09 December Saturday

വീഗ നഗരത്തിലെ ജലപ്പാവകൾ.. വിയറ്റ്നാം കാഴ്ചകൾ

സന്തോഷ് ബാബുUpdated: Tuesday Sep 26, 2023

വിയറ്റ്നാമിലെ വീഗാ നഗരത്തിലുള്ള ഡോ തിയേറ്റർ

തെക്കൻ വിയറ്റ്നാമിലെ  "ഡോ' തിയറ്ററിൽ വിയറ്റ്നാമിന്റെ ഗ്രാമീണ ജീവിതത്തിലേക്കും വീരേതിഹാസങ്ങളിലേക്കും നാടോടിക്കഥകളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവത്തിന്റെ ഓർമ്മകൾ.. സന്തോഷ് ബാബു എഴുതുന്നു

ജലമൊരുക്കുന്ന ഭ്രമാത്കമായ കാഴ്ചകളെക്കുറിച്ച് വിവരണങ്ങൾ  പലതുണ്ട്. ദുരൂഹമായ ആഴത്തിൽ മഷിനോട്ടക്കാരന്റെ വെറ്റിലയിലെ മഷിപോലെ ജലമുഖം തെളിഞ്ഞു-എന്ന് ഇരുട്ടുകെട്ടിയ ഒരു നാലുകെട്ടിനകത്തെ കിണറിന്റെ ആൾമറമേൽ ചുക്രുരാവുത്തർ എന്ന മുങ്ങാങ്കോഴിയെ ഇരുത്തി ഒ വി വിജയൻ പറയുന്നുണ്ട് ഖസാക്കിന്റെ ഇതിഹാസത്തിൽ. സന്ധ്യകഴിഞ്ഞ നേരത്ത് അങ്ങകലെ തെക്കൻ വിയറ്റ്‌നാമിലെ കടലോരത്തെ വീഗ നഗരത്തിൽ ജലപ്പാവക്കൂത്ത് കാണാൻ ആകാംഷയോടെ കാത്തിരിക്കുമ്പോൾ ഉള്ളിൽ തെളിഞ്ഞത് വെള്ളത്തിന്റെ വില്ലൂസുപടുതകളിലൂടെ നീങ്ങാൻ തയ്യാറെടുക്കുന്ന ആ ഇരുപ്പാണ്. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള അഞ്ചാമത്തെ നക്ഷത്രമായ വീഗയുടെ പേരാണ് ഈ നഗരത്തിനെന്നും ഈ കടലോരത്തിന് മാലാഖമാർ ഇറങ്ങുന്ന ഇടമെന്ന് വിശേഷണമുണ്ടെന്നും നാട്ടുകാർ പറയുന്നു. ഒറ്റനോട്ടത്തിൽ അൽപം ചരിച്ചുവെച്ചൊരു മിഴാവിനെ ഓർമ്മിക്കുന്നതായിരുന്നു ജലപ്പാവക്കൂത്തിന് ഒരുങ്ങിയിരിക്കുന്ന 'ഡോ' തിയറ്റർ.
ഉള്ളിൽ വെള്ളിവെളിച്ചം നിറഞ്ഞപ്പോൾ മിഴാവിൽനിന്നും അഴികളുള്ള ആകൃതി പ്രാചീനമായ മറ്റൊരു ഓർമ്മയിലേക്ക് വഴിമാറി. പുതുവെള്ളത്തിൽ പുളയുന്ന മീൻ പോലെ പിടിതരാതെ ഉള്ളിൽ പിടഞ്ഞ ഓർമ്മയ്ക്ക് ഒടുവിൽ വഴികാട്ടി ജാക്‌സൺ തീർപ്പുണ്ടാക്കി. "ഡോ" വിയറ്റ്‌നാമിലെ ഉൾനാടൻ മുക്കുവരുടെ ഒരു പരമ്പരാഗത മീൻപിടുത്ത ഉപകരണമാണ്-–മീൻ കെണി.' ഉള്ളിൽ എവിടെനിന്നോ ഊറിക്കൂടിയ വരേണ്യ ബോധത്തിന്റെ കൂത്തമ്പലം പൊട്ടി  വീണ്ടും ഒരു തനിനാടൻ മീൻ പുളഞ്ഞു, മലയാളത്തിലെ "ഒറ്റാലിന്റെ' തനിപ്പകർപ്പ്.

