20 April Saturday

നീലത്തടാകങ്ങളുടെ അശാന്ത തീരങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ഗോംബെയിലേക്ക് പോകാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഒരു താഴ്വരയിറങ്ങി രണ്ട് കുന്നുകൾ കയറിയാൽ അവിടെയെത്താമെന്ന് നാട്ടുകാരൻ പറഞ്ഞു. പക്ഷേ, ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂർ എടുക്കും. അത്രയെളുപ്പമല്ല വഴി. കാര്യമായ കയറ്റമാണ്. തിരികെ പട്ടണത്തിലേക്ക് മടക്കയാത്രയും നടന്നുതന്നെവേണം.

തവാങ് മൊണാസ്ട്രിക്ക് പുറത്തിറങ്ങിനിന്നാൽ അങ്ങകലെ മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകൾക്കിടയിൽ അന്നി ഗോംബെ കാണാം. തവാങ്ങിലെ ബുദ്ധസന്യാസിനി മഠമാണത്. ബ്രഹ്മതുങ്  എന്നും അന്നി ഗോംബെയ്ക്ക് പേരുണ്ട്. തവാങ്ങിന്റെ സ്ഥാപകൻ മേരാ ലാമ തന്റെ സഹോദരിക്കായി സ്ഥാപിച്ച സന്യാസിനിമഠമെന്നാണ് വിശ്വാസം. ഗ്യാഗോങ് അന്നി ഗോംബെ എന്നാണ് യഥാർത്ഥ പേര്.  അമ്പതിലേറെ ബുദ്ധിനിമാർ അവിടെയുണ്ട്. തവാങ് മൊണാസ്ട്രിക്ക്  മുന്നിലൂടെ ഇത്തിരി ദൂരം നടന്നാൽ ചെറിയൊരു കവലയുണ്ട്. അവിടെ നിന്ന് നൺ മൊണാസ്ട്രി (വിളിപ്പേര്)യിലേക്ക് റോപ്വെ ഉണ്ട്. എന്തായാലും ഇതുവരെ വന്ന സ്ഥിതിക്ക് അവിടം ഒഴിവാക്കുന്നതെങ്ങനെ. റോപ്വെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. കഷ്ടകാലം നോക്കണേ, ഒരാഴ്ചയായി അത്പ്രവർത്തിക്കുന്നില്ല. രണ്ടുദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിട്ടും രക്ഷയില്ല.  2006 ഫെബ്രുവരിയിൽ നിർമ്മാണം തുടങ്ങി 2010 സെപ്തംബറിൽ റോപ്‌വെയുടെ പണിപൂർത്തിയാക്കി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ കൈയൊപ്പ് പതിഞ്ഞതാണ് ഇത്.

