24 April Wednesday

യാത്രയെ പ്രണയിച്ച വിപ്ലവകാരി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

രണ്ടായിരം പേജുകളുള്ള യാത്രാവിവരണം എഴുതി പൂര്‍ത്തിയാക്കി തെറ്റ് തിരുത്തി അവസാന മിനുക്കുപണിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടോ ഭൂമിയില്‍ നിന്നും എന്നോടും ഡുക്കയോടും യാത്ര പറയാതെ പോയത്- സൈമണ്‍ ബ്രിട്ടോയുടെ യാത്രാവിവരണത്തിന് ഭാര്യ സീന ഭാസ്‌കര്‍ എഴുതുന്ന ആമുഖം...

സമ്പത്തും ആരോഗ്യവും മറ്റ് ഭൗതികസാഹചര്യങ്ങളുമെല്ലാം  ഒത്തുവന്നാലും നിതാന്തമായൊരു യാത്രക്ക് സാധാരണമനുഷ്യര്‍ തയ്യാറാവുക അപൂര്‍വമാണ്. ഇനി അങ്ങനെയൊരു യാത്ര ചെയ്തയാളിന്റെ അനുഭവങ്ങള്‍ മറ്റുള്ളവരെ ത്രസിപ്പിക്കണമെങ്കില്‍ അതിസാഹസികമായ സംഭവങ്ങളും അതിലുണ്ടായിരിക്കണം. എന്നാല്‍ സഖാവ് സൈമണ്‍ ബ്രിട്ടോക്ക് യാത്ര എല്ലാക്കാലത്തും കൗതുകവും അതിലുപരി പഠനത്തിന്റെയും അനുഭവത്തിന്റെയും നേര്‍ക്കാഴ്ചകളുമായിരുന്നു.  ജീവിതത്തില്‍ എല്ലാറ്റിനെയും തൊട്ടറിയാനുള്ള ബ്രിട്ടോയുടെ അഭിവാഞ്ഛ പറഞ്ഞറിയിക്കാനാകുമായിരുന്നില്ല. അതുകൊണ്ടാണ് ഹ്യുയാന്‍ സാങ്ങിന്റെ ഇന്ത്യന്‍ യാത്രാവിവരണം വായിച്ച ബ്രിട്ടോ പഴയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെ ഒരുവട്ടം കൂടി സഞ്ചരിക്കാന്‍ പദ്ധതിയിട്ടത്. ഈ പുസ്തകം എവിടെനിന്ന് ലഭിക്കുമെന്ന അന്വേഷണത്തില്‍ അത് നളന്ദ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടെന്നറിഞ്ഞു. അതുവാങ്ങാനാണ് പഴയ പാടലീപുത്രചരിതങ്ങള്‍ പൂണ്ടുകിടക്കുന്ന ബീഹാറിലേക്ക് എന്നെയും മോളെയും 2018 ഡിസംബര്‍ 23ന് പറഞ്ഞുവിട്ടത്.

യാത്ര ചെയ്യുമ്പോള്‍ എത്ര പാതിരാവായാലും, ക്ഷീണമുണ്ടെങ്കിലും, ഉറങ്ങാതെ കാഴ്ചകള്‍ കണ്ട് രാത്രിയിലെയും  പകലിന്റെയും വേറിട്ട അനുഭവങ്ങളെ പങ്കുവയ്ക്കുമായിരുന്നു. തന്റെ കാല്‍പ്പാടുപതിഞ്ഞ നാട്ടുവെളിച്ചം ചിതറിവീഴുന്ന ഏതൊക്കെയോ കാഴ്ചകളും അനുഭവങ്ങളും ബ്രിട്ടോ വിവരിക്കുമ്പോള്‍ അറിയാതെ നമുക്ക് മറ്റൊരു ലോകത്തെ അനുഭവിക്കാമായിരുന്നു. അത് ബ്രിട്ടോയുടെ ഹൃദയത്തില്‍ പ്രതിഫലിച്ച ദേശപ്പൊരുളായിരുന്നു. മെയ്മാസക്കാഴ്ചകള്‍ പറയുമ്പോഴും ഗുല്‍മോഹറും കരുക്കുത്തിമുല്ലയും സന്തതസഹചാരികളായി. 

