29 March Friday

ലണ്ടനിലെ 'കുഞ്ഞിന്ത്യ'...സൗത്താളിലെ കാഴ്‌ചകളിലൂടെ ആൻ പാലി

ആൻ പാലിUpdated: Wednesday Feb 26, 2020



പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'

പിണറായി വിജയൻ, വൈക്കം മുഹമ്മദ് ബഷീർ, സത്യൻ അന്തിക്കാട്... മലയാളികൾക്ക് സുപരിചിതങ്ങളായ ഈ മൂന്നു പേരും കർമ്മം കൊണ്ടും , ജീവിതം കൊണ്ടും വ്യത്യസ്തരാണെങ്കിലും ഒരു കാര്യത്തിൽ മാത്രം സമാനരാണ്, അവരുടെ പേര് കൊണ്ട്.ജാതിപ്പേരോ , വീട്ടുപേരോ അല്ല ഇവർ സ്വന്തം പേരിനു കൂടെ ചേർത്തിരിക്കുന്നത്, തങ്ങളുടെ സ്ഥലപ്പേരുകളാണ്.

ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് മാത്രം കഴിയുന്ന ഒരു പ്രത്യേകത.ലോകം മുഴുവൻ പറന്നും, കൂടു കൂട്ടിയും ജീവിക്കുന്ന നമുക്കിപ്പോഴും തൃശൂർ പൂരമെന്നും,എടത്വ പെരുന്നാളെന്നും, അമ്പലപ്പുഴ സദ്യ എന്നൊക്കെ സ്ഥലപ്പേര് കൂട്ടുപിടിച്ചു നൊസ്റ്റാൾജിക് ആകാൻ കഴിയുന്നതും അത് കൊണ്ട് തന്നെയാണ്. അങ്ങനെയുള്ള നമ്മൾ എപ്പോളെങ്കിലും നമ്മുടെ നാടിന്റെ പേരുള്ള ഒരാളെ കണ്ടുമുട്ടിയല്ലോ ? വൈക്കംകാരൻ ബഷീർ പറയുമ്പോലെ 'പെരുത്തൊരിഷ്ടം', അല്ലെ? അത്തരം ഒരാൾ തന്നെയായിരുന്നു എന്റെ സുഹൃത്ത് 'ഇന്ത്യ മാർദാസ്'.

ഭക്ഷണം പാകം ചെയ്യലും , കഴിക്കലും ഒക്കെ നാമമാത്രമായ പഠനകാലത്തു യൂണിവേഴ്സിറ്റിയോട് ചേർന്ന കഫേയിലെ കുക്ക് ആയിട്ടാണ് ഇന്ത്യയെ ആദ്യം കാണുന്നത്. ചെവിയുടെ താഴെ വരെയുള്ള ചുരുണ്ട മുടി ഇടയ്ക്കിടെ പിറകോട്ടൊതുക്കി , അത്ര വ്യക്തമല്ലാത്ത ഇംഗ്ളീഷിൽ സംസാരിച്ചു കൊണ്ട് ഇന്ത്യ ഇങ്ങനെ ഓടിച്ചാടി നടക്കും. ഉച്ച തിരിഞ്ഞു ഒരു മൂന്നു മണി മുതൽ കക്ഷി ഫ്രീ ആണ്. അത് കൊണ്ട് ആ സമയം ചെന്നാൽ സാലഡും, സാൻവിച്ചും, ബിയറും ഒക്കെയായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ഇന്ത്യയുടെ ഒപ്പം കൂടാം, പലതരം ഭക്ഷണത്തെപ്പറ്റിയും,ധ്യാനത്തെപ്പറ്റിയും, യോഗയെപ്പറ്റിയുമൊക്കെ എത്ര നേരം വേണെമെങ്കിലും ബോറടിക്കാതെ സംസാരിക്കാം.

