28 May Saturday

നാലര മാസത്തെ ഭാരതയാത്ര (ഭാഗം 1)

സൈമണ്‍ ബ്രിട്ടോUpdated: Friday Jun 14, 2019

പഠനം തീരാറായപ്പോള്‍ വൈക്കത്തെ പി കെ ഹരികുമാറും ഞാനുംകൂടി ഒരു തീരുമാനം എടുത്തു. ഇന്ത്യന്‍ യാത്ര തുടങ്ങണം. ആദ്യത്തെ യാത്ര തിരുനാവായ, മൂകാംബിക. ആ യാത്രക്ക് നിശ്ചയിച്ച ദിവസമാണ് 1983 ഒക്ടോബര്‍ 14-ാം തീയതി എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റി വരാന്തയില്‍ ഇട്ട് രണ്ടു പോലീസുകാര്‍ നോക്കിനില്‍ക്കെ, മൂന്നുപേര്‍ ചേര്‍ന്ന് എന്റെ നട്ടെല്ലിനും ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും കുത്തിയത്.
 

മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതം പറ്റി തളര്‍ന്ന ഒരു രോഗി ആയിട്ടല്ല എന്റെ യാത്ര. ശരീരത്തിന്റെ എണ്‍പത് ശതമാനം ചലനശേഷി നഷ്ടപ്പെട്ടു. എങ്കിലും എന്റെ രാത്രിസ്വപ്‌നങ്ങളില്‍ ദിനേന കാലുകളില്‍ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. യാത്രയില്‍ പലരും എന്നോട് ചോദിച്ചു, യാത്ര എന്ന ആശയം എങ്ങനെ ഉണ്ടായെന്ന്? ഓരോ ജനിതകരൂപവും ജീവനുള്ള കാലത്തോളം സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ ജീവന്‍ ശരീരത്തിനുള്ളില്‍ പരിമിതപ്പെടുത്തിയ സഞ്ചാരമല്ലേ? ചെറുപ്പം മുതല്‍ യാത്ര എന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. പുതിയത് കാണുക എന്നാല്‍ അരുതാത്തത് ചെയ്യുക എന്നുതന്നെയായിരുന്നു എനിക്ക്. ചെറുപ്പത്തില്‍ വായിച്ച ചരിത്രവും സഞ്ചാരസാഹിത്യവും കഥയും കവിതയും നാടകവും നോവലുകളുമൊക്കെ എന്നെ വിവിധ ഇടങ്ങളിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു.

എന്റെ ആത്മനിഷ്ഠതയില്‍ മുങ്ങിയൊലിച്ച് എങ്ങോട്ടെന്നില്ലാതെ യാത്ര പോകുന്നു.

വളരെക്കാലം മുമ്പ് വടക്കേ ഇന്ത്യയില്‍ പോയി നിയമം പഠിക്കാന്‍ നിശ്ചയിച്ചു. എറണാകുളത്ത് നിന്നും ഗ്വാളിയോറിലേക്ക് ടിക്കറ്റ് എടുത്ത ഞാന്‍ ഭോപ്പാലില്‍ തീവണ്ടി ഇറങ്ങി. കാരണം വണ്ടിയില്‍വച്ച് പരിചയപ്പെട്ട ഒരു വിദ്യാര്‍ഥി വിദിശയില്‍ പ്രവേശനം വാങ്ങിത്തരാം എന്ന് പറഞ്ഞു. തീവണ്ടിയില്‍ അയാള്‍  എന്നെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ചില്ല. ടിക്കറ്റ് എടുക്കാതെ വിദിശയില്‍ എത്തി. പ്രിന്‍സിപ്പാള്‍ മലയാളി ആയിരുന്നിട്ടും യൂണിവേഴ്‌സിറ്റി പ്രവേശനം ക്ലോസ് ചെയ്തിരുന്നതിനാല്‍ പ്രവേശനം   ലഭിച്ചില്ല.

