25 April Thursday

യുദ്ധ സ്മാരകത്തിലെ മരണമില്ലാത്ത സേനാനായകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020

മഹാവീരചക്ര ജസ്വന്ത് സിങ്‌ റാവത്ത്‌. ഗഡ്വാൾ റൈഫിൾസിലെ മഹാധീരൻ. 72 മണിക്കൂർ വിശ്രമരഹിതമായി പ്രവർത്തിച്ച് ജങ്ങിലേക്കുള്ള ചൈനീസ് പട്ടാളത്തെ പ്രതിരോധിച്ചു. ഇത് അദ്ദേഹത്തിന് മാത്രമുള്ള സ്മാരകമല്ല, രാജ്യാഭിമാനത്തിനായി പോരാടിയ പ്രദേശവാസികൾക്കു കൂടി ഉള്ളതാണ്. ഇന്ത്യൻ പട്ടാളം ഇവിടെ തലകുനിക്കുന്നു.  അർധകായ പ്രതിമയ്ക്കുതാഴെ കൊത്തിവച്ച വരികൾ. ഒരു ബുദ്ധാശ്രമത്തിന്റെയും ചൈനീസ് പഗോഡയുടെയും ഓർമ്മയുണർത്തുന്നതാണ് വാർ മെമ്മോറിയൽ.

ജസ്വന്ത് വാർ മെമ്മോറിയൽ ഒരു ക്ഷേത്രത്തെക്കാൾ പരിശുദ്ധമാണ്.  ഒരു പോരാളിക്ക് ഇതിനെക്കാൾ വലിയ ആദരം ലഭിക്കാനില്ലെന്നു തോന്നും.  ജസ്വന്ത് മരിച്ചിട്ടില്ല. ഇപ്പോഴും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം അദ്ദേഹത്തിനായി ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ പട്ടാളവസ്ത്രവും അവശ്യവസ്തുക്കളുമെല്ലാം പവിത്രമായി പരിപാലിക്കുന്നു. എല്ലാദിവസവും ഷൂസിന് പോളിഷ്‌ ഇടുന്നു. യൂണിഫോം അലക്കിത്തേച്ച് പതിവുപോലെ തൂക്കിയിടുന്നു. നേരിൽ കാണാനാവില്ലെങ്കിലും അയാൾ തൊട്ടടുത്തെവിടെയോ ഉണ്ടെന്ന പ്രതീതി. പട്ടാളക്കാരുടെ തീർഥാടനകേന്ദ്രം കൂടിയാണിത്.  ഫലമൂലാദികളും വിശിഷ്ടഭോജ്യങ്ങളുമായി അവരെത്തുന്നു, പോരാട്ട ഭൂമിയിലേക്ക് പോകുംമുമ്പ് കാരണവരെ ദർശിച്ച് അനുഗ്രഹം തേടുന്ന  മാമൂൽപോലെ.

ജസ്വന്ത്‌ സിങ്്‌ റാവത്തിന്റെ അർധകായ പ്രതിമയ്‌ക്ക്‌ മുന്നിൽ  ആദരവർപ്പിക്കുന്ന സൈനികർ

ജസ്വന്ത്‌ സിങ്്‌ റാവത്തിന്റെ അർധകായ പ്രതിമയ്‌ക്ക്‌ മുന്നിൽ ആദരവർപ്പിക്കുന്ന സൈനികർ


