24 April Wednesday

മേഘങ്ങൾക്കുള്ളിലെ മഴ !...മേഘാലയയിലൂടെ

കിരണ്‍ കണ്ണന്‍Updated: Thursday Nov 30, 2017

മഴയനുഭവങ്ങളുടെ നാടാണ് മേഘാലയ ; കാല്പനിക മലയാളം പ്രണയത്തിനോടൊപ്പം ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് മഴയെ കുറിച്ചായിരിക്കും ..

എനിക്ക് ഇവിടെ എഴുതാനുള്ളതും മഴയെക്കുറിച്ച് തന്നെ .

ആവര്‍ത്തന വിരസതയില്ലാതെ 'മഴമലയാളി'യുടെ മനസ്സിലേക്ക് ഇവിടുത്തെ നനവുള്ള വിശേഷങ്ങള്‍ എങ്ങിനെ പകര്‍ത്തും ?

ചിറാപുഞ്ചിയിലെ രണ്ടാമത്തെ ദിവസം കില അച്ചൂനെ വിളിച്ചപ്പോള്‍ അവന്‍ ആവേശത്തോടെ പറഞ്ഞ വാക്കുകളാണ് ആദ്യം ഓര്‍മ്മവരുന്നത് . .

'അമ്മേ ഞങ്ങള്‍ ഇവിടെ മേഘങ്ങള്‍ക്കുള്ളിലാണ് താമസിക്കുന്നത് !'

മേഘാലയ പീഠഭൂമിയാണ് , തൊട്ടടുത്ത് ബംഗ്‌ളാദേശിന്റെ സമതലങ്ങളില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന നാട്

ആസാം മഴയല്ലാം മഹാ ബ്രഹ്മപുത്രയിലൂടെ ചാലിട്ടൊഴുക്കുമ്പോള്‍


മേഘാലയ അനവധിയനവധിയായ വെള്ളച്ചാട്ടങ്ങളിലൂടെയും കാലു, റിങ്ജി, ടാറിംഗ്, സാന്താ, സിംസങ് , മിന്റ്ടു, ദിഗാരു, ഉംഖരി ക്യന്‍ചിയാങ് തുടങ്ങിയ ചെറുതും വലുതുമായ നദികളിലൂടെയും വെള്ളം ബംഗ്‌ളാദേശിലേക്ക് ഒഴുക്കിവിടുന്നു .. !

ചിറാപ്പുഞ്ചിയും മോസിന്റാമും തലസ്ഥാനമായ ഷില്ലോങ്ങിനെക്കാളും താഴെ, ഭൗമാന്തരീക്ഷത്തിലെ മഴമേഘങ്ങള്‍ 'താമസിക്കുന്ന' അതേ വിതാനത്തില്‍ തന്നെയാണ്.

അച്ചു അവന്റെ അമ്മയോട് ചുമ്മാ കളിപറഞ്ഞതല്ല , മേഘങ്ങള്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍ താമസിച്ചത് .. !

ചിറാപുഞ്ചിയിലെ മൂന്ന് ദിവസങ്ങളില്‍ പെരുമഴയൊഴിഞ്ഞ ഒരു മിനുട്ടുപോലും ഉണ്ടായിരുന്നില്ല .. അവിടെ ഇങ്ങനെ ആറുമാസത്തോളം മഴപെയ്യുമത്രെ !

മഴപെയ്യാത്തപ്പോള്‍ മേഘം നനയ്ക്കും !

കുഞ്ഞു കടകളല്ലാം കതക് ചാരിയിട്ടിരിക്കും നമ്മള്‍ കതക് തുറന്ന് അകത്ത് ചെല്ലണം .. കടക്കുള്ളില്‍ ഒന്നോരണ്ടോ കസേരകളില്‍ കുറച്ചുപേര്‍ നനഞ്ഞ കോഴികുഞ്ഞുങ്ങളെപോലെ തണുത്തൊതുങ്ങി ഇരിപ്പുണ്ടാവും ..

മഴയും മേഘങ്ങളും കവര്‍ന്ന കുഞ്ഞുപകലുകളുള്ള ഈ നാട്ടില്‍ ഇവരെങ്ങിനെ തിരക്കുകളില്ലാതെ ജീവിക്കുന്നു എന്ന് അതിശയം തോന്നിപ്പോകും .. !

ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും വെത്തില മുറുക്കുന്നവരാണ് ചുവന്ന ചുണ്ടുകള്‍ ! സൗഹൃദം നിറഞ്ഞ കുഞ്ഞുകണ്ണുകളുള്ള ചെറിയ മനുഷ്യര്‍ ! പലചരക്ക് പീടിക നടത്തുക ഹോംസ്റ്റേ നടത്തുക എന്നിങ്ങനെ പ്രത്യക്ഷത്തിലുള്ള ഒട്ടുമിക്ക ജോലികളും സ്ത്രീകള്‍ ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ടാക്‌സി ഓടിക്കുകയും കൃഷിക്ക് നിലമൊരുക്കുകയും ചെയ്യുന്നു ..

'നശിച്ച മഴ' എന്ന് നമ്മുടെ നാട്ടിലേതുപോലെ ആരും അവിടെ പറയില്ല ...

മഴയോട് ചങ്ങാത്തംകൂടി ജീവിക്കുന്നവരാണ് അവര്‍ , മഴ നിറഞ്ഞ് പെയ്യുമ്പോളാണ് അവിടെ കൂടുതല്‍ സഞ്ചാരികളെത്തുന്നത് ..!

സഹസ്രാബ്ദങ്ങളിലൂടെ മഴ മണ്ണിലെയും മനുഷ്യമനസ്സിലെയും ചെളിമുഴുവനും ഒഴുക്കി കളഞ്ഞിരിക്കുന്നു

ആസാമിലൂടെ ഒഴുകിയെത്തുന്ന ബ്രഹ്മപുത്രയും മേഘാലയയിലെ പെരുമഴയും ബംഗ്‌ളാദേശിലെ സമതലങ്ങളില്‍ മഹാ പ്രളയങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും ആ നാട്ടിലെ കാര്‍ഷിക ജീവിതം ഇതേ ജലത്തില്‍ ഊന്നിയുള്ളതാണ്

ബ്രഹ്മപുത്രയുടെ ഡെല്‍റ്റ സുന്ദര്‍ബന്‍ , മേഘാലയായില്‍ നിന്ന് ഒഴുകിയെത്തുന്ന എക്കല്‍ മണ്ണ് .. ബംഗ്‌ളാ ജനത വടക്കുകിഴക്കന്‍ ഇന്ത്യയുടെ മഴമണ്ണിനോട് കടപ്പെട്ടിരിക്കുന്നു

മേഘാലയക്കും ബംഗ്‌ളാദേശിനും ഇടയില്‍ സംഘര്‍ഷങ്ങളില്ലാത്ത അതിര്‍ത്തിയാണുള്ളത് .. അതിര്‍ത്തി ചന്ത കൗതുകകരമാണ് ബംഗ്ലാദേശിന്റെ പരുത്തി തുണികള്‍ , സിറാമിക്ക് പാത്രങ്ങള്‍ , പണിയായുധങ്ങള്‍ . ഇന്ത്യയുടെ വനവിഭവങ്ങള്‍ , പഴങ്ങള്‍ പച്ചക്കറികള്‍ ...

മഴയത്ത് കാനന പാതകളിലൂടെ വണ്ടിയോടിക്കുമ്പോള്‍ പുഴയൊഴുകുന്നത് മലയില്‍നിന്ന് റോഡിലെ വാഹനങ്ങള്‍ക്ക് മുകളിലൂടെയാണ് ...

ഇളകുന്ന മണ്ണൊക്കെ ഒഴുകിയടങ്ങി ഉറപ്പുള്ള മലകളാണ് ഈ ദേശത്ത് , അതുകൊണ്ട് തന്നെ നാഗാലാന്റിനെ അപേക്ഷിച്ച് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും തുലോം കുറവ് ..

ഉറപ്പുള്ള നല്ല റോഡുകള്‍ ! ആസാമില്‍ തലസ്ഥാനമായ ഗുവാഹാതിയില്‍ നിന്നും കേവലം 2.5 മണിക്കൂര്‍ക്കൊണ്ട് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്താം ..

മഴ ആലോസരമല്ലാത്തവര്‍ക്ക് മേഘാലയ ഒരു സ്വര്‍ഗഭൂമിയാണ് ..

മലയോരങ്ങളില്‍ പലയിടത്തും 'Sacred Groves'എന്ന ബോര്‍ഡ് കാണാം ..