വീണ്ടും വണ്ടി കയറി ഗ്വാളിയറിന് പോകുമ്പോള്‍ തീവണ്ടിയില്‍വച്ച്  ഒരു ഗ്രാമീണനെ കണ്ടുമുട്ടി. അയാള്‍ പറഞ്ഞ കോളേജ് ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ആണെന്ന് അറിഞ്ഞതുകൊണ്ടുമാത്രം അയാളുടെ ഒപ്പം പോയില്ല. ഗ്വാളിയോറില്‍ ശൈലേന്ദ്ര ശൈലിയെ പോയി കണ്ടു. എസ്എഫ്‌ഐ നേതാവായ ആ വിദ്യാര്‍ഥി അപ്പോള്‍ നടപടിക്ക് വിധേയനായി യൂണിവേഴ്‌സിറ്റിക്ക് പുറത്തായിരുന്നു. എന്നിട്ടും വൈസ് ചാന്‍സലര്‍ പ്രവേശനം തരാന്‍ സന്നദ്ധനായി. അവിടെയും പ്രശ്‌നം എന്റെ വൈകി എത്തല്‍. തുടര്‍ന്ന് ചുരുങ്ങിയ ദിവസം ഞാന്‍ അവിടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ഡല്‍ഹിയില്‍ എത്തി എം എ ബേബി, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി- അങ്ങനെ പലരെയും കണ്ടു. ജെഎന്‍യുവില്‍ പഠിച്ചിരുന്ന സി പി ജീവനെ കാണാന്‍ കഴിഞ്ഞില്ല. കെ എന്‍ ഗണേശും ഒത്ത് ജെഎന്‍യുവില്‍ പോയി. ഇന്ത്യയില്‍ ഇപ്പോള്‍ പ്രവേശനം കിട്ടാന്‍ യുപിയിലും ബീഹാറിലും മാത്രമാണ് സാധ്യത എന്നറിഞ്ഞു. എം എ ബേബിയില്‍നിന്നും രണ്ട് കത്ത് വാങ്ങി; ഒന്ന് വാരണാസിയിലെ ദേബഷിഷിന്. മറ്റൊന്ന് പാട്‌നയിലെ അരുണ്‍കുമാര്‍ മിശ്രക്ക്. വാരണാസിയില്‍ പോയെങ്കിലും ദേബഷിനെ കാണാന്‍ കഴിയാതെ പാട്‌നക്ക് പോയി.

ബിഹാര്‍ അന്ന് ജെ പി മൂവ്‌മെന്റിന് ശേഷമുള്ള അരക്ഷിതാവസ്ഥയില്‍ ആയിരുന്നു. എന്റെ താമസം പാട്‌നയില്‍ മന്ത്രി മന്ദിരത്തിന് തുല്യമായ നിയമസഭയുടെ  തേരഹ് ചജ്ജബാഗില്‍.
ബിഹാറിലെ യൂണിവേഴ്‌സിറ്റികള്‍ എന്ന് തുറക്കുമെന്ന് ആര്‍ക്കും അറിയില്ല. പാട്‌ന യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ നടക്കുന്നില്ല. മഗധ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ കഴിഞ്ഞ് പതിനാല് മാസം കഴിഞ്ഞിട്ടും ഫലം വന്നിട്ടില്ല. പാട്‌നയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും അലഞ്ഞുതിരിയിലും യാത്രകളുമായി ഞാന്‍ കഴിച്ചുകൂട്ടി. ഒരിക്കല്‍ എന്‍ കെ ശുക്ലയുടെ കൂടെ മുസഫര്‍പൂരിന് പുറപ്പെട്ടു.     ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം വാങ്ങിത്തരാം എന്ന് ഉറപ്പ് പറഞ്ഞു. എന്നാല്‍ അവിടെയും പ്രവേശനവും പരീക്ഷയും സ്തംഭനത്തിലാണ്.
അതിനിടെ 1980-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തി. എന്റെ പ്രവര്‍ത്തനം വൈശാലി മണ്ഡലത്തില്‍ ആയിരുന്നു. അതിലെ ഒരു അസംബ്ലി മണ്ഡലമാണ് സായബ് ഗഞ്ച്. ഒരു സൈക്കിളില്‍ മറ്റ്     രണ്ടുപേര്‍ക്കൊപ്പം ആ മണ്ഡലം മുഴുവന്‍ സിപിഐ എമ്മിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി.

ഒരിക്കല്‍ ലലന്‍ ചൗധരി പാട്‌നയില്‍ വന്നു. എന്നെയും കൂട്ടി ദംര്‍ബംഗയിലേക്ക് പോയി. അങ്ങനെ ഞാന്‍ മിഥില യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായി. അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു. മൂന്ന് വര്‍ഷത്തെ പഠനം തീരുന്നതിനുള്ളില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം.