മഹാവീരചക്ര ജസ്വന്ത് സിങ്‌ റാവത്ത്‌. ഗഡ്വാൾ റൈഫിൾസിലെ മഹാധീരൻ. 72 മണിക്കൂർ വിശ്രമരഹിതമായി പ്രവർത്തിച്ച് ജങ്ങിലേക്കുള്ള ചൈനീസ് പട്ടാളത്തെ പ്രതിരോധിച്ചു. ഇത് അദ്ദേഹത്തിന് മാത്രമുള്ള സ്മാരകമല്ല. രാജ്യാഭിമാനത്തിനായി പോരാടിയ പ്രദേശവാസികൾക്കു കൂടി ഉള്ളതാണ്. ഇന്ത്യൻ പട്ടാളം ഇവിടെ തലകുനിക്കുന്നു.  അർധകായ പ്രതിമയ്ക്കുതാഴെ കൊത്തിവച്ച വരികൾ. ഒരു ബുദ്ധാശ്രമത്തിന്റെയും ചൈനീസ് പഗോഡയുടെയും ഓർമ്മയുണർത്തുന്നതാണ് വാർ മെമ്മോറിയൽ.  വിശാലമായ കോൺക്രീറ്റ് മുറ്റത്തിന് നടുവിൽ ആയുധമേന്തിയ സൈനിക രൂപം. ചുറ്റുമുള്ള ചുവരിൽ വിവിധ കൊത്തുപണികൾ.  കണ്ടാമൃഗം, കടുക്കൻ,  മുക്കണ്ണൻ പവിഴം, ആനക്കൊമ്പ്, ചതുരങ്ങൾ,  ജ്വാല ഇങ്ങനെ പലതും. ഇവയോരോന്നും എന്തിനെ പ്രതിനിധീകരിക്കുന്നൂവെന്ന് തൊട്ടടുത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.  സന്തോഷവും സമ്പത്തും അനുഗ്രഹവുമൊക്കെ നൽകുന്ന അടയാളങ്ങളാണെന്ന് ചുരുക്കത്തിൽ അർഥംവയ്ക്കാം. തൊട്ടടുത്തുതന്നെ ബഹുഭാഷയിൽ നൂറാനങ് യുദ്ധത്തിന്റെ ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. തവാങ്ങിൽ നിന്ന് ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കാൻ തീരുമാനിച്ചതോടെ താഴ്വരയിൽ അവരോട് തമ്പടിക്കാൻ നിർദേശിച്ചു. എ, ബി, സി, ഡി എന്ന ക്രമത്തിൽ ബറ്റാലിയൻ വിഭജിച്ച് ഓരോന്നിനും ഓരോ പ്രദേശത്തിന്റെ ചുമതല നൽകി. എന്നാൽ നവംബർ 17 ന് പുലർച്ചെ അഞ്ചുമണിയോടെ ചൈനീസ് പട്ടാളം ആക്രമണം തുടങ്ങി. അതിനെ നമ്മൾ ചെറുത്തു തോൽപ്പിച്ചു. രാവിലെ 7.45നും 9 നും വീണ്ടും ആക്രമണമുണ്ടായി. അതിനെയും പരാജയപ്പെടുത്തി. കൂടുതൽ സന്നാഹവുമായി ചൈന കടുത്ത ആക്രമണം നടത്തി. ലാൻസ്നായിക് ത്രിലോക്സിങ്‌, റൈഫിൾമാൻമാരായ ജസ്വന്ത് സിങ്‌, ഗോപാൽസിങ്‌ എന്നിവർ ശത്രുസൈന്യത്തെ നേരിട്ടു. 15 മീറ്റർ അകലെ നിന്ന് ത്രിലോക് സ്റ്റെൺഗണ്ണിൽ വെടിയുതിർത്തു. ഇതിനിടെ പ്രയോഗിച്ച ഗ്രനേഡിൽപെട്ട് രണ്ട് ചൈനീസ് പട്ടാളക്കാർ മരിച്ചു. ഒരാൾക്ക്‌ മാരകമായ പരിക്കേറ്റു.  ചൈനീസ് പട്ടാളത്തിന്റെ തോക്കുകൾ വലിച്ചെടുത്ത് രക്ഷപ്പെട്ട ജസ്വന്തിനുനേരെ വെടിവെപ്പുണ്ടായി.

ജസ്വന്ത്‌ വാർ മെമ്മോറിയലിന്റെ പരിസരത്ത്‌ നിർമിച്ചിരിക്കുന്ന ഭൂഗർഭ ബങ്കർ

ജസ്വന്ത്‌ വാർ മെമ്മോറിയലിന്റെ പരിസരത്ത്‌ നിർമിച്ചിരിക്കുന്ന ഭൂഗർഭ ബങ്കർ


ത്രിലോക് സിങ്ങിനെ ചൈനീസ് പട്ടാളം ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് വെടിവെച്ചിട്ടു.  ഗോപാലിന് മാരകമായി പരിക്കേറ്റു. 15 മിനിറ്റിനുള്ളിൽ ഇന്ത്യൻ പട്ടാളം സർവസന്നാഹത്തോടെ  തിരിച്ചടിച്ചു. 11.40 ന് ചൈനീസ് പട്ടാളം പ്രദേശം വിട്ടു. 2.45ന് നടത്തിയ അഞ്ചാമത്തെ ആക്രമണത്തിൽ 300 ചൈനീസ് പട്ടാളക്കാർ മരിച്ചു, നമ്മുടെ നാലുപേരും. എട്ടു പേർക്ക് പരിക്കേറ്റു.  യുദ്ധവർണനയുടെ ആവേശമുണർത്തുന്ന വാക്കുകൾ. പിന്നെയാണ് ജസ്വന്ത് ഒറ്റയ്ക്ക് പോരടിക്കുന്നത്. അനശ്വരനായ ജസ്വന്തിന് മരണാനന്തരം മഹാവീരചക്രയും ത്രിലോകിനും ഗോപാലിനും വീരചക്രയും നൽകി രാജ്യം ആദരിച്ചു.
 