തവാങ്ങിലെ ബുദ്ധസന്യാസിനി കേന്ദ്രമായ അന്നി ഗോംബെ

തവാങ്ങിലെ ബുദ്ധസന്യാസിനി കേന്ദ്രമായ അന്നി ഗോംബെ


ഗോംബെയിലേക്ക് പോകാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഒരു താഴ്വരയിറങ്ങി രണ്ട് കുന്നുകൾ കയറിയാൽ അവിടെയെത്താമെന്ന് നാട്ടുകാരൻ പറഞ്ഞു. പക്ഷേ, ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂർ എടുക്കും. അത്രയെളുപ്പമല്ല വഴി. കാര്യമായ കയറ്റമാണ്. തിരികെ പട്ടണത്തിലേക്ക് മടക്കയാത്രയും നടന്നുതന്നെവേണം. എന്തായായും അന്നി ഗോംബെ ഉപേക്ഷിച്ച് തവാങ്ങിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഏതാണ്ട് 50 മീറ്റർ നടക്കുമ്പോൾ എതിരെ ഒരു മാരുതി വാൻ വരുന്നു. കൈകാണിച്ചു നിർത്തി. അന്നി ഗോംബെയിലേക്ക് വരാൻ അയാൾക്ക് താൽപ്പര്യമില്ല. ഒടുവിൽ ഇരട്ടി തുകയായ 400 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ അയാളുടെ മനമിളകി. അവിടെനിന്ന് തവാങ്ങിലേക്കുള്ള തുകയായ 100 രൂപ അധികവും. ഇങ്ങോട്ടുവന്ന അവസ്ഥയാണ് വണ്ടിക്കുള്ളിൽ. തറയിൽ ഇരുന്നാണ് യാത്ര. പുല്ലുകൾ വളർന്നു കയറിയ കുന്നുകൾക്കിടയിലൂടെ വാഹനമോടുന്നു. ഇടയ്ക്ക് ഒരിടത്ത് വഴിക്കിരുവശവും ചേരിപോലെ കുറെ ഷെഡ്ഡുകളുണ്ട്. അതിലെ താമസക്കാരിൽ ഭൂരിഭാഗവും ആട്ടിടയന്മാരും കുട്ടികളുമാണ്. ശക്തമായ കാറ്റും തണുപ്പുമുണ്ട്. അതിൽ നിന്ന് രക്ഷനേടാനാകണം ഷെഡ്ഡുകൾക്കുമീതെ കൂറ്റൻ കല്ലുകൾ എടുത്തുവച്ചിട്ടുണ്ട്.പട്ടാളവണ്ടികൾ വരുമ്പോൾ വഴിക്ക് ചെറിയ തടസ്സം നേരിടുന്നു. എങ്കിലും പട്ടാളക്കാർ തിടുക്കം കാണിക്കുന്നില്ല. ഇന്ത്യൻ പട്ടാളത്തെ വകവയ്ക്കാത്ത സമൂഹമാണ് തവാങ്ങിലുള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പട്ടാളത്തോട് പുച്ഛത്തോടെ മാത്രം സംസാരിക്കുന്ന ഡ്രൈവർമാരാണ് അതിന് ഉദാഹരണം. അരുണാചൽ പ്രദേശ്, പ്രത്യേകിച്ചും തവാങ് ജില്ല ഇന്ത്യയോടു ചേർത്തുനിർത്തുന്നതിൽ പട്ടാളത്തിന്റെ സുപ്രധാനമായ ഇടപെടലുണ്ട്. ചൈനീസ് അധിനിവേശ പ്രദേശങ്ങളോട് ചേർന്ന് തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ ഇന്ത്യൻ പട്ടാളം നേരിട്ടിട്ടുണ്ട്. അതിന്റെ തുടർച്ച ഇപ്പോഴുമുണ്ടെന്ന് സംശയിച്ചുപോകും.  അന്നി ഗോംബെയുടെ ബോർഡ് അകലെ തെളിയുന്നു.  എങ്കിലും അവിടെയെത്താൻ ഇനിയും ദൂരമുണ്ട്. വഴിക്കിരുവശവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ലക്ഷണമാണ്. മാൻകുട്ടികൾ ആകാശം നോക്കുന്ന കവാടം. അതിനുള്ളിൽ എല്ലാ ജന്തുരൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. കവാടത്തിനുമുന്നിൽ വാഹനം നിർത്തി ഡ്രൈവർ ഉള്ളിലേക്കുള്ള വഴി കാണിച്ചു. ഒരു മനുഷ്യ ജീവിപോലും ഇല്ലാത്ത വഴി. കുറെ തകര കെട്ടിടങ്ങൾക്ക് നടുവിലൂടെയാണ് വഴി പോകുന്നത്. കെട്ടിടങ്ങൾ സത്യത്തിൽ മതിൽക്കെട്ട് തന്നെയാണ്. വഴിയിൽ ദേവദാരു ശിഖരങ്ങൾ വെട്ടിക്കൂട്ടിയിട്ടുണ്ട്. പൂജയ്ക്കും രാത്രിച്ചൂടിനും വേണ്ടിയുള്ളതാണത്. ഇടവഴിയിൽ ചെറിയൊരു കാട്ടുചോല. അത് ഒരു ഗോപുരത്തിലൂടെ താഴേക്ക് പതിക്കുന്നു. വെള്ളം വീഴുന്നിടത്ത് പ്രാർത്ഥനാചക്രം കറങ്ങുന്നു. അതിന്റെ മൃദുമന്ത്രണം താഴ്വരയാകെ വ്യാപിക്കുന്നു.

ഉയരം കുറഞ്ഞ വൃക്ഷങ്ങൾക്കുനടുവിലാണ് മൊണാസ്ട്രി. അവയ്ക്കിടയിൽ വർണതോരണങ്ങൾ പട്ടംപോലെ കാറ്റിൽ പാറുന്നു. ചുറ്റും നടന്നിട്ടും ആരെയും കാണാനില്ല. ഇരുമ്പ് ഷട്ടർ ഇട്ടതാണ് വാതിൽ. എന്നാൽ താഴിട്ടിട്ടില്ല. തള്ളിത്തുറന്ന് അകത്തേക്ക് കയറി. നടുമുറ്റത്തിനു ചുറ്റും കോട്ടകൾ പോലെ കെട്ടിടങ്ങൾ. ചിലതെല്ലാം കണ്ണാടി ജനാലകൾ ഉള്ളതാണ്. തുക്ജെ ചൂലിങ് നണ്ണറി എന്ന ഒരു ബോർഡുണ്ട്. 2002ൽ തെങ്കായ് റിംപോച്ചെ ഉദ്ഘാടനം ചെയ്തത്. അകത്തു കയറുമ്പോൾ ആദ്യം കാണുന്നത് 14ാം ദലൈലാമയുടെ ചിത്രം. തൊട്ടരികിൽ ബുദ്ധനും താരയുമൊക്കെയുണ്ട്. രണ്ടുമൂന്ന് ബെഞ്ചുകളിൽ തടിച്ച പുസ്തകങ്ങൾ ഇരിക്കുന്നു.സന്യാസിനിമാർക്ക് ആരാധന നടത്താനുള്ള സംവിധാനങ്ങൾ ആണെന്ന് വ്യക്തം. ഇത്തിരികഴിഞ്ഞപ്പോൾ ചുരിദാറൊക്കെ ധരിച്ച് ഒരു സുന്ദരി വന്നു. ഞങ്ങൾ ഉള്ളിലേക്ക് കയറി. മുകളിൽ എത്തുമ്പോൾ അവിടെ ഒരു യുവതി തറയൊക്കെ വൃത്തിയാക്കുന്ന തിരക്കിലാണ്. മറ്റു മൊണാസ്ട്രികളിൽ കാണുന്ന സാധാരണ കാഴ്ചകൾക്കപ്പുറത്തേക്ക് ഒന്നുമില്ല. ഇവിടെ ഒരു താടിക്കാരൻ ലാമയുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.  അത് ബ്രംതുങ് ചുങ് എന്ന സങ്ഗോൺ തുങ്ജെ ഷോലിങ്ങിന്റെ ചിത്രമാണ്. ബുദ്ധിസ്റ്റ്  വ്യാഖ്യാതാക്കളിൽ പ്രമുഖനായ റിംപോച്ചെയാണ് അദ്ദേഹം. ഇത്തിരിക്കഴിഞ്ഞപ്പോൾ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേർ അവിടെയെത്തി. പുറത്തുനിന്നു വന്ന ബുദ്ധഭിക്ഷുക്കളാണ്. ഞങ്ങളെ ശ്രദ്ധിക്കാതെ ദീർഘമായ സംഭാഷണത്തിലേക്ക് അവരും യുവതിയും മുഴുകുമ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി. സന്യാസിനിമാരുടെ സങ്കേതമാണെങ്കിലും അവരെ ആരെയും അവിടെ കാണാനായില്ലെന്ന ഈർഷ്യയോടെ യാത്രചോദിക്കുമ്പോൾ അവൾ  പറഞ്ഞു, 'ഇനി സായാഹ്ന പൂജയ്ക്ക് മാത്രമേ സന്യാസിനിമാർ പുറത്തിറങ്ങൂ. അതുവരെ കാത്തുനിന്നാൽ അവരെ കാണാം.' ഡ്രൈവർ പുറത്ത് ധൃതി കൂട്ടുന്നു. കൂടുതൽ സമയം നിൽക്കില്ലെന്ന് അയാൾ തറപ്പിച്ചുപറഞ്ഞു.

