പോഴേ തന്റേടിയായിരുന്ന അമ്മു വിവാഹത്തിന് ഉപാധിവെച്ചു–- ചെന്നൈയിലേക്ക് താമസം മാറ്റുക, ഇംഗ്ലീഷ് പഠിപ്പിക്കുക. മദ്രാസിലേക്ക് താമസം മാറിയ അമ്മു ഇംഗ്ലീഷ് ഉൾപ്പടെ നിരവധി ഭാഷ പഠിച്ച‌്  ഉന്നത വിദ്യാഭ്യാസം നേടി. ആനി ബസന്റ്, മാർഗരറ്റ് കസിൻസ്, മാലതി പട്വർധൻ, ദൊറോത്തി ദിനരാജദാസ, ദാദാഭോയ്, അംബുജമ്മാൾ എന്നിവരോടൊപ്പം 1917 മെയ് എട്ടിന് അഡയാറിൽ വിമൻസ് ഇന്ത്യാ അസോസിയേഷൻ രൂപീകരിച്ചു.  ഭരണഘടനാ നിർമാണ സഭയിലെ പ്രസംഗങ്ങൾ കാലത്തിന് മുന്നേ സഞ്ചരിച്ചു. ജാതി വിവേചനത്തിനെതിരെ പോരാടിയ അമ്മു, നെഹ്റു പണ്ഡിറ്റ്ജി എന്ന് വിളിക്കപ്പെടുന്നതിലെ ജാതീയത ചൂണ്ടിക്കാട്ടി. ആ അഭിസംബോധന ആസ്വദിച്ചതിൽ അദ്ദേഹത്തെ വിമർശിച്ചു.

ശൈശവ വിവാഹത്തിന്റെ ഇരയായ അമ്മു, ബാലവിവാഹം നിരോധിച്ചുള്ള നിയമം നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1949 നവംബർ 24ന് നടത്തിയ പ്രസംഗത്തിൽ സ്ത്രീപദവി സംബന്ധിച്ച് വ്യക്തമായ നിലപാടാണ് മുന്നോട്ടുവെച്ചത്–- ‘പുറം രാജ്യങ്ങളിലുള്ള ജനങ്ങൾ പരാതിപ്പെടുന്നത് ഇന്ത്യ സ്ത്രീകൾക്ക് തുല്യാവകാശം അനുവദിക്കുന്നില്ലെന്നാണ്. ഇന്ത്യക്കാർ ഭരണഘടനക്ക് രൂപംനൽകുമ്പോൾ തുല്യാവകാശവും പദവിയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം’.

ആനി, തിരുവിതാംകൂറിന്റെ ഝാൻസിറാണി

സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യ സ്ത്രീകളിലൊരാൾ. ആദ്യ വനിതാ നിർവാഹക സമിതിയംഗം; ജനറൽ സെക്രട്ടറി. തുറന്ന അഭിപ്രായപ്രകടനങ്ങൾക്ക് ഗാന്ധിജിയുടെ വിമർശനം നേരിട്ട സ്വാതന്ത്ര്യ സമര സേനാനി–- തിരുവിതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെട്ട ആനിയുടെ ജീവിതം ഒട്ടേറെ പ്രത്യേകതകൾ  നിറഞ്ഞത്.

ദിവാന്റെ ദഫേദാറായ ഗബ്രിയേൽ മസ്ക്രീന്റെ മകളായി 1902 ജൂൺ ആറിന് തിരുവനന്തപുരത്ത് പിറന്ന ആനി 1925ൽ ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഇരട്ട ബിരുദാനന്തര ബിരുദം നേടി. തുടർന്ന‌് അധ്യാപകജോലി തേടി സിലോണിലേക്ക് പോയി. അവിടെ മൂന്നുവർഷമേ തുടർന്നുള്ളൂ. തിരിച്ചുവന്ന് നിയമബിരുദം നേടി. സ്വാതന്ത്ര്യസമരത്തിലെ സജീവപങ്കാളിത്തത്തെ തുടർന്ന് പലവട്ടം ജയിലിൽ. നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രചരണാർഥമുള്ള പര്യടനവേളയിൽ ചെങ്ങന്നൂരിലായിരുന്നു ആദ്യ അറസ‌്റ്റ‌്–-1938 നവംബർ 12ന്.  ആഴ്ചകൾക്കകം രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ്. ജയിലിൽ കൊലപാതകികൾക്കും ക്രിമിനലുകൾക്കും നടുവിലാണ് പാർപ്പിച്ചത്.

ലോക‌്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 1948---‐52 കാലയളവിൽ തിരു–-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മന്ത്രിയുമായി. ഭരണഘടനാ നിർമാണ സമിതിയിൽ ആനി  ഗൃഹപാഠംചെയ‌്ത‌് നടത്തിയ പ്രസംഗങ്ങൾ വ്യത്യസ്തമായി.

17 മലയാളികൾ
ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത‌് കക്ഷിയടിസ്ഥാനത്തിൽ മാത്രമായിരുന്നില്ല. ഇന്ത്യൻ ജനതയുടെ എല്ലാ വിഭാഗങ്ങളെയും ജീവിതത്തിന്റെ എല്ലാ തുറകളെയും പ്രതിനിധാനം ചെയ്യുന്നവരെയാണ‌് പരിഗണിച്ചത‌്.

17- മലയാ-ളി-കളാ-ണ്- ഭരണഘടനാ- നിർ-മാ-ണത്തിൽ- പങ്കാ-ളി-കളാ-യത്--.- പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, പി എസ് നടരാജപിള്ള, ആനി മസ്ക്രീന്‍, കെ എ മുഹമ്മദ്, പി ടി ചാക്കോ, പനമ്പിള്ളി ഗോവിന്ദമേനോന്‍, അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, കെ മാധവമേനോന്‍, പി കുഞ്ഞിരാമന്‍, കെ ടി എം അഹ്മദ് ഇബ്രാഹിം, ബി പോക്കര്‍, എം കെ മേനോന്‍, അബ്ദുല്‍ സത്താര്‍ ഹാജി ഇസ്ഹാഖ് സേഠ്, മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഡോ. ജോണ്‍ മത്തായി എന്നിവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top