ജസ്വന്ത്സിങ്‌ മെമ്മോറിയലിലേക്ക്  കടക്കുമ്പോൾ മുന്നിൽ യൂണിഫോം ധരിച്ച് പട്ടാളക്കാരുടെ നിര. ജസ്വന്ത്സിങ്ങിന്റെ  പരിചാരകരാണവർ. എല്ലാ ദിവസവും അതിരാവിലെ 4.30ന് ചായ,  9 മണിക്ക് പ്രഭാത ഭക്ഷണം, രാത്രി ഏഴിന് അത്താഴം എന്നിവ ഒരുക്കി നൽകുന്നത് ഇവരാണ്. ജസ്വന്ത് ബാബയുടെ ഷൂസ് പോളിഷ്ചെയ്യൽ,  കിടക്ക മടക്കിവയ്‌ക്കൽ, യൂണിഫോം തയ്യാറാക്കൽ തുടങ്ങിയ ജോലികൾക്കായി അഞ്ച്‌ പട്ടാളക്കാർ ജാഗരൂകരാണ്. കേട്ടാൽ അത്ഭുതം തോന്നുന്ന സംഗതികൾ. യുദ്ധത്തിൽ കൊല്ലപ്പെട്ട പോരാളി ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന സങ്കൽപ്പത്തിനും അതീതമായ ബഹുമാനം. ഇനിയുമുണ്ട് ജസ്വന്ത് കഥകൾ. ഇപ്പോഴും  ജസ്വന്തിന് കത്തുകൾ വരാറുണ്ട്, ലോകത്തിന്റെ പല ഭാഗത്തുനിന്നും. അവയെല്ലാം ഭദ്രമായി സ്വരൂപിച്ച് നൽകുന്നതായി സങ്കൽപ്പിക്കുന്ന ചടങ്ങുമുണ്ട്. പിറ്റേന്ന് കത്തുകൾ എടുത്തുമാറ്റുമ്പോൾ അത് അദ്ദേഹം വായിച്ചു എന്നാണ് സങ്കല്പം. ജസ്വന്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ എല്ലാം ഒരു മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അതോടൊപ്പം അദ്ദേഹത്തിനു വരുന്ന കത്തുകൾ,വിവാഹ ക്ഷണപത്രികകൾ, ആശംസാവസ്തുക്കൾ ഇങ്ങനെയെല്ലാം.  കൊല്ലപ്പെടുമ്പോൾ റൈഫൾമാനായിരുന്ന ജസ്വന്ത്സിങ്‌ ഇപ്പോൾ മേജർ ജനറലാണ്. ശമ്പളം,അവധി ഉൾപ്പെടെ ഒരു പട്ടാള ജനറലിനു ലഭിക്കുന്ന എല്ലാ സേവനവും ജസ്വന്തിന് ഇപ്പോഴുമുണ്ട്.

ജസ്വന്തിന്റെ കുടുംബാംഗങ്ങൾ അവധിക്ക് അപേക്ഷിക്കുന്ന രീതിയും നിലനിൽക്കുന്നു. അവധിയപേക്ഷ അംഗീകരിച്ചാൽ, പട്ടാളക്കാർ പൂർണസൈനിക ബഹുമതികളോടെ  ഛായാചിത്രം അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് എത്തിക്കും. അവധി തീരുമ്പോൾ ചിത്രം തിരികെ കൊണ്ടുപോരും. 1941 ഓഗസ്റ്റ് 19ന് ഉത്തരാഖണ്ഡിലെ ഗഡ്വാളിൽ ജനിച്ച ജസ്വന്ത് 1962 നവംബർ 17നാണ് കൊല്ലപ്പെട്ടത്.

ജസ്വന്തിന്റെ കുടുംബാംഗങ്ങൾ അവധിക്ക് അപേക്ഷിക്കുന്ന രീതിയും നിലനിൽക്കുന്നു. അവധിയപേക്ഷ അംഗീകരിച്ചാൽ, പട്ടാളക്കാർ പൂർണസൈനിക ബഹുമതികളോടെ  ഛായാചിത്രം അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് എത്തിക്കും. അവധി തീരുമ്പോൾ ചിത്രം തിരികെ കൊണ്ടുപോരും. 1941 ഓഗസ്റ്റ് 19ന് ഉത്തരാഖണ്ഡിലെ ഗഡ്വാളിൽ ജനിച്ച ജസ്വന്ത് 1962 നവംബർ 17നാണ് കൊല്ലപ്പെട്ടത്.  ബുദ്ധിസ്റ്റ് പാരമ്പര്യമനുസരിച്ച് ദീർഘായുസ്സിന് പ്രധാനമായും ആറ് അടയാളങ്ങളുണ്ട്. അവയെ ക്കുറിച്ചാണ് ജസ്വന്ത് ഘറിന്റെ ചുവരുകളിൽ വിവരിച്ചിട്ടുള്ളത്. തികച്ചും ശാന്തമായ അന്തരീക്ഷം. മഴയെ തോൽപ്പിച്ച് മഞ്ഞുപെയ്യുന്നു. പരമ്പരാഗത ചുവർചിത്ര ശൈലിയിലുള്ള വർണചിത്രങ്ങൾ. പൗരാണിക വൃക്ഷത്തണലിലുള്ള സുന്ദരഭൂമി, തരളിതമായി സസ്യജാലങ്ങളും ഫലമൂലാദികളും. ഇവയെ സംരക്ഷിച്ച് മനുഷ്യസമൂഹം. ഈ പുൽമേടുകളിൽ ജീവന്റെ തുടിപ്പുണ്ട്. തുള്ളിത്തുളുമ്പുന്ന വെള്ളവും പറന്നുനടക്കുന്ന പക്ഷികളുമെല്ലാം അതിന്റെ തെളിവാണ്. മാടപ്രാവ്  ഓടിനടക്കുന്നു.

വാർ മെമ്മോറിയലിൽ മഹാവീരചക്ര ജസ്വന്ത്‌ സിങ്്‌ റാവത്തിന്റെ യൂണിഫോം പ്രദർശിപ്പിച്ചിരിക്കുന്നു

വാർ മെമ്മോറിയലിൽ മഹാവീരചക്ര ജസ്വന്ത്‌ സിങ്്‌ റാവത്തിന്റെ യൂണിഫോം പ്രദർശിപ്പിച്ചിരിക്കുന്നു