കിടന്നകിടപ്പില്‍, അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലും ബ്രിട്ടോ സ്വപ്‌നത്തിലൂടെ ലോകം മുഴുവന്‍ സഞ്ചരിച്ചു. രാത്രിയുറക്കങ്ങളിലെ സ്വപ്‌നങ്ങളില്‍ ബ്രിട്ടോയിലേക്ക് തിരിച്ചെത്തുന്ന ആ യാത്രാനുഭവങ്ങളും കാഴ്ചകളും എന്നെ തട്ടിയുണര്‍ത്തിക്കൊണ്ട് പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. ചില ദിവസങ്ങളില്‍ സംസാരം നേരം പുലരുവോളം നീണ്ടുപോകും. ഞാന്‍ പോകാത്തതും കേള്‍ക്കാത്തുമായ ഇടങ്ങളിലേക്ക് യാത്രാസ്‌നേഹിയായ ബ്രിട്ടോ അങ്ങനെ എന്നെ കൂട്ടിക്കൊണ്ടുപോയി. നടക്കാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ മനസ്സ് സഞ്ചരിക്കുന്നിടത്ത് ശരീരത്തിന് സഞ്ചരിക്കാനാവുന്നില്ല,  എന്ന പരാതി ഒരുനാളും ബ്രിട്ടോക്കുണ്ടായിരുന്നില്ല. 

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ ബ്രിട്ടോയുടെ യാത്ര ചെലവേറിയതാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പലപ്പോഴും കാണാന്‍ കൊതിച്ചിരുന്ന സ്ഥലങ്ങളില്‍ എന്നെ പറഞ്ഞയക്കുമായിരുന്നു. അങ്ങനെയാണ് 1994ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ പുന്തമ്പ എന്ന ഗ്രാമത്തില്‍ നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (എന്‍ജിഒ)സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരമുണ്ടായത്. ഞാന്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ നിന്നും നാലഞ്ചുമണിക്കൂര്‍ യാത്രചെയ്താല്‍ അജന്ത-എല്ലോറ ഗുഹകളില്‍ എത്താമായിരുന്നുവെന്ന വിശേഷം ബ്രിട്ടോയോട് പറഞ്ഞപ്പോള്‍ തുടങ്ങിയ മോഹമായിരുന്നു അവിടം കാണണമെന്നത്.

അതുകഴിഞ്ഞ് 2003ല്‍ ഡിവൈഎഫ്‌ഐ ഏഴാം അഖിലേന്ത്യാസമ്മേളനം പഞ്ചാബിലെ അമൃത്‌സറില്‍ നടന്നപ്പോള്‍ യാത്ര ചെയ്യാനുള്ള അതിയായ ആഗ്രഹത്തിന്റെ ഭാഗമായി എറണാകുളത്തെ സമ്മേളനപ്രതിനിധികളോടൊപ്പം ഡല്‍ഹിവരെ ബ്രിട്ടോ വന്നു. ബ്രിട്ടോയുടെ യാത്ര ഡല്‍ഹിയില്‍ മുറിഞ്ഞു, ഞാന്‍ തുടര്‍ന്നു. വേര്‍പാടിന്റെയും പടയോട്ടങ്ങളുടെയും ഈറന്‍ ചുമക്കുന്ന  അമൃത്‌സര്‍, സുവര്‍ണക്ഷേത്രം, ജാലിയന്‍ വാലാബാഗ്, വാഗാ അതിര്‍ത്തി എന്നീ സ്ഥലങ്ങളിലെ വിശേഷങ്ങളും കാഴ്ചയും ബ്രിട്ടോയോട് പറയുമ്പോള്‍ എങ്ങനെയെങ്കിലും ഈ സ്ഥലങ്ങളില്‍ തനിക്കും എത്തിപ്പെടണമെന്ന അതിയായ മോഹമായിരുന്നു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ     ''എന്നെയും കൂടി ക്കൊണ്ടുപോകുമോ, നമുക്കൊരുമിച്ച് പോകാം'' എന്നായിരുന്നു ബ്രിട്ടോയുടെ പ്രതികരണം. ഞാന്‍ വളരെ സന്തോഷത്തോടെ സമ്മതം മൂളി. പക്ഷേ, പണവും സഹായിയും ഇല്ലാത്തതുകൊണ്ട് ആ ആഗ്രഹം ബ്രിട്ടോ തന്റെ മനസ്സിലിട്ട് വളര്‍ത്തി. തുടര്‍ന്ന് ഞാന്‍ കണ്ട ഹിമാചല്‍ പ്രദേശത്തെപ്പറ്റി പറഞ്ഞപ്പോഴും ഞാനുമൊരു നാള്‍ ഹിമവാന്റെ മടിത്തട്ടിലേക്ക് പോകുമെന്ന് എന്നോട് പറഞ്ഞാനന്ദിക്കുമായിരുന്നു.