വൈ ജങ്ഷനിലുള്ള ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണാലയം

വൈ ജങ്ഷനിലുള്ള ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണാലയം


പിറ്റേന്ന് ബൂലയിലേക്കുള്ള യാത്രക്ക് അനുവാദം കിട്ടി. ഒരു ദിവസം കൊണ്ടുപോയി  മടങ്ങിയെത്തണം. ഇടയ്ക്ക് താമസിക്കാനുള്ള ശ്രമമൊന്നും വേണ്ടെന്നർഥം. ഞങ്ങളുടെ ഫോട്ടോയും ഐഡി കാർഡുമെല്ലാം താമസിക്കുന്നിടത്തെ ദീദി തലേദിവസം വാങ്ങിവച്ചത് ഗുണമായി. അവരുടെ പരിചയക്കാരൻ മുഖാന്തരം ഉടൻതന്നെ പെർമിറ്റ് ലഭ്യമായി. രാവിലെ 7 മണിക്ക് ദീദി ഏർപ്പാടാക്കിയ വാഹനത്തിൽ ഞങ്ങൾ അതിർത്തിയിലേക്ക് തിരിച്ചു. പ്രത്യേകിച്ച് ഭയക്കേണ്ട കാര്യമില്ലെങ്കിലും രാജ്യാതിർത്തി കാണാനുള്ള വെമ്പൽ വല്ലാതെ ഞങ്ങളെ കീഴടക്കിയിരുന്നു. തലേന്ന് അന്നി ഗോംബയിലേക്ക് പോയ വഴിയിലൂടെയാണ് വാഹനം ഓടുന്നത്. രാത്രിഭക്ഷണം കാര്യമായി കിട്ടാത്തതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പോകുന്ന വഴിയിൽ ധാബകളുണ്ടെന്നും അവിടെ എന്തെങ്കിലും കിട്ടുമെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ അരമണിക്കൂറോളം വാഹനമോടിയിട്ടും അങ്ങനെ ഒരു ധാബപോലും കണ്ടെത്താനായില്ല.

ചുങ്ജെ എന്ന സ്ഥലത്താണ് പട്ടാളത്തിന്റെ ആദ്യ ചെക്കിങ് പോയിന്റ്. രേഖകൾ കാണിച്ച് രജിസ്റ്ററിൽ ഒപ്പിട്ടശേഷം പുറത്തിറങ്ങുമ്പോൾ വഴിയിൽ കുറെ സ്ത്രീകൾ നിൽപ്പുണ്ട്.  ബൂംലയിലേക്ക്  യാത്രയ്ക്ക്  ഒരുങ്ങി നിൽക്കുന്ന തൊഴിലാളികളാണവർ. റോഡ് പണിയൊക്കെ നടത്തുന്നവർ. പ്രഭാത ഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ,  ഇനി വൈ ജങ്ഷൻ വരെ ഒന്നും കിട്ടില്ലെന്ന് അവർ പറഞ്ഞു. വഴിയിൽ ഒരു  ചെറിയ ഗ്രാമമുണ്ട്. അവിടെയുള്ള പീടിക തുറന്നിട്ടുണ്ടെങ്കിൽ ബിസ്‌കറ്റോ മറ്റോ  കിട്ടിയാലായി. തവാങ്ങിൽനിന്ന് ഭക്ഷണം വേണ്ടെന്നുറപ്പിച്ച്  യാത്രയ്ക്ക്  ധൃതി കൂട്ടിയ കിരണിനോടുള്ള ദേഷ്യം  പതഞ്ഞുപൊങ്ങി.  വൈ ജങ്ഷനിലേക്ക് 21 കിലോമീറ്ററുണ്ട്. കുത്തുകയറ്റമുള്ള ഹെയർപിൻ വളവുകൾ.  നാഗുലയിലേക്ക് 17. അതിനുമുമ്പുള്ള പ്സോ ലേക്കിലേക്ക് 13 കിലോമീറ്ററുണ്ട്. അത് കഴിഞ്ഞ് ക്ലീമെ. പിന്നെ 33 കിലോമീറ്റർ എത്തുമ്പോൾ ഇന്ത്യചൈന അതിർത്തിയായി. കുറച്ചുദൂരം ഓടിയപ്പോൾത്തന്നെ തൊഴിലാളികൾ പറഞ്ഞ ഗ്രാമത്തിലെത്തി. പീടിക തുറക്കുന്നതേയുള്ളൂ. വിശന്നുകറങ്ങിയിരുന്ന ഞാൻ ചാടിയിറങ്ങി. അവിടെ കണ്ണിൽകണ്ട ഭക്ഷണമൊക്കെ, ബിസ്‌കറ്റും പൂപ്പൽ പിടിച്ച റൊട്ടിയും ബ്രെഡും കുറെ പരിപ്പും വാങ്ങി.
അതുവരെ വിശപ്പിനെ തോൽപ്പിച്ചിരുന്ന എല്ലാവരും പിന്നെ എനിക്കൊപ്പം കൂടി. രാജ്യത്തെ ഏറ്റവും ഉയരമുള്ള വെടിവയ്പ്പുതറ(ഹയ്യസ്റ്റ് ഫീൽഡ് ഫയറിങ് റേഞ്ച്) ലേക്കാണ് ഞങ്ങൾ കടക്കുന്നത്.