ബുദ്ധജീവിതത്തിലെ കഠിനമായ ആറു വർഷങ്ങൾ സൂചിപ്പിക്കുന്ന കണ്ണാടിരൂപം തൊട്ടടുത്തുണ്ട്.  ഗിവം, കട്ടിത്തൈര്, പായ, വൃക്ഷം, ശംഖ്,  വെളുത്ത കടുക് എന്നിവയാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഭ്രാന്തനായ ആനയെ ബുദ്ധൻ കീഴ്പ്പെടുത്തിയപ്പോൾ അതിന്റെ ശരീരത്തിൽ നിന്ന് നിർമിച്ച ഔഷധമത്രേ ഗിവം. ബുദ്ധന് ലഭിച്ച സുഖാനുഭൂതിയുടെയും ഇന്ദ്രിയനിഗ്രഹത്തിന്റെയും അടയാളമാണ് കട്ടിത്തൈര്. ഉണർവ് ലഭിച്ചപ്പോൾ അദ്ദേഹം ഇരുന്ന പുൽപ്പായ, ജ്ഞാനഫലം നൽകിയ വൃക്ഷം,  കർമ്മപ്രചാരണം പ്രോത്സാഹിപ്പിക്കാൻ ഇന്ദ്രൻ സമ്മാനിച്ച വെളുത്ത ശംഖ്, പതിനഞ്ചുനാൾ  അജ്ഞാത ജീവിതത്തിനിടെ ബുദ്ധന് ലഭ്യമായ വെളുത്ത കടുക്, പിന്നെ വൃക്ഷം, പക്ഷി, മൃഗം പാവ ഇങ്ങനെ ചുവരായ ചുവരിലെല്ലാം ബുദ്ധകഥകൾ നിറഞ്ഞുനിൽക്കുന്നു.നാലുപേരുടെ സൗഹൃദത്തിന്റെ കഥയാണ് അടുത്ത ചുവരിൽ. ഏറ്റവും ആദ്യം ജനിച്ചത് ആര് എന്നാണ് തർക്കം. താൻ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ വൃക്ഷത്തിന് ഇത്രയും വലിപ്പമുണ്ടായിരുന്നുവെന്ന് ആന. എന്നാൽ കുരങ്ങൻ അത് സമ്മതിക്കുന്നില്ല. തന്റെ ചെറുപ്പത്തിൽ വൃക്ഷം വളരെ ചെറുതായിരുന്നുവെന്നാണ് കുരങ്ങന്റെ വാദം. താൻ കാണുമ്പോൾ വൃക്ഷം വെറുമൊരു തൈ മാത്രമായിരുന്നുവെന്ന് മുയൽ പറഞ്ഞു.  പക്ഷേ, പക്ഷി പറഞ്ഞു, ഞാനാണ് അതിന്റെ വിത്ത് അവിടെ കൊണ്ടിട്ടത്.  അങ്ങനെ തർക്കം അവസാനിക്കുന്നു. പക്ഷിയാണ് ഏറ്റവും പ്രായമുള്ളതെന്ന് മറ്റു മൂന്നുപേർ അംഗീകരിക്കുന്നു. പറവയുടെ ചിറകുകൾ പോലെയാണ് ചിന്തകൾ എന്ന ബുദ്ധവാക്യത്തിന് അടിവരയിടുന്നതാണ് ഈ നാടോടിക്കഥ.
ജസ്വന്ത്‌ വാർ മെമ്മോറിയലിന്‌ മുന്നിലുള്ള സൈനിക പ്രതിമ

ജസ്വന്ത്‌ വാർ മെമ്മോറിയലിന്‌ മുന്നിലുള്ള സൈനിക പ്രതിമ


തൂണുകളിലേക്ക് പിണഞ്ഞുയർന്ന വ്യാളീരൂപങ്ങൾക്കിടയിലൂടെയാണ് പടിക്കെട്ട്.  മന്ദിരത്തിന് നടുവിൽ ജസ്വന്ത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.അദ്ദേഹം ഉപയോഗിച്ച വസ്ത്രങ്ങളും ആയുധങ്ങളുമൊക്കെ കണ്ണാടിക്കൂട്ടിലുണ്ട്. തണുപ്പിലും മുനിഞ്ഞു കത്തുന്ന തിരിവിളക്ക്.  അരികിൽ നോട്ടുകൾ കൂടിക്കിടക്കുന്നു. സന്ദർശകരുടെ സംഭാവനയാണത്. വാർ മെമ്മോറിയൽ സ്ഥിതിചെയ്യുന്നത് ഒരു കുന്നിൻ മീതെയാണ്. ഗാലറിയും സ്മൃതിമണ്ഡപവും റൈഫിൾ പോസ്റ്റും പഴയ റൈഫിൾ പോസ്റ്റുംമെല്ലാം ഈ കുന്നിലുണ്ട്. പൈൻമരങ്ങൾക്കു നടുവിലെ പർണശാല. ഗ്യാലറിയിൽ ജസ്വന്ത് ഉൾപ്പെടെ മൂന്നുപേരുടെയും അർധകായ വെങ്കല പ്രതിമയും ചിത്രങ്ങളും.  യുദ്ധവിവരണത്തിനൊപ്പം ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്; തുരുമ്പുപിടിച്ച് തകർന്നുതുടങ്ങിയ തോക്കുകളും. യുദ്ധകാലത്ത് ഉപയോഗിച്ച ടെലിഫോൺ നിശ്ചലമായി മൂലയ്ക്കുണ്ട്. ബങ്കറുകളുടെ കേന്ദ്രമാണ് ഈ കുന്ന്. നമ്മൾ നടക്കുന്നത് അതിനുമീതെയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. പടയാളികൾക്ക് സുരക്ഷിതമായിരുന്ന് ശത്രുക്കൾക്കുനേരെ ആക്രമണം നടത്താനുള്ള തുരങ്കങ്ങൾ നിരവധിയുണ്ട്. കാഴ്ചയിൽ വളരെ പഴക്കം തോന്നുമെങ്കിലും 1962ലെ യുദ്ധത്തിൽ നിർമ്മിച്ചതല്ല ഇവയെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പട്ടാളബങ്കറുകൾ എന്തെന്ന് അനുഭവിച്ചറിയാൻ മാത്രമുള്ള നിർമിതിയാണ്.  അങ്ങകലെ താഴ്വരകളിലേക്ക് നിരീക്ഷണ കണ്ണുകളുമായി പതിയിരുന്ന പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട്.  ബാബാ ജസ്വന്ത്, അമർ രഹെ.