സൈമണ്‍ ബ്രിട്ടോയും സീന ഭാസ്‌കറും പഴയകാല ചിത്രം

സൈമണ്‍ ബ്രിട്ടോയും സീന ഭാസ്‌കറും പഴയകാല ചിത്രം

എന്നോട് മാത്രമല്ല, ബ്രിട്ടോയുടെ അടുത്തെത്തുന്ന എല്ലാവരോടും അവര്‍ നടത്തിയ യാത്രകളെപ്പറ്റി ചോദിച്ച് ഓരോ നാടിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കുന്നത് ഒരു ഹരമായിരുന്നു. ചെറുപ്പംമുതലേ ഈ കൗതുകം കൂടെയുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചുകുട്ടി മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ച് മയ്യഴി കാണാനെത്തിയത് അക്കാലത്തെ കലാകൗമുദിയലടക്കം വാര്‍ത്തയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ നടന്ന് സ്‌കൂളിലെത്തുന്ന കുട്ടി ദിവസവും പുതിയ വഴികള്‍ തേടി അതിലൂടെ സഞ്ചരിച്ചിരുന്നത് കൂട്ടുകാരിപ്പോഴും സൂക്ഷിക്കുന്നൊരു  ബ്രിട്ടോസ്മരണയാണ്.

2015 ഏപ്രില്‍ 1, ആ തിയതി ഒരു ദിവസം കൊണ്ടല്ല, ബ്രിട്ടോയുടെ ജീവിതത്തിലേക്കൊഴുകിയെത്തിയത്. അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള ഒരു വനിതാസഖാവ് സഫ്ദര്‍ ഹശ്മിയെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ കഴിയുമോയെന്നാരാഞ്ഞു. സഫ്ദറിന്റെ സഹോദരന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും അഭിമുഖങ്ങളടക്കം വേണമെന്നും ഡല്‍ഹി യാത്രക്കുള്ള ചെലവും വഹിക്കാമെന്നും അവര്‍ പറഞ്ഞു. ജോലികഴിഞ്ഞ് വീട്ടിലെത്തിയ എന്നോട് ബ്രിട്ടോ അതീവസന്തോഷവാനായി പറഞ്ഞു, ''സീനേ, ഒരു കോളൊത്തിട്ടുണ്ട്, നമുക്ക് ഡുക്കയുമൊരുമിച്ച് (മോളുടെ ഓമനപ്പേര്) ദില്ലിക്ക് പോകാം.'' ഞാനും സന്തോഷിച്ചു, വിരസമായ ദിവസങ്ങളില്‍ നിന്നുള്ള ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. 2014ലെ ഓണത്തിനാണ് യാത്ര പദ്ധതിയിട്ടിരുന്നതെങ്കിലും അത് പത്ത് നിലയില്‍ പൊട്ടി. തനിക്ക് പകരം വനിതകളെ വിട്ട് പുസ്തകം തയ്യാറാക്കുന്നുവെന്ന് അറിഞ്ഞതോടെ ബ്രിട്ടോ ദുഃഖിതനായി, വല്ലാത്ത സങ്കടത്തോടെയാണ് ഈ വിവരം എന്നെ അറിയിച്ചത്. ഇതറിഞ്ഞ് സ്വതഃസിദ്ധമായ ശൈലിയില്‍ ഞാന്‍ ആദ്യം കളിയാക്കി. പിന്നീട് ബ്രിട്ടോക്ക് സ്വയം അത് ചെയ്താലെന്തെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ, ഞങ്ങളുടെ മുന്നിലെ പ്രധാന കടമ്പ സാമ്പത്തികമായിരുന്നു. പൊട്ടിപ്പൊളിഞ്ഞുവീണ വീടിന്റെ മേല്‍ക്കൂര നന്നാക്കാനായി കരുതിയിരുന്ന പണമെടുത്ത് യാത്ര ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. ജീവിതമൊന്നേയുള്ളൂ, അത് ജീവിച്ചുതന്നെ തീര്‍ക്കണമെന്ന ബ്രിട്ടോയുടെ വാക്കുകള്‍ കടമെടുത്ത് യാത്രക്കായി ഞാന്‍ പ്രേരിപ്പിച്ചു.