കുടുംബത്തെക്കുറിച്ചു അപൂർവമായി മാത്രം സംസാരിക്കുന്ന പാശ്ചാത്യ സംസ്കാരത്തിൽ നിന്നും വ്യത്യസ്ത ആയിരുന്നു ഇന്ത്യ.എഴുപതുകളിൽ എപ്പോഴോ ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയണം എന്ന ആഗ്രഹത്തിൽ ഗ്രീസിൽ നിന്നും നമ്മുടെ നാട്ടിലെത്തിയവരാണ് ഇന്ത്യയുടെ അച്ഛനും , അമ്മയും. യാത്രകളും, ആശ്രമജീവിതവും, ഗോവയിലെ റെസ്റ്റോറന്റും ഒക്കെ മതിയാക്കി തിരിച്ചു ഏതൻസിലേക്കു പറന്നപ്പോൾ ഇഷ്ടരാജ്യത്തിനോട് ബാക്കി നിൽക്കുന്ന സ്നേഹമാണ് അവർ ഒരേ ഒരു മകൾക്കു പേരായി തൊട്ടു നൽകിയത്.


പാചകവും വാചകവും നല്ല കോമ്പിനേഷനാണ്, അതാവും ഇന്ത്യയും ഞാനും പെട്ടെന്ന് സുഹൃത്തുക്കളായത്. അങ്ങനെ ഒരു വീക്കെൻഡിൽ പെങ്കൊച്ചിനൊരു ആശ, സൗത്താളിൽ പോകണം,ലണ്ടൻ നഗരത്തിൽ നിന്നും കുറച്ചകലെ അനേകം ഇന്ത്യക്കാർ താമസിക്കുന്ന പട്ടണമാണ് സൗത്താൾ. ബെന്റ്‌ ഇറ്റ് ലൈക് ബെക്കാം എന്ന  കിക്കിടിലം സിനിമ കണ്ടുള്ള പരിചയെമേ എനിക്ക് സൗത്താളുമായിട്ടുള്ളൂ , ഒന്ന് പോകാൻ പറ്റിയിട്ടില്ല. ഇന്ത്യക്കാണേൽ നല്ല ജിലേബിയും, ലഡ്ഡുവും, മസാലയുമൊക്കെ അവിടന്ന് വയറു നിറച്ചു കഴിക്കണമത്രേ..!. അതിനെന്താ പുറപ്പെട്ടോളൂ എന്ന് ഞാനും, ജീവിതം ലണ്ടനിൽ ആണെങ്കിലും നമ്മുടെ രാജ്യത്തിൻറെ പേരുമായി ഒരു കൊച്ചു വന്നാൽ ഞാൻ കൈകൂപ്പി നിന്ന് "അതിഥി ദേവോ ഭവ" എന്ന് പുഞ്ചിരിച്ചു കൊണ്ട് പറയും.

ശനിയാഴ്ചയായി, ഞാനും ഇന്ത്യയും സൗത്താളിൽ എത്തി. കേട്ടത് പോലെ തന്നെ ഒരു 'ലിറ്റിൽ ഇന്ത്യ', 'ലിറ്റിൽ പഞ്ചാബെന്ന' പേര് വന്നതിനുള്ള കാരണവും വേഗം തന്നെ പിടികിട്ടും, ചുറ്റിലും സർദാർജിമാരുടെ ബഹളമാണ്. ഐശ്വര്യ റായിയുടെയും കത്രീന കൈഫിന്റേയും ഖാൻ ചേട്ടന്മാരുടെയും അമിതാഭ് ബച്ചന്റേയുമൊക്കെ ചിത്രങ്ങൾ വെച്ച കടകൾക്കുള്ളിൽ തിളക്കമുള്ള സാരികളും സൽവാറുകളും ആഭരണങ്ങളും കണ്ടൊരു കറക്കം. നാട്ടിൽ കിട്ടുന്ന ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും സൗത്താളിൽ കിട്ടും. കല്യാണഷോപ്പിങ്ങുകൾക്ക് നാട്ടിൽ പോവാൻ കഴിയാത്ത നോർത്തിന്ത്യൻസ് എത്തുന്നത് സൗത്താളിലെ തെരുവുകളിലാണ്.

 ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാര

ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാര


കുറച്ചു കൂടി നടന്നപ്പോൾ കണ്ട ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാര ചൂണ്ടി ഇന്ത്യ പറഞ്ഞു ' ഇത് ലണ്ടനിലെ ഏറ്റവും വലിയ ഗുരുദ്വാര ആണ്." ഞാൻ തല കുലുക്കി. ഇന്ത്യക്ക് പുറത്തുള്ള വലിയ ഗുരുദ്വാരകളിൽ ഒന്നാണ് സൗത്താളിലേത്. പതിനേഴര മില്യൺ പൗണ്ട് സ്വരൂപിച്ച് സിഖ് വിശ്വാസികൾ രണ്ടായിരതിമൂന്നിൽ പണിതീർത്ത സുന്ദരൻ കെട്ടിടം.അതിനുള്ളിലെ കമ്മ്യൂണിറ്റി കിച്ചനും ഡൈനിങ്ങ് ഏരിയായും ഒന്ന് കാണേണ്ടത് തന്നെയാണ്. ഇലൿഷൻ സമയം അടുക്കുമ്പോൾ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ഇന്ത്യൻ വോട്ടർമാരെ മുന്നിൽകണ്ടെത്തുന്ന സ്ഥലം കൂടിയാണത്.