കുന്നിറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി,  അദ്ദേഹം മുകളിൽ നിന്ന് കൈവീശുന്നുണ്ടോ...

ഇന്ത്യ‐ചൈന യുദ്ധത്തിൽ ഉപയോഗിച്ച യന്ത്രത്തോക്ക്‌ ജസ്വന്ത്‌ വാർ മെമ്മോറിയിലിന്‌ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു

ഇന്ത്യ‐ചൈന യുദ്ധത്തിൽ ഉപയോഗിച്ച യന്ത്രത്തോക്ക്‌ ജസ്വന്ത്‌ വാർ മെമ്മോറിയിലിന്‌ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു


തവാങ്ങിലേക്ക് ഇനിയുമുണ്ട് 32 കിലോമീറ്റർ. ചുറ്റും പുൽക്കൊടികൾ കാറ്റിലാടുന്ന താഴ്വരയിലൂടെ വാഹനമോടുന്നു. വഴി മുറിച്ച് വെള്ളച്ചാട്ടങ്ങൾ നിരവധിയുണ്ട്. എങ്കിലും ഒന്നും യാത്രയ്‌ക്ക് തടസ്സമാകുന്നില്ല. ഉച്ചഭക്ഷണത്തിനായി ഒരു ധാബയ്ക്കരികിരിൽ നിർത്തി. ഒരു ഗ്രാമീണോത്സവത്തിന്റെ പ്രതീതിയാണ് അവിടെ. ധാബയോട് ചേർന്ന ചെറിയ ചായ്പ്പിൽ കുറെപ്പേർ കൂടിയിരുന്ന് ഒരു കളിയിലാണ്. നമ്മുടെ നാട്ടിൽ ഈർക്കിൽകളി എന്ന പേരിൽ പ്രചാരമുണ്ടായിരുന്നതുപോലെ ഒന്ന്.  ഈർക്കിൽ, ചെറിയ ശംഖ്, മുളഞ്ചീളി ഒക്കെയാണ് കളിയുപകരണങ്ങൾ. ഏണിയും പാമ്പും കളിയിലെ കുത്തുകൾ രേഖപ്പെടുത്തിയ ആറുമുഖക്കട്ട പോലെ കുറെയെണ്ണം ഒരു തകര ടിന്നിലിട്ട് കുലുക്കണം. അതിലെ എണ്ണത്തിനനുസരിച്ച് ഈർക്കിലും ശംഖും ചീളിയുമൊക്കെ വിജയിക്കുന്ന ആളുകൾക്ക്‌ ലഭിക്കും. വൃത്തത്തിൽ ഇരിക്കുന്നവർക്ക് നടുവിൽ ഒരു കുഷൻ സ്ഥാപിച്ചിട്ടുണ്ട്. അതിലാണ് കുലുക്കിക്കുത്ത്. സാധാരണ പ്രതലത്തിൽ പാട്ട കുലുക്കിയാൽ ശരിയായ ഫലം കിട്ടില്ലെന്നാണ് ഇവരുടെ വിശ്വാസം. കളിക്കാർക്ക് ആവേശം പകർന്നു വൻസംഘം ചുറ്റുമുണ്ട്. മൂലയിൽ മദ്യക്കുപ്പികൾ ഒഴിയുന്നു, പുതിയത് വന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരും വിജയിക്കുമ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് കൂടിനിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നത്.  ഡോഡോ എന്നാണ് കളിയുടെ പേരുപറഞ്ഞത്. തികച്ചും പ്രാദേശിക വിനോദം. ധാബയിൽ ഭക്ഷണം കിട്ടാൻ സമയം കൂടുതലെടുക്കും. ഞങ്ങൾ ആവശ്യപ്പെട്ട ചോറും സബ്ജിയും മട്ടനുമെല്ലാം സംഘടിപ്പിച്ചു കൊണ്ടുവരണം. മുട്ടുശാന്തിക്ക് ഓംലെറ്റും ബ്രെഡും കിട്ടും. പക്ഷേ, ഓംലെറ്റ് എന്നാൽ വെറും പ്ലെയിൻ. ഉള്ളിയും മുളകും ഇല്ലാത്തത്.  ധാബയിൽ ഉച്ചയ്‌ക്ക്‌ മുമ്പ് സാധനമെത്തിക്കുന്ന വ്യവസായിയുടെ വാഹനത്തിലാണ് ഉള്ളിയും മുളകുമെല്ലാം. അയാൾ ജംഗിൾ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഞങ്ങൾ മട്ടൻ ഉൾപ്പെടെയുള്ളവ ഓർഡർ ചെയ്തത്. അതും വാങ്ങി അയാൾ എത്തേണ്ട താമസമാണുള്ളത്.