കാസി ഗോത്രവിശ്വാസത്തിന്റെ ഭാഗമാണ് കിലോമീറ്ററുകളോളം നീണ്ട് പരന്ന് കിടക്കുന്ന ഇത്തരം സംരക്ഷിത വനങ്ങള്‍ .. !

ഇവിടുത്തെ ജനം ഇത്തരം കാടുകളില്‍ നിന്നും ഒരു ഇല പോലും പറിക്കില്ല .. അവിടുത്തെ പൂവും കായയും മരവും തേനുമല്ലാം കാടിന് സ്വന്തം !

തിരക്കുകളില്ലാതെ ജീവിക്കുന്ന ജനതക്ക് ചേര്‍ന്ന ഒരു വിനോദമുണ്ട് അവിടെ ..

വലിയ മീന്‍ വളര്‍ത്തല്‍ കുളങ്ങളിലെ ചൂണ്ടല്‍ മത്സരങ്ങള്‍ !

ഒരു കുളത്തിനു ചുറ്റും പതിരുന്നൂറ് പേരൊക്കെ ചൂണ്ടാണുണ്ടാവും ! ഏറ്റവും ഭാരകൂടുതല്ലുള്ള മീന്‍ പിടിക്കുന്ന ആള്‍ക്കാണ് സമ്മാനം മല്‍ത്സരത്തില്‍ പങ്കെടുക്കാനും പണം കൊടുക്കണം ..

ഇരുപത്തി അയ്യായിരം രൂപ മുതല്‍ നാലു ലക്ഷം വരെ പ്രൈസ് മണി ഉള്ള ഇത്തരം മത്സരങ്ങള്‍ ഓരോ ആഴ്ചയും ഉണ്ടാകും !

ഒരുപക്ഷേ മേഘാലയന്‍ യുവത ക്ഷമ പഠിക്കുന്നത് ഇത്തരം ചൂണ്ടല്‍ കുളങ്ങളില്‍ നിന്നാകാം

മഴയൊതുങ്ങുമ്പോള്‍ വീണ്ടും അവിടെയൊക്കെ പോണം :

കണ്ണാടിച്ചില്ലുപോലെ സുതാര്യമായ
ധ്വാക്കി നദിയിലൂടെ ബംഗ്‌ളാദേശിന്റെ തീരം വരെ ..

ഓഫീസിലെ നേപ്പാളി പെണ്കുട്ടി പറഞ്ഞ എലിമാളങ്ങള്‍ പോലെയുള്ള കല്‍ക്കരി ഖനികള്‍ കാണണം .

ഏഷ്യയിലെ ഏറ്റവും ശുചിത്വമാര്‍ന്ന ഗ്രാമം എന്നറിയപ്പെടുന്ന മൗളിന്‍ നോംഗ് , സ്‌ട്രോബറി വില്ലേജ് , മോസിന്റാം എല്ലാം ഒരിക്കല്‍ കൂടെ കാണണം..
യാത്രകള്‍ അവസാനിക്കുന്നില്ല ...

ഇത്തവണ മഴകാണാന്‍ വേണ്ടി മാത്രമാണ് പോയത് ....

ഇലട്രോണികം പണിമുടക്കിയതുകൊണ്ട് വളരെ കുറച്ച് മഴച്ചിത്രങ്ങളേയുള്ളൂ .. ..

മഴയെ കുറിച്ച് പറയുക എന്നത് എളുപ്പമൊന്നുമല്ല ..

മഴ കൊതിച്ച് കൊണ്ടറിയേണ്ടതാണ് ......


(മേഘാലയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍
Hepz Bhakupar Khongphai നെ വിളിക്കുക +918794009160 ചിറാപുഞ്ചിയിലാണ് ഹെപ്പിന്റെ വീട് ഹെപ്പും സഹോദരനും മേഘാലയായില്‍ ടാക്‌സി ഓടിക്കുന്നു .. നന്നായി ഇംഗ്‌ളീഷ് സംസാരിക്കും .. റോക് മ്യൂസിക്ക് ഇഷ്ടമുള്ള ന്യൂജന്‍ ആണ് .. വലിയ തുകയൊന്നും ആവശ്യപ്പെടാതെ ക്ഷമയോടെ കുഞ്ഞുമേഘാലയ മുഴുവനും കാണിച്ചു തരും)



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top