വളരെ പ്രതീക്ഷയോടും  സന്തോഷത്തോടും ഇപ്പോള്‍ത്തന്നെ പോകാന്‍ തയ്യാറെടുത്തിരുന്ന ബ്രിട്ടോക്ക് അവരുടെ പ്രോജക്ട് മറ്റൊരാളെ ഏല്‍പ്പിച്ചുവെന്നറിഞ്ഞപ്പോഴുണ്ടായ  മാനസികവും ശാരീരികവുമായ അവസ്ഥ വാക്കുകളിലൂടെ വിവരിക്കാനാവുന്നില്ല. ഇത് കണ്ടപ്പോഴാണ് നെഞ്ചുപൊട്ടുന്ന വേദനയോടെ ബ്രിട്ടോ യാത്രചെയ്യണം, ഡല്‍ഹി മാത്രമല്ല, ഇന്ത്യയില്‍ ബ്രിട്ടോക്ക് പോകാവുന്ന സ്ഥലങ്ങള്‍ മുഴുവന്‍ യാത്ര ചെയ്ത് പഴയ ബന്ധങ്ങള്‍ പുതുക്കണമെന്ന് ഞാന്‍ പറയുന്നത്. യാത്രാമധ്യേ ഞാനും നിലാവും കൂടെ ചേരാമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ബ്രിട്ടോ തീരുമാനമെടുത്തു, എന്നോട് യാത്രപറയാതെ വടുതലയില്‍ നിന്നും പാര്‍ട്ടി സഖാക്കള്‍, സ്ഥലം എംപി, എംഎല്‍എ, അയല്‍പക്കക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ക്ക് നിറചിരിയോടെ     ഹസ്തദാനം നല്‍കി യാത്ര തുടങ്ങി.

ഫോട്ടോ: വിനീഷ് ആരാധ്യ

ഫോട്ടോ: വിനീഷ് ആരാധ്യ

നാലരമാസം കൊണ്ട് പത്തൊന്‍പത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഓഗസ്റ്റ് 15ന് തിരികെയെത്തുമ്പോള്‍ അമ്പിളിമാമനെ കൈയില്‍ കിട്ടിയ    കുഞ്ഞിന്റെ സന്തോഷത്തോടെ ബ്രിട്ടോ പറഞ്ഞു, ''ഓ സീനേ, അതും സാധിച്ചെടുത്തു''. എനിക്കുടന്‍ തന്നെ പുസ്തകങ്ങള്‍ എഴുതണം. ഒരു യാത്രാവിവരണം, നോവല്‍, സഫ്ദര്‍ ഹശ്മിയെക്കുറിച്ചുള്ള മറ്റൊരു പുസ്തകം തുടങ്ങി വ്യത്യസ്തമായ രചനകള്‍ നടത്തണമെന്നുറച്ച് എഴുത്ത് തുടങ്ങി. നോവല്‍ പൂര്‍ത്തീകരിച്ച് പുസ്തകരൂപത്തിലിറക്കി. രണ്ടായിരം പേജുകളുള്ള യാത്രാവിവരണം എഴുതി പൂര്‍ത്തിയാക്കി തെറ്റ് തിരുത്തി അവസാന മിനുക്ക് പണിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടോ ഭൂമിയില്‍ നിന്നും എന്നോടും ഡുക്കയോടും യാത്ര പറയാതെ പോയത്. ഇന്ത്യന്‍ യാത്രവേളയില്‍ ഒരിക്കല്‍പ്പോലും ഹോട്ടല്‍മുറികളെ ആശ്രയിക്കാതെ റെയില്‍വേ സ്റ്റേഷനിലും  പൊതുനിരത്തുകളിലും ശ്മശാനത്തിലും വേശ്യാലയത്തിലും തലചായ്ക്കാനിടംതേടിയ ബ്രിട്ടോ     വിജയശ്രീലാളിതനായി മടങ്ങിവന്നു.