കളിക്കാർക്കൊപ്പം ഇത്തിരി നേരമിരുന്നു. ഇതിനിടയിൽ ധാബയിലെ സുന്ദരി ഓംലെറ്റുകൾ മേശമേൽ നിരത്തി ഞങ്ങളെ ക്ഷണിച്ചു. ആരും അങ്ങോട്ട് പോകാത്തതിനാൽ അതെല്ലാം അവൾ തന്നെ ചായ്പ്പിലേക്ക് കൊണ്ടുവന്നു. ചാറ്റൽ മഴക്കൊപ്പം ലഹരി പൂക്കുന്നു. കളിക്കാർക്ക്‌ അരികിലേക്ക് ഗ്രാമീണരിൽ ഭൂരിഭാഗവും വരുന്നത് മദ്യക്കുപ്പികളുമായാണ്. വളരെ വിലവരുന്ന ലേബലുള്ളവയാണ് കുപ്പികളെല്ലാം.  ഇതൊക്കെ എവിടെ നിന്ന് കിട്ടുമെന്ന ചോദ്യത്തിന് ആദ്യം മറുപടിയുണ്ടായില്ല. ഒന്നു രുചിച്ചുനോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ലേബൽ മാത്രമേയുള്ളൂ. കുപ്പിക്കുള്ളിൽ തനിനാടൻ ചാരായം. 

ഏതാണ്ട് മുക്കാൽമണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഭക്ഷണം തയ്യാറായി. ഡ്രൈവർ തിരക്കുകൂട്ടാൻ തുടങ്ങിയിട്ടുണ്ട്. അയാൾക്ക് അന്നുതന്നെ ദിരാങ്ങിലേക്ക് മടങ്ങാനാണ് പരിപാടി. തവാങ്ങിലെത്താൻ 25 കിലോമീറ്ററേയുള്ളൂ. എങ്കിലും രണ്ടു മണിക്കൂർ എടുക്കും.  ഇതിനിടെ തവാങ് വാർ മെമ്മോറിയലിൽ ഞങ്ങളെ കൊണ്ടുപോകാമെന്ന് വാഗ്ദാനമുണ്ട്. അതും കൂടിയാകുമ്പോൾ വൈകിട്ട് അഞ്ചുമണി കഴിയും. സന്ധ്യക്കുശേഷം സേല വഴിയുള്ള യാത്ര പട്ടാളം അനുവദിക്കില്ല. തവാങ്ങിലേക്ക് വീണ്ടും യാത്ര തുടങ്ങുമ്പോൾ മൂടിക്കെട്ടിയ മുഖമായിരുന്നു ഡ്രൈവർക്ക്. ഇത്തിരിക്കഴിഞ്ഞപ്പോൾ മൊബൈലിൽ ഒരു വിളി വന്നു. അത് കഴിഞ്ഞതോടെ അയാളുടെ സ്വഭാവംതന്നെ മാറി. പിന്നെ വളരെ സന്തോഷത്തിലാണ് സംസാരം. പിറ്റേന്ന് രാവിലെ തവാങ്ങിൽ നിന്ന് തേസ്പൂരിലേക്ക് അയാൾക്ക് ഓട്ടം കിട്ടിയിട്ടുണ്ട്. ‘സർ, ഇനി എന്തുമാകാം,  ഞാനിന്ന് മടങ്ങുന്നില്ല. നാളെ ഒരു കോളൊത്തിട്ടുണ്ട്’. അയാൾ പറഞ്ഞു.  ഞങ്ങൾക്ക് താമസം ഉൾപ്പെടെയുള്ളതെല്ലാം ശരിയാക്കിത്തരാമെന്ന് അയാൾ സമ്മതിച്ചു.

