25 April Thursday

‌തോട്ടവച്ച് തോട്ടാപ്പുരയായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2022

കല്ലാർകുട്ടിക്ക് സമീപമുള്ള തൊട്ടാപ്പുര

അടിമാലി> ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരിക്കുന്ന ചരിത്രശേഷിപ്പാണ് കല്ലാര്‍കുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര. പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളുടെയും  പന്നിയാർ, ചെങ്കുളം, പനങ്കുട്ടി പവര്‍ഹൗസുകളുടെയും നിര്‍മാണമാണകാലത്ത് പാറപൊട്ടിക്കാൻ തോട്ട വേണമായിരുന്നു.  ഇതിനുള്ള കരിമരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമാണ്  തോട്ടാപ്പുര. പിന്നീട്  സ്ഥലനാമചരിത്രത്തിൽ കല്ലാര്‍കുട്ടിയുമായി ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെപേര്തന്നെ തോട്ടാപ്പുരയായും മാറി.
കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡ് കടന്നുപോകുന്നത് പാറക്കുള്ളിലെ ഈ ചരിത്രാവശേഷിപ്പിന്റെമുകളിലൂടെയാണെന്ന് പുറമെ നിന്നെത്തുന്നവർക്ക് അറിയില്ല.പാതയോരത്തു നിന്നും പടിക്കെട്ടുകള്‍ ഇറങ്ങി താഴ്ഭാഗത്തെത്തിയാല്‍ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിര്‍മിച്ചിട്ടുള്ള വലിയൊരു തുരങ്കം കാണാം. 
 
തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചാല്‍ മീറ്ററുകള്‍ക്കപ്പുറം ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികളില്‍ എത്തും. ഇപ്പോൾപ്രദേശത്തെ യുവാക്കളാണ്  ഇവിടെ  സന്ദർശകരായി എത്താറുള്ളത‍്. കൂരിരുട്ടായ ഗുഹക്കുള്ളില്‍ വവ്വാലുകള്‍ വിഹാരം നടത്തുന്നു. ടോർച്ച് പ്രകാശിപ്പിച്ചാലെ അകത്തെ കാഴ്ചകൾ കാണാനാകു. പ്രവേശന കവാടത്തില്‍ ചെളിയും വെള്ളക്കെട്ടുമാണ്.
 
പുരാവസ്തു , ടൂറിസം വകുപ്പുകള്‍  തോട്ടാപ്പുരക്ക് സംരക്ഷണം ഒരുക്കിയാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയാല്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതിനപ്പുറം ചരിത്രമുറങ്ങുന്ന നിര്‍മിതിക്ക് അര്‍ഹമായ പരിഗണനയും ലഭിക്കും. പാതയോരത്തു നിന്നും ഇവിടേക്കെത്താനുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും വിളക്കുകള്‍ ക്രമീകരിച്ച് തോട്ടാപ്പുരയുടെ ഉള്‍വശം പ്രകാശപൂരിതമാക്കിയാൽസഞ്ചാരികള്‍ക്കും ചരിത്രഗവേഷകർക്കം ഏറെ ഗുണംചെയ്യും
തോട്ടാപ്പുരയുടെ പ്രവേശനകവാടം ആകര്‍ഷകമാക്കാനൊരുങ്ങുകയാണ് വെള്ളത്തൂവൽ പഞ്ചായത്ത് . ഇതോടെ  പ്രദേശത്തിന്റെ  വികസന സ്വപ്നങ്ങളും സാക്ഷാൽക്കരിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top