ഒരു സാധാരണ മനുഷ്യന്റെ ശരീരാവസ്ഥയല്ല ബ്രിട്ടോയുടേത്. സാധാരണ മനുഷ്യന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണത്. അന്തരീക്ഷത്തിലെ ഊഷ്മാവ് കൂടിയാല്‍ ബ്രിട്ടോയുടെ ശരീരത്തിന്റെ ചൂട് കൂടി കടുത്ത പനിയാകും; അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞാല്‍ തണുത്തു വെറങ്ങലിക്കും. ശരീരത്തിനാവവശ്യമായ ഓക്‌സിജന്‍ കിട്ടാതെ വരും. ഒരുപക്ഷേ, മരണം വരെ സംഭവിക്കാവുന്ന ഒരവസ്ഥ. ഈ നിസ്സഹായതയെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് ബ്രിട്ടോ അതിദീര്‍ഘമായ ഈ യാത്രക്കിറങ്ങിയത്, ഹിമാലയം തൊട്ടത്.  പലപ്പോഴും ശരീരം കലഹിക്കുമ്പോള്‍ അതാതിടങ്ങളില്‍     നിന്നും വൈദ്യസഹായം തേടി.   പിന്നെയും പ്രയാണം തുടര്‍ന്നു.  അവിടംവരെ പൂകി, മടങ്ങിവന്നു. പിന്നെ രണ്ടരവര്‍ഷങ്ങളുടെ മഹാപ്രയത്‌നം. ഇരുന്നും കിടന്നും സ്വയമെഴുതിയും അഭിമന്യുവടക്കം മറ്റുപലരെയും കൊണ്ടെഴുതിച്ചും രണ്ട് വാല്യങ്ങളായി ജനസമക്ഷം സമര്‍പ്പിക്കാനൊരുമ്പെട്ട ആ യാത്രയുടെ പുസ്തകവും  ഒരു തീരാവേദനയായി മാറുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ നസ്രേത്തില്‍ അമ്മക്കൊപ്പം ഉച്ചയൂണും കഴിഞ്ഞ് 2018ന്റെ തിരുപ്പിറവി ദിനത്തില്‍ ബ്രിട്ടോ വടുതലയിലെ വീട്ടിലേക്ക് മടങ്ങിവന്നു, അവസാനമായി. വടുതലയുടെ ലോഹസത്ത വാര്‍ന്നുവീണ ബ്രിട്ടോയുടെ, ദേശത്തുനിന്നുള്ള അവസാനയാത്രയും അതേ വൈകുന്നേരത്താണ്. പുറപ്പാടിന്റെ ആ നേരത്ത് ബ്രിട്ടോക്കൊപ്പം ആ യാത്രയുടെ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയുണ്ടായിരുന്നു. തൃശൂരിലേക്കുള്ള അന്നത്തെ യാത്രപോലും ആ പുസ്തകത്തിനുവേണ്ടി മാത്രമായിരുന്നു. ഒടുവില്‍ തൃശൂരില്‍ നിന്നും മടങ്ങിവന്ന ബ്രിട്ടോയുടെ ചലനമറ്റ ശരീരത്തോടൊപ്പം പക്ഷേ, യാത്രാവിവരണത്തിന്റെ ഭൂരിഭാഗവുമുണ്ടായിരുന്നില്ലെന്ന ദുഃഖസത്യം വിങ്ങുന്ന ഹൃദയത്തോടെയറിയിച്ചുകൊണ്ട് ബാക്കിവന്ന യാത്രയും വെളിപാടുകളും ഒടുവില്‍ വെളിച്ചപ്പെടുത്തുകയാണ്. ഇരുപത് ശതമാനം ചലനശേഷി എനിക്കുണ്ടല്ലോയെന്ന ആത്മവിശ്വാസത്തിലെന്നും അഭിമാനിച്ച സഖാവ് സൈമണ്‍ ബ്രിട്ടോയുടെ    ഇന്ത്യന്‍ യാത്രയുടെ തുടക്കം വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു... 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top