കേരളത്തിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനുവേണ്ടി രണ്ടാംവര്‍ഷം എന്റെ നിയമപഠനം ബീഹാറില്‍ നിര്‍ത്തി. തിരുവനന്തപുരത്ത് ഒന്നാംവര്‍ഷം വീണ്ടും ചേര്‍ന്നു. അതോടെ കേരളം വിട്ടുള്ള യാത്രക്ക് സമയം കിട്ടിയില്ല. പഠനം തീരാറായപ്പോള്‍ വൈക്കത്തെ പി കെ ഹരികുമാറും ഞാനുംകൂടി ഒരു തീരുമാനം എടുത്തു. ഇന്ത്യന്‍ യാത്ര തുടങ്ങണം. ആദ്യത്തെ യാത്ര തിരുനാവായ, മൂകാംബിക. ആ യാത്രക്ക് നിശ്ചയിച്ച ദിവസമാണ് (1983 ഒക്ടോബര്‍ 14) എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റി വരാന്തയില്‍ ഇട്ട് രണ്ടു പൊലീസുകാര്‍ നോക്കിനില്‍ക്കെ, മൂന്നുപേര്‍ ചേര്‍ന്ന് എന്റെ നട്ടെല്ലിനും ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും കുത്തിയത്. രണ്ട് കാലും 80 ശതമാനം ശരീരവും തളര്‍ന്ന് പത്ത് വര്‍ഷം വീടിനുള്ളില്‍ കിടന്നു. ആ പത്തുവര്‍ഷം എന്റെ മനസ്സ് പറയുമായിരുന്നു, എന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ മുറിഞ്ഞുപോയ യാത്ര തുടങ്ങണം. ഇരുപത് വര്‍ഷത്തിനുശേഷം ഞാന്‍ ഒരിക്കല്‍ തീവണ്ടിയില്‍ ഡല്‍ഹിയും ഹരിയാനയും  ആഗ്രയും ബോംബെയും   രണ്ടരമാസം ചുറ്റിക്കറങ്ങി. പിന്നീട് ഞാന്‍ കേരള   നിയമസഭാംഗമായി. ഡല്‍ഹിയും രാജസ്ഥാനും ചുറ്റിനടന്നു.

നിയമസഭാംഗത്വം കഴിഞ്ഞു. മൂന്ന് വര്‍ഷം നീണ്ടുനിന്ന രോഗം. നാലാം വര്‍ഷം ഗ്ലോക്കോമ വന്ന് കണ്ണിന്റെ കാഴ്ചയെ ബാധിച്ചു. അന്ന് തീരുമാനിച്ചു കണ്ണിന്റെ കാഴ്ച അണയുംമുമ്പ് ഇന്ത്യ ഒരുവട്ടം സഞ്ചരിക്കണം. പഴയ സൗഹൃദങ്ങള്‍ പുതുക്കണം. അപ്പോള്‍ ഞാന്‍ 'മഞ്ഞ് പെയ്യുന്ന ചരിത്രാങ്കം' എന്ന നോവലിന്റെ രചനയില്‍ ആയിരുന്നു. ആ നോവലില്‍ ഒമ്പത് നിതാന്ത സഞ്ചാരികള്‍ ഉണ്ടായിരുന്നു. നോവല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് കൊടുത്ത് യാത്ര തുടങ്ങി.

യാത്ര തുടങ്ങുന്നു

വീട്ടില്‍നിന്നും യാത്രാമുഖം തുറന്നു. യാത്ര വിടരാന്‍ തുടങ്ങി. ഇന്നലെ പറഞ്ഞപ്രകാരം ഒരുവശം തളര്‍ച്ച ബാധിച്ച 75 വയസുകാരന്‍ ചാക്കോ സാര്‍ എന്റെ ഒപ്പം ചേര്‍ന്നു. പ്രൊഫ. കെ വി തോമസ് എംപിയും കൗണ്‍സിലര്‍ ജേക്കബ്ബും വിവിധ പാര്‍ടി നേതാക്കളും പരിസ്ഥിതിക്കാരും പ്രകൃതിജീവനക്കാരും അടങ്ങുന്നവര്‍ എന്നെ യാത്ര അയച്ചു.

