09 December Saturday

മൺസൂണിൽ കാഴ്‌ചവസന്തം നിറച്ച്‌ തെക്കേ മലമ്പുഴ

ബിമൽ പേരയംUpdated: Tuesday Sep 19, 2023
പാലക്കാട്‌ > ചാറ്റൽ മഴ, മലമുകളിൽനിന്ന് കുഞ്ഞരുവികൾ തീർത്ത മനോഹര വെള്ളച്ചാട്ടങ്ങൾ, മഞ്ഞുമൂടിയ പശ്ചിമഘട്ടം, അലകളൊന്നുമില്ലാതെ ശാന്തമായ ജലസംഭരണി, കുളിരുകോരുന്ന മൺസൂൺകാലത്തിൽ ആവി പറക്കുന്ന വൈവിധ്യങ്ങളുടെ രുചിഭേദമൊരുക്കി ചെറുകടകൾ...ഭൂമിയിലെ പറുദീസയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ്‌ തെക്കേ മലമ്പുഴ. അവധിദിനമായ ഞായറാഴ്‌ച കുടുംബമായും സൗഹൃദങ്ങൾക്കൊപ്പവും ഈ സുന്ദര തീരമണഞ്ഞവർ ആയിരങ്ങളാണ്‌.
 
മഴക്കാലമാണ്‌ തെക്കേ മലമ്പുഴയുടെ വശ്യസൗന്ദര്യം അടയാളപ്പെടുത്തുക. ഉദ്യാനത്തിന്റെ ഇടതുവശത്തുകൂടിയുള്ള റോഡിലൂടെ അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ച്‌ കാഴ്‌ചകളിൽ രമിക്കാം. വാഹനങ്ങളിൽ 20 കിലോമീറ്റർ താഴെ വേഗത്തിൽ പോകുന്നതാണ്‌ ഉചിതം. രണ്ടുദിവസംമുമ്പ് മഴ പെയ്തതോടെയാണ്‌ കോട്ടപോലെ ഉറച്ചുനിൽക്കുന്ന കൂറ്റൻപാറക്കെട്ടുകളിൽനിന്ന് അങ്ങിങ്ങായി ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത്‌.

റോഡരികിൽ വാഹനങ്ങൾ നിർത്തി കുട്ടികളടക്കം വെള്ളച്ചാട്ടത്തിൽ കുളിച്ചും കളിച്ചും രസിച്ചു. എല്ലാ ആകുലതകളിൽനിന്നും ജോലിഭാരങ്ങളിൽനിന്നും മുക്തരായി ഒത്തിരിനേരം കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ടാണ്‌ ഇവിടെയെത്തുന്നവരുടെ മടക്കം. ഏകാന്തത മോഹിച്ച് ഈ സുന്ദരഭൂമിയുടെ കോണിലേക്ക് മാറി നിൽക്കുന്നവരുമുണ്ട്. 
 
ഡാം മീനുകൾ പൊരിച്ചതും കപ്പയും ചിക്കനും താറാവും പഴംപൊരിയും ബീഫുമൊക്കെയായി വ്യത്യസ്‌ത രുചിക്കൂട്ടുകളും ആസ്വദിക്കാം. ഇവ വാങ്ങി പാറകളിലിരുന്ന്‌ കഴിക്കുന്ന സഞ്ചാരികളാണ്‌ അധികവും. ഇവിടത്തെ പ്രഭാതവും സായാഹ്നവും ആസ്വദിക്കുന്നവർ ഇനിയും മടങ്ങിവരാം എന്നു പറഞ്ഞാണ്‌ തെക്കേ മലമ്പുഴയോട്‌ യാത്ര പറയുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top