വാഹനം പെട്ടെന്നുനിന്നു. നിന്നതല്ല, വഴിയരികിൽ നിന്ന് ഒരു സ്ത്രീ കൈകാട്ടി നിർത്തിച്ചതാണ്. ഡ്രൈവർക്ക് നന്നായി അറിയുന്ന പ്രദേശവും ആൾക്കാരുമാണവിടെ. റോഡിലാകെ റാഗിമണികൾ തൂവിക്കിടക്കുന്നു.   നിമിഷങ്ങൾക്കുള്ളിൽ ചൂരൽകുട്ടയിൽ കുറെ ചെടിത്തുണ്ടുകൾ അവൾ റോഡിലേക്ക് വിതറി. അതിനുമീതെ ഞങ്ങളുടെ വാഹനമോടുന്നു. റാഗി എളുപ്പത്തിൽ പൊഴിച്ചെടുക്കുന്ന വിദ്യയാണിത്. അതുകഴിയുമ്പോൾ ചൂലും തുണിയുമുപയോഗിച്ച് നിമിഷങ്ങൾക്കകം അത് ഒരുമിച്ചുകൂട്ടും. വീണ്ടും അടുത്ത വാഹനത്തിനായി കാത്തുനിൽപ്പ്.  ഇതിനിടെ മറ്റ് സ്ത്രീകൾ റാഗിമണികൾ  മുറത്തിൽ പാറ്റിയെടുക്കും. ഞങ്ങളിറങ്ങി വീണ്ടും ആ കാഴ്ചക്കായി കാത്തുനിന്നു.  റാഗി മാത്രമല്ല, ആ സ്ത്രീകളുടെയുംചിത്രം എത്രയെടുത്തിട്ടും മതിവരുന്നില്ല. ഇതിനിടെ മുരുകൻ അവരുടെ ഇന്റർവ്യൂ  ഷൂട്ട് ചെയ്തു. കിരൺ ബാബുവായിരുന്നു അവതാരകൻ (ഇന്റർവ്യൂ ഇതുവരെ പുറംലോകം കണ്ടില്ലെന്നത് പരമമായ സത്യം).
  കിഴക്കൻ തവാങ്ങിലേക്ക് കടക്കുകയാണ് ഞങ്ങൾ. അരുണാചൽ വനംവകുപ്പിന് പ്രകൃതിസംരക്ഷണ ബോധന ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നത് വേറെയുണ്ട്. റോഡരികിൽ പ്രാർഥനാചക്രം ഉറപ്പിച്ചിട്ടുള്ള ഒരു ഗ്രാമം കടന്നുപോകുന്നു. നഹ്മദ് എന്നാണ് പേര്. ഒന്നോ രണ്ടോ പെട്ടിക്കടകളും വീടുകളും മാത്രമാണ് റോഡരികിലുള്ളത്. ചെറിയ ഇടവഴികളുണ്ട്. ഗ്രാമത്തിനുള്ളിൽ നിരവധി വീടുകളും താമസക്കാരുമുണ്ടെന്ന് ഡ്രൈവർ പറഞ്ഞു.  കിറ്റ്പി എന്ന ഗ്രാമത്തിലേക്കുള്ള വഴിയും ഇവിടെനിന്നാണ്. യാത്രയുടെ അവസാനം കിറ്റ്പിയിൽ ഞങ്ങൾ പോയി. 14‐ാം ദലൈലാമ (ലാമോ തോന്ദുപ്)യുടെ ഇന്ത്യയിലേക്കുള്ള പലായന മാർഗമെന്ന് വിശ്വസിക്കുന്ന ചക്സം പാലം കിറ്റ്പി ഗ്രാമത്തിലാണ് (അത് പിന്നാലെ പറയാം).

തവാങ്ങിൽ ഞങ്ങളുടെ ആദ്യരാത്രി പൊലിയുന്നു. വിശ്വകർമ്മജയന്തിയുടെ ആഘോഷങ്ങൾ തെരുവിൽ അവസാനിച്ചിട്ടില്ല. രാവിലെ തവാങ്ങിലും പരിസരങ്ങളിലും ചുറ്റിയടിക്കാനാണ് പരിപാടി. അതുകഴിഞ്ഞാൽ ലോകപ്രശസ്തമായ തവാങ് മൊണാസ്ട്രിയിലേക്ക്.

തവാങ്ങിലേക്ക് പ്രവേശിച്ചെങ്കിലും പട്ടണത്തിലെത്താൻ ഇനിയും 12 കിലോമീറ്ററുണ്ട്. ഞങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഡ്രൈവർ മൊബൈൽ ഫോണിലൂടെ വിളിച്ച് ഉറപ്പിച്ചു. രണ്ടു മുറികളുള്ള ഹോംസ്റ്റേ. ഭക്ഷണം ഉൾപ്പെടെയെല്ലാം അവിടെ കിട്ടും. വാർ മെമ്മോറിയൽ കണ്ടശേഷം നഗരത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചു. 1992ൽ സ്ഥാപിച്ച പബ്ലിക് സ്കൂളിന്റെ മുന്നിലൂടെയാണ് വാഹനമോടുന്നത്. ബ്രെക് ലാമാ ലോങ്‌ഗെ ഗീസ്തെയെന്നാണ് റോഡിന്റെ പേര്. തവാങ്ങിന്റെ തലതൊട്ടപ്പന്റെ പേര്.