എന്റെ ഗഘ 7 ആഉ 9733 ക്ലാസിക്കല്‍ 2006 മോഡല്‍ അംബാസിഡര്‍ കാര്‍ ജിജോ ഓടിച്ച് നീങ്ങി. മനസ്സുനിറയെ യാത്രയുടെ തിമര്‍പ്പായിരുന്നു. വണ്ടിയുടെ കിലോമീറ്റര്‍  ഞാന്‍ പരിശോധിച്ചു 60494. ഇന്നലെ ബോള്‍ഗാട്ടി പാലസില്‍ തണല്‍ സംഘടനയുടെ നട്ടെല്ല് രോഗീസംഗമം ഉണ്ടായിരുന്നു. തിടുക്കത്തില്‍ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ തത്രപ്പാടില്‍ ഒരാള്‍ എന്നെ കാണാന്‍ കാറിലെത്തി.  കാറിലിരുന്ന് ഞാന്‍ പറഞ്ഞു. സംസാരിക്കാന്‍ ആണെങ്കില്‍ എന്റെ കാറിലേക്ക് കയറൂ. ഒരു വശം തളര്‍ന്ന അയാള്‍ മറ്റൊരാളുടെ സഹായത്തില്‍ ഏന്തി ഏന്തി എന്റെ കാറില്‍ കയറി. ആ മുഖത്ത് ആകാംക്ഷയും ജിജ്ഞാസയും പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞുതുളുമ്പുന്നത് കണ്ടു.

ശാന്തമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു- ''എന്റെ പേര് ചാക്കോ. ഒരു റിട്ടയേര്‍ഡ് എന്‍ജിനീയര്‍. മൂന്നുമാസം മുമ്പ് എന്റെ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ ജോലി യെടുത്തിട്ടുണ്ട്. മരിക്കുംമുമ്പ് അവിടെയെല്ലാം ഒരിക്കല്‍കൂടി കാണണം എന്നാണ് ആഗ്രഹം. ഇന്നലെ മനോരമയില്‍ ഞാന്‍ വായിച്ചു. താങ്കള്‍ ഒരു ഭാരത പര്യടനത്തിന് ഇറങ്ങുകയാണെന്ന്''.

തുടര്‍ന്ന് യാചനാസ്വരത്തില്‍ അയാള്‍ എന്നോട് ചോദിച്ചു. ''യാത്രയില്‍ എന്നെയും കൂട്ടാമോ?'' നിസ്സംശയം ഞാന്‍ പറഞ്ഞു- ''തീര്‍ച്ചയായും''.

എറണാകുളത്തെ കായല്‍തീരത്ത് കൂടെയാണ് യാത്ര. വടുതല പാലം കടക്കുമ്പോള്‍ ദൂരെ എന്റെ വീടിനടുത്തെ കടവിനോട് ഞാന്‍ വിട പറഞ്ഞു. കുറെ ഓടിയപ്പോള്‍ വരാപ്പുഴപ്പാലം കഴിഞ്ഞ് എം പി പോളിന്റെ പുത്തന്‍പള്ളിയെത്തി. പി കേശവദേവിന്റെയും കെടാമംഗലം പപ്പുക്കുട്ടിയുടെയും സ്വദേശം കഴിഞ്ഞ് പറവൂരില്‍ എത്തി. പാലിയത്തച്ഛന്റെയും പാലിയം സമരത്തില്‍ എ ജി വേലായുധന്റെ നിണം കൊണ്ടു തുടുത്ത പൗരാണിക ജനപദമായ ചേന്ദമംഗലം കടന്നു. പഴയ വാറ്റുചാരായത്തിന്റെ ഈറ്റില്ലവും ഇപ്പോള്‍ ചവിട്ട് നാടകകലയുടെ വത്തിക്കാനുമായ ഗോതുരുത്തും കടന്നു. മാല്യങ്കര കഴിഞ്ഞ് രണ്ട്  നീണ്ട പാലത്തിലൂടെ മുസരിസ് എന്ന കൊടുങ്ങല്ലൂരില്‍ എത്തിയപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ പള്ളിയിലേക്ക് എത്തിനോക്കി.

ബ്രിട്ടോ ചെറുപ്പകാലത്ത്‌

ബ്രിട്ടോ ചെറുപ്പകാലത്ത്‌

ബൗദ്ധ-ജൈന സംസ്‌കാരങ്ങള്‍ എന്നോ കാലഹരണപ്പെട്ടു. എന്നിട്ടും ആ കാലത്തെ വ്രണപ്പെടുത്തി വര്‍ഷത്തില്‍ ഒരു ദിവസം ഭരണിപ്പാട്ടിന്റെ കാമതാളങ്ങള്‍ കളം തീര്‍ത്ത കൊടുങ്ങല്ലൂര്‍ ക്ഷേത്രം കഴിയുമ്പോള്‍ മനസ്സ് സ്മരിച്ചത്, മഹാഭാരതം മലയാളത്തിലേക്ക് പദാനുപദം തര്‍ജമ ചെയ്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെയും പഴയ മുസിരിസില്‍ വന്നിറങ്ങി എന്ന് വിശ്വസിക്കുന്ന സെന്റ്‌തോമസിനെയും റോമാക്കാരെയും     യഹൂദരെയുമാണ്.