ഹിമാലയൻ കുന്നുകൾക്കുമീതെയുള്ള തടാകങ്ങൾക്കെല്ലാം അപൂർവ വശ്യതയാണ്. മാത്രമല്ല മഞ്ഞിനൊപ്പം കാറ്റിലിളകുന്ന ഓളങ്ങൾക്കുപോലും ഒരു മന്ദഗതി. ഇത്തരം സവിധങ്ങളിൽ എത്തിപ്പെടുന്ന യാത്രക്കാരുടെ മനസ്സുപോലെയാണ് തടാകവും.  അചഞ്ചലമായി നോക്കി നിൽക്കാം,അതിന്റെ ആഴങ്ങളിലേക്ക്. ചെറുകാറ്റടിക്കുമ്പോൾ ഓടിപ്പരക്കുന്ന തരംഗങ്ങളിൽ കടും നീലയും ഇളം പച്ചയും. ചുറ്റിലുമുയരുന്ന മഴവില്ലുകൾ തീർക്കുന്നത് നിറങ്ങളുടെ മായാലോകം.

ഗാങ്ദം എന്നാണ് ആ പ്രദേശത്തിന് പേര്.  സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിലുള്ള സോ തടാകം ഇവിടെയാണ്. വഴിയിൽ നിർത്തി കാലെടുത്തുവയ്ക്കുന്നത് തടാകത്തിലേക്ക്. പാങ്കാങ് തെങ് സോ ലേക് എന്നാണ് മുഴുവൻ പേര്. ചുരുക്കപ്പേര് സോ.

ഹിമാലയൻ കുന്നുകൾക്കുമീതെയുള്ള തടാകങ്ങൾക്കെല്ലാം അപൂർവ വശ്യതയാണ്. മാത്രമല്ല മഞ്ഞിനൊപ്പം കാറ്റിലിളകുന്ന ഓളങ്ങൾക്കുപോലും ഒരു മന്ദഗതി. ഇത്തരം സവിധങ്ങളിൽ എത്തിപ്പെടുന്ന യാത്രക്കാരുടെ മനസ്സുപോലെയാണ് തടാകവും.  അചഞ്ചലമായി നോക്കി നിൽക്കാം,അതിന്റെ ആഴങ്ങളിലേക്ക്. ചെറുകാറ്റടിക്കുമ്പോൾ ഓടിപ്പരക്കുന്ന തരംഗങ്ങളിൽ കടും നീലയും ഇളം പച്ചയും. ചുറ്റിലുമുയരുന്ന മഴവില്ലുകൾ തീർക്കുന്നത് നിറങ്ങളുടെ മായാലോകം. എത്ര നോക്കിയാലും മതിവരാത്ത ആവേശത്തോടെ നമ്മളതിനെ മനസ്സാൽ പുണരുന്നു.  മഞ്ഞുകട്ടകൾ ഉറങ്ങുന്ന തടാകത്തണുപ്പിൽ മുങ്ങിയും നിവർന്നും ഇളകുന്ന പുൽച്ചെടികൾ. സ്വർഗം മുന്നിലിറങ്ങിനിന്ന് ചിരിക്കുന്നു. സോ തടാകത്തിനുചുറ്റും നിരവധി കെട്ടിടങ്ങൾ ഹണിമൂൺ കോട്ടേജുകൾ പോലെ പണിതിട്ടുണ്ട്. തടാകത്തിലേക്ക് ഇറക്കി നിർത്തിയ തൂണുകളിലാണ് അവയുടെ നിൽപ്പ്. ഒരു ലുക്കൗട്ട് കേന്ദ്രവും പണികഴിപ്പിച്ചിട്ടുണ്ട്.  അവിടെയൊക്കെ കുറെപ്പേർ കറങ്ങിനടക്കുന്നു. വഴി അത്ര നല്ലതല്ലാത്തതിനാൽ എതിരെ വരുന്ന പട്ടാള വണ്ടികൾക്ക് കടന്നുപോകാനായി ഞങ്ങളുടെ വാഹനം ഡ്രൈവർ മുന്നോട്ടുകൊണ്ടുപോയി. അതെന്തായാലും ഗുണം ചെയ്തു. തടാകത്തിൽ ഉരുമ്മിക്കിടന്ന വഴിയിൽ തണുത്ത കാറ്റ് വീശുന്നു. ഞങ്ങൾ ഏതാണ്ട് ഒരു കിലോമീറ്റർ നടന്നത് അറിഞ്ഞതേയില്ല. പട്ടാള ട്രക്ക് തെറിപ്പിച്ച ചെളിവെള്ളമാണ് സത്യത്തിൽ സ്വപ്‌നലോകത്തുനിന്ന് ഭൂമിയിലെത്തിച്ചത്.