കാശുണ്ടാക്കാൻ നന്നായി അറിയാവുന്ന ഗുജറാത്തികൾ നാല് മെഹന്ധിസ്റ്റിക്കുമായി സൗത്താളിലെ ബെഞ്ചിലിരിപ്പുണ്ടാവും. ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞാൽ മിനുട്ടുകൾക്കകം കൈയ്യിലൊരു ചിത്രം വിരിയും. വിരലുകളിലോ ചുണ്ടുകളിലോ ഒരിക്കലും ചായം പൂശാത്ത ഇന്ത്യയ്ക്ക് മെഹന്ധിയോട് പക്ഷെ ഇത്തിരി കൂടുതൽ പ്രിയമാണ്. അങ്ങനെ നടന്നു നടന്നു കയ്യിലെ മെഹെന്തിയൊക്കെ ഏതാണ്ടൊന്നു ഉണങ്ങി കഴിഞ്ഞപ്പോൾ അടുത്ത് കണ്ട പഞ്ചാബി റെസ്റ്റോറന്റിൽ കയറി.
ഹിമാലയ പാലസ്‌: സൗത്താളിലെ ഇന്ത്യൻ സിനിമാശാല

ഹിമാലയ പാലസ്‌: സൗത്താളിലെ ഇന്ത്യൻ സിനിമാശാല


നല്ല തിരക്ക്, വലിയ ടേബിളുകളിൽ കൂടുതലും കുഞ്ഞു, കുട്ടി, അമ്മായി , വല്യച്ഛൻ, പിന്നെ വകേലൊരു അമ്മായിയും എന്നിങ്ങനെ കുടുംബം ഒന്നിച്ചുള്ള ആക്രമണമാണ്.നെയ്യുടെയും , മസാലയുടെയും, മണമുള്ള ഭിത്തികൾ, പിന്നിൽ ബോളിവുഡ് സംഗീതം, ഒരു നിമിഷം ഇന്ത്യയിലെ ഏതോ പട്ടണത്തിലെ തിരക്കുള്ള ഹോട്ടലിൽ എത്തിയെന്ന പ്രതീതി. ഇന്ത്യയാണെങ്കിൽ നാളെയെന്തോ പരീക്ഷയുള്ളതു പോലെ സീരിയസായി മെനു വായനയാണ്, പിന്നെ തുടങ്ങി ,"ഭിണ്ടി ഭാജി, ലൗകി കെ കോഫ്ത്ത, കരേല മസാലദാർ, ഘട്ട ഖഡി, പനീർ കുല്ച്ച". പിന്നെ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ," ഇറ്റ്'സ് മൈ ട്രീറ്റ്". സന്തോഷം! ഹോട്ടലിൽ കയറിയാൽ , മസാല ദോശ , നെയ്‌ റോസ്‌റ്റ്, ഒരു സ്ട്രോങ്ങ് ചായ എന്ന് മാത്രം പറഞ്ഞു ശീലിച്ച എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി.

ഇന്ത്യയുടെ പുതിയ പാചക പരീക്ഷണങ്ങൾ വിവരിക്കുന്നതിനിടെ ഭക്ഷണമെത്തി. ഇന്ത്യ തന്നെ അവളുടെ കൈ കൊണ്ട് എനിക്ക് വിളമ്പി തന്നു, മൂന്നു കറികളും, കുല്ച്ചയും. ആദ്യത്തെ കറി ടേസ്റ്റ് ചെയ്തു, വെണ്ടക്കയാണ് (മനസ്സിൽ ഒന്ന് ബ്ലേഹ് എന്ന് പറഞ്ഞു), രണ്ടാമത്തെ കറി കൂട്ടി കുല്ച്ച ഇറക്കിയപ്പോൾ മനസ്സിലായി സംഭവം ചുരയ്ക്കയാണ്, മൂന്നാമത്തേത് കടലമാവും. കണ്ടാൽ ഇത്തിരി കൂടുതൽ  മൊരിഞ്ഞതെങ്കിലും ഉള്ള ഒരു ഫിഷ് മസാല തന്നെ ആശ്വാസം എന്ന് കരുതി രണ്ട് സ്പൂൺ പ്ളേറ്റിലേക്കിട്ടു. ആ 'കരേല മസാലദാർ' നമ്മുടെ പാവയ്ക്ക ആണെന്ന് അറിഞ്ഞതോടെ എന്റെ ദുഃഖം പൂർത്തിയായി.