വണ്ടി ഓടുമ്പോള്‍ മാതൃഭൂമിയിലെ പ്രവിദയുടെ ചോദ്യം മനസ്സില്‍ വന്നു. യാത്ര എങ്ങോട്ട്? അബദ്ധത്തില്‍ ഞാന്‍ പറഞ്ഞുപോയി, ഹിമാലയത്തിലേക്ക്.   ഗംഗോത്രിയിലേക്ക്. പിറ്റേന്ന് പത്രത്തില്‍ അടിച്ചുവന്നു. വടുതലയില്‍ നിന്ന് സൈമണ്‍ ബ്രിട്ടോ  ഗംഗോത്രിക്ക്.

2015 ജനുവരിയിലാണ് യാത്രക്ക് തീരുമാനം എടുത്തത്. എന്നെ പ്രോത്സാഹിപ്പിച്ചത് സീനയാണ്. അന്ന് ഞാന്‍ പറഞ്ഞു, യാത്ര ആരും അറിയരുത്. കാരണം നട്ടെല്ലിന് ക്ഷതം പറ്റി സ്പര്‍ശനശേഷി നഷ്ടപ്പെട്ട ഒരാള്‍ അധികസമയം ഇരുന്ന് യാത്ര ചെയ്താല്‍ ചന്തിയിലെ തൊലി പൊട്ടും. അതോടെ യാത്ര മുടങ്ങും. ആ മുറിവ് ഉണങ്ങാന്‍ മൂന്നുനാല്  മാസം കമിഴ്ന്ന് കിടക്കേണ്ടി വരും. അതുകൊണ്ട് യാത്ര പുറംലോകത്തോട് ഞാന്‍ ഒളിച്ചുവച്ചു. എന്നാലും ആരോടെങ്കിലും പറയുക മനുഷ്യസഹജമാണല്ലോ. യാത്രക്ക് ഒരുങ്ങുമ്പോള്‍ കൊയിലാണ്ടി കോടതി വരാന്തയില്‍നിന്നും നൂറ് രൂപയുടെ മുദ്രപ്പത്രം വാങ്ങി സൂക്ഷിച്ചു.

നിരവധി പേര്‍ പണം തന്ന് എന്നെ സഹായിച്ചു. ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ യാത്രക്ക് മുന്നെ കുറച്ചുപണം സംഭരിച്ചുതന്നുകൊണ്ട് പറഞ്ഞു, ''യാത്രയില്‍ എവിടെവച്ചായാലും പ്രയാസം വന്നാല്‍ അറിയിക്കണം. യാത്ര പോകുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കാം''. അബ്ദുള്‍ ഖാദര്‍ ജാഥയില്‍ ആയിരുന്നതുകൊണ്ട് ഫോണില്‍ യാത്ര പറഞ്ഞു.

ചാവക്കാടും പുതുപൊന്നാനിയും കടന്നു. എംഇഎസ് കോളേജിന്റെ മുന്നില്‍ എത്തിയപ്പോള്‍ സഖാവ് ഇമ്പിച്ചിബാവയെയും ഡോ. മനോജ് തറയിലിനെയും ഓര്‍ത്തു. നട്ടെല്ലു തകര്‍ന്ന എന്നെ ഡോ. മനോജ് പൊന്നാനിയില്‍ കൊണ്ടുവന്ന് ഒരു മാസം താമസിപ്പിക്കുമായിരുന്നു. അന്ന് ചമ്രവട്ടം കടവില്‍ പോയി കുളിക്കുമായിരുന്നു. അന്ന് അവിടെ കടത്തുവഞ്ചിയുണ്ടായിരുന്നു. അഴിമുഖത്തെ ചെറുദ്വീപില്‍ നിറയെ പക്ഷികളും. ചമ്രവട്ടം പാലം കടക്കുമ്പോള്‍ ചെറുദ്വീപുകളില്‍ പക്ഷികളെ കാണാനേ ഇല്ല. ഇടതുവശം തുരുത്തിലെ അയ്യപ്പക്ഷേത്രം കൂടുതല്‍ മോടി പിടിപ്പിച്ചിട്ടുണ്ട്. പാലം ചെന്ന് ഇറങ്ങുന്നത് അനുഗ്രഹീത നോവലിസ്റ്റ് സി   രാധാകൃഷ്ണന്റെ വീട്ടിന് മുന്നില്‍.

