18 April Thursday

ധനുഷ്‌കോടി, പെണ്‍കടലെടുത്ത ഒരു നഗരം; ഷെരീഫ്‌ ചുങ്കത്തറ എഴുതുന്നു

ഷെരീഫ്‌ ചുങ്കത്തറUpdated: Wednesday Jan 23, 2019

ഒരു ഭ്രാന്തന്‍ യാത്രയുടെ അവസാനം ഇങ്ങനെയാവണം.... ധനുഷ്കോടിയിലേക്ക് ഞാന്‍ എത്തിപെട്ടതാണ്. രണ്ടു ദിവസത്തെ ജനറല്‍ കമ്പാര്‍ട്ട്മെന്ടിലെ യാത്രയുടെ ക്ഷീണം എപ്പോഴൊ പോയേക്കാവുന്ന മറ്റൊരു ട്രിയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്ടിലെ ലഗേജ് വെക്കുന്ന ഭാഗത്ത് ഇറക്കിവെക്കുകയായിരുന്നു. ടിക്കറ്റൊക്കെ ആഡംബരമാണെന്ന് ഒന്നര മാസം നീണ്ടു നിന്ന യാത്രയില്‍ നിന്നും ഞാന്‍ മനസിലാക്കിയിരുന്നു. കോയമ്പത്തൂര്‍ ഇറങ്ങണം എന്ന് കരുതിയതാണ് പക്ഷേ ഉണര്‍ന്നപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ജടപിടിച്ച മുടിയും, അഴുക്കുനിറഞ്ഞ മുണ്ടും ജുബ്ബയും എനിക്കൊരു മോശം കാര്യമായി തോന്നിയില്ല. എങ്കിലും ഞാനൊന്ന് കുളിച്ചു. ഡല്‍ഹിയില്‍ നിന്നാണ് അവസാനമായി കുളിച്ചത്. ചെന്നൈയില്‍ നിന്നും കുളിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉറക്കക്ഷീണം അനുവദിച്ചില്ല. കുളിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ ഒളിച്ചിരുന്ന വിശപ്പ് പുറത്തു ചാടി. ഷൌരം ചെയ്യത്ത മുഖത്തു താടിരോമങ്ങള്‍ അനുസരണയില്ലാത്ത വിധം വളര്‍ന്നിരുന്നു. ഞാനൊരു സന്യാസിയാണെന്ന നിഗമനത്തില്‍ എന്‍റെ ഭക്ഷണത്തിന്‍റെ കാശ് ഒരു ഉത്തരേന്ത്യന്‍ കുടുംബം കൊടുത്തു..കാശി യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് നന്നായിരുന്നു എന്നുത്തരം പറഞ്ഞു. കൂടുതല്‍ ഭിക്ഷ തരാന്‍ അവര്‍ തയ്യാറായിരുന്നുവെങ്കിലും ഞാനത് നിരസിച്ചു, ചില യാത്രകള്‍ ഇങ്ങനെയാണ്..ഇരുമ്പ് കാന്തത്തിനോടെന്ന പോലെ ആകര്‍ഷിക്കും... കാശി യാത്രയുടെ പൂര്‍ണത കൈവരണമെങ്കില്‍ ധനുഷ്കോടിയിലേ സേതുവില്‍ മുങ്ങിനിവരണമെന്നതാണ് വിശ്വാസം.മീന്‍മണമുള്ള ഒരു ചെറിയ അങ്ങാടിവരെ മാത്രമേ രാമേശ്വരത്തു നിന്ന് ബസ്സുകള്‍ എത്തുകയോള്ളൂ. കടല്‍സംഗമിക്കുന്ന മുനമ്പായ കോടിയിലേക്ക് ഇനിയും എട്ടു കിലോമീറ്ററോ മറ്റോ ഉണ്ട്. ജീപ്പിലോ ചെറിയ വാനിലോ മാത്രമേ ഇനിയങ്ങോട്ട് പോകാന്‍ കഴിയൂ..150 രൂപയ്ക്കു കോടിയില്‍ പോകാന്‍ പെരുമാള്‍ എന്ന് പേരുള്ള വാന്‍ ഡ്രൈവര്‍ സമ്മതിച്ചു. കുറച്ചു സമയം കൊണ്ട് തന്നെ വാന്‍ നിറയുകയും ചെയ്തു. മുന്‍ സീറ്റില്‍ തന്നെ ഇരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം ഒരു രുദ്രാക്ഷ മാല സമ്മാനിച്ച്‌ കൊണ്ടാണ് ഞാന്‍ പ്രകടിപ്പിച്ചത്. പേര് ചോദിക്കുന്നതിനു പകരം സ്വാമി എന്നാണ് പെരുമാള്‍ എന്നെ അഭിസംബോധന ചെയ്തത്. അതേറ്റുപിടിച്ചു മറ്റു യാത്രക്കാരും.. രുദ്രാക്ഷമഹാത്മ്യം..