പിന്നാമ്പുറത്തെ രഹസ്യ ലക്ഷ്യം
കൊയ്ത്തുകഴിഞ്ഞ്, മഴവെള്ളം കയറുന്ന വടക്കൻ വിയറ്റ്നാമിലെ നെൽപ്പാടങ്ങളിലായിരുന്നു ജലപ്പാവക്കൂത്തിന്റെ പിറവി. മലയാളിയെപ്പോലെ അരിതന്നെ അവിടെയും മുഖ്യ ഭക്ഷണം. ആയിരം വർഷത്തിന്റെ പഴക്കമാണ് അവർ ഈ കലാരൂപത്തിന് അവകാശപ്പെടുന്നത്. ബുദ്ധതത്ത്വങ്ങൾക്ക് പിന്തുണ നൽകിയിരുന്ന ലി രാജവംശത്തിന്റെ കാലത്ത് പ്രചാരം നേടിയതുകൊണ്ടാകാം പരമ്പരാഗത ആത്മീയ ധാരയുടെ സാന്നിദ്ധ്യം ഇതിന്റെ ആധുനിക അവതരണത്തിൽ പോലും അനുഭവപ്പെടും.

പണ്ട് ആകാശത്തിന് താഴെ വിശാലമായ അരങ്ങിൽ നടത്തിയിരുന്ന ജലപ്പാവക്കൂത്ത് വാസ്തവത്തിൽ ഗ്രാമീണ കർഷകരുടെ വിനോദം മാത്രമായിരുന്നില്ല,  ലോകത്ത് പലയിടത്തും നാടോടി കലാരൂപങ്ങൾ പലതിന്റെയും പശ്ചാത്തലത്തിൽ ഉള്ളതുപോലെ  ജലപ്പാവക്കൂത്തിനും  ചില രഹസ്യ ലക്ഷ്യങ്ങളുണ്ടായിരുന്നത്രെ. കൃഷിയിലും ജീവിതത്തിലും കുഴപ്പങ്ങളുണ്ടാക്കാതിരിക്കാൻ അവർ വിശ്വസിക്കുന്ന ചില നിഗൂഢ ആത്മാക്കളെയും പ്രകൃതി ശക്തികളെയുമൊക്കെ പ്രീതിപ്പെടുത്താനുള്ള ചടങ്ങ് കൂടിയായിരുന്നു ജലപ്പാവക്കൂത്ത്. ഇപ്പോൾ അരങ്ങുകളും ആവശ്യങ്ങളും മാറിയെങ്കിലും പഴയ നാടോടി പാരമ്പര്യം പാവകളിലും പാട്ടുകളിലും കഥകളിലും അവർ പിന്തുടരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡോ തിയറ്ററിലെ അവതരണം.