അങ്ങ് ദൂരെ തിരുനാവായ നവാമുകുന്ദക്ഷേത്രവും മാമാങ്കവും അങ്ങാടിപ്പുറത്തെ ചാവേര്‍ തറയും ചിത്രംപോലെ മനസ്സില്‍ എത്തിനോക്കി. ഇന്ന് വരണ്ട  ഭാരതപ്പുഴ. സമൃദ്ധമായ ഭാരതപ്പുഴയുടെ ഓര്‍മകളെ തഴുകി കഥകള്‍ എഴുതിയ എംടി. അതിനപ്പുറം നിളയില്‍ കവിത എഴുതിയ പി കുഞ്ഞിരാമന്‍ നായര്‍, ലക്കിടിയിലെ കുഞ്ചന്‍നമ്പ്യാര്‍, അക്കരെ തിരുവില്വാമലയും വികെഎന്നും. മണലും ജലവും കളവുപോയ നിള. അവശേഷിക്കുന്ന കുന്തിപ്പുഴയുടെ ആയുസ്സ് എത്രകാലം?

ഉച്ചഭക്ഷണം ഡോ. രാധാകൃഷ്ണന്റെ ഗാന്ധി പ്രകൃതി ചികിത്സാകേന്ദ്രത്തില്‍. സമയം നഷ്ടപ്പെടാതിരിക്കാന്‍ തുഞ്ചന്‍പറമ്പില്‍ കിടക്ക വിരിച്ച് നടുനിവര്‍ത്തി. രോഗം മൂലം ജോസഫിന് എത്താന്‍ കഴിഞ്ഞില്ല. പാര്‍ടി ഏരിയാസെക്രട്ടറി ശിവദാസന്‍ കരിക്കും പഴങ്ങളും ഭക്ഷണവുമായി സ്‌നേഹത്തോടെ എത്തി. തുഞ്ചന്‍ പറമ്പിലെ പ്ലാവിന്‍ ചുവട്ടില്‍ കിടക്കുമ്പോള്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ ഓര്‍ത്തു. മലയാള ഭാഷയുടെ ഗുരുഭൂതന്‍ തുഞ്ചത്ത് എഴുത്തച്ഛനോടും  തുഞ്ചന്‍പറമ്പിനോടും കയ്ക്കാത്ത പഴയ കാഞ്ഞിരത്തോടും  യാത്ര പറഞ്ഞു.
ടിപ്പുവിന്റെ പടയോട്ടകാലത്തെ അനുസ്മരിപ്പിക്കുന്ന നിരത്തിലൂടെ കാര്‍ നീങ്ങി. കടല്‍സാന്നിധ്യം അറിയിച്ചുകൊണ്ട് കാറ്റ് ഊതുന്നു. ഇന്നും ഗ്രാമ്യത അടയാളപ്പെടുത്തുന്ന വലിയ തെങ്ങിന്‍തോപ്പും കടല്‍ക്കാഴ്ചയും താണ്ടി താനൂരെത്തി. മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റ് ഒ ചന്തുമേനോന്‍ കേസിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ചെണ്ട കൊട്ടിച്ച പരപ്പനങ്ങാടി കോടതിയും കടന്നു. കടലും കായലും സംഗമിക്കുന്ന കേരളത്തിന്റെ അപൂര്‍വ ദൃശ്യമാണ്  കടലുണ്ടി പുഴയുടെ മേലെയുള്ള പാലം. ദൂരെ ചതുപ്പുകളിലും കായല്‍പരപ്പുകളിലും ദേശാടനപക്ഷികളെ കണ്ടു.

പേരാമ്പ്രയില്‍ സന്തോഷ് സെബാസ്റ്റ്യനും ജ്യോതിയും കാത്തുനിന്നിരുന്നു. സദാനന്ദന്‍ മാഷിന്റെ അമ്പാടി ടെക്‌സ്‌റ്റൈല്‍സില്‍ കയറി തുണിമുറിച്ച് പത്ത് വെള്ളമുണ്ട് വാങ്ങി യാത്ര തുടര്‍ന്നു.

യാത്രയില്‍ പലവട്ടം മാതൃഭൂമി, മനോരമ പത്രലേഖകര്‍ കണ്ണൂരില്‍നിന്നും വിളിച്ചു. അവര്‍ക്കറിയാമായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്പില്‍ നട്ടെല്ല് തകര്‍ന്ന് കാലും കൈയും തളര്‍ന്ന പുഷ്പനെ ചൊക്ലിയില്‍ പോയി ഞാന്‍ കാണുമെന്ന്. സംഘര്‍ഷഭരിതമായ തലശ്ശേരി- പാനൂര്‍ ഇടങ്ങളിലെ കനത്ത ഇരുട്ട്. ചെറിയ റോഡിന് ഇരുവശവും കയ്യാല ഉയര്‍ന്നുനില്‍ക്കുന്നു. ഭയം ഉരുണ്ടുകൂടുന്ന വഴികള്‍. പുഷ്പന്റെ വീട്ടില്‍ എത്തി.