മണലില്‍ തെളിഞ്ഞ ടയര്‍പാടുകളിലൂടെ വാന്‍ നീങ്ങിതുടങ്ങി...നനവ് ഒട്ടുമില്ലാത്ത ചിലയിടങ്ങളില്‍ വാന്‍ നീങ്ങാന്‍ ബുദ്ധിമുട്ടാണ്..പെരുമാളിന്‍റെ സഹായി ചാടിയിറങ്ങി പലകകഷണങ്ങള്‍ വെച്ചാണ് പിന്നീട് യാത്ര. പെരുമാള്‍ ആയസപെട്ടാണ് വാന്‍ നിയന്ത്രിക്കുന്നത്. വാനിനകത്ത് ഒരു മൂകത തളംകെട്ടിയിരുന്നു.അതെന്നെ വല്ലാതെ അസ്വസ്ഥമാക്കി. അത് തിരിച്ചറിഞ്ഞാവണം പെരുമാള്‍ കാശി യാത്രയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു..പറ്റിയാല്‍ പോകണം എന്നും പറഞ്ഞു..തമിഴും മലയാളവും കൂടികലര്‍ന്ന പെരുമാളിന്‍റെ സംസാരം എനിക്കിഷ്ടമാകുകയും ചെയ്തു.

കുറച്ചു സമയത്തിനു ശേഷം വാനിന്‍റെ വേഗത കുറച്ചു ദൂരേക്ക്‌ കൈ ചൂണ്ടി പെരുമാള്‍ പറഞ്ഞു "അങ്കേ പാര് സ്വാമി'

ഞാന്‍ നോക്കുമ്പോള്‍ പഴയ റെയിവേ ട്രാക്കിന്റെ അവശിഷ്ടങ്ങള്‍..കടലെടുത്ത ഒരു തീവണ്ടി ഈ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നത്.. കടലില്‍ യാത്ര അവസാനിപ്പിച്ച ഒരു തീവണ്ടി കൂകിപാഞ്ഞിരുന്നതു ഈ ട്രാക്കിലൂടെയായിരുന്നു.

വര്‍ഷങ്ങള്‍ക്കി മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1964 ഡിസംബര്‍ 23 പുലര്‍ച്ചെ വരെ ഈ പാളങ്ങളിലൂടെ ഇന്നത്തെ ശ്രീലങ്കയെന്ന പഴയ സിലോണിലേക്ക്‌ യാത്രക്കാര്‍ പോയിരുന്നു,,, അവിശ്വനീയം എന്ന് തോന്നുന്നു അല്ലെ...