ബൂംലയിലേക്കുള്ള വഴിക്കരികെയുള്ള സോ തടാകം. യഥാർഥ പേര്‌ പാങ്കാങ് തെങ്സോ

ബൂംലയിലേക്കുള്ള വഴിക്കരികെയുള്ള സോ തടാകം. യഥാർഥ പേര്‌ പാങ്കാങ് തെങ്സോ


  തടാക കാഴ്ചകൾ മൗനത്തിന്റെ ആഴം വർധിപ്പിക്കുമെന്ന് പറയുന്നത് ശരിയാണ്. തടാകങ്ങൾ നമുക്കൊപ്പം യാത്ര ചെയ്താലോ?  അനാവശ്യ ഭാവനയാണെന്നറിയാം.  എങ്കിലും ഇതാ ഇവിടെ അത് സത്യമാകുന്നു. പിന്നിടുന്ന വഴിയെല്ലാം തടാകസമൃദ്ധമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കെട്ടിക്കിടന്ന് തിളങ്ങുന്ന നീല ത്തടാകങ്ങൾ. ചാറ്റൽമഴ താഴ്വരക്കുന്നുകളിൽ  മഞ്ഞുപോലെ  പെയ്യുന്നു. നീലത്തടാകത്തിനുമേൽ  പതിക്കുന്ന മഴത്തുള്ളികൾ കുമിളകളായി ഉയർന്നുപൊട്ടുന്നു. വെള്ളത്തിൽ മുട്ടിനിൽക്കുന്ന പുൽക്കൊടികളിൽ മഞ്ഞിൻമുത്തുമാലകൾ. ആരെയും ഗായകനാക്കുന്ന അജാത സൗന്ദര്യം. റോഡരികിലെ പൂക്കൾ ഞങ്ങളെ നോക്കി ചിരിക്കുന്നു. വൈ ജങ്ഷൻ പേരുപോലെ തന്നെയാണ്. മൂന്ന് വഴികൾ ചേരുന്നയിടം. തവാങ്ങിൽ നിന്നുള്ള വഴി രണ്ടായി പിരിയുന്നു. ഒന്ന് ബൂംലയിലേക്ക്.  മറ്റൊന്ന് കേരെതെങ്ങിലേക്ക്.  ഇന്ത്യൻ പട്ടാളത്തിലെ പ്രധാന പോസ്റ്റുകളിൽ ഒന്നാണ് വൈ ജങ്ഷൻ. നിരവധി ഫയറിങ് യാഡുകളും ലുക്കൗട്ടുകളും ട്രഞ്ചുകളുമെല്ലാം ഇവിടെയുണ്ട്. സദാ യുദ്ധസമാന അന്തരീക്ഷമാണ് ഇവിടെ. പട്ടാള വണ്ടികൾ, പ്രൊക്ലൈനർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ, താൽക്കാലിക ടെൻഡുകൾ, നിർത്താതെയുള്ള പരിശീലനങ്ങൾ ഇങ്ങനെ യന്ത്രവും പട്ടാളക്കാരും മാത്രമുള്ള കുന്നുകൾ. അതിർത്തി വളരെ അടുത്താണെന്ന് കാണിക്കുന്ന സൂചകങ്ങൾ.