പുഷ്പന് അഭിമുഖമായി ഞാന്‍ കിടന്നു. കുറെ വര്‍ത്തമാനം കഴിഞ്ഞു തമാശകള്‍ പറഞ്ഞ് പിരിയുമ്പോള്‍ ദയാലുവായ ചാക്കോ സാറിന് ഒരു ആഗ്രഹം. പുഷ്പന് ഒരു അയ്യായിരം രൂപ കൊടുക്കണം. അയല്‍വീട്ടില്‍നിന്ന് കല്യാണഭക്ഷണം കൊണ്ടുവന്നു.     ചാക്കോസാര്‍ പണം കൊടുത്ത്    പിരിയുംമുമ്പ് പത്രക്കാര്‍ എത്തി.

കൈയൊതുക്കത്തില്‍ ജിജോ വേഗത്തില്‍ വണ്ടിയോടിച്ചു. രാത്രി വഴിയില്‍ തിരക്കില്ല. കണ്ണൂര്‍ എത്തിയപ്പോള്‍ കോട്ടയും കടലും കടലിലെ ചെങ്കല്‍ പാറകളും ഓര്‍ത്തു. പയ്യാമ്പലം കടപ്പുറത്തെ ചിതയില്‍ എരിഞ്ഞടങ്ങിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും ഏകെജിയും അടക്കമുള്ള ധീരദേശാഭിമാനികളെയും. ഗാന്ധിജിയുടെ ഓര്‍മയുമായി ബന്ധപ്പെട്ട പയ്യന്നൂര്‍. അവിടെ ഒരു സമരം നടക്കുന്നു. ഹിന്ദുമതത്തില്‍നിന്നും മതംമാറിയ ഒരു മുസ്ലിമിനെ ഏതോ തെമ്മാടികള്‍ ചുട്ടുകൊന്നു. കുറ്റവാളികളെ പിടികൂടാന്‍  പന്തല്‍ കെട്ടി സത്യാഗ്രഹം തുടങ്ങി. തെമ്മാടികള്‍ സത്യാഗ്രഹികളെ ആക്രമിച്ചു. അതോടെ നിരാഹാര സമരമായി. രാത്രി സമരപ്പന്തലില്‍ ചെന്ന് അവരെ വിളിച്ചുണര്‍ത്തി അഭിവാദ്യം ചെയ്തു.
ഇടറോഡിലൂടെ നേരെ വടക്കോട്ട് യാത്ര തുടര്‍ന്നു. കുറെ ചെന്നപ്പോള്‍ വഴി തെറ്റിയോ എന്ന് സംശയം. ആ രാത്രിയുടെ ഇരുളിന് നറുഭംഗി ഉണ്ടായിരുന്നു. ഒപ്പം ഗ്രാമ്യതയും. നിരത്തില്‍ ആരെയും കാണുന്നില്ല. ഒരുവിധം ഹൈവേയില്‍ എത്തി.  മൊറാഴയും മുനയന്‍കുന്നും പാടിക്കുന്നും ദൂരത്തല്ല. വെള്ളൂര്‍ കഴിഞ്ഞു കരിവെള്ളൂരായി. അവിടെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളെ ഓര്‍ത്തു. കാസര്‍ഗോഡിന്റെ കവാടമാണ് കാലിക്കടവ്. നാട്ടുരാജാവിന്റെ അവശേഷിപ്പുകള്‍ പതിഞ്ഞ നീലേശ്വരം. തേജസ്വനിപ്പുഴ കടക്കുമ്പോള്‍ കയ്യൂരിലെ ധീരരക്തസാക്ഷികളായ മഠത്തില്‍ അപ്പു,  കോയിത്താട്ടില്‍ ചിരുകണ്ടന്‍, പള്ളിക്കാല് അബൂബക്കര്‍, കൊടോര കുഞ്ഞമ്പുനായര്‍ എന്നിവരെ ഓര്‍ത്തു. ഇവര്‍ കഴുമരം  കയറുമ്പോള്‍ തേജസ്വനി കാരിയംകോട് പുഴ ആയിരുന്നു. 1958-ല്‍ നിരഞ്ജനയുടെ ചിരസ്മരണ എന്ന മനോഹരമായ കന്നട നോവല്‍ പുറത്തുവന്നതോടെ കാരിയംകോട് പുഴ നോവലിലെപ്പോലെ തേജസ്വിനിപ്പുഴ എന്ന് പേരുമാറി.