ഇന്‍ഡോ-സിലോണ്‍ എക്സ്പ്രെസ്സ് എന്നായിരുന്നു ഈ പാളത്തില്‍ ഓടിയിരുന്ന തീവണ്ടിയുടെ പേര്. മദ്രാസിലെ എഗ്മോര്‍ മുതല്‍ ധനുഷ്കോടി വരെയുള്ള 675 കിലോമീറ്റര്‍ ദൂരം പത്തൊന്‍പതു മണിക്കൂര്‍ കൊണ്ടാണ് ഓടിതീര്‍ത്തിരുന്നത്‌. 1920 ഇല്‍ സര്‍വീസ് ആരംഭിച്ച ഈ തീവണ്ടി ദക്ഷിണ റെയില്‍വേയുടെ പഴക്കം ചെന്ന തീവണ്ടികളില്‍ ഒന്നുമായിരുന്നു. അക്കാലത്ത് പാലക്കാട് നിന്നും കോട്ടയത്ത് നിന്നും നേരിട്ട് ജാഫ്നയിലേക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുമായിരുന്നു. സിലോണിലേക്ക് മാത്രമല്ല ബ്രിട്ടനിലേക്കും ഓസ്ട്രേലിയയിലേക്കും പോവാനുള്ള യാത്രക്കാരും ഈ തീവണ്ടിയെ ആശ്രയിച്ചിരുന്നു.


ഇന്‍ഡോ-സിലോണ്‍ എക്സ്പ്രസ് രാമേശ്വരം എത്തുന്നതിനു മുന്പ് കുറച്ചു ബോഗികളുമായി ധനുഷ്കോടിയിലേക്ക് തിരിയും. സിലോണിലേക്കുള്ള യാത്രക്കാരുടെ മെഡിക്കല്‍ പരിശോദനയും യാത്രരേഖകളും രമേശ്വരത്തിനു മുന്‍പുള്ള മണ്ടപം സ്റ്റേഷനില്‍ നിന്നും ചെയ്തിട്ടാണ് ഈ യാത്ര. ധനുഷ്കോടിയില്‍ തീവണ്ടി എത്തുന്നതും കാത്തു ഒരു ചെറിയ കപ്പല്‍ കിടപ്പുണ്ടാവും. ആവിയും പുകയും കൊണ്ടോടുന്ന സ്റ്റീമര്‍. ലങ്കന്‍ റെയില്‍വേയിലും, ജാഫ്നയിലെയും അനുരാധപുരത്തെയും കോളേജുകളില്‍ ജോലിചെയ്യുന്നവര്‍, കൊളംബോയിലെ തേയിലതോട്ടങ്ങളിലെ തൊഴിലാളികള്‍ എന്നിവരായിരിക്കും ഭൂരിപക്ഷം യാത്രക്കാരും. ധനുഷകോടിയില്‍ നിന്ന് ലങ്കയിലെ തലൈമന്നാര്‍ വരെയാണ് കപ്പല്‍ യാത്ര. അവിടെ നിന്നും വീണ്ടും ട്രെയിന്‍..

ഇന്‍ഡോ എക്സ്പ്രസ്സില്‍ നിന്നും വേറിട്ട്‌ ഓടുന്ന പാസഞ്ചര്‍ ട്രെയിന്‍ സാധാരണ ബോട്ട്മെയില്‍ എന്നാണു അറിയപെട്ടിരുന്നത്.

1964 ഡിസംബര്‍ 22 നു മധുരജില്ലയിലും രാമനാഥപുരം ജില്ലയിലും അന്ന് നിര്‍ത്താതെ മഴപെയ്തു. രാമനാഥജില്ലയിലാണ് രാമേശ്വരവും ധനുഷ്കോടിയും. കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന മദ്രാസ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ആവിശ്യക്കാരുടെ ചെവിയില്‍ എത്തിയില്ല. പാമ്പനില്‍ നിന്നും രാത്രി 11.55 നു പുറപ്പെട്ട ട്രെയിനിലും അതെത്തിയില്ല.. പതിവ് പോലെ ധനുഷ്കോടിയെ ലക്‌ഷ്യം വെച്ചു ആ ട്രെയിന്‍ കൂകിപാഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം കടലില്‍ അലിഞ്ഞുചേരും എന്നറിയാതെ...