വൈ ജങ്ഷനിൽ ഇന്ത്യൻ പട്ടാളം നടത്തുന്ന ഒരു കഫെറ്റീരിയയുണ്ട്. പട്ടാളവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളുടെ വിൽപ്പനയും അതിനുള്ളിലുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് ക്യാമ്പിലേക്ക് പ്രവേശനമില്ല. ഞങ്ങൾ പുറത്തിറങ്ങി കഫെറ്റീരിയയിലേക്ക് നടന്നു. തമിഴ്‌നാട് സ്വദേശിയായ, അതും കേരളതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളക്കാരൻ ശിവപ്രകാശിനെ പരിചയപ്പെടുന്നത് അവിടെവച്ചാണ്. കളിയിക്കാവിളക്കാരൻ ആയതിനാൽ മലയാളം നന്നായി സംസാരിക്കാനുമറിയാം. നിമിഷങ്ങൾക്കുള്ളിൽ സൗഹൃദം പൂത്തു. കഫെറ്റീരിയയിൽ മോമോയും ചായയും കഴിച്ചിരിക്കുമ്പോൾ ഇത്തിരി അകലെ ചെറിയൊരു കുന്നിൻമുകളിലിരിക്കുന്ന പട്ടാളക്കാരിലേക്ക് കണ്ണുകൾ നീണ്ടു. അവർക്ക് അരികിലേക്ക് പോകാമോ എന്ന  സന്ദേഹമുണർത്തുമ്പോൾ ശിവപ്രകാശ് ഞങ്ങളെ അങ്ങോട്ട് ആനയിച്ചു. കുന്നിനുമീതെ ഒരു സെർച്ച്‌സെന്റർ നിർമാണം നടക്കുന്നു. തടിയിലും കണ്ണാടിയിലുമുള്ള താൽക്കാലിക നിർമിതിയാണത്. അവിടെ നിന്നാൽ ചൈന വ്യക്തമായി കാണാം. ചൈനീസ് പട്ടാളത്തിന്റെ  നീക്കങ്ങൾ നിരീക്ഷിക്കുന്നതിനാണ് സെർച്ച്ടവർ. കുന്നിലുണ്ടായിരുന്ന പട്ടാളക്കാരെയെല്ലാം പരിചയപ്പെട്ടു. തമിഴ്‌നാട്ടുകാരനായ സത്യകുമാറും സംഘത്തിലുണ്ട്. അകലെ കാണുന്ന തടാകത്തിനപ്പുറം ചൈനയാണെന്ന് അയാൾ ചൂണ്ടിക്കാട്ടി. ൈകയിലുണ്ടായിരുന്ന ദൂരദർശിനിയിൽ അത് കാട്ടിത്തന്നു. അവിടെ ചൈനീസ് പട്ടാളത്തിന്റെ ക്യാമ്പും വ്യക്തമായി കാണാം.  കുറെനേരം ഞങ്ങൾ ആ കുന്നിൻമുകളിൽ ചെലവിട്ടു. തിരികെയെത്തി റെയിൻകോട്ട്, ബാഗ്, പട്ടാളടീഷർട്ട്, തൊപ്പി ഉൾപ്പെടെ  ചിലതെല്ലാം വാങ്ങി. ബൂംലയിലേക്ക് 13 കിലോമീറ്ററുണ്ട്.  ഇനിയും താമസിച്ചാൽ  അതിർത്തിയിലേക്ക് കടത്തിവിടില്ലെന്ന് ശിവകുമാർ പറഞ്ഞു.

അന്നി ഗോബെയിൽ പൂജാദികർമങ്ങൾക്കായി ദേവദാരു ഇലകൾ ഉണക്കിയെടുക്കുന്നു

അന്നി ഗോബെയിൽ പൂജാദികർമങ്ങൾക്കായി ദേവദാരു ഇലകൾ ഉണക്കിയെടുക്കുന്നു

വളരെ പ്രയാസമേറിയ വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. അപകടസാധ്യതയുള്ള കുന്നിൻ ചരിവുകൾ. വഴിയുടെ ഇടത്തെ ചരുവിൽ ചെറുതും വലുതുമായ തടാകങ്ങളുണ്ട്. കനത്ത മഞ്ഞുകാലത്ത് വഴിയും തടാകവും തിരിച്ചറിയാനാകാതെ മിക്കപ്പോഴും അപകടം ഉണ്ടാകാറുണ്ടെന്ന് ഡ്രൈവർ പറഞ്ഞു.  വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതികുറഞ്ഞ വഴി തുടങ്ങുന്നിടത്ത് രണ്ടുവശവും തടാകമാണ്. ചെറിയ ശ്രദ്ധക്കുറവ് വൻ അപകടം ക്ഷണിച്ചുവരുത്തും. മൺപാതയിലൂടെ പൊടിപറത്തിപ്പോയ പട്ടാള ട്രക്ക് കുറേനേരം ശ്വാസംമുട്ടലുണ്ടാക്കി. അതിന്റെ ദേഷ്യം തീർക്കുകയാണ് ഡ്രൈവർ. എതിരെ വരുന്ന എല്ലാ പട്ടാളവാഹനത്തിലുംനോക്കി അയാൾ ഉച്ചത്തിൽ തെറി പറയുന്നു. കേട്ടിട്ടും കേൾക്കാത്ത മട്ടിൽ കടന്നുപോവുകയാണ് പട്ടാളം. ഈ പ്രവണത അരുണാചൽപ്രദേശിൽ പലയിടത്തും കണ്ടു. ഇന്ത്യൻ പട്ടാളക്കാരോട് പരമപുച്ഛത്തോടെയാണ് ഗ്രാമീണർ പലരും പെരുമാറുന്നത്. എന്തായിരിക്കും അതിന് കാരണം? ഞങ്ങളുടെ ഡ്രൈവറോട് അത് ചോദിക്കാൻ തോന്നിയില്ല. അത്രത്തോളം മോശമായിരുന്നു ഇന്ത്യൻ പട്ടാളത്തോടുള്ള അയാളുടെ രോഷപ്രകടനം.

ചൈന ടിബറ്റ് കൈയടക്കിയതോടെ പലായനം ചെയ്ത മോൻപ വർഗക്കാർ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ തമ്പടിച്ചു.  തുടക്കത്തിൽ അവർക്ക് സഹായങ്ങൾ ഏറെ നൽകിയ അരുണാചൽ ഗ്രാമീണർ, പിൽക്കാലത്ത് അവരോട് അധിനിവേശക്കാരോട് എന്നപോലെ പെരുമാറി. അത് അവർക്കിടയിൽ രൂക്ഷമായ സംഘർഷത്തിന് വിത്തിട്ടു.

