08 May Wednesday

ദൗക്കിയിലെ ഉംഗോട്ട്: അതിര്‍ത്തി മുറിച്ചൊഴുകുന്ന അഴക്

ലക്ഷ്മീദേവി സി എസ്Updated: Monday Nov 18, 2019

മനോഹരമായ മരതകപ്പച്ചനിറത്തിലുള്ള കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിനു മുകളിൽ അന്തരീക്ഷത്തിൽ ത്രിമാനചിത്രം പോലെ പൊങ്ങി നില്ക്കുന്ന ഒരു തോണിയും അതിലൊരു തോണിക്കാരനും. മനോഹരമായ ഈ ചിത്രമാണ് മേഘാലയയിലെ ദൗക്കിയി ലേയ്ക്ക് പോകാനായി എന്നെ പ്രേരിപ്പിച്ചത്.

നോർത്ത് ഈസ്റ്റിലേയ്ക്ക് ഞാനാദ്യമായാണ്. ബാംഗ്ലൂരിൽ നിന്ന് ഗൗഹാട്ടിയിലെത്തി അവിടുന്ന് ടാക്സിയിൽ ഏകദേശം മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ ഷില്ലോഗിലെത്താം .

ഗൗഹാത്തിയിലെ മലയാളി അസോസിയേഷനിലുള്ള ഹരികുമാറും കുടുംബവും കൂടെയുണ്ടായത് കൂട്ടായി. സിമന്റ്- കമ്പനിയിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു സിമന്റ്- കമ്പനിയിൽ സിമന്റ്- നിർമിക്കുന്നത് കാണുവാനുള്ള അവസരവും വഴിയിൽ ഒരുക്കി തന്നു .

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിൽ നിന്ന് 95 കി.മി സഞ്ചരിച്ചാൽ വെസ്റ്റ് ജയ്ന്തിയ ഹിൽസ് ജില്ലയിലെ ഇന്തോ ബംഗ്ലാദേശ് അതിർത്തിയിലെ അവസാന ഗ്രാമമായ ദൗക്കിയിലെത്താം. പ്രകൃതി രമണീയമായ ഒരു ചെറു ഗ്രാമമാണ് ദൗക്കി. ഏറ്റവും വൃത്തിയുള്ള നദി എന്ന് പേരു കേട്ട ഉംഗോട്ട് നദി ഒഴുകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. ഇത് ദൗക്കിയിലെത്തുമ്പോൾ ദൗക്കിനദിയാകുന്നു.

കണ്ണാടി പോലെ തെളിഞ്ഞ പച്ച നിറത്തിലുള്ള വെള്ളമുള്ള നിറയെ വെള്ളാരം കല്ലുകളുള്ള ആഴമുണ്ടെങ്കിലും അടിവശം വരെ കാണാൻ കഴിയുന്നു. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദിയാണ് ദൗക്കി. കരയിൽ ഒരു ചെറു ബോഡർലൈൻ മാത്രമാണ് ഈ സൗഹൃദ അതിർത്തിയിലുള്ളത്. അപ്പുറവും ഇപ്പുറവും ഇന്തോ ബംഗ്ലാദേശ് ആടഎ ജവാൻമാർ കാവൽനിൽകുന്നു. നദിയുടെ ഭംഗി ആസ്വദിച്ച് മുന്നോട്ടു നടന്നപ്പോൾ ഒരു ചുവട് ബംഗ്ലാദേശിലാണെന്നും കാല് തിരിച്ചെടുക്കണമെന്നും ബംഗ്ലാദേശ് ജവാൻ തമാശ രൂപേണ പറഞ്ഞത് ഓർക്കുന്നു . രാത്രികാലങ്ങളിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ആൾക്കാർ ഇന്ത്യയിലേയ്ക്ക് ഈ പുഴ മാർഗ്ഗം നീന്തിക്കയറാറുണ്ടെന്ന് നിവാസികൾ പറയുന്നതു കേൾക്കാൻ ഇടയായി.

ദൗക്കി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒരു വ്യാപാര കേന്ദ്രം ആണ്. എൻ.എച്ച്. 40 റൂട്ടിൽ 1931 ൽ നദിക്കു കുറുകെ പണി കഴിപ്പിച്ച ഒരു തൂക്കുപാലമുണ്ട്.     ഇരു രാജ്യങ്ങൾ തമ്മിലുള്ള ഒരു വ്യാപാര കവാടമായി അത് വർത്തിക്കുന്നു.  ധാരാളം ട്രക്കുകൾ ഇന്ത്യയിൽനിന്ന് പാറകൾ, ചുണ്ണാമ്പുകല്ല്, കൽക്കരി ഇവ നിറച്ച് ബംഗ്ലാദേശിലേക്ക് നിരനിരയായി പോകുന്നത് കാണാം. ഈ പാലത്തിനു മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ മരതക പച്ചനിറത്തിലുള്ള ദൗക്കിയുടെ അടിത്തട്ടിലുള്ള വെള്ളാരം കല്ലുകൾ വരെ കാണാനാകും.
           
ദൗക്കി നദിയിലൂടെ ചെറുവഞ്ചിയിലുള്ള സവാരി അവിസ്മരണീയമാണ്. മനോഹരമായ ഹരിതാഭമായ മലകൾ ചുറ്റിലും, കരയിലും, വെള്ളത്തിലും ഭംഗിയുള്ള വെള്ളാരങ്കല്ലുകൾ. നല്ല വൃത്തിയുള്ള പുഴ. ഇത് ഞാൻ ഫോട്ടോയിൽ കണ്ടതിനേക്കാളും ഭംഗിയാണ്. കുറച്ചു ദൂരം സഞ്ചരിച്ച്  തോണിക്കാരൻ തോണി കരയിലേയ്ക്കടുപ്പിച്ചു. കര മുഴുവനും വലുതും ചെറുതുമായെ വെള്ളാരങ്കല്ലുകൾ. ഒന്നിനു മുകളിൽ ഒന്നായി കല്ലുകൾ വീഴാതെ പൊക്കത്തിൽ അടുക്കി അടുക്കി വയ്ക്കാൻ എന്തു രസം . ഈ ഉരുളൻ കല്ലുകൾ ഒരു പ്രത്യേക രീതിയിൽ എറിയുമ്പോൾ പന്തുപോലെ ബൗൺസ് ചെയ്യുന്ന വിദ്യ തോണിക്കാരൻ കാണിച്ചു തന്നത് അതിലേറെ കൗതുകം .

ഈ പുഴയിലുടെ കുറച്ചു ദൂരം സഞ്ചരിച്ചാൽ മുൻകൂട്ടി ബുക്കുചെയ്ത ടെന്റുകൾ താമസത്തിനായി ലഭിക്കും. അവിടെ ഒരു കോടി നക്ഷത്രങ്ങൾ കണ്ടു കൊണ്ട് രാത്രി ചിലവഴിക്കാം.

ഈ പുഴയിൽ ബോട്ടു റേസ് നടക്കാറുണ്ട്. ടൂറിസവും, മത്സ്യബന്ധനവുമാണ് ഇവരുടെ മുഖ്യ വരുമാന മാർഗ്ഗം.

ഇവിടെയടുത്താണ് ഇന്തോ ബംഗ്ലാദേശ് അതിർത്തി ചെക്ക് പോസ്റ്റായ തമാബിൽ .

ഈ മനോഹാരിത ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. അതിലൊരാളായി ഞാനും.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top