ബോട്ട്മെയില്‍ തന്നെയാണോ അന്ന് 653 ആം നമ്പര്‍ പാസഞ്ചര്‍ ട്രെയിന്‍ ആയി ഓടിയിരുന്നത് എന്ന്വ്യക്തമല്ല. അറിയാവുന്ന ഒരു കാര്യം ആ പാസഞ്ചറിന് 110 ടിക്കറ്റുകള്‍ നല്‍കിയിരുന്നു. അഞ്ചു റെയില്‍വേ ജീവനക്കാരും. പക്ഷേ അതിലും കൂടുതല്‍ ടിക്കറ്റില്ലത്തവരും ഉണ്ടായിരുന്നു.

സിഗ്നല്‍ കിട്ടാത്തതിനാല്‍ ലോക്കോ പൈലറ്റ്‌ ധനുഷ്കോടി സ്റ്റേഷന്‍റെ ഔട്ടറില്‍ ഏകദേശം പത്തുമിനിറ്റിലധികം കാത്തുകിടന്നു, നിരന്തരം ചൂളമടിച്ചിട്ടും സിഗ്നല്‍ ലഭിക്കാതെ വന്നപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങി നോക്കി. ശകതമായ തിരയില്‍ ട്രാക്കില്‍ മുട്ടറ്റം വെള്ളം ഉണ്ടായിരുന്നു, മാത്രമല്ല പലയിടത്തും മണലും അടിഞ്ഞിരുന്നു. ഇങ്ങനെ അധിക സമയം നിര്‍ത്തിയിടുന്നതിലെ അപകടം മനസിലായ ലോക്കോ പൈലറ്റ്‌ സാവധാനം സ്റ്റേഷനില്‍ എത്താമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോയി.. മിനിറ്റുകള്‍ക്കുള്ളില്‍ ഇരുപതു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന രാക്ഷസതിരയും ചുഴലികാറ്റും ട്രെയിനിനെ കടലിലേക്ക്‌ കൊണ്ടുപോയി.കടലെടുത്തല്‍ പിന്നെ തിരിച്ചു കൊടുക്കില്ലലോ..

പെരുമാള്‍ വീണ്ടും ദൂരേക്ക്‌ കൈ ചൂണ്ടി പറഞ്ഞു,, അവിടെ വെച്ചാണ് കടല്‍ ട്രെയിനിനെ കൊണ്ട് പോയത്,

വീണ്ടും മുന്നോട്ടു പോയപ്പോള്‍ ടാറിന്റെ നേര്‍ത്ത ശേഷിപ്പുകള്‍ ബാക്കിയുള്ള ഒരു റോഡ്‌ കണ്ടു. പഴയ ഹാര്‍ബറിലേക്കുള്ള പാതയാണത്. ഇനിയങ്ങോട്ട് ആ പഴയ തുറമുഖ നഗരത്തിന്‍റെ ശേഷിപ്പുകളാണ്. ആ ഹാര്‍ബറിന് ചുറ്റുമാണ് ധനുഷകോടി വളര്‍ന്നത്, ഞാന്‍ നോക്കുമ്പോള്‍ പെരുമാള്‍ കണ്ണടച്ചിരിക്കുന്നു... തീവ്രമായ ധ്യാനത്തിലെന്ന പോലെ. ഒരു മൃതനഗരത്തിലാണ് ഞാനെന്ന ബോധം എന്നില്‍ കോരിത്തരിപ്പുണ്ടാക്കി.റെയില്‍വേ സ്റ്റേഷന്‍, ക്വാര്‍ട്ടേഴ്സ്, ജലസംഭരണി, പള്ളി, അമ്പലം, പോസ്റ്റ് ഓഫീസ് എന്ന് വേണ്ട ഒരു നഗരത്തിന്‍റെ എല്ലാ പ്രൌഡിയോടും കൂടി തന്നെ ഒരു ജനത ഇവിടെ ജീവിച്ചിരുന്നു. കരിമ്പനയുടെ ചുവട്ടില്‍ വീണുകിടക്കുന്ന എല്ലും മുടിയും പോലെ കടലെടുത്ത ഒരു നഗരത്തിന്‍റെ അസ്ഥിപന്ജരമാണ് ഈ കെട്ടിടങ്ങള്‍.