നല്ല ചിക്കനും, ഫിഷുമൊക്കെ കഴിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഞാൻ ഓരോ പേര് കേട്ട് കൊതിച്ചത് മിച്ചം. കടിച്ചത് ഇഞ്ചി എന്നപോലെ ഒരു ഭാവം മുഖത്ത് വന്നിട്ടോ എന്തോ, ഇന്ത്യ എനിക്ക് ഒരു പച്ചമുളക് കൂട്ടി നീട്ടി തന്നു, നല്ല കോമ്പിനേഷൻ ആണത്രേ. ഹോ , കരഞ്ഞില്ലെന്നേ ഉള്ളൂ! ഫുഡ് സ്‌പൈസി ആണെങ്കിൽ ലസ്സി കുടിക്കൂ എന്ന് ഇന്ത്യ. അവൾ മാത്രമല്ല അവളുടെ അച്ഛനും അമ്മയും ഒക്കെ വെജിറ്റേറിയൻ ആണെന്ന് പെൺകൊച്ചു അഭിമാനത്തോടെ പറഞ്ഞു, എല്ലാം നമ്മുടെ രാജ്യത്തു നിന്നും കിട്ടിയ നല്ല ഗുണങ്ങൾ! ഇന്ത്യകാരിയായ എന്നേക്കാൾ വലിയ ഇൻഡ്യാസ്‌നേഹി ആയൊരാൾ ! എനിക്ക് ചെറുതല്ലാത്ത സന്തോഷം തോന്നി.

അത്രക്കൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ രുചി വൈവിധ്യങ്ങൾ അന്യ ദേശത്തു നിന്നും എനിക്ക് പരിചയപ്പെടുത്തിയ 'ഇന്ത്യ'യോട് നന്ദി പറഞ്ഞു തിരികെ ട്രെയിനിൽ ഹോസ്റ്റലിലേക്ക് യാത്ര തുടങ്ങിയപ്പോൾ പല വിഭവങ്ങളും അതിലെ പച്ചക്കറികളും പേര് കൊണ്ട് മനസ്സിലാവാതെ കഴിച്ചു തുടങ്ങിയ എനിക്കെന്നോട് തന്നെ സഹതാപം തോന്നി.എന്നെ ഹിന്ദി പഠിപ്പിച്ച മറിയാമ്മ ടീച്ചറോട് ഞാൻ മനസ്സ് കൊണ്ട് പിണങ്ങി ," അന്നെന്നെ ഒന്ന് ഉറക്കെ വഴക്കു പറയാമായിരുന്നില്ലേ ?"
സൗത്താൾ:1905 ലെ ചിത്രം

സൗത്താൾ:1905 ലെ ചിത്രം


കൂട്ടിച്ചേർക്കുന്നത്: -വെസ്റ്റ് ലണ്ടന്റെ ഭാഗമാണെങ്കിലും സൗത്താളിലേക്ക് റ്റ്യുബ് കൺക്ഷനില്ല, പാഡിങ്ടൺ സ്റ്റേഷനിൽ നിന്നും TFL ട്രയിനിൽ കൂടി സൗത്താളിൽ എത്താം. അതല്ലെങ്കിൽ ലാൻകാസ്റ്റർ സ്റ്റേഷനിൽ നിന്നും ബസ്സിലും പോകാം.പോകാൻ പ്രത്യേകിച്ചൊരു കാരണവും വേണ്ടെങ്കിലും ഗുരുനാനാക് ജയന്തിയുടെ അന്നോ ദിവാലി സമയത്തോ പോയാൽ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കാൻ സൗത്താളിന് കഴിയുമെന്നുറപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top