ബ്രിട്ടോ പുഷ്പനോടൊത്ത്‌

ബ്രിട്ടോ പുഷ്പനോടൊത്ത്‌

രണ്ട് ആശ്രമങ്ങളുടെ സാന്നിധ്യമുള്ള കാഞ്ഞങ്ങാട് പി കുഞ്ഞിരാമന്‍ നായര്‍ എന്ന കവിയുടെ ജന്മദേശം. പഴയ ഹോസ്ദുര്‍ഗ് രാജാവിന്റെ കോട്ടകൊട്ടാരം കാഞ്ഞങ്ങാടാണ്.  കന്നടയില്‍ ഹോസ് എന്നാല്‍ പുതിയത്, ദുര്‍ഗ് എന്നാല്‍ കോട്ട. കാസര്‍ഗോഡ് റെസ്റ്റ്ഹൗസില്‍ എത്തുമ്പോള്‍ പാതിര ഒരു മണികഴിഞ്ഞു. വിജനമായ നിരത്ത്. ആരെയും കാണുന്നില്ല. ഒരുവിധം രാത്രികാവല്‍ക്കാരായ പൊലീസുകാരെ  തപ്പിയെടുത്തു. നഗരത്തില്‍നിന്നും ഒഴിഞ്ഞുമാറിയ റെസ്റ്റ്ഹൗസില്‍ എത്തി. നിദ്രയിലാണ്ട മാനേജരെ ഒരുവിധം തട്ടി ഉണര്‍ത്തി. ഉറക്കച്ചടവില്‍ ആണെങ്കിലും ഉടനെ അയാള്‍ ഊര്‍ജസ്വലനായി. മുന്‍ എംഎല്‍എ കുഞ്ഞമ്പു ഏര്‍പ്പാട് ചെയ്ത മുറി മഞ്ചേശ്വരത്താണ്.

അവിടെ എത്തുമ്പോള്‍ രാത്രി രണ്ടുമണി. റെസ്റ്റ്ഹൗസ് ഹൊസങ്കടിയിലാണ്. പിന്നെയും മുന്നോട്ട് പോകണം. ഹൊസങ്കടി ഒരു ചെറുപട്ടണം പോലും അല്ല. റെസ്റ്റ്ഹൗസ് എവിടെ തപ്പും? രാത്രി പൊലീസ് സ്റ്റേഷന്‍ തന്നെ അഭയം. പൊലീസുകാര്‍ വഴി പറഞ്ഞു- നേരെ പോവുക. അറക്കമില്ലും ആല്‍മരവും ആ രാത്രി അടയാളമായി പറഞ്ഞുതന്നു.

നോക്കിനില്‍ക്കുമ്പോള്‍ത്തന്നെ പൊലീസുകാര്‍ ഉറക്കത്തിലായി. വണ്ടി ഇടറോഡിലൂടെ ഓടാന്‍ തുടങ്ങി. ഒരുപാട് സമയം ഓടി. ഒരിടത്തും എത്തുന്നില്ല. ഓടിയ ഇടത്തുകൂടെ വീണ്ടും വീണ്ടും ഓടി. അപ്പോള്‍ രക്ഷകനെപ്പോലെ ഒരാള്‍ റോഡിലൂടെ നടന്നുവരുന്നു.   നേരം വെളുത്തു. അയാള്‍ എങ്ങോട്ടോ യാത്ര പുറപ്പെടുകയാണ്. ഒരു ആല്‍മരത്തിന് അടുത്തുകൂടെ പോയി തിരിയേണ്ട വഴി  പറഞ്ഞുതന്നു. രാത്രി നിദ്രയിലാണ്ട ഒരു കുന്നിന്റെ മേലെ ഇരുള്‍മൂടിയ ആകാശത്തിന് ചുവട്ടില്‍ ചുരുണ്ടുകൂടി ഉറങ്ങുന്ന ഒരു റെസ്റ്റ്ഹൗസ് ഞങ്ങള്‍ കണ്ടെത്തി. ക്ഷീണത്തോടെ അന്ന് രാത്രി  സസുഖം കിടന്നുറങ്ങി. യാത്രയുടെ  പ്രഥമരാത്രി  (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top