തവാങ്്‌ വാർ മെമ്മോറിയൽ

തവാങ്്‌ വാർ മെമ്മോറിയൽ


ഒരു ബുദ്ധകേന്ദ്രത്തിന്റെ പ്രതീതിയുണർത്തുന്ന കവാടത്തിനു മുന്നിൽ വാഹനം നിർത്തി. ഇതിനുള്ളിൽ തവാങ് വാർമെമ്മോറിയലാണ്. ആംഫി തിയറ്ററും മ്യൂല ടാക്കീസും ഷോപ്പിങ്‌ കോംപ്ലക്സും ഹെലിപ്പാഡുമുള്ളതാണ് വാർ മെമ്മോറിയൽ. സാധാരണ പട്ടാള ക്യാമ്പുകളുടെ മുന്നിൽ കാണുന്ന പീരങ്കിയും സൈനിക പ്രതിമയുമെല്ലാം മുന്നിലുണ്ട്. അരികിൽ ബുദ്ധവിഗ്രഹവും. 1962ലെ ഇന്ത്യ‐ചൈന യുദ്ധത്തിൽ കമേങ്സെക്ടറിൽ കൊല്ലപ്പെട്ടവരുടെ സ്മാരകമാണിത്. 1998 ഡിസംബറിൽ സ്ഥാപിച്ചു. 2012 ഒക്ടോബറിൽ അൻപതാം വാർഷിക നാളുകളിൽ പുതുക്കി മോടികൂട്ടി. പരമ്പരാഗത ബുദ്ധിസ്റ്റ് മാതൃകയിലാണ് വാർ മെമ്മോറിയൽ. ചോർട്ടൻ മാതൃക. അവലോകിതേശ്വര ബുദ്ധനും ഗൗതമബുദ്ധനുമൊക്കെ പ്രതിമകളായി മുന്നിലുണ്ട്. ഇവയെല്ലാം 14‐ാം ദലൈലാമ സ്ഥാപിച്ചതാണ്. രണ്ടു ഭാഗമായി തിരിച്ച മന്ദിരത്തിന്റെ ഒരുവശം പൂർണമായും ബുദ്ധനുള്ളതാണ്. മറുവശം സൈനിക രക്തസാക്ഷികളുടെ സ്‌മൃതികുടീരം. യുദ്ധത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും പേരും സ്ഥലവുമെല്ലാം രേഖപ്പെടുത്തിയ ചുവരുകൾ. രക്തസാക്ഷി സ്തൂപത്തിനരികിൽ കെടാവിളക്ക്. യുദ്ധോപകരണങ്ങളും യൂണിഫോം ഉൾപ്പെടെയുള്ളവയും പ്രദർശിപ്പിച്ചിട്ടുണ്ട്. കുറെ ചുറ്റിനടന്നശേഷം ഞങ്ങൾ തവാങ് പട്ടണത്തിലേക്ക് കടന്നു. നഗരഹൃദയത്തിൽത്തന്നെ ഇരുനിലക്കെട്ടിടത്തിൽ രണ്ടുമുറികൾ ഞങ്ങൾക്കായി തുറന്നു. നിറയെ പൂക്കളും അതുപോലെ ചിരിക്കുന്ന വൃദ്ധയായ കെയർടേക്കറുള്ള ഹോംസ്റ്റേ.  ഞങ്ങൾക്ക് നൽകിയ മുറികൾക്ക് തൊട്ടടുത്താണ് മുത്തശ്ശിയും മക്കളും മറ്റു ബന്ധുക്കളും താമസിക്കുന്നത്. ഇരുട്ട്‌ വീഴുംമുമ്പ് തവാങ് നഗരത്തിലൂടെ ഒന്നു നടന്നുവരാം എന്ന് തീരുമാനിച്ച് മുറിവിട്ട് പുറത്തിറങ്ങി. അന്ന് വിശ്വകർമ്മജയന്തിയാണ്. നഗരമാകെ ആഘോഷത്തിമിർപ്പിൽ. വാഹനങ്ങളെല്ലാം അലങ്കരിച്ച് റോഡരികിൽ നിർത്തിയിട്ടുണ്ട്. അടുത്തദിവസം ഉച്ചവരെ വാഹനപൂജയാണ്.  ബുദ്ധാകാരമുള്ള വിശ്വകർമ്മാവിന്റെ പ്രതിമകൾ നഗരത്തിൽ പലയിടത്തും കണ്ടു. അതിനു മുന്നിൽ പൂജയും പ്രാർഥനയുമുണ്ട്. കുടുംബസമേതമെത്തുന്ന പെൺകുട്ടികൾ രാഖി കെട്ടലും മധുരപലഹാര വിതരണവും ഒക്കെയായി തെരുവിലുണ്ട്. ഇരുട്ടുവീണു തുടങ്ങുന്നു. കെട്ടിടങ്ങൾക്കുമുകളിൽ നിയോൺ വെളിച്ചം മിന്നിമറയുന്നു. ആട്ടവും പാട്ടുമൊക്കെയായി ആഘോഷം തകർക്കുന്നു.  ആണും പെണ്ണുമെല്ലാം നൃത്തം ചെയ്യുന്നു. ഇതിനിടെ അതുവഴി പോകുന്നവർക്കെല്ലാം ആവോളം മധുരം നൽകുന്നു.
 
തവാങ്ങിൽ ഞങ്ങളുടെ ആദ്യരാത്രി പൊലിയുന്നു. വിശ്വകർമ്മജയന്തിയുടെ ആഘോഷങ്ങൾ തെരുവിൽ അവസാനിച്ചിട്ടില്ല. രാവിലെ തവാങ്ങിലും പരിസരങ്ങളിലും ചുറ്റിയടിക്കാനാണ് പരിപാടി. അതുകഴിഞ്ഞാൽ ലോകപ്രശസ്തമായ തവാങ് മൊണാസ്ട്രിയിലേക്ക്. പിന്നെ അതിനരികിൽത്തന്നെയുള്ള അന്നി എന്ന നൺ മൊണാസ്ട്രിയും. ബൂംല ഉൾപ്പെടെയുള്ള ചൈനീസ് അതിർത്തി പ്രദേശത്തേക്ക് പോകാൻ ഒരു ദിവസം കൂടി കാത്തിരുന്നേ പറ്റൂ. നിശ്ചിത യാത്രക്കാരെ മാത്രമേ ഓരോ ദിവസവും അതിർത്തിയിലേക്ക് കടത്തിവിടൂ. ഇടയ്ക്ക് വിശ്വകർമ്മജയന്തിയുടെ അവധി കൂടി വന്നതിനാൽ നേരത്തെ ബുക്ക് ചെയ്തവർ ഞങ്ങൾക്ക് മുമ്പിൽ കുറെപ്പേരുണ്ട് .(തുടരും)




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top