29 March Friday

വച്ചുപിടിച്ചോ തുഷാരഗിരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2016

തുഷാരഗിരിക്ക് ഒരു പരിചയപ്പെടുത്തലോ വിവരണങ്ങളോ ആവശ്യമില്ല. കസ്തൂരിരംഗന്‍ പ്രശ്നമായപ്പോള്‍   മഴവില്‍ച്ചാട്ടവും തുമ്പിതുള്ളുംപാറയും അടച്ചിട്ടിരുന്നല്ലോ അതിപ്പോള്‍ തുറന്നിട്ടുണ്ട്. ഇതാണ് ഈ സുന്ദരിയെ കുറിച്ചുള്ള പുതിയ വിശേഷം. അത് കണ്ടുതന്നെ അറിയണം.

 അടുത്ത കാലത്ത് ഇവിടെ പോകാത്തവര്‍ ഇനി അവിടെയെത്തിയാല്‍ ഒന്നമ്പരക്കും. വെള്ളച്ചാട്ടത്തില്‍ എത്തുംമുമ്പ് തുഷാരഗിരിയെയും നൂറാംതോടിനെ ബന്ധിപ്പിച്ച് ചാലിപ്പുഴക്ക് വലിയ ആര്‍ച്ച് പാലം വന്നിരിക്കുന്നു. ഭക്ഷിണേന്ത്യയിലെ തന്നെ എറ്റവും ഉയരം കൂടിയ ഈ പാലം കാണേണ്ട കാഴ്ചയാണ്. നിര്‍മാണ മികവിനുള്ള ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച പാലമാണിത്.

ഈരാറ്റുമുക്ക്, മഴവില്‍ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത. ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്ത കാറ്റ്. സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കല്‍ വരുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഏന്തോ ഒന്ന് ഈ വെള്ളച്ചാട്ടം ബാക്കിവയ്ക്കുന്നു. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെപെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറാനും പാറ കയറാനും അനുയോജ്യമാണ്. ഈ സാഹസികത യാത്രക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.

അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആര്‍ച്ച്പാലം, പല തരത്തിലുള്ള ചിത്രശലഭങ്ങള്‍, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം, നാടന്‍ ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ്. നാടന്‍ ഭക്ഷണശാലകളും താമസിക്കാന്‍ ഹോം സ്റ്റേ സൌകര്യവും ലഭ്യമാണ്. കോഴിക്കോട് നിന്ന് താമരശേരി– കോടഞ്ചേരി റൂട്ടില്‍ 52 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരിയെത്താം. ബസ്സിന് വരുന്നവര്‍ക്ക് കോടഞ്ചേരിയില്‍ എത്തിയാല്‍ ജീപ്പ്, കാര്‍ തുടങ്ങിയവ വാടകയ്ക്ക് ലഭ്യമാണ്. 30 രൂപയാണ് ടിക്കറ്റ്. കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് നിരക്ക്. ഫോണ്‍: 9447278388..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top