ഞാന്‍ പെരുമാളിനെ സമീപിച്ചു, അദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു. കണ്ണുകള്‍ തുറന്നു ഒരു ദീര്‍ഖനിശ്വാസം എടുത്ത് പെരുമാള്‍ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് ചോദിച്ചു , "എന്നാച്ച്‌"

ഞാന്‍ വേദനയോടെ ചിരിച്ചു, അന്ന് രാത്രി പെരുമാള്‍ ഇവിടെ ഉണ്ടായിരുന്നു അല്ലെ?

തിരിച്ചറിയാകാനാത്ത ഒരു ഭാവത്തില്‍ പെരുമാള്‍ വീണ്ടും കണ്ണടച്ചു. കുറച്ചു സമയം അങ്ങനെതന്നെ നിന്ന് വീണ്ടും സംസാരിച്ചു.

സ്വാമിക്കറിയാമോ, അന്ത നശിച്ച രാത്രി, എല്ലാമേ പോച്ച്. അമ്മാ, അപ്പാ, തങ്കച്ചി, പാട്ടി എല്ലാം അന്ത പെണ്കടല്‍ എടുത്താച്ച്..

ആശ്വസിക്കാന്‍ എന്നവണ്ണം ഞാന്‍ വീണ്ടും അദേഹത്തിന്‍റെ കൈപിടിച്ചു. സൂക്ഷിച്ചു നോക്കുമ്പോള്‍ പെരുമാളിന്‍റെ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു.

പുയല്‍( കാറ്റ്) കാരണം അപ്പ കടലില്‍ പോയിരുന്നില്ല. ആറുമാസം ഇന്ത്യയ പെരുങ്കടലിലും ആറുമാസം വംഗള വെരിഗുഡ( ബംഗാള്‍ ഉള്‍ക്കടല്‍) ക്കും അപ്പ പോകും. ഇന്ത്യയ പെരുങ്കടല്‍ വാശിക്കാരന്‍. എപ്പോയും കോപക്കാരന്‍. ഞങ്ങളതിനെ ആണ്‍കടല്‍ എന്ന് വിളിക്കും. വംഗള വെരിഗുഡ അമൈതിക്കടല്‍. ഒരു തൊന്തരവും പണ്ണമാട്ടെ, അത് പെണ്‍കടല്‍..

ആനാ അന്ന് പെണ്കടല്‍ താ പുയലില്‍ ഇങ്ക വന്നത്. എല്ലാമേ അന്ത തപ്പ്പൊണ്ടാട്ടി കാരണം.

തപ്പ്പൊണ്ടാട്ടി..?

ആമാ,, സ്വാമി.. മീനവന്‍ ( മുക്കുവന്‍) കടലില്‍ പോകുമ്പോത് പൊണ്ടാട്ടി തപ്പ് പണ്ണകൂടാത്.അത് താ മീനവനുടെ രക്ഷ..

പെരുമാള്‍ എപ്പടി പുയലില്‍ നിന്നും തപ്പിച്ചു?

അമ്മ എന്നേ തങ്കചിയെം എടുത്തു സ്റ്റേഷനിലെ ബോഗിയില്‍ ഇരുത്തി.. പാട്ടിയേം അപ്പവേം കൂട്ടാന്‍ പോയി. അനാ അതുക്കുല്ലേ കടല്‍ കരയെടുത്താച്ച്. തങ്കച്ചിയേം കടല്‍ കൊണ്ട്പോയി. കാലൈ കടല്‍ പിന്തിരിഞ്ഞു, അനാ ഇങ്കെയിരുന്ന എല്ലാമേ കൊണ്ട് പോയി.

മറ്റാരും രക്ഷപെട്ടില്ലേ ?

കൊഞ്ചം പേര്‍..ഉയരത്തില്‍ കയറി നിന്നവര്‍..