അതുമാത്രമല്ല അരുണാചൽ പൊലീസും ഇന്ത്യൻ പട്ടാളവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽപ്പുണ്ട്. ഇതിനൊക്കെ പറയുന്ന കാരണങ്ങൾ  പലതും വിചിത്രവും അവിശ്വസനീയവുമാണ്.
ചൈന ടിബറ്റ് കൈയടക്കിയതോടെ പലായനം ചെയ്ത മോൻപ വർഗക്കാർ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ തമ്പടിച്ചു.  തുടക്കത്തിൽ അവർക്ക് സഹായങ്ങൾ ഏറെ നൽകിയ അരുണാചൽ ഗ്രാമീണർ, പിൽക്കാലത്ത് അവരോട് അധിനിവേശക്കാരോട് എന്നപോലെ പെരുമാറി. അത് അവർക്കിടയിൽ രൂക്ഷമായ സംഘർഷത്തിന് വിത്തിട്ടു. സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന അരുണാചൽ, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാന്റ്,  സിക്കിം എന്നിവിടങ്ങളിൽ ആഭ്യന്തരമായി രൂപപ്പെട്ട തീവ്രവാദ ഗ്രൂപ്പുകളുമായി ഗ്രാമീണർക്ക് ഉണ്ടായ ബാന്ധവമാണ് മറ്റൊരു കാരണം. 1958 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ എഎഫ്എസ്പി ആക്ട് സെവൻ സിസ്റ്റേഴ്സിലെ ആഭ്യന്തര കലാപങ്ങൾക്ക് തടയിടാനായിരുന്നു. 1944ൽ ബ്രിട്ടീഷ് ഭരണം തുടങ്ങിവച്ചതിന്റെ തുടർച്ചയായിരുന്നു എഎഫ്എസ്പിഎ.  ഇന്ത്യൻ പട്ടാളത്തിന് പ്രത്യേക അധികാരം നൽകിയ ഈ ആക്ട് വളരെ മാരകമായി പ്രയോഗിക്കപ്പെട്ടു. ഇത് തദ്ദേശീയരായ ഗ്രാമീണരെയാകെ നിർബന്ധ നിരീക്ഷണത്തിന്റെ തോക്കിൻകുഴലിനു മുന്നിലാക്കി. ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ ശ്രമിച്ച സായുധ കലാപകാരികൾ തദ്ദേശീയരിൽ ഇന്ത്യൻ പട്ടാള വിരുദ്ധമനോഭാവം ആളിക്കത്തിച്ചു. അരുണാചൽ ഡ്രാഗൺ ഫോഴ്‌സ് (എഡിഎഫ്),   യുണൈറ്റഡ് പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുപിഡിഎഫ്) പോലുള്ള ഇപ്പോൾ നിർവീര്യമായ ഗ്രൂപ്പുകൾ അക്കാലത്ത് സജീവമായിരുന്നു. നാഗാലാന്റിലെ സായുധ കലാപകാരികളായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ്് (എൻഎസ്‌സിഎം എൽ) നാഗാലാന്റിന് പുറത്തേക്കും തങ്ങളുടെ സ്വാധീനം ശക്തമാക്കി. ജനങ്ങൾക്കിടയിൽ രൂഢമൂലമായ ഇന്ത്യൻ പട്ടാള വിരുദ്ധ മനോഭാവം ചിലപ്പോഴെല്ലാം ഇന്ത്യാവിരുദ്ധമായി മാറ്റുന്നതിനും ഇത് കാരണമായി.  എന്നാൽ മോൻപ വിഭാഗത്തിൽപ്പെട്ടവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാന സ്ഥാനങ്ങളിൽ എത്തിയതോടെ ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് തടയിടുകയെന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്വമായി.  എങ്കിലും പാടിപ്പതിഞ്ഞത് മായ്ക്കാനാകില്ലെന്ന മൊഴിപോലെ പട്ടാളം ഇപ്പോഴും ഗ്രാമീണരുടെ ശത്രുപക്ഷത്താണ്.

അന്നി ഗോബെയ്‌ക്കുള്ളിലെ പതിനാലാം  ദലൈലാമയുടെ ചിത്രം

അന്നി ഗോബെയ്‌ക്കുള്ളിലെ പതിനാലാം ദലൈലാമയുടെ ചിത്രം


 പൗരത്വ ഭേദഗതി ബില്ലിന്റെ തുടർച്ചയായി ഈ പ്രദേശങ്ങളിൽ കൂടുതൽ അസ്വാരസ്യങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്. അതിൽ കോൺഗ്രസ് വിതച്ചത് ബിജെപി കൊയ്യുന്നു എന്ന് പറയുന്നതാണ് ശരി. 1985ൽ അസം ഗണപരിഷത്തുമായി രാജീവ് ഗാന്ധിയാണ് കരാറുണ്ടാക്കിയത്. 1971 മാർച്ചിന് ശേഷം നുഴഞ്ഞുകയറിയവരെ കണ്ടെത്തി പുറത്താക്കുമെന്നായിരുന്നു കരാറിലെ സുപ്രധാന ഉറപ്പ്. കോൺഗ്രസ് അസം ഭരിക്കുന്ന കാലമായിരുന്നു അത്. 1966 ജനുവരി ഒന്നിന് മുമ്പ് രാജ്യത്ത് എത്തിയവർക്ക് പൗരത്വം നൽകുമെന്നും 1966 മുതൽ 1971 മാർച്ച് 24 വരെയുള്ള കാലയളവിൽ എത്തിയവർക്ക് പത്തുവർഷം വോട്ടവകാശം നിഷേധിക്കുമെന്നുമൊക്കെ വ്യവസ്ഥ ചെയ്തു. അതിനുമുമ്പുതന്നെ പ്രശ്‌നങ്ങൾ സങ്കീർണമായിരുന്നു. 1979 മുതൽ ആളിക്കത്തിച്ച ഈ വിഷയം 1983ലെ കുപ്രസിദ്ധമായ നെല്ലി കൂട്ടക്കൊലയ്ക്ക് വഴിതെളിച്ചു. അസം  തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെ മോറിഗാം പ്രവിശ്യയിലാണ് നെല്ലി.