വെളിച്ചങ്ങളുടെ വിസ്മയത്തിലേക്ക്

കടുംപച്ച നിറത്തിൽ ഘനീഭവിച്ചു കിടക്കുന്ന ജലത്തിലേക്ക് പിന്നിലെ അവ്യക്തമായ തിരശ്ശീലയ്ക്ക് കുറുകെ  ആകാശത്തുനിന്ന് എന്നപോലെ ഞാന്നുകിടക്കുന്ന  ചരടുകളാണ് തിയറ്ററിനുള്ളിൽ   സ്വാഗതം ചെയ്തത്. നീലവെളിച്ചം പുരണ്ട ആ ചരടുകളൊഴികെ ചുറ്റും നേർത്ത ഇരുട്ടിലാഴ്ന്ന് കിടക്കുകയായിരുന്നു. ആമ്പൽകുളങ്ങളിൽ പതിവുള്ളതുപോലെ ഇലപ്പച്ചയിൽ ഇടയ്ക്ക്  ചെറിയ ചില അനക്കങ്ങൾ മാത്രം. കളിതുടങ്ങാൻ കാത്തിരിക്കുന്ന അരങ്ങ് എന്നേ കരുതിയുള്ളൂ. എന്നാൽ കളി തുടങ്ങിയിരുന്നല്ലോയെന്നും ആ തുറന്ന അരങ്ങും, അരണ്ട വെളിച്ചവും ജലവിതാനവും ഇരുട്ടും നിശബ്ദതയുമെല്ലാം കളിയുടെ ഭാഗമാണെന്നും നിശ്ചലമായ ജലത്തിനടിൽ നിന്നും പൊടുന്നനെ ഒരു പാവ ഉയർന്നുവന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. കേരളത്തിലെ അമേച്വർ, പരീക്ഷണ നാടകവേദികളിൽ പലരും പ്രയോഗിച്ച് വരുന്ന, അരങ്ങിലെ അനുഭവത്തിനായി പ്രേക്ഷകരെ പാകപ്പെടുത്തിയെടുക്കുന്ന കലാതന്ത്രം!

ഹൃദ്യമായ ഉപകരണ സംഗീതത്തിന്റെ അകമ്പടിയോടെ അരങ്ങ് ഉണർന്നപ്പോൾ ആദ്യം വെള്ളം തൊട്ട് ഞാന്നു കിടന്നിരുന്ന ചരടുകൾ ചലിച്ചു.  ജലത്തിന്റെ പച്ചപരവതാനി ഭേദിച്ച് ചില രൂപങ്ങൾ മുകളിലേക്ക് ഉയർന്നു.  പിന്നെ മാന്തളിർനിറമുള്ള വെളിച്ചത്തിൽ നടുവിൽ വൃത്തം വഹിക്കുന്ന ത്രികോണാകൃതിയുള്ള സ്ഫടികചീളുകൾ കൂട്ടത്തോടെ ഉയർന്നു. അവയുടെ സംഘനൃത്തമാണ് പിന്നീട് ദൃശ്യമായത്. ഒന്നായി നിന്നത് എന്നോ പലതായി പോയതെന്ന് വ്യക്തമാക്കുന്നതായിരുന്നു പല നൂലുകളിലുള്ള അവയുടെ അടുക്ക്. പല വർണങ്ങളിൽ വെളിച്ചം ഇടകലർന്ന് ഒഴുകി വീണുകൊണ്ടിരുന്നു
കളിനടക്കുന്ന മുഖ്യവേദിയായ ആ ചെറിയ ജലാശയത്തിന്റെ നനവ് കാഴ്ചക്കാരിലേക്ക് അപ്പാടെ പകർത്താനെന്നപോലെ പല ഉയരങ്ങളിൽ നിന്ന് പല നിറങ്ങളിൽ ഇവയിൽ നിന്ന് വെള്ളമൊഴുകിക്കൊണ്ടിരുന്നു, ചിലതിൽ നിന്ന് അരുവികളുടെ പ്രവാഹം പോലെയും ചിലതിൽ നിന്ന് ഇടവിട്ടിടവിട്ട് തിളങ്ങുന്ന തുള്ളികളായും. ഇതിനിടയിൽ താഴെ കരിനീലയായി മാറിയ വെള്ളത്തിൽ ഇവയുടെയൊക്കെ നിഴലുകൾ താളാത്മകമായി നൃത്തം വെയ്ക്കുന്നത് മനോഹരമായ  മറ്റൊരു ഒരു ദൃശ്യാനുഭവമായി.

തിയറ്ററിന്റെ പാർശ്വങ്ങളിൽ ഉയരത്തിലുള്ള തട്ടിൽ ഉറപ്പിച്ചിരിക്കുന്ന സൈക്കിളുകളിലിരിക്കുന്ന കലാസാങ്കേതിക വിദഗ്ധരാണ് ഈ ചരടുകൾ ചലിപ്പിക്കുന്നത്.  പ്രേക്ഷകർക്ക് ഇത് വ്യക്തമാക്കുന്ന തരത്തിൽ കളിക്കിടയിൽ,  അൽപ നേരം ഈ ഭാഗത്ത് വെളിച്ചം വീഴ്ത്തി കാഴ്ചക്കാരെ അവതരണ സംവിധാനമാകെ അനുഭവപ്പെടുത്തുന്ന തരത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ഒരു കൈയിൽ പാമ്പും മറുകൈയിൽ ജീവിതവും
നീളൻ കുഴലുകളും മുളയിലും തോലിലും പണിത പലതരം വാദ്യോപകരണങ്ങളും ഉയർത്തിയ സംഗീതം നിലച്ച് വെളിച്ചം പരന്നപ്പോൾ വെള്ളത്തിനടിയിൽ നിന്നും കൗപീനം മാത്രം ധരിച്ച ഒരു പാവക്കുട്ടി അഥവാ കുട്ടിപ്പാവ ചിരിയോടെ ഉയർന്നു വന്നു. കഥയറിയാതെ കാണുന്ന ആട്ടത്തിലേക്കാണ് കണ്ണുതുറന്നിരുന്നതെങ്കിലും പാവയുടെ ചലനങ്ങളും മുഖഭാവവും ചിരിപ്പിച്ചു. ചിരിപ്പിക്കാനും കരയിക്കാനും ഭാഷ ആവശ്യമില്ലെന്ന ചാപ്ലിൻ 'ഫലിതം' ഓർമ്മവന്നു.

ഈ കൗപീനധാരിക്ക് ഒരു നാടോടി പാരമ്പര്യമുണ്ടെന്ന് പിന്നീട് അറിഞ്ഞു. വിയറ്റ്‌നാമും കംബോഡിയയും ചൈനയും കടന്ന് ഇന്ത്യയിലേക്കും നീളുന്ന ബന്ധം. ഒറ്റവാക്കിൽ പറഞ്ഞാൽ വിയറ്റ്‌നാംകാർക്ക് ഇവനൊരു കോളാമി അമ്മാവനാണ്. ചിരിപ്പിക്കലാണ് പ്രധാന ദൗത്യം. എന്നാൽ അതിനപ്പുറം  വിദൂഷകന്റെ വിരുതും ഇവനുണ്ട്. 'ചു തേവു' എന്നാണ് വിളിപ്പേര്. വിയറ്റ്‌നാമീസ് നാടോടി കഥയിൽ ഇവൻ സ്വർഗത്തിൽ നിന്ന് അവതരിച്ചതാണ്. രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അർത്ഥവത്തായ അഭിപ്രായങ്ങൾ പറയുന്ന, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിമതികളെയും വീഴ്ചകളെയും തമാശരൂപേണ വിമർശിക്കുന്ന ഒരു 'കുഞ്ചൻ നമ്പ്യാർ ടച്ചു'മുണ്ട് ഈ കഥാപാത്രത്തിന്. 

കുഞ്ഞൻ മറഞ്ഞപ്പോൾ തുടർന്നങ്ങോട്ട് പലതരം പാവകളുടെ വരവായിരുന്നു. വലിയ മുഖമുള്ള മനുഷ്യ പാവകൾ കരയിൽ നിന്ന് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ വെള്ളത്തിൽ മനുഷ്യരും  മുഖ്യമായും മുളയിൽ തീർത്ത കളിപ്പാവകളും ചേർന്ന് അത്ഭുതപ്പെടുത്തുന്ന ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.
ഒരു കൈയിൽ വലിയൊരു പാമ്പും മറുകൈയിൽ സ്വന്തം ജീവിതവുമായി ജലനടുവിൽ അതിജീവനത്തിന് ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്നുണ്ട്, ഒരു രംഗത്ത്. പല തവണ അവൾ ആക്രമിക്കപ്പെടുന്നു, പാമ്പ് വാ പിളർന്നെത്തുമ്പോൾ  ഓരോ തവണയും മുഖത്ത് കടിയേക്കാതിരിക്കാൻ പ്രേക്ഷകനും  അറിയാതെ മുഖം തിരിച്ചുപോകുന്നത്ര കൃത്യതയോടെയാണ് നീണ്ട പാമ്പുപാവയെ ഉപയോഗപ്പെത്തുന്നത്. വെള്ളത്തിൽ മുങ്ങിപ്പൊങ്ങി തട്ടിയും തടുത്തും ഈ ആക്രമണവും പ്രതിരോധവും അങ്ങനെ മുന്നേറുമ്പോൾ, ഇടയിലെവിടെയോവെച്ച് പശ്ചാത്തലത്തിലെ സംഗീതവും പെൺകുട്ടിയുടെ ഭാവവും മാറുന്നു, പാമ്പ്  ആക്രമിക്കുകയാണോ, അതോ ചുംബിക്കാൻ ശ്രമിക്കുകയാണോ എന്ന് അവളും കാണികളും സന്ദേഹികളാകുന്നു.

ക്രമേണ പാമ്പുമായി അവൾ   വാത്സല്യത്തോളം വളർച്ചയുള്ള പ്രണയത്തിലാകുന്നതാണ് ദൃശ്യമാകുന്നത്.  അതുവരെയും തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് കരുതിയ പാമ്പിനെ  അരുമയാക്കി അവൾ സ്വന്തം മാറിൽ ചേർത്ത് നിർത്തുന്നു. അവർ പ്രണയത്തിന്റെ ജലകേളിയിലേക്ക് മാറുന്നു. പണ്ടെന്നോ കേട്ടുമറന്ന മുത്തശ്ശിക്കഥയുടെ അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരത്തിലേക്ക് പ്രേക്ഷകൻ സ്വയം അലിഞ്ഞു ചേരുമ്പോൾ തൊട്ട് മുന്നിൽ അതുവരെ കണ്ടതൊക്കെയും പെട്ടെന്ന് ഇരുട്ടിലേക്ക് ആഴ്ന്നു പോകുന്നു, അരങ്ങിന്റെ മറ്റൊരിടത്ത് മറ്റൊരു കഥയുമായി മറ്റൊരു പാവ പ്രത്യക്ഷപ്പെടുന്നു.പല പാവകൾ പല ഭാവങ്ങൾ

കാളകൾ, നീർപ്പക്ഷികൾ, താറാവുകൾ, കുസൃതിയുള്ള കാളക്കുട്ടി, തീതുപ്പുന്ന വ്യാളി, വ്യാളിയുമായുള്ള വിയറ്റ്നാമീസ് ധീര നയകന്റെ പോരാട്ടം, ചൈനീസ്
രാജവംശവും വിയറ്റ്‌നാം രാജവംശവും തമ്മിൽ നടന്നിട്ടുള്ള യുദ്ധങ്ങളും വിജയപരാജയങ്ങളും ഓർമ്മിപ്പിക്കുന്ന യോദ്ധാക്കൾ, ഭീമൻ ആൾക്കുരങ്ങ്,  എന്നിങ്ങനെ പുത്തൻ സങ്കേതങ്ങളിൽ കഥകൾ പലതാണ് അരങ്ങേറുന്നത്. ജലാശയത്തിന് മുന്നിലും പിന്നിൽ ഉയരത്തിലും അരങ്ങുകളുണ്ട്.
ആകാശത്തുനിന്നെന്നപോലെ ജലത്തിലെ അരങ്ങിലേക്ക് എത്തുന്ന സുതാര്യമായ ഒരു വലിയ വെളുത്ത പശുവിന്റെ അവതരണമുണ്ട്. മെല്ലെമെല്ലെ കാറ്റിൽ പാറിയെത്തുന്നപോലെ അത് വന്ന് താഴ്ന്നു താഴ്ന്ന് ജലത്തിൽ മുട്ടി അൽപമൊന്ന് മുങ്ങി, തലയാട്ടി, വീണ്ടുമുയർന്ന്...ഒരു പശുക്കുട്ടിക്ക് ജന്മം നൽകുന്ന കാഴ്ചയായി അത് വികസിക്കുന്നു.  പിറന്ന കുഞ്ഞ് അനങ്ങാൻ തുടങ്ങുമ്പോൾ അതിനെ സാകൂതം നോക്കി നിൽക്കുന്ന അമ്മ പ്പശുവിന്റെ  കാഴ്ച. നാരുകൾ പോലുള്ള എന്തോ കൊണ്ട് നിർമ്മിച്ച പുറന്തോട് മാത്രമുള്ള ഒരു പാവയിൽ എങ്ങനെയാണ് ഇങ്ങനെ പല ഭാവങ്ങൾ ആവിഷ്‌കരിക്കാൻ പറ്റുകയെന്ന് നമ്മളെ അത്ഭുതപ്പെടുത്തും. 

കുഞ്ഞനങ്ങി, വിറച്ചുവിറച്ച് എഴുന്നേറ്റ്, അമ്മയെത്തേടി, പലതവണവീണ് ഒടുവിൽ സ്വന്തം കാലിൽ നിൽക്കുമ്പോൾ വന്നതുപോലെ തന്നെ അമ്മപ്പശു മുകളിലേക്ക് ഉയർന്ന് അപ്രത്യക്ഷയാകുന്നു. അത് നോക്കി തനിച്ച് നിൽക്കുന്ന കുഞ്ഞിന്റെ വിഹ്വലതകളിലേക്ക്  ഇറങ്ങിച്ചെല്ലാനാകാതെ പ്രേക്ഷകൻ ശ്വാസമടക്കി നിന്നുപോകും. വെളിച്ചവും ചരടുകളുടെ ചലനവും ചേർന്ന് മൃഗം മനുഷ്യാവസ്ഥയിലേക്ക് പരിണമിക്കുന്ന ആ ജലപ്പാവ കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകളുടെ പട്ടികയിലേക്ക് നിസംശയം ചേർത്തുവെയ്ക്കാവുന്നതാണ്. 32 കലാകാരന്മാർ വർഷങ്ങളുടെ പരിശ്രമം
തിരശ്ശീലയ്ക്ക് പുറകിൽ അരയോളം വെള്ളത്തിൽ ഇറങ്ങി മറഞ്ഞുനിൽക്കുന്ന കലാകാരന്മാരാണ് വെള്ളത്തിൽ ഒളിപ്പിച്ചിരിക്കുന്ന നീണ്ട മുളത്തണ്ടുകളിലും മറ്റും ഉറപ്പിച്ചിരിക്കുന്ന പാവകളെ  ഭാവാത്മകമായി ചലിപ്പിക്കുന്നത്. മൂന്ന് വർഷത്തിലധികം നീളുന്ന പരിശീലനത്തിലൂടെയാണ് ഇത് പഠിച്ചെടുക്കുന്നതെന്ന് അവർ പറഞ്ഞു. വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 കലാകാരന്മാരാണ് ‘ഡോ’ തിയറ്ററിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള "ലൈഫ് പെപ്പറ്റ്സ്' ജലപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്.  പാരമ്പര്യ വാദ്യോപകരണങ്ങളിൽ ഇവർ സൃഷ്ടിക്കുന്ന സംഗീതവും കൂടി ചേരുമ്പോൾ ഈ കലാസൃഷ്ടി സമ്മാനിക്കുന്ന അനുഭൂതിക്ക് പേരിടുക അസാധ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top