വാങ്കോ സ്വാമി,,പാത്തതുക്കപ്പുറം കോടിയില്‍ പോകണം.

ഞങ്ങള്‍ പെരുമാളിന്‍റെ കൂടെ നടന്നു,

പള്ളിയില്‍ കയറിയപ്പോള്‍ എന്തുകൊണ്ടോ എനിക്ക് കുന്തിരിക്കത്തിന്‍റെ ഗന്ധം അനുഭവപെട്ടു. ആള്‍ത്താരയും, കത്തിച്ച മെഴുകുതിരികളും, തമിഴ്ചുവയുള്ള പ്രാര്‍ഥനകളും അനുഭവപെട്ടു..രണ്ടു ദിവസ്ത്തിനിപ്പുറം തീര്‍ന്നു പോയ ഒരു ക്രിസ്തുമസ് ആഘോഷങ്ങള്‍ ... എനിക്ക് എന്തെന്നില്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപെട്ടു..

"പോലാമാ" ഞാന്‍ പെരുമാളിനോട് ചോദിച്ചു.

പോലാം.

വെള്ളവും കടല്‍വസ്തുക്കളും വില്‍ക്കുന്ന ഒന്ന് രണ്ടു കടകള്‍ മാത്രമാണ് ഈ മൃതനഗരത്തിലുള്ളത്, ബ്രീട്ടിഷ്ശൈലിയിലുള്ള കെട്ടിടങ്ങള്‍ സ്വതന്ത്രനാന്തരം ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, പിന്നീടു ബംഗാള്‍ ഉള്‍ക്കടലും.

രാത്രി ഇങ്കെ ആവി( പ്രേതം)യിരിക്കും. രാത്രി ബീഡിയും വലിച്ചിരിക്കും, അനാ വരുമ്പോള്‍ കാണാത്.. ചിലപ്പോള്‍ അപ്പ എന്നെ പാത്ത് പോകത്തുക്ക് വരുന്നതാവും.

പാവം, ഞാന്‍ മനസിലോര്‍ത്തു. അന്‍പതോ അറുപതോ വയസ്സുള്ള ഒരാളാണ് ഇത്ര നിഷ്കളങ്കമായി സംസാരിക്കുന്നതു.

കോടിയിലെക്കുള്ള യാത്ര കുറച്ചു അപകടം പിടിച്ചതായിരുന്നു. കടല്‍വെള്ളത്തിലൂടെ മുന്നോട്ടു. ആണ്‍കടലും പെണ്‍കടലും പരസ്പരം ആലിംഗനം ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് വാന്‍ നീങ്ങിയത്. ഒടുവില്‍ മുനമ്പില്‍ എത്തി, ദൂരെ രാമസേതു കാണാം. ഇത് വഴി തന്നെയാകണം തമിഴ്പുലികളും വന്നിട്ടുണ്ടാവുക.. കഷ്ടിച്ച് 18 കിലോമീറ്ററിനപ്പുറം ശ്രീലങ്കയാണ്.

പെരുമാള്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു, സ്വാമി, ഇങ്കെ തണ്ണിയിലിറങ്കി നിന്ന് പ്രാര്‍ഥിച്ചാല്‍ എന്തും നടക്കും.

തിരിച്ചു പോകുമ്പോള്‍ ആ മൃതനഗരം സജീവമാകണമെന്നു ഞാനാഗ്രഹിച്ചു,,പള്ളിയിലെ ആള്‍ത്താരയില്‍ പ്രാര്‍ഥനകള്‍ മുഴങ്ങണമെന്നും, ധനുഷ്കോടി നഗരത്തിലൂടെ ആ തിരക്കില്‍ അലഞ്ഞുനടക്കണം എന്നാഗ്രഹിച്ചു,,,തിരിച്ചു രാമേശ്വരത്തേക്ക് ഒരു ടിക്കറ്റ് എടുക്കണം, ബോട്ട്മെയിലിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top