1983 ഫെബ്രുവരി 18. നെല്ലിയിലെ 14 ഗ്രാമങ്ങളിലേക്ക് സായുധരായി ഇരച്ചെത്തിയ കലാപകാരികൾ കണ്ണിൽ കണ്ടതെല്ലാം തകർത്തെറിഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരങ്ങളെ അരിഞ്ഞുതള്ളി. അയ്യായിരത്തിലധികം പേരാണ് ഒറ്റരാത്രികൊണ്ട് മരണം പുൽകിയത്. സർക്കാർ രേഖകൾ പ്രകാരം 2000 മാത്രം. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഭയാനകമായ കൂട്ടക്കൊല എന്നാണ് മാധ്യമങ്ങൾ നെല്ലി സംഭവത്തെ വിശേഷിപ്പിച്ചത്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംങ്ങൾക്കെതിരെ ആയിരുന്നു അക്രമം. 1983 ലെ തിരഞ്ഞെടുപ്പിൽ അസമിലെ 40 ലക്ഷത്തോളം ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വോട്ടവകാശം നൽകിയതാണ് പ്രശ്‌നകാരണമെന്ന് ചുരുക്കത്തിൽ പറയാം. നെല്ലി കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ ഇപ്പോഴും ഏതോ ശീതീകരണികളിൽ സുഷുപ്തിയിലാണ്. 600 പേജുള്ള റിപ്പോർട്ടും 688 ക്രിമിനൽ കേസും അടങ്ങുന്ന നെല്ലി പുരാണം  1985ൽ രാജീവ് ഗാന്ധി ഉണ്ടാക്കിയ കരാറോടെ അടങ്ങിയൊതുങ്ങി.

എന്നാൽ ആഭ്യന്തരകലാപം അവസാനിക്കുന്നില്ല എന്നതിന്റെ സൂചനയാണ് തുടർന്നുണ്ടായത്. 2018 നവംബർ ആദ്യവാരം രണ്ടു പട്ടാളക്കാരെ അരുണാചൽ പൊലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചു. ഗ്രാമീണരുമായി വഴക്കിട്ടുവെന്നാണ് പട്ടാളക്കാരുടെ പേരിലുണ്ടായ ആരോപണം. തന്റെ ഒപ്പമുള്ളവരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അരുണാചൽ ചുമതലയുള്ള പട്ടാളമേധാവി അരുണാചൽ പൊലീസ് മേധാവിക്ക് നൽകിയ ഭീഷണിക്കത്ത്  കോളിളക്കമുണ്ടാക്കി. ഐപിഎസ്,ഐഎഎസ് അസോസിയേഷനുകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. അരുണാചൽ സംസ്ഥാന ഗവൺമെന്റ് ക്രിയാത്മകമായി ഇടപെട്ടതുകൊണ്ട് മാത്രം സുരക്ഷാസേനകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവായി. അതേസമയം പട്ടാളക്കാരുമായി തുടക്കത്തിൽ സംഘർഷത്തിൽ ഏർപ്പെട്ട ഗ്രാമീണർക്കുപിന്നിൽ സായുധ കലാപകാരികൾ ഉണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് പിന്നീട് വിവരം ലഭിച്ചു.

2019 മെയ് 21 ന് കിഴക്കൻ അരുണാചലിലെ പടിഞ്ഞാറൻ ഖോംസ മണ്ഡലത്തിലെ നിയമസഭാ സാമാജികനായിരുന്ന തിരോങ് അഭോയും മകനും ഒപ്പമുണ്ടായിരുന്ന എട്ടു പേരും കൊല്ലപ്പെട്ടു.  ജില്ലയിൽ സായുധ കലാപകാരികളുടെ ആക്രമണത്തിലാണ് മരണം. നാഷണൽ പീപ്പിൾസ് പാർടി(എൻപിപി) നേതാവായിരുന്ന തിരാങ് അഭോ.2012ൽ പി എസ് സങ്മ രൂപീകരിച്ച എൻപിപി കലാപകാരികൾക്കെതിരെ സ്വീകരിച്ച നിലപാടുകൾക്കുള്ള മറുപടിയാകണം അഭോയുടെ കൊലപാതകം. അത് സംബന്ധിച്ച അന്വേഷണം ചെന്നുനിൽക്കുന്നത് വിഘടനവാദി ഗ്രൂപ്പുകളുമായി ചങ്ങാത്തമുള്ള അരുണാചലിലെ തദ്ദേശീയ ഗ്രൂപ്പുകളിലാണ്.  ഇവരാണ് ഇപ്പോൾ ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് രഹസ്യ ചുക്കാൻ പിടിക്കുന്നത്.  ഇത് പറയുമ്പോഴും ഇന്ത്യൻ പട്ടാളത്തിന്റെ ചെയ്തികളെല്ലാം ന്യായീകരിക്കാനാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